ad
Deshabhimani

Articles

ബുധനാഴ്‌ച പ്രസിദ്ധീകരിച്ച ‘ഗാന്ധിജിയുടെ ജീവിതവും സംഘപരിവാർ നിലപാടുകളും’ 
എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം

ഗാന്ധിജിയുടെ രക്തസാക്ഷിത്വവും 
കോണ്‍ഗ്രസിന്റെ സമീപനവും

gandhi jayanthi
avatar
പുത്തലത്ത് ദിനേശന്‍

Published on Jan 29, 2026, 03:43 AM | 4 min read

ഒന്നാം ഭാഗം

ഗാന്ധിജിയുടെ ജീവിതവും സംഘപരിവാര്‍ നിലപാടുകളും



ദേശീയ സ്വാതന്ത്ര്യസമരത്തെ ബഹുജനപ്രസ്ഥാനമായി വളര്‍ത്തിയെടുത്ത ഗാന്ധിജി, മതവിശ്വാസിയായി നിന്നുകൊണ്ടുതന്നെ ഹിന്ദുത്വശക്തികളുടെ അജൻഡയെ പ്രതിരോധിച്ചു. ഗാന്ധിജിയുടെ ആശയമയ, സര്‍വമതങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന ഹിന്ദുമതവിശ്വാസിയെന്ന കാഴ്ചപ്പാടിനെ മറികടക്കാന്‍ ഹിന്ദുത്വ എന്ന ആശയം ഗാന്ധി വധക്കേസിലെ പ്രതിയായ സവര്‍ക്കര്‍ മുന്നോട്ടുവച്ചു. ‘ആരാണ് ഹിന്ദു’ എന്ന പുസ്തകത്തില്‍ ഈ ആശയം അവതരിപ്പിച്ചു. ഹിമാലയത്തിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശങ്ങള്‍ പുണ്യഭൂമിയായി കണക്കാക്കുന്നവരെയാണ് ഹിന്ദുത്വത്തിന്റെ പരിധിക്കകത്ത് സവര്‍ക്കര്‍ കൊണ്ടുവന്നത്. അതുകൊണ്ടാണ് ജറുസലേം ആരാധനാലയമായി കാണുന്ന ക്രൈസ്‌തവരും മക്കയെ ആരാധനാഭൂമിയായി കാണുന്ന മുസ്ലിങ്ങളും ശത്രുക്കളായി മാറുന്നത്. മാര്‍ക്സിസവും മതനിരപേക്ഷതയുമെല്ലാം പാശ്ചാത്യ ആശയമെന്ന പേരില്‍ തള്ളിക്കളയുകയും ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം, ജര്‍മനിയിലെ ഹിറ്റ്‌ലറുടെ ആശയങ്ങളും മുസോളിനിയുടെ സംഘടനാരൂപങ്ങളും, ആര്‍എസ്‌എസിന്റെ ആശയവും സംഘടനാചട്ടക്കൂടുമാക്കി മാറ്റുന്നതിന് ഒരു പ്രയാസവും ഇവര്‍ക്കുണ്ടായതുമില്ല.


ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ ഗാന്ധിജിക്കൊപ്പം സഹകരിച്ചുതന്നെയാണ് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, പല കാര്യങ്ങളിലും യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടായിരുന്നുതാനും. മുതലാളിത്തം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിമര്‍ശങ്ങള്‍ രണ്ടു കൂട്ടര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, അതിന് ബദല്‍ എന്ന കാര്യത്തില്‍ വ്യത്യസ്തതകളും ഉണ്ടായിരുന്നു.


ശാസ്ത്രസാങ്കേതികവിദ്യയിലുണ്ടാകുന്ന നവീകരണത്തെ ഉപയോഗപ്പെടുത്തി ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്യുകയെന്ന ശാസ്ത്രീയസമീപനമായിരുന്നു കമ്യൂണിസ്റ്റുകാരുടേത്


ഇന്ത്യന്‍ ഗ്രാമീണവ്യവസ്ഥകളെയും ബിംബങ്ങളെയും ഉപയോഗപ്പെടുത്തി മുതലാളിത്തത്തിന്റെ ചൂഷണസംവിധാനത്തെ അതിന്റെ ഭാഗമായി നിന്നുകൊണ്ട് പ്രതിരോധിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. അതുകൊണ്ടാണ് ചര്‍ക്കയെ പ്രതിരോധത്തിന്റെ ചിഹ്നമായി ഗാന്ധിജി മുന്നോട്ടുവച്ചത്. ശാസ്ത്രസാങ്കേതികവിദ്യയിലുണ്ടാകുന്ന നവീകരണത്തെ ഉപയോഗപ്പെടുത്തി ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്യുകയെന്ന ശാസ്ത്രീയസമീപനമായിരുന്നു കമ്യൂണിസ്റ്റുകാരുടേത്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരങ്ങളിലും ഇത്തരത്തിലുള്ള ചില സംഘര്‍ഷങ്ങള്‍ ഗാന്ധിജിയുമായി അംബേദ്കർക്ക്‌ ഉള്‍പ്പെടെ ഉണ്ടായിരുന്നു. ജാതിക്കെതിരായ സമരം, ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള സമരംകൂടിയാണെന്ന തിരിച്ചറിവോടെയാണ്‌ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചത്.


മതങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് മതങ്ങളെ പരസ്പരം സൗഹാര്‍ദത്തോടെ കൂട്ടിയിണക്കാനുള്ള ശ്രമമാണ് ഗാന്ധിജി നടത്തിയത്. എല്ലാ മതവിശ്വാസത്തിലും പെട്ടവരെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്പരം കൂട്ടിയിണക്കിക്കൊണ്ടുപോകുന്ന വഴിയാണ് കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചത്. ഒപ്പം ജനാധിപത്യ അവകാശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഇടപെട്ടു. രണ്ട് സമീപനങ്ങളും ഊന്നിയത് മതപരമായ ധ്രുവീകരണത്തിനു പകരം അവയുടെ യോജിപ്പിലാണ്. അതുകൊണ്ടാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗാന്ധിസത്തിനും മാര്‍ക്സിസത്തിനും യോജിപ്പിന്റെ തലങ്ങള്‍ ശക്തമായി ഉള്ളത്.


മതത്തെ ആചാരങ്ങളായി കാണുന്നതിനു പകരം മൂല്യങ്ങളായി കാണുന്ന നവോത്ഥാനപരമായ കാഴ്ചകളായിരുന്നു ഗാന്ധിജിയുടേത്. മതവിശ്വാസികളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുകയും ആധുനികമായ ജനാധിപത്യമൂല്യങ്ങളുമായി കണ്ണിചേര്‍ക്കുകയും ചെയ്യുകയെന്നതാണ് കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ച നിലപാട്. മതസ്വാതന്ത്ര്യത്തോടൊപ്പംതന്നെ അയിത്താചരണംപോലുള്ള സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരെയും പൊതുവായ മുന്നണി രൂപപ്പെടുത്താനായതും അതുകൊണ്ടാണ്. വൈക്കം സത്യഗ്രഹത്തിന്റെ ആശയങ്ങള്‍ വികസിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനും സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരങ്ങളെ വര്‍ഗസമരവുമായി ബന്ധിപ്പിക്കാനും കമ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.


‘അവര്‍ തമ്മിലുള്ള സഹകരണമാണ് ഹിന്ദുരാഷ്ട്രവാദത്തിന് പരിമിതമായെങ്കിലും തടയിടാന്‍ സാധിച്ചത്. അതുകൊണ്ട് ഹൈന്ദവ വര്‍ഗീയവാദികളെപ്പോലുള്ള മതഭ്രാന്തന്മാര്‍ക്കെതിരായ സമരത്തില്‍ മഹാത്മാവിന്റെ രക്തസാക്ഷിത്വം മതനിരപേക്ഷ ദേശീയവാദികള്‍ക്ക് ആവേശം നല്‍കി’


എല്ലാവിധ മതരാഷ്ട്രവാദത്തിന്റെയും അപകടത്തെ ഏറ്റവും ഗൗരവമായി കണ്ട നേതാവുകൂടിയായിരുന്നു ഗാന്ധിജി. 1948ൽ കല്‍ക്കട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മതത്തെ രാഷ്‌ട്രീയത്തില്‍നിന്ന് വേര്‍തിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് മതമാകാം, രാഷ്ട്രത്തിന് അത് പാടില്ലെന്നായിരുന്നു തന്റെ ജീവിതത്തിലൂടെ അദ്ദേഹം നല്‍കിയ മറ്റൊരു സന്ദേശം.

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഇപ്പോള്‍ ദേശീയവാദികളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഹിന്ദുത്വവാദികള്‍, രാജ്യമാകെ നിറഞ്ഞാടുന്ന കാലമാണിത്. ഹിന്ദുത്വരാഷ്ട്രവാദത്തിനെതിരെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ശക്തമായി പൊരുതാൻ ഗാന്ധിജിയും ഒപ്പം നെഹ്റുവും ഉണ്ടായിരുന്നു. ഇ എം എസ് ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകത്തില്‍ ഇക്കാര്യം ഓര്‍മപ്പെടുത്തുന്നുണ്ട്. ‘അവര്‍ തമ്മിലുള്ള സഹകരണമാണ് ഹിന്ദുരാഷ്ട്രവാദത്തിന് പരിമിതമായെങ്കിലും തടയിടാന്‍ സാധിച്ചത്. അതുകൊണ്ട് ഹൈന്ദവ വര്‍ഗീയവാദികളെപ്പോലുള്ള മതഭ്രാന്തന്മാര്‍ക്കെതിരായ സമരത്തില്‍ മഹാത്മാവിന്റെ രക്തസാക്ഷിത്വം മതനിരപേക്ഷ ദേശീയവാദികള്‍ക്ക് ആവേശം നല്‍കി.’


മതങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് മതങ്ങളെ പരസ്പരം സൗഹാര്‍ദത്തോടെ കൂട്ടിയിണക്കാനുള്ള വഴികളിലൂടെയാണ് ഗാന്ധിജി സഞ്ചരിച്ചത്. ഭഗവദ്ഗീതയില്‍ അഹിംസയായിരുന്നു ഗാന്ധിജി കണ്ടത്. രാമനില്‍ മനുഷ്യമൂല്യങ്ങളെയും അദ്ദേഹം ദര്‍ശിച്ചു. ഖുർആനില്‍ സമാധാനത്തിന്റെയും ബൈബിളില്‍ താന്‍ വിഭാവനം ചെയ്യുന്ന ലോകത്തെയും വായിച്ചെടുക്കുകയായിരുന്നു ഗാന്ധിജി. എന്നാല്‍, ഈ മൂല്യങ്ങളെ സ്വീകരിക്കുന്നില്ലെന്നുമാത്രമല്ല, അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറുമായി ചേര്‍ന്നുപോകുന്ന സമീപനമാണ് അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് ചെയ്യുന്നത്.


babri masjid


1960-ല്‍ ഇ എം എസിനെയും 1970-ല്‍ എ കെ ജിയെയും പരാജയപ്പെടുത്തുന്നതിന് സംഘപരിവാറുമായി യോജിച്ചുനിന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയായിരുന്നു. ഇന്ത്യന്‍ മതനിരപേക്ഷതയുടെ അടിത്തറയിളക്കിയ രാമക്ഷേത്രനിര്‍മാണത്തിന് സഹായകമാകുന്നവിധം ശിലാന്യാസം നടത്തുന്നതിന് ഹിന്ദുത്വശക്തികള്‍ക്ക് അനുമതി നല്‍കിയതും കോണ്‍ഗ്രസായിരുന്നു. രഥയാത്ര തടഞ്ഞതിന്റെ പേരില്‍ വി പി സിങ് സർക്കാരിനെ താഴെയിറക്കിയത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ്. തുടര്‍ന്ന് കേരളത്തില്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോ-ലീ-ബി സഖ്യം രൂപപ്പെടുത്തിയതും യുഡിഎഫും ബിജെപിയും ചേര്‍ന്നായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ത്തന്നെയായിരുന്നു 40 സീറ്റുകളില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയിലെത്തിയത്. ബാബ്‌റി മസ്ജിദ് സംരക്ഷിക്കുന്നതിന് എല്ലാ പിന്തുണയും പ്രതിപക്ഷം നല്‍കിയിട്ടും പള്ളി പൊളിക്കാൻ ഒത്താശ ചെയ്തത് നരസിംഹറാവുവിന്റെ സര്‍ക്കാരായിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നെങ്കില്‍ ബിജെപി അധികാരത്തിലെത്തില്ലായിരുന്നുവെന്ന മണിശങ്കരയ്യരുടെ വാക്കുകള്‍ ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.


കേരളത്തിന്റെ നിയമസഭയില്‍ ബിജെപിക്ക് നേമത്ത് വിജയിക്കാനായത് യുഡിഎഫിന്റെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥിതന്നെ പിന്നീട് അക്കാര്യം വ്യക്തമാക്കി. തൃശൂരിൽ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിച്ചതും ഇതുപോലെ യുഡിഎഫ് വോട്ടുകള്‍ ലഭിച്ചതുകൊണ്ടാണ്. അതുകൊണ്ടായിരുന്നുവല്ലോ കെ മുരളീധരന്‍ പിണങ്ങിയതും അന്വേഷണ കമീഷന്‍ രൂപീകരിച്ചതുമെല്ലാം.


bjp congress alliance


തിരുവനന്തപുരത്ത് ഇപ്പോള്‍ കോര്‍പറേഷനില്‍ ബിജെപിക്ക് വിജയിക്കാനായതും യുഡിഎഫും ബിജെപിയും തമ്മിലുണ്ടാക്കിയ കൂട്ടുകെട്ടിന്റെ ഫലമായിരുന്നു. ബിജെപി വിജയിച്ച കോര്‍പറേഷൻ ഡിവിഷനുകളില്‍ 41 ഇടങ്ങളില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് മാറിയതും ഇതിന്റെ ഫലമാണ്. കൂടുതല്‍ വോട്ട് ലഭിച്ചിട്ടും എല്‍ഡിഎഫിന് കൂടുതല്‍ സീറ്റ് ലഭിക്കാതെ പോയത് ഈ കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണ്.


കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം കൂട്ടുകെട്ടുകള്‍ നിലവില്‍വരികയും ചെയ്തു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പല സ്ഥാനങ്ങളിലും ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞതും സ്റ്റാന്‍ഡിങ്‌ കമ്മിറ്റികളില്‍ വിജയിക്കാനായതും ഈ കൂട്ടുകെട്ടിന്റെതന്നെ ഫലമായിട്ടാണ്. സുരേഷ് ഗോപിയെ യുഡിഎഫ് വിജയിപ്പിച്ച തൃശൂര്‍ ജില്ലയില്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മുഴുവന്‍ ബിജെപിയായ അനുഭവവും പകല്‍വെളിച്ചംപോലെ ഈ കൂട്ടുകെട്ടിന്റെ ചിത്രം വെളിപ്പെടുത്തി.


ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വിജയിപ്പിക്കുന്ന നിലപാട് യുഡിഎഫ് സ്വീകരിക്കുമ്പോള്‍, അവരെ പരാജയപ്പെടുത്താന്‍ പൊരുതിയതും അതിനു കഴിഞ്ഞതും ഇടതുപക്ഷത്തിനാണെന്നു കാണാം. പന്തളം നഗരസഭ ബിജെപിയില്‍നിന്ന്‌ പിടിച്ചെടുത്തതും എല്‍ഡിഎഫാണ്‌. കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്ത്, കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പത്തനംതിട്ട ജില്ലയിലെ കുളനട, ചെറുകോല്‍ തുടങ്ങിയ പഞ്ചായത്തുകളും ബിജെപിയില്‍നിന്ന്‌ പിടിച്ചെടുത്തത് എല്‍ഡിഎഫാണ്. അവർ അധികാരം പിടിച്ചെടുക്കുമെന്നു പ്രഖ്യാപിച്ച കൊടുങ്ങല്ലൂര്‍ നഗരസഭയിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്‌ ഒഴുകുമ്പോള്‍, ബിജെപിയെ അധികാരത്തില്‍നിന്ന്‌ മാറ്റിനിര്‍ത്താന്‍, മന്ത്രിസ്ഥാനംപോലും ഉപേക്ഷിച്ചുകൊണ്ട് ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണയ്‌ക്കുകയായിരുന്നു ഇടതുപക്ഷമെന്നതും ചരിത്രത്തിന്റെ ഭാഗമാണ്.


Kerala Pradesh Congress Committee (KPCC) KPCC President Opposition Leader


ആര്‍എസ്എസിന്റെ ശാഖയ്‌ക്ക് കാവല്‍ നിന്നതില്‍ അഭിമാനംകൊള്ളുന്നയാളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനുമുന്നില്‍ വിളക്ക് കൊളുത്തിയത് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്‌ സംഘപരിവാറിന്റെ വര്‍ഗീയ അജൻഡകള്‍ ഇല്ലാത്തയാളെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസിന് ഗാന്ധിജിയുടെ മതനിരപേക്ഷതയുടെ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ കഴിയില്ല.


ഗാന്ധിജിയുടെ സാമ്രാജ്യത്വവിരുദ്ധത, മതനിരപേക്ഷത, അധികാരവികേന്ദ്രീകരണം, അഴിമതിവിരുദ്ധത തുടങ്ങിയ ആശയങ്ങള്‍ കോണ്‍ഗ്രസ് കൈയൊഴിയുമ്പോള്‍, അവ മുന്നോട്ടുവച്ച് പ്രവര്‍ത്തിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. ആഗോളവല്‍ക്കരണനയത്തെ പിന്തുണയ്‌ക്കുകയും മതനിരപേക്ഷതയെ താല്‍ക്കാലിക രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി കൈയൊഴിയുകയും ചെയ്യുന്ന കോണ്‍ഗ്രസിന് അത് ഏറ്റുപിടിക്കാനാകില്ല. അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും ഇതേസമീപനമാണ്‌ ഉള്ളത്. ഗാന്ധിജിയുടെ ജീവന്‍ കവര്‍ന്ന ഹിന്ദുത്വശക്തികളുമായി അധികാരത്തിനുവേണ്ടി കൈകോര്‍ത്തുപിടിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്നത്. ആര്‍എസ്എസിന്റെ ഗീതംപോലും കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചത് കോണ്‍ഗ്രസ് നേതാവാണ്. ഈ അവസരത്തില്‍ ഇന്ത്യയുടെ മതനിരപേക്ഷപാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാന്‍ നടത്തുന്ന പോരാട്ടത്തില്‍ ഗാന്ധിജി ഒരു വഴികാട്ടികൂടിയാണ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം അനുസ്മരിക്കുന്നതിലൂടെ മതരാഷ്ട്രവാദങ്ങള്‍ക്കെതിരായ പോരാട്ടത്തിന് അത് ഊര്‍ജമായി തീരും. (അവസാനിച്ചു)




Deshabhimani
Home