ഗാന്ധിജിയുടെ ജീവിതവും സംഘപരിവാര്‍ നിലപാടുകളും


പുത്തലത്ത് ദിനേശന്‍
Published on Jan 28, 2026, 07:02 AM | 4 min read
കവിയെ ക്രാന്തദര്‍ശിയെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്‍ വി കൃഷ്ണവാരിയരുടെ ‘ഗാന്ധിയും ഗോഡ്സെയും’ എന്ന കവിത ഈ യാഥാര്‍ഥ്യത്തെ വര്‍ത്തമാനകാലത്ത് ഓര്‍മപ്പെടുത്തുന്നതുകൂടിയാണ്. ഈ കവിതയില്‍ എന്‍ വി കൃഷ്ണവാരിയര്‍ ഇങ്ങനെ കുറിക്കുന്നുണ്ട്.
"അരി വാങ്ങുവാന്‍ ക്യൂവില്‍–-
ത്തിക്കി നില്‍ക്കുന്നു ഗാന്ധി;
അരികെ കൂറ്റന്‍ കാറി– -
ലേറി നീങ്ങുന്നു ഗോഡ്സെ’
സാധാരണക്കാരുടെ ഹൃദയത്തില്‍ ജീവിക്കുന്ന ഗാന്ധിജിയും
അതേസമയം, അധികാരത്തിന്റെ ഉന്നതങ്ങളില്‍ നിലകൊള്ളുന്ന ഗോഡ്സെയും ഇതില്‍ പ്രത്യക്ഷപ്പെടുന്നു. എല്ലാവിധ കാപട്യത്തിന്റെയും ചൂഷണത്തിന്റെയും സാധുജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളുടെയും പ്രതീകമായ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടയാളംകൂടിയായി ഗോഡ്സെ മാറുകയാണ്.
ഇത്തരം ആശയഗതികള്‍ ഇന്ത്യയില്‍ എത്രത്തോളം മേല്‍ക്കൈ നേടിയിരിക്കുന്നുവെന്നതാണ്, ഗാന്ധി വധക്കേസിലെ പ്രതിയായ സവര്‍ക്കറുടെ ഫോട്ടോ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കപ്പെടുന്നതിലൂടെ വ്യക്തമാകുന്നത്.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത സവര്‍ക്കര്‍, ഗാന്ധി വധക്കേസിലെ പ്രതികൂടിയായിരുന്നു. ഗാന്ധി വധക്കേസിന്റെ വിചാരണവേളയില്‍ തെളിവുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കുന്നതില്‍ വന്ന പോരായ്മയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നത്. പൊലീസ് കണ്ടെത്തിയ തെളിവുകള്‍പോലും കോടതിയിൽ എത്തിയില്ലെന്ന വിമര്‍ശവും പില്‍ക്കാലത്ത് ഉയരുകയുണ്ടായി. ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്ന ഘട്ടത്തില്‍ ജഗനാന്‍ വിശ്വനാഥ് കേത്കര്‍, ഗാന്ധിവധത്തിന് ആഴ്ചകള്‍ക്കുമുമ്പ് അത്തരമൊരു പദ്ധതിയെക്കുറിച്ച് ഗോഡ്സെ തന്നോട് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിgandhiji . ഇത് വലിയ വിവാദമായി. ഇന്ത്യന്‍ പാര്‍ലമെന്റിലും ഈ പ്രശ്നം ഉയര്‍ന്നുവന്നു. ഇതിനെ തുടര്‍ന്ന് 1965 മാര്‍ച്ച് 22-ന് ഒരു അന്വേഷണ കമീഷന്‍ പ്രഖ്യാപിച്ചു.
അങ്ങനെയാണ് ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്‍ നിലവില്‍വരുന്നത്.
ഗാന്ധി വധക്കേസിലെ വിവിധ ഘടകങ്ങളെയെല്ലാം പരിശോധിച്ച കപൂര്‍ കമീഷന്‍ എത്തിയ നിഗമനം അതിന്റെ 25.106 ഖണ്ഡികയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: "എല്ലാ വസ്തുതകളും കണക്കിലെടുത്താല്‍ കമീഷന്റെ അഭിപ്രായത്തില്‍ സവര്‍ക്കറും അദ്ദേഹത്തിന്റെ സംഘവും നടത്തിയ, വധം നടത്താനുള്ള ഗൂഢാലോചനയല്ലാതെ മറ്റൊരു സിദ്ധാന്തത്തിന്റെയും വിനാശകാര്യത പ്രവര്‍ത്തിച്ചിട്ടില്ല.’ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിൽ സവർക്കറിന്റെ പങ്കാളിത്തം കണ്ടെത്തിയ കപൂര്‍ കമീഷന്‍ റിപ്പോര്‍ട്ട് 1969-ലാണ് സമര്‍പ്പിച്ചത്. എന്നാല്‍, ആ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുമ്പ് 1966 ഫെബ്രുവരി 26-ന് സവര്‍ക്കര്‍ മരിക്കുകയും ചെയ്തു. മരുന്നും ഭക്ഷണവും ഉപേക്ഷിച്ചുകൊണ്ടുള്ള മരണമെന്ന് പിന്നീട് അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാമെന്ന ഹിന്ദുത്വവാദികളുടെ സ്വപ്‌നത്തെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗാന്ധിജിയെ കൊലപ്പെടുത്തുകയായിരുന്നു ഹിന്ദുത്വ വര്‍ഗീയവാദികള്‍ ചെയ്തത്. ന്യൂനപക്ഷ ജനവിഭാഗത്തെ പിന്തുണച്ചുകൊണ്ട് നിരാഹാരം നടത്തിയതിനും ഹിംസയുടെ മാര്‍ഗത്തില്‍നിന്ന് വ്യത്യസ്തമായി അഹിംസയുടെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതിനാണ് താന്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്ന് ഗോഡ്സെ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ആര്‍എസ്എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും ഗാന്ധിജിയെയും വിശേഷിപ്പിക്കുന്ന ഭാഗം പരിശോധിച്ചാല്‍ ഈ ആശയം ആരായിരുന്നു കൊണ്ടുനടന്നതെന്ന് വ്യക്തമാകും: "വിവിധ ജനവിഭാഗങ്ങളുടെ നേതാക്കളെല്ലാം എല്ലായ്‌പ്പോഴും തങ്ങളുടെ ആളുകളില്‍ ആത്മവിശ്വാസം കുത്തിച്ചെലുത്താനും തണുത്തുപോയിക്കൊണ്ടിരിക്കുന്ന ആവേശം പുനരുദ്ദീപ്തമാക്കാനും ശത്രുക്കളുടെ മുമ്പാകെ അവരെ പൗരുഷശാലികളും വിജിഗീഷുക്കളുമാക്കാനാണ് തങ്ങളുടെ കഴിവുകളുടെ പരമാവധി ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ, ഇവിടെ സ്വന്തം ജനതയില്‍നിന്ന് പൗരുഷം വലിച്ചെടുത്തുകളയാന്‍ ബദ്ധകങ്കണരായ നേതാക്കളായിരുന്നു നമുക്കുണ്ടായിരുന്നത്.’
ഇത്തരത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജി, സ്വന്തം ജനതയില്‍നിന്ന് ആക്രമണോത്സുകത വലിച്ചെടുത്തവരായിരുന്നുവെന്ന ഗോഡ്സെയുടെ കാഴ്ചപ്പാടുകള്‍തന്നെയാണ് വിചാരധാരയും മുന്നോട്ടുവയ്‌ക്കുന്നത്. ഇതേ പുസ്തകത്തില്‍ ഗാന്ധിജിയെ രാജ്യദ്രോഹി, ഹീനമായ പാപകൃത്യങ്ങള്‍ ചെയ്യുന്ന ആള്‍, ലോകചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകന്‍ എന്നെല്ലാമാണ് വിശേഷിപ്പിക്കുന്നത് എന്ന കാര്യംകൂടി ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.
സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റിൽ പ്രത്യക്ഷപ്പെട്ടതും ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവച്ചുകൊല്ലുന്നത് ചിത്രീകരിച്ചവർ ബിജെപി എംപിമാരായി പാര്‍ലമെന്റില്‍ എത്തിയതും യാദൃച്ഛികമല്ല. ഗോഡ്സെയുടെ ചിതാഭസ്മം ഹിന്ദുരാഷ്ട്രമാകുന്ന ഘട്ടത്തില്‍ നിമജ്ജനം ചെയ്യാന്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അത്തരമൊരു രാഷ്ട്ര സൃഷ്ടിക്കാണ് സംഘപരിവാര്‍ പരിശ്രമിക്കുന്നത്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആര്‍എസ്എസ് നേതാവിനെക്കൊണ്ട് ഗാന്ധി അനുസ്മരണം നടത്തിച്ച ഒരു പത്രവും കേരളത്തിലുണ്ട് എന്നത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വേരുകള്‍ ആഴത്തില്‍ നമുക്കു ചുറ്റും പല വേഷത്തിലുണ്ട് എന്നത് വ്യക്തമാക്കുന്നതാണ്. ഗാന്ധിവധമെന്നത് ഹിന്ദുത്വ രാഷ്ട്രീയ ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ കരുത്താര്‍ന്ന ഓര്‍മയാണ്. ആ ഓര്‍മകളെ മായ്‌ച്ചുകളയുകയെന്നത് അവരുടെ പ്രധാന നിലപാടുമാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍നിന്ന് ഗാന്ധിവധത്തെ മായ്‌ച്ചുകളയാനിടപെടുന്ന കാവിവല്‍ക്കരണ അജൻഡകളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.
ഗാന്ധിജിയുടെ പാരമ്പര്യങ്ങളെ സംഘപരിവാര്‍ മായ്‌ച്ചുകളയാന്‍ ശ്രമിക്കുമ്പോള്‍, കമ്യൂണിസ്റ്റുകാരുള്‍പ്പെടെ ഗാന്ധിസത്തിന്റെ ഗുണപരമായ എല്ലാ വശങ്ങളെയും അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയുമാണ് ചെയ്യുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ബഹുജനപ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതിന് നിര്‍ണായകമായ പങ്കാണ് ഗാന്ധിജി വഹിച്ചത്. സര്‍വമതങ്ങളെയും അംഗീകരിക്കുന്ന ബഹുസ്വരതയുടെ പാരമ്പര്യമാണ് ഗാന്ധിജി സ്വീകരിച്ചിരുന്നത്. ഇതുപോലൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വരുംതലമുറ വിശ്വസിക്കില്ലെന്നായിരുന്നു ഗാന്ധിജിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞത്. വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും ഒരുപാട് ചിന്തകളെയും പ്രവൃത്തികളെയും ആഴത്തില്‍ പേറിനില്‍ക്കുന്ന ജീവിതമായിരുന്നു ഗാന്ധിജിയുടേത്. അതുകൊണ്ടുതന്നെ ആ ജീവിതത്തെ അത്ഭുതത്തോടെമാത്രമേ വിശകലനം ചെയ്യാനും കഴിയൂ.
കമ്യൂണിസ്റ്റുകാര്‍ ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധിജി വഹിച്ച പങ്കിനെ എക്കാലവും അംഗീകരിച്ചാണ് മുന്നോട്ടുപോയത്. ഗാന്ധിജിയെ ജനനേതാവായാണ് ലെനിന്‍ കണ്ടത്. ഗാന്ധിജി നേതൃത്വം നല്‍കുന്ന ദേശീയപ്രസ്ഥാനവുമായി സഹകരിക്കരുതെന്ന എം എന്‍ റോയിയുടെ ചിന്താഗതിയെ തള്ളി ഗാന്ധിജി നേതൃത്വം നല്‍കുന്ന പ്രസ്ഥാനവുമായി ഐക്യപ്പെടണമെന്ന നിലപാട് മുന്നോട്ടുവച്ചത് ലെനിനായിരുന്നു. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരുന്ന അന്റോണിയോ ഗ്രാംഷി ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത്, സമൂഹത്തില്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നവിധം സൂക്ഷ്മതല മാറ്റങ്ങള്‍ക്ക് ഗാന്ധിജി രൂപംനല്‍കിയെന്നാണ്. അയിത്തത്തിനെതിരായ ഗാന്ധിജിയുടെ നിലപാടുകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളെ വിലയിരുത്തിക്കൊണ്ട് ഗ്രാംഷി മുന്നോട്ടുവച്ച പാതയിലൂടെയാണ് ഇര്‍ഫാന്‍ ഹബീബും ഗാന്ധിജിയെ വിലയിരുത്തിയത്.
ഹോചിമിനാകട്ടെ വിയറ്റ്നാമില്‍ തനിക്കുള്ള സ്ഥാനമാണ് ഇന്ത്യയില്‍ ഗാന്ധിജിക്കുള്ളതെന്നും ഓര്‍മപ്പെടുത്തി. ഗാന്ധി സിനിമയും അതിന്റെ ആശയങ്ങളുമെല്ലാം ലോകത്ത് പ്രചരിക്കുന്നതിനും എത്രയോ മുമ്പുതന്നെ ഗാന്ധിജിയുടെ മഹത്വം കണ്ടറിഞ്ഞുകൊണ്ടാണ് കമ്യൂണിസ്റ്റുകാര്‍ ഇടപെട്ടത്.
ഗാന്ധിജി ദേശീയപ്രസ്ഥാനത്തിലും ഇന്ത്യയുടെ രാഷ്ട്രീയസംസ്കാരത്തിലും വരുത്തിയ മാറ്റങ്ങളെ ‘ഗാന്ധിയും ഗാന്ധിസവും’ എന്ന പുസ്തകത്തില്‍ ഇ എം എസ് ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്: "ഗാന്ധിയും അക്കാലത്തെ മറ്റെല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള പ്രധാന വ്യത്യാസം മറ്റുള്ളവരില്‍നിന്ന് വ്യത്യസ്‌തമായി അദ്ദേഹം ബഹുജനങ്ങളും അവരുടെ ജീവിതവും പ്രശ്നങ്ങളും വിചാര വികാരങ്ങളും അഭിലാഷങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമെന്നുവച്ചാല്‍ പണ്ഡിതരായ രാഷ്ട്രീയപ്രവര്‍ത്തകര്‍ തമ്മില്‍ നടത്തുന്ന ഉന്നതതല വാദപ്രതിവാദങ്ങളായിരുന്നില്ല. അത് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനില്‍ക്കുകയും ജനങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കുമായി സാമ്യംപ്രാപിക്കുകയും ചെയ്യുക എന്ന നിസ്വാര്‍ഥസേവനങ്ങളായിരുന്നു.’ അതുകൊണ്ട് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടുവച്ച കാഴ്ചപ്പാട് ഏവരും പൊതുവില്‍ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു ഗാന്ധിജിയുടെ ജനനം. വിദേശത്ത് വിദ്യാഭ്യാസം ചെയ്യുകയും അവിടെ പൊതുപ്രവര്‍ത്തനം നടത്തുകയും ചെയ്ത അനുഭവവുമായാണ് ഗാന്ധിജി ഇന്ത്യയിലെത്തിയത്. ടോള്‍സ്റ്റോയിയില്‍നിന്നാണ് തൊഴിലിന്റെ മഹത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗാന്ധിജി സ്വീകരിച്ചത്.
ഇത്തരത്തില്‍ പാശ്ചാത്യ ലിബറല്‍ ആശയങ്ങള്‍ ആദ്യഘട്ടത്തില്‍ ഗാന്ധിജിയെ സ്വാധീനിച്ചതായി കാണാം. ബൗദ്ധദര്‍ശനങ്ങളും അദ്ദേഹത്തിന്റെ ചിന്തകളിലെ പ്രധാന കരുത്തായി നിലനില്‍ക്കുന്നുണ്ട്. അയിത്തത്തിനെതിരായ പോരാട്ടത്തിന്റെ അടിത്തറ ഇതില്‍നിന്നാണ് വികസിക്കുന്നത്.
ഗോപാലകൃഷ്ണ ഗോഖലെയുടെ ശിഷ്യനായാണ് ഗാന്ധിജി ആദ്യഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഗാന്ധിജിയോട് ഇന്ത്യയെ മനസ്സിലാക്കാനാണ് ഗോഖലെ ഉപദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം സഞ്ചരിക്കുന്നുണ്ട് ഗാന്ധിജി. ഇന്ത്യയെ തിരിച്ചറിയുകയും ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന കാഴ്ചപ്പാടിലേക്കും ഈ അന്വേഷണം ഗാന്ധിജിയെ എത്തിച്ചു. വേഷത്തിലുള്‍പ്പെടെ ഇന്ത്യന്‍ കര്‍ഷക ജനസാമാന്യവുമായി താദാത്മ്യം പ്രാപിക്കുന്ന രീതി അതിന്റെ ഭാഗമായി അദ്ദേഹം സ്വീകരിച്ചു. പാശ്ചാത്യ ലിബറല്‍ ആശയത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് ഇന്ത്യന്‍ മണ്ണിലേക്കുള്ള വേരിറക്കംകൂടിയായിരുന്നു അത്.
ആധുനിക മുതലാളിത്തത്തിന്റെ വികാസരീതികളെ ഗാന്ധിജിയാകട്ടെ അംഗീകരിച്ചിരുന്നില്ല. സാമ്രാജ്യത്വത്തെ ഹിംസാത്മകതയും യുദ്ധങ്ങളും കൂട്ടക്കൊലയും വളര്‍ത്തുന്ന ഒന്നായാണ് അദ്ദേഹം കണ്ടത്. ഹിംസാത്മകമായ ഇത്തരം രീതികളില്‍നിന്ന് വ്യത്യസ്തമായി ജീവിതത്തെgത്തന്നെ ഹിംസയ്‌ക്കെതിരായുള്ള പ്രതിരോധമായി വികസിപ്പിക്കാനായിരുന്നു ഗാന്ധിജി ശ്രമിച്ചത്. ബുദ്ധ-–ജൈന ദര്‍ശനംപോലുള്ള സിദ്ധാന്തങ്ങളില്‍നിന്ന് അതിനുള്ള ഊര്‍ജം ഗാന്ധിജി വലിച്ചെടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍നിന്ന് മാറിനില്‍ക്കുന്ന സന്യാസത്തിന്റെ വഴിയിലേക്ക് ഗാന്ധിജി നീങ്ങിയില്ല. ബഹുജനസമരത്തിന്റെ പാതയിലേക്കാണ് ഗാന്ധിജി നീങ്ങിയത്. ചമ്പാരന്‍ കര്‍ഷകസമരത്തിലും തുടര്‍ന്ന് അഹമ്മദാബാദ് നെയ്ത്തുതൊഴിലാളികളുടെ സമരത്തിലും ഗാന്ധിജി സജീവമായിത്തീരുന്നത് അങ്ങനെയാണ്.
(അവസാനിക്കുന്നില്ല)














