പോത്തിറച്ചി വിലയിൽ പകൽക്കൊള്ള
ഏകീകൃത വിലയും പരിശോധനയും വേണമെന്ന് ആവശ്യം

പുനലൂർ
മാംസവിപണിയിൽ വ്യാപാരികൾ തോന്നിയതുപോലെ വില വർധിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനുമെതിരെ ജനരോഷം ശക്തമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നറിയിപ്പുകൾ വ്യാപാരികൾ അവഗണിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ ഇടപെട്ട് പോത്തിറച്ചിക്കും മാട്ടിറച്ചിക്കും ഏകീകൃത വില നിശ്ചയിക്കണമെന്നാണ് ആവശ്യം നിലവിൽ വിവിധ ഭാഗങ്ങളിൽ പോത്തിറച്ചിക്ക് കിലോ 500രൂപയ്ക്കു മുകളിലാണ് വില. കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിച്ച അടിസ്ഥാനനിരക്ക് എല്ലോട് കൂടിയ പോത്തിറച്ചിക്ക് പരമാവധി 400രൂപയും, എല്ലില്ലാത്തതിന് 460രൂപയുമാണ്. എന്നാൽ, ഈ നിരക്കുകൾ അട്ടിമറിച്ചാണ് വിൽപ്പന. മൂരിയിറച്ചിക്ക് 340–-360 രൂപയാണ് ന്യായമായ നിരക്കെന്നിരിക്കെ, അതിനും പോത്തിറച്ചിയുടെ വില ഈടാക്കുന്നുണ്ട്. അളവുതൂക്കത്തിൽ വ്യാപക തട്ടിപ്പ് അമിതവിലയ്ക്ക് പുറമെ അളവുതൂക്കത്തിലും കൃത്രിമത്വം നടക്കുന്നുണ്ട്. ആവശ്യപ്പെടാതെ തന്നെ കൂടിയ അളവിൽ എല്ലും കൊഴുപ്പും ചേർത്ത് തൂക്കം തികയ്ക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഒരുകിലോ ഇറച്ചി വാങ്ങുമ്പോൾ കാൽക്കിലോയിലധികം വേസ്റ്റ് ഉണ്ടാകുന്നു. അവശ്യസാധന വിലനിയന്ത്രണ ചട്ടങ്ങൾ പ്രകാരമോ പ്രത്യേക ഓർഡിനൻസ് മുഖേനയോ സംസ്ഥാനതലത്തിൽ പരമാവധി വിൽപ്പന വില പ്രഖ്യാപിക്കണം. എല്ലോട് കൂടിയതും അല്ലാത്തതുമായ ഇറച്ചിയുടെ അംഗീകൃത വിലവിവരപ്പട്ടിക എല്ലാ കടകളിലും പ്രദർശിപ്പിക്കണം എന്നിങ്ങനെയാണ് ആളുകൾ ആവശ്യപ്പെടുന്നത്. മാംസത്തിൽ ചേർക്കാവുന്ന എല്ലിന്റെയും കൊഴുപ്പിന്റെയും പരമാവധി അളവ് ശാസ്ത്രീയമായി നിജപ്പെടുത്തണമെന്നും അളവിൽ കൂടുതൽ ചേർക്കുന്നത് ഉപഭോക്തൃ വഞ്ചനയായി കണ്ട് ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധനകൾ നടത്തണമെന്നും ആവശ്യമുണ്ട്.








0 comments