ടാങ്കർ ലോറിയുടെ ബാറ്ററി മോഷ്ടിച്ചു

അഞ്ചൽ
ഏരൂര്‍ ചില്ലിങ് പ്ലാന്റ് ജങ്ഷനു സമീപം റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ ബാറ്ററി മോഷ്ടിച്ചു. തിരുനെൽവേലിയില്‍ ബിറ്റുമിൻ ഇറക്കി മടങ്ങിവന്ന ടാങ്കർ ലോറിയുടെ ബാറ്ററികളാണ് മോഷണം പോയത്. വ്യാഴം രാത്രി ഡ്രൈവര്‍ ഏരൂർ സ്വദേശി അധിന്‍ പാതയോരത്ത് വാഹനം നിര്‍ത്തി വീട്ടിലേക്ക് വിശ്രമിക്കാന്‍പോയ സമയത്തായിരുന്നു മോഷണം. രാവിലെ മടങ്ങിയെത്തി എറണാകുളത്തേക്ക് പോകുന്നതിനുവേണ്ടി പരിശോധിച്ചപ്പോഴാണ് ബാറ്ററി നഷ്ടമായ വിവരം അറിയുന്നത്. ലോറിയുടെ വശത്തായി ബാറ്ററികൾ സൂക്ഷിച്ചിരുന്ന പെട്ടിയുടെ പൂട്ടുകൾ തകർത്ത നിലയിലായിരുന്നു. 20,000രൂപയോളം നഷ്ടമുണ്ടായി. ഏതാനും ആഴ്ചകൾക്കുമുമ്പ് ഇവിടെ പാർക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയുടെ ബാറ്ററികളും മോഷണം പോയിരുന്നു. അധിൻ ഏരൂർ പൊലീസിൽ പരാതി നൽകി. ഏരൂരിന്റെ വിവിധ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം വ്യാപകമായതിനാൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments