പാടിത്തുഴഞ്ഞ് താളത്തിലലിഞ്ഞ‍് ആറന്മുള

ആറന്മുള ശ്രീപാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി പള്ളിയോടത്തിൽ പാടിത്തുഴഞ്ഞെത്തുന്ന കരക്കാർ ഫോട്ടോ: -ജയകൃഷ്ണൻ ഓമല്ലൂർ
കോഴഞ്ചേരി
അഷ്‌ടമിരോഹിണി ദിനമായ വെള്ളിയാഴ്ച ആറന്മുള ക്ഷേത്രത്തിലേക്ക് ഒഴുകിയത് പതിനായിരങ്ങൾ. അഷ്‌ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനായി പകൽ 11.30ഓടെ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽ എത്തിത്തുടങ്ങിയിരുന്നു.
ആദ്യമെത്തിയ മേലുകര പള്ളിയോടത്തെ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പള്ളിയോട സേവാസംഘം ഭാരവാഹികൾ വെറ്റയും പുകയിലയും നൽകി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. 12.30ഓടെ ക്ഷേത്ര ശ്രീകോവിലിൽനിന്ന് തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി വി എസ് ശങ്കരൻ നമ്പൂതിരി നൽകിയ ദീപം പള്ളിയോട സേവാസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി ആനക്കൊട്ടിലിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ എത്തിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരി ദീപം കൊളുത്തി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ എം ജി അശോക് കുമാർ വിഭവങ്ങൾ ഇലയിൽ വിളമ്പി.
വള്ളസദ്യയിൽ അരലക്ഷത്തോളം പേർ പങ്കെടുത്തു. ക്ഷേത്ര ആനക്കൊട്ടിൽ വടക്കുവശത്ത് ശാസ്താവ് നടവരെ പള്ളിയോടങ്ങൾക്ക് സദ്യ ഉണ്ണുവാൻ പ്രത്യേക പന്തൽ തയ്യാറാക്കിയിരുന്നു. ആദ്യം എ ബാച്ച് പള്ളിയോടങ്ങൾക്കും പിന്നാലെ ബി ബാച്ച് പള്ളിയോടങ്ങൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കി. കരനാഥൻമാർ പള്ളിയോടത്തിൽ എത്തിയവർക്ക് വള്ളസദ്യ വിളമ്പി. ക്ഷേത്രമുറ്റത്ത് തെക്കുവശത്ത് സദ്യാലയത്തിലാണ് ഭക്തർക്കായി സമൂഹസദ്യ ഒരുക്കിയത്. ക്ഷേത്രത്തിന് പുറത്ത് കൃഷ്ണവേണി, പാഞ്ചജന്യം, വിനായക എന്നീ ഓഡിറ്റോറിയങ്ങളിലും പ്രത്യേകമായി സദ്യകൾ ഒരുക്കിയിരുന്നു. 12.30ന് തുടങ്ങിയ സദ്യ വൈകിട്ട് മൂന്നുവരെ തുടർന്നു. നിരവധി കുട്ടികൾ കൃഷ്‌ണവേഷം കെട്ടി ക്ഷേത്രത്തിലെത്തിയിരുന്നു.
അബിൻ വർക്കി എംഎൽഎ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, അഷ്ടമിരോഹിണി കൺവീനർ അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ, വൈസ് പ്രസിഡന്റ് കെ എസ് സുരേഷ് എന്നിവരും വിഭവങ്ങൾ വിളമ്പി. മുൻ എംഎൽഎ മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, നിർവഹണ സമിതിയംഗം ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജയലക്ഷ്മി, എഡിഎം രാജലക്ഷ്‌മി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജിത്ത് ഭാസ്‌കർ, എം വി ഗോപകുമാർ, വിജയകുമാർ ചുങ്കത്തിൽ, ബി കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.








0 comments