ad
Deshabhimani

മന്ത്രിയുടെ മൂക്കിൻതുമ്പിൽ 
ചീഞ്ഞുനാറി മാലിന്യമല

ചിന്നക്കട ശാന്തിനഗർ റസിഡന്റ്‌സ്‌ അസോസിയേഷനിലെ മന്ത്രി ബിന്ദു കൃഷ്ണയുടെ ക്യാമ്പ്‌ ഓഫീസിനുസമീപം റോഡരികിലെ പറമ്പിൽ മാലിന്യം 
കുന്നുകൂടിയനിലയിൽ
avatar
സ്വന്തം ലേഖകൻ

Published on Sep 05, 2026, 12:18 AM | 1 min read

കൊല്ലം

നഗരമധ്യത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ മൂക്കിൻതുമ്പിൽ ചീഞ്ഞുനാറി മാലിന്യമല. മന്ത്രിയുടെ ക്യാമ്പ്‌ ഓഫീസും ഫ്ലാറ്റും സ്ഥിതി ചെയ്യുന്ന ചിന്നക്കട ശാന്തി നഗർ റസിഡന്റ്‌സ്‌ അസോസിയേഷന്റെ ഒരുഭാഗത്താണ്‌ വ്യക്തിയുടെ പറമ്പിൽ മാലിന്യമല ദുർഗന്ധംവമിച്ച്‌ പ്രദേശവാസികൾക്ക്‌ ദുരിതമാകുന്നത്‌. ക്യാമ്പ്‌ ഓഫീസിനും മന്ത്രി താമസിക്കുന്ന ഫ്ലാറ്റിനും തൊട്ടുസമീപത്ത്‌ റോഡരികളിലുള്ള പറമ്പിലാണ്‌ നാൾക്കുനാൾ മാലിന്യം പെരുകുന്നത്‌. യുഡിഎഫ്‌ ഭരണത്തിലുള്ള കോർപറേഷൻ 14–-ാം ഡിവിഷന്‌ (വടക്കുംഭാഗം) കീഴിൽ വരുന്ന പ്രദേശമാണിത്‌. പറമ്പിന്റെ ഒരുഭാഗം പ്രദേശവാസികളുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ സ്ഥലം ഉടമ വാടകയ്ക്കുനൽകിയിട്ടുണ്ട്‌. ബാക്കിയുള്ള പ്രദേശമാണ്‌ നാടിന്റെ മാലിന്യക്കുപ്പയാകുന്നത്‌. രാപകൽ വ്യത്യാസമില്ലാതെ ആളുകൾ മാലിന്യം ഇവിടെ വലിച്ചെറിയുന്നു. അസ്സഹനീയമായ ദുർഗന്ധംമൂലം സമീപവാസികൾക്ക്‌ ജനൽ തുറന്നിടാനോ പുറത്തിറങ്ങി ഇരിക്കാനോ കഴിയാത്ത സ്ഥിതിയായി. കൊതുകിന്റെയും എലികളുടെയും വിഹാരകേന്ദ്രമായും പ്രദേശം മാറി. പലപ്പോഴായി ഇഴജന്തുകളുടെ സാന്നിധ്യവും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്‌. എലി ഉൾപ്പെടെ ചത്ത്‌ ചീഞ്ഞുകിടക്കുന്നത്‌ ദുർഗന്ധത്തിന്‌ കാരണമാകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മാലിന്യമലയുടെ ഒരുഭാഗം നീക്കിയിരുന്നു. എന്നാൽ, മാസങ്ങൾക്കകം വീണ്ടും പറമ്പിൽ മാലിന്യം നിറഞ്ഞ്‌ കാടുകയറി. ഇതോടൊപ്പം ഭക്ഷണാവശിഷ്ടങ്ങൾകൂടി ഇവിടെ തള്ളുന്നതോടെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്‌. രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ നായകൾ പ്രദേശത്ത്‌ തമ്പടിക്കുന്നതിനാൽ കുട്ടികൾക്ക്‌ ഉൾപ്പെടെ ഇറങ്ങിനടക്കാനാകാത്ത സ്ഥിതിയാണ്‌. നായകൾ ഭക്ഷണാവശിഷ്ടങ്ങൾ കടിച്ചെടുത്ത്‌ സമീപത്തെ വീടുകളിൽ കൊണ്ടിടുന്നതും ഇരട്ടിദുരിതമാണ്‌. പ്ലാസ്റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീടുകളിലേക്ക്‌ പറന്നെത്തുന്നതായും പരാതിയുണ്ട്‌. വിഷയത്തിൽ മന്ത്രിയുടെയും കോർപറേഷന്റെയും അടിയന്തര ഇടപെടൽ വേണമെന്നാണ്‌ പ്രദേശവാസികളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home