Articles
“സർവേ നടത്തുന്നത് നിയമത്തിന്റെ ലംഘനമല്ലല്ലോ” എന്നായിരുന്നു അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ന്യായീകരണം.
പതഞ്ഞുപൊങ്ങിയ വീഞ്ഞും നഗ്നനായ ചന്ദ്രചൂഡും


ഡോ. ജോൺ ബ്രിട്ടാസ് എംപി
Published on Oct 03, 2025, 01:44 AM | 4 min read
വിവാദമായ അയോധ്യാവിധിക്കുശേഷം, ഡൽഹിയിലെ ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലായ താജിൽ അഞ്ച് ജസ്റ്റിസുമാരുടെ തീൻമേശയിൽ പതഞ്ഞുപൊങ്ങിയ വീഞ്ഞിനുപിന്നിലെ രഹസ്യമാണ് ഇപ്പോൾ പുറത്തേക്കു വന്നിരിക്കുന്നത്. മുഖ്യന്യായാധിപനായിരുന്ന ഡി വൈ ചന്ദ്രചൂഡ് ഒരഭിമുഖത്തിൽ സ്വയം നഗ്നനാകാൻ തീരുമാനിച്ചപ്പോൾ നമ്മുടെ നീതിന്യായവ്യവസ്ഥ എത്രത്തോളം കളങ്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയ്ക്കാണ് അടിവരയിടപ്പെട്ടത്.
ന്യൂസ് ലോൺഡ്രി എന്ന ബദൽ ഡിജിറ്റൽ മാധ്യമത്തിനുവേണ്ടി മുമ്പ് എൻഡിടിവിയിൽ അവതാരകനായിരുന്ന ശ്രീനിവാസൻ ജെയിൻ ജസ്റ്റിസ് ചന്ദ്രചൂഡുമായി നടത്തിയ അഭിമുഖമാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം. പരമ്പരാഗത മാധ്യമങ്ങളിൽനിന്ന് പത്രപ്രവർത്തനം പോയിമറഞ്ഞിട്ട് കാലമേറെയായതുകൊണ്ട് സമാന്തര ഡിജിറ്റൽ മാധ്യമങ്ങളാണ് ശരാശരി ഇന്ത്യക്കാരന്റെ ഇന്നത്തെ വാർത്താ തുരുത്തുകൾ. അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ 2019-ലെ വിവാദ അയോധ്യാവിധിയാണ് അഭിമുഖത്തിൽ പ്രധാനമായും പരാമർശിച്ചത്.
അന്നത്തെ മുഖ്യന്യായാധിപൻ രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൽ ചന്ദ്രചൂഡും അംഗമായിരുന്നു. ജസ്റ്റിസുമാരായ എസ് എ ബോദ്ഡേ, അശോക് ഭൂഷൺ, എസ് അബ്ദുൾ നാസിർ എന്നിവരായിരുന്നു മറ്റംഗങ്ങൾ. ബാബ്റി മസ്ജിദ് തകർത്തത് കൊടും ക്രിമിനൽ കുറ്റമാണെന്നു കണ്ടെത്തിയിട്ടും പള്ളിയിരുന്ന സ്ഥലം തകർത്തവർക്കുതന്നെ കൈമാറുക എന്ന വൈരുധ്യമാണ് വിധിയിൽ പ്രതിഫലിച്ചത്. സാധാരണഗതിയിൽ അഞ്ചംഗ ബെഞ്ചിനുവേണ്ടി വിധി പ്രസ്താവം തയ്യാറാക്കിയ ജഡ്ജിയുടെ പേര് വിധിയുടെ താഴെ കൊടുക്കാറുണ്ട്. എന്നാൽ, അയോധ്യാവിധിയിൽ എന്തുകൊണ്ടോ ആ ഭാഗം ശൂന്യമായിക്കിടന്നു. എങ്കിലും, ഈ വിധിയുടെ സൂത്രധാരൻ ഡി വൈ ചന്ദ്രചൂഡ് ആണെന്ന ഊഹാപോഹങ്ങളും അനുമാനങ്ങളും നിയമവൃത്തങ്ങളിൽ കെട്ടിക്കിടന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലായിരിക്കണം ശ്രീനിവാസൻ അഭിമുഖത്തിൽ ഈ വിഷയത്തിലേക്കു ശ്രദ്ധ ക്ഷണിച്ചത്.
അയോധ്യ – ബാബ്റി മസ്ജിദ് കേസ് അടിസ്ഥാനപരമായി ഉടമസ്ഥാവകാശം മുൻനിർത്തിയുള്ളതായിരുന്നു. എന്നാൽ, അത് പിന്നീട് വിശ്വാസവീഥിയിലേക്ക് വ്യതിചലിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അഭിമുഖത്തിലെ ചോദ്യങ്ങൾ കരുതലോടെ ശ്രീനിവാസൻ മുന്നോട്ടു വച്ചത്. 1949-ൽ ഹിന്ദു വർഗീയവാദികൾ ഭരണകൂടത്തിന്റെ ഒത്താശയോടെ (അന്ന് ഉത്തർപ്രദേശ് ഭരിച്ചിരുന്നത് കോൺഗ്രസാണ്) ബാബ്റി മസ്ജിദിലേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തിയത് ആരാധനാലയത്തിനേറ്റ കളങ്കമല്ലേ എന്നു ചോദിച്ചയുടൻ ചന്ദ്രചൂഡ് തന്റെ വിധിയെപ്പോലും നിരാകരിക്കുന്ന രീതിയിലുള്ള പ്രതികരണവുമായി രംഗത്തുവന്നു. ക്ഷേത്രം പൊളിച്ചുപണിതതാണ് ബാബ്റി മസ്ജിദ്, ആ കളങ്കം വിസ്മരിച്ചുകൊണ്ട് തങ്ങൾക്കു വിധി എഴുതാൻ കഴിയില്ലായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1045 പേജ് വരുന്നതാണ് അയോധ്യാവിധി. അതിൽ എവിടെയാണ് അമ്പലം പൊളിച്ചു പള്ളി പണിതതിനെക്കുറിച്ചു പറയുന്നതെന്നായി അഭിമുഖക്കാരൻ. മാത്രമല്ല, ബാബ്റി പള്ളി നിർമിക്കുന്നതിന് 400 വർഷം മുമ്പുണ്ടായിരുന്ന ഏതോ കെട്ടിടത്തിന്റെ അവശിഷ്ടത്തെക്കുറിച്ചു മാത്രമല്ലേ പൊതുവായ വിദഗ്ധ അനുമാനങ്ങളെ പരാമർശിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ എന്നു ചോദിച്ചപ്പോൾ മുഖ്യന്യായാധിപനായിരുന്ന ഒരു വ്യക്തിയുടെ പൊയ്മുഖമാണ് അഴിഞ്ഞുവീണത്. രണ്ടു കെട്ടിടങ്ങൾക്കിടയിലെ ദൂരം 400 വർഷമാണെങ്കിൽ അതിലേക്കു പോകുന്നതിന്റെ നിരർഥകതകൂടി സുപ്രീംകോടതി വിധിയിൽ സൂചിപ്പിച്ചിരുന്നു.
വസ്തുതകളല്ല വികാരം മാത്രമാണ് വിധിയുടെ ആത്യന്തികദിശയെ നിർണയിച്ചതെന്ന നിയമവൃത്തങ്ങളുടെ വിമർശങ്ങൾ ശരിയാണെന്ന് ചന്ദ്രചൂഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നതിലേക്കാണ് അഭിമുഖം എത്തിനിന്നത്. ഉദാര മനഃസ്ഥിതിക്കാരനെന്ന പുറംമോടിക്കുള്ളിൽ ചന്ദ്രചൂഡ് കടുത്ത വർഗീയത ഒളിച്ചുവച്ചിരുന്നു എന്ന വസ്തുത മിഴിവോടെ പുറത്തുവരാൻ അദ്ദേഹത്തിന്റെ മറ്റു ചില പരാമർശങ്ങളും വഴിവച്ചു. ബാബ്റി മസ്ജിദ് തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് 1991-ൽ ആരാധനാലയ സംരക്ഷണ നിയമം പാർലമെന്റ് പാസാക്കുന്നത്.
ബാബ്റി മസ്ജിദ് ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ ആരാധനാലയങ്ങളും 1947 ആഗസ്‌ത് 15-ന് എങ്ങനെയായിരുന്നോ അതുപോലെ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു ഈ നിയമത്തിന്റെ അകക്കാമ്പ്. എന്നാൽ, ചന്ദ്രചൂഡ് മുഖ്യന്യായാധിപനായിരിക്കെ വാരാണസിയിൽ ജ്ഞാൻവാപി സർവേ ചെയ്യണം എന്ന ഹിന്ദു വർഗീയവാദികളുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചുകൊടുത്തു. 91- ലെ നിയമപ്രകാരം കുടത്തിലടച്ച ഭൂതത്തെ അദ്ദേഹം തുറന്നുവിടുകയായിരുന്നു. “സർവേ നടത്തുന്നത് നിയമത്തിന്റെ ലംഘനമല്ലല്ലോ” എന്നായിരുന്നു അഭിമുഖത്തിലെ അദ്ദേഹത്തിന്റെ ന്യായീകരണം.
ഒരു ആരാധനാലയത്തിന്റെ സ്വഭാവം നിർണയിക്കാനല്ലെങ്കിൽ പിന്നെന്തിനാണ് അവിടെ മറ്റേതെങ്കിലും വിശ്വാസധാരയുടെ ചരിത്രശേഷിപ്പുകൾ ഉണ്ടോ എന്നതടക്കം നിർണയിക്കാൻ സർവേ നടത്തുന്നത് എന്ന ചോദ്യത്തിനു മുന്നിൽ ചന്ദ്രചൂഡ് അക്ഷരാർഥത്തിൽ പതറി. യഥാർഥത്തിൽ ജ്ഞാൻവാപിയിൽ സർവേ നടത്താനുള്ള അനുമതിയോടെ ഉത്തരേന്ത്യയിൽ ആകമാനം ഒരിക്കൽക്കൂടി വർഗീയ രഥയോട്ടത്തിനുള്ള രാജപാതയാണ് ചന്ദ്രചൂഡ് ഒരുക്കിക്കൊടുത്തത്. ഇന്ത്യയിലെ പ്രശസ്തരായ രണ്ടു പുരാവസ്തു വിദഗ്ധരാണ് സുപ്രിയാ വർമയും ജയാ മേനോനും. അവർ ഇരുവരും അയോധ്യയിലെ പര്യവേക്ഷണത്തെക്കുറിച്ചുള്ള നിഗമനങ്ങൾ അലഹബാദ് കോടതിയിലും സുപ്രീംകോടതിയിലും സമർപ്പിച്ചിരുന്നു. ഇരു കോടതികളും അവരെ സാക്ഷികളായി വിസ്തരിക്കുകയും ചെയ്തിരുന്നു.
ബാബ്റി മസ്ജിദ് നിന്നിരുന്ന സ്ഥലത്തുകണ്ടെത്തിയ കെട്ടിടാവശിഷ്ടങ്ങൾ യഥാർഥത്തിൽ ഇസ്ലാമിക വാസ്തുവിദ്യ അനുസരിച്ചുള്ളതാണ് എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ, ഇന്ത്യയിലെ ഏതു സ്ഥാപനത്തെപ്പോലെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ആർഎസ്എസിന്റെ പോഷകസംഘടനാരൂപം ആർജിച്ചതോടെ ഇതുപോലുള്ള വിലപ്പെട്ട കണ്ടെത്തലുകളൊക്കെ അധികാരത്തിന്റെ മർക്കടമുഷ്ടിയിലൂടെ തമസ്കരിക്കപ്പെട്ടു. നമ്മുടെ കോടതികളുടെ അപകടകരമായ വ്യതിചലനവും ജഡ്ജിമാരുടെ പ്രത്യയശാസ്ത്ര ചേർന്നുനിൽക്കലുകളും ചർച്ച ചെയ്യപ്പെടാനുള്ള അവസരമാണ് ശ്രീനിവാസൻ ജെയിനിന്റെ അഭിമുഖം നമുക്കു സമ്മാനിക്കുന്നത്. കലുഷിതമായ ഇന്ത്യയിൽ, ഭരണഘടനയെ വിശുദ്ധ ഗ്രന്ഥമായി കരുതുന്നവരുടെ ഏക അത്താണി സുപ്രീംകോടതിയാണ്.
എന്നാൽ, പരമോന്നത നീതിപീഠം അമിതാധികാര പ്രത്യയശാസ്ത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അത് രാജ്യത്തിന് ഏൽപ്പിക്കുന്ന ക്ഷതം വലുതായിരിക്കും. 1993 ജനുവരി ഏഴിന് സുപ്രീംകോടതി അയോധ്യക്കുമേൽ നടത്തിയ ചില പരാമർശങ്ങൾ ചന്ദ്രചൂഡുമാരുടെ കാതിൽ പ്രതിധ്വനിക്കേണ്ടിയിരുന്നു. അന്ന് നരസിംഹ റാവു ഗവൺമെന്റ് ഭരണഘടനയുടെ 143 (1) പ്രകാരം അയോധ്യാവിഷയത്തിൽ അഭിപ്രായംതേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു – രാഷ്ട്രപതിയുടെ റഫറൻസ്. അത് കൈയോടെ സുപ്രീംകോടതി മടക്കി. രാഷ്ട്രപതിയുടെ റഫറൻസ് അനാവശ്യവും അതിരുകടന്നതുമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം കോടതികളിൽ വിചാരണയ്ക്കിരിക്കുമ്പോൾ മുൻവിധി സൃഷ്ടിക്കുന്ന രീതിയിൽ തങ്ങൾക്ക് അഭിപ്രായം പറയാൻ കഴിയില്ലെന്നുമാണ് റഫറൻസ് തിരിച്ചയച്ചുകൊണ്ട് സുപ്രീംകോടതി അസന്ദിഗ്ധമായി രേഖപ്പെടുത്തിയത്.
1993 നും വിവാദ അയോധ്യാവിധി വന്ന 2019 നും ഇടയ്ക്കുള്ള രണ്ടര പതിറ്റാണ്ടു കാലത്തിനിടയിൽ എങ്ങനെയാണ് നമ്മുടെ പരമോന്നത നീതിപീഠം ഇതുപോലെ ഗർത്തത്തിലേക്ക് പതിച്ചത്? ഇതു കോടതികൾക്കുമാത്രം സംഭവിച്ച വ്യതിയാനമല്ല. നോം ചോംസ്കിയുടെ ‘സമ്മതിയുടെ നിർമിതി’ ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകളെയും ബാധിച്ചിട്ടുണ്ട്. ബാബ്റി പള്ളിയുടെ തകർക്കലിനെ ജനാധിപത്യത്തിനേറ്റ തീരാക്കളങ്കമെന്ന് മുഖപ്രസംഗമെഴുതിയ അതേ പത്രങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞ് വിവാദ അയോധ്യാ വിധിയെ ജനാധിപത്യത്തിന്റെ വിജയഭേരിയായി ചിത്രീകരിച്ചത് ഈ വേളയിൽ സ്മരിക്കട്ടെ. ചന്ദ്രചൂഡ് തന്റെ പക്ഷപാതത്തിന്റെ നഗ്നത ഇതിനു മുമ്പും പ്രദർശിപ്പിച്ചിട്ടുണ്ട്. അയോധ്യാവിധി പറയും മുമ്പ്, മാർഗനിർദേശത്തിന് താൻ ദൈവത്തിന്റെ സഹായമാണ് തേടിയതെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.
ഇന്ത്യയിലെ ഏതൊരു ന്യായാധിപനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് ഭരണഘടന മുൻനിർത്തിയാണ്. ആ ഭരണഘടനമാത്രമാണ് ന്യായാധിപന് ദിശാബോധം പകരേണ്ടതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾതന്നെയായ നിയമജ്ഞർ അന്ന് ഓർമപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയിൽ മുഖ്യന്യായാധിപനായിരിക്കുമ്പോഴാണ് സ്വന്തം വസതിയിലെ ഗണേശപൂജയ്ക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആനയിച്ചത്. ഗവൺമെന്റിനും ജുഡീഷ്യറിക്കും ഇടയിലുള്ള അന്തരം എന്നു കുറയുന്നോ അന്ന് സ്വതന്ത്രജുഡീഷ്യറി എന്ന ആപ്തവാക്യം അസ്തമിക്കുമെന്ന സ്വന്തം പിതാവിന്റെ വാക്കുകൾപോലും അദ്ദേഹം വിസ്മരിച്ച വേളയായിരുന്നു അത്.
ആചാരവിശ്വാസങ്ങളിൽ ഏർപ്പെടാൻ ഏതൊരു വ്യക്തിക്കും ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട്. തന്റെ വസതിയിലെ സ്വകാര്യ പൂജാചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിൽ എന്താണ് തെറ്റെന്ന് അദ്ദേഹത്തിനു ചോദിക്കാം. വേണമെങ്കിൽ, തർക്കത്തിനായി അതു സമ്മതിച്ചുകൊടുക്കുകയും ചെയ്യാം. എന്നാൽ, എന്തിനാണ് ഇത് കാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താൻ പ്രധാനമന്ത്രി കാര്യാലയത്തിന് അനുമതി നൽകിയത് എന്ന ചോദ്യത്തോട് എങ്ങനെ അദ്ദേഹം പ്രതികരിക്കും?
ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി അഞ്ച് നൂറ്റാണ്ട് തലയുയർത്തിനിന്നിരുന്ന ബാബ്റി മസ്ജിദിന്റെ താഴികക്കുടങ്ങൾ അന്തരീക്ഷത്തിൽ ധൂളികളായി ലയിച്ചതിന് 33 വർഷംമുമ്പ് ഈ ലേഖകൻ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് ദേശാഭിമാനിയിൽ എഴുതിയ വാർത്തയുടെ ശകലം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. മതനിരപേക്ഷ ഇന്ത്യയുടെ ചരമക്കുറിപ്പ് എഴുതാൻവേണ്ടിയാണ് ഡിസംബറിന്റെ ശൈത്യത്തിലെ ഒരു പുലർവേളയിൽ അയോധ്യയിലേക്ക് യാത്രചെയ്യുന്നതെന്ന് ഞങ്ങളാരും നിനച്ചില്ല എന്നതായിരുന്നു അതിലെ ഒരു വരി. എന്നാൽ, അതിലേറെ ആഘാതം സൃഷ്ടിക്കുന്ന വിധിന്യായങ്ങളാണ് ചന്ദ്രചൂഡുമാരുടെ പതഞ്ഞുപൊങ്ങുന്ന വീഞ്ഞിനുപിന്നിൽ പതിയിരിക്കുന്നതെന്ന് രാജ്യം ഇന്ന് തിരിച്ചറിയുന്നു.















