ആർത്തലച്ചു, പ്രതിഷേധക്കടൽ

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ആദായനികുതി ഓഫീസ് മാർച്ച്

സ്വന്തം ലേഖകൻ
Published on Jul 24, 2026, 01:29 AM | 2 min read
കോഴിക്കോട്
ഇരമ്പിയാർത്തെത്തിയ വിദ്യാർഥി ശക്തിക്കുമുന്നിൽ പൊലീസിന്റെ ജലപീരങ്കികൾ തോറ്റുപിന്മാറി. ചീറ്റിയെത്തിയ ജലവർഷത്തിൽ രോഷാഗ്നി അണഞ്ഞില്ലാതായില്ല, പ്രതിഷേധക്കാറ്റിൽ ആ തീ ആളിക്കത്തിപ്പടർന്നു. ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടും സർക്കാരിന് കൈമാറിയ അവകാശപത്രിക അംഗീകരിക്കണമെന്നുമാവശ്യപ്പെട്ടും എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ മാർച്ച് അധികാരകേന്ദ്രങ്ങൾക്ക് താക്കീതായി.
നീതിനിഷേധത്തിന് അറുതിയാകാതെ ഒരിഞ്ച് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി ആയിരക്കണക്കിന് വിദ്യാർഥികൾ സമരത്തിൽ അണിചേർന്നു. മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനത്തുനിന്നാരംഭിച്ച മാർച്ച് നഗരംചുറ്റി ആദായനികുതി ഓഫീസിന് മുന്നിലെത്തി. സ്കൂൾ കുട്ടികൾമുതൽ മെഡിക്കൽ വിദ്യാർഥികൾവരെ ആ പ്രവാഹത്തിൽ അണിചേർന്നു. പൊലീസിന്റെ ബാരിക്കേഡുകൾ അവർക്കുമുന്നിൽ പ്രതിബന്ധമായില്ല. അനേകായിരം അവകാശ പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന തൂവെള്ളക്കൊടി അവർ പൊലീസിന്റെ ബാരിക്കേഡുകൾക്ക് മുകളിൽ നാട്ടി. പ്രതിഷേധ ഗാനങ്ങളും കൈത്തുടി താളങ്ങളും സമരവേദിയെ സർഗാത്മകമാക്കി.
സമാധാനപരമായി മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികളെ ജലപീരങ്കി ഉപയോഗിച്ച് പിരിച്ചുവിടാനായിരുന്നു പൊലീസിന്റെ ശ്രമം. പല റൗണ്ട് ജലപീരങ്കി പ്രയോഗിച്ച് സമരക്കാരെ തുരത്തിയോടിക്കാമെന്ന പൊലീസിന്റെ മോഹം സമരവീര്യത്തിനുമുന്നിൽ തകർന്നടിഞ്ഞു. പൊലീസിന് പിന്മാറേണ്ടിവന്നു.
102 ഇന ആവശ്യങ്ങളുന്നയിച്ച് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി സർക്കാരിന് നൽകിയ അവകാശപത്രിക അംഗീകരിക്കുക, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, ജയിലിലടയ്ക്കപ്പെട്ട സോനം വാങ്‌ചുക്കിനെ വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്.
എസ്‌എഫ്‌ഐ സംസ്ഥാന ജോ. സെക്രട്ടറി എൻ ആദിൽ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി പി അമൽരാജ് , സംസ്ഥാന കമ്മിറ്റിയംഗം എസ് നന്ദന, കെ സി ഫർഹാൻ, ജോ. സെക്രട്ടറിമാരായ പി സ്വരാഗ്, അശ്വന്ത് ചന്ദ്ര എന്നിവർ സംസാരിച്ചു. പി സ്വരാഗ്, അശ്വന്ത് ചന്ദ്ര, ആർ എസ് അമൽജിത്ത്, എം എം സിയാന, അസിൻ ബാനു എന്നിവർ നേതൃത്വം നൽകി.
ഇന്ന് 'രാത്രി ജാഗ്രത,രാജ്യ ജാഗ്രത'
കോഴിക്കോട്
വിദ്യാർഥികളും യുവാക്കളും ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുകളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഐക്യദാർഢ്യവുമായി വെള്ളിയാഴ്‌ച മൊഫ്യൂസിൽ ബസ് സ്റ്റാൻഡില്‍ രാത്രി വിജിൽ സംഘടിപ്പിക്കും. അഞ്ച് വർഗ - ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളി രാത്രി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഐക്യദാർഢ്യം. ‘ജന്തർ മന്തിറുകൾ സൃഷ്ടിക്കുക! രാത്രി ജാഗ്രത, രാജ്യ ജാഗ്രത’ മുദ്രാവാക്യമുയർത്തി വിദ്യാർഥിപ്പോരാട്ടത്തിന് പിന്തുണയേകും. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ രാത്രി ഒമ്പതിന് പരിപാടി ആരംഭിക്കും. പന്തംകൊളുത്തി പ്രകടനങ്ങളോടും സാംസ്കാരിക പരിപാടികളോടുംകൂടി രാത്രി മുഴുവൻ സമരംതുടരും.
പ്രവർത്തകർ ചെറിയ പ്രകടനങ്ങളായി പ്ലക്കാർഡുകൾ, ബാനറുകൾ, പന്തങ്ങൾ, ടോർച്ച് ലൈറ്റുകൾ എന്നിവയുമായി സമരകേന്ദ്രത്തിലേക്ക് എത്തിച്ചേരും. കലാകാരന്മാർ, ബുദ്ധിജീവികൾ, എഴുത്തുകാർ, പ്രമുഖ വ്യക്തിത്വങ്ങൾ, സാമൂഹിക പ്രവർത്തകർ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർ രാത്രി വിജിലിൽ പങ്കെടുക്കും.
സിഐടിയു, ഓൾ ഇന്ത്യ കിസാൻസഭ, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ, അഖിലേന്ത്യാ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രാത്രികാല വിജിൽ.
അഭിവാദ്യമർപ്പിച്ച് സമരയൗവനം രാജ്യതലസ്ഥാനത്തേയ്ക്ക്
വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജില്ലയുടെ സമരയൗവനം രാജ്യതലസ്ഥാനത്തേയ്ക്ക്. സമരത്തിൽ അണിചേരാനായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ഡൽഹിയിലേക്ക് തിരിച്ചു. ആദ്യദിനം അഞ്ച് പേരാണ് ഡൽഹിയിലേക്ക് പോയത്. ഡിവൈഎഫ്‌ഐ പ്രവർത്തകരായ കെ വി അനുരാഗ്, എൻ വിജീഷ്, ടി പി ഷംസീർ, എം കെ നികേഷ്, എം എം ജിജേഷ് എന്നിവരടങ്ങിയ ആദ്യസംഘം വ്യാഴം രാത്രി രാജധാനി എക്സ്‌പ്രസിൽ പുറപ്പെട്ടു. വയനാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള പ്രവർത്തകരും കോഴിക്കോട്ടുനിന്ന് പുറപ്പെട്ടു. രണ്ട് സംഘമായി വെള്ളിയാഴ്‌ച 16 പേർകൂടി ഡൽഹിയിലേക്ക് പോകും.
ആദ്യസംഘത്തിന് വ്യാഴം രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി കെ അരുൺ, പ്രസിഡന്റ് ദിപു പ്രേംനാഥ് എന്നിവർ സംസാരിച്ചു.










0 comments