ad
Deshabhimani

print edition കായിക മന്ത്രിയുടെ ഉപദേശകനായി ക്രിമിനൽ കേസ്‌ പ്രതി

SPORTS MINISTER
വെബ് ഡെസ്ക്

Published on Jul 24, 2026, 02:02 AM | 1 min read

തിരുവനന്തപുരം: മറ്റു മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമന പട്ടികയിൽ തീരുമാനമെടുക്കാൻ വൈകുമ്പോഴും മന്ത്രി ഒ ജെ ജനീഷിന്റെ സ്‌റ്റാഫിൽ, ക്രിമിനൽ കേസിൽ പ്രതിയായ ഒരാളെ ഉൾപ്പെടുത്താനൊരുങ്ങി സർക്കാർ. കടയ്‌ക്കാവൂർ പൊലീസിൽ ക്രൈം നമ്പർ 423/2024 ആയി രജിസ്‌റ്റർ ചെയ്‌ത്‌ നെടുമങ്ങാട്‌ എസ്‌സി, എസ്‌ടി കോടതിയിലുള്ള കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി അലി സാബ്രിൻ ആണ്‌ യുവജന ക്ഷേമ– കായികമന്ത്രിയുടെ ഉപദേഷ്ടാവിന്റെ ചുമതലയിൽ വരുന്നത്‌. മന്ത്രിക്ക്‌ താൽപ്പര്യമില്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ്‌ നിയമിക്കാനുള്ള നിർദേശമെത്തിയത്‌.


നെഹ്‌റു യുവ കേന്ദ്രയുടെ ചുമതല വഹിച്ചിരുന്നപ്പോൾ അലി സാബ്രിൻ മറ്റൊരു ഓഫീസിൽ ജോലിചെയ്‌തിരുന്ന യുവതിയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ്‌ കേസെടുത്തത്‌. ഇയാളെ പിന്നീട്‌ ബംഗളൂരുവിലേക്ക്‌ മാറ്റി. എസ്‌സി– എസ്‌ടി പീഡന നിരോധന നിയമപ്രകാരവും ഐടി ആക്ട്‌ പ്രകാരവും 2024ലാണ്‌ കടയ്‌ക്കാവൂർ പൊലീസ്‌ കേസെടുത്തത്‌. നെടുമങ്ങാട്‌ എസ്‌സി, എസ്‌ടി കോടതിയിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതും തള്ളി‍. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. കാസർകോട്‌ പൊലീസിലും സമാനമായ കേസ്‌ ഉണ്ടായിരുന്നതായാണ്‌ വിവരം.


കേസുകളും ആരോപണങ്ങളും നേരിട്ടയാളെ മന്ത്രിയുടെ ഓഫീസിൽ സുപ്രധാന ചുമതലയിൽ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ നിർദേശിച്ചത്‌ ദുരൂഹമാണ്‌. മന്ത്രിമാരുടെ വകുപ്പുകളിലേക്കുള്ള സ്‌റ്റാഫ്‌ നിയമനം വൈകിപ്പിക്കുമ്പോഴാണിത്‌. ചുമതലയേറ്റെടുത്ത ഇദ്ദേഹത്തിന്‌ അഭിനന്ദനം അറിയിച്ചുള്ള സമൂഹമാധ്യമ കുറിപ്പുകളും ഇറങ്ങിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home