പുഷ്‌പന് ജന്മനാടിന്റെ സ്‌മരണാഞ്ജലി

ചൊക്ലി/കണ്ണൂർ: വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മുപ്പതുവർഷം ജീവിതത്തോട് പൊരുതിനിന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വ വാർഷിക ദിനം ജന്മനാടായ ചൊക്ലി നോർത്ത് മേനപ്രത്ത് ആചരിച്ചു. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ കേന്ദ്രീകരിച്ച്, ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നടന്ന ബഹുജന പ്രകടനം നോർത്ത് മേനപ്രം കുത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലയ്ക്ക് സമീപം സമാപിച്ചു.
അനുസ്മരണ പൊതുസമ്മേളനം സി പിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി ജയേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ, പാനൂർ ഏരിയാസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ, പ്രസിഡന്റ് ചിന്താ ജെറോം, സംസ്ഥാന കമ്മിറ്റിയംഗം പി പി സിധിൻ, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്‌സൽ, പ്രസിഡന്റ് കെ അനുശ്രി, ട്രഷറർ മുഹമ്മദ് സിറാജ്, ഷിബിൻ കാരായി, വി ഉദയൻ എന്നിവർ സംസാരിച്ചു. പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ബ്ലേക്ക് മീഡിയ ഒരുക്കിയ ഉരിയാട്ട് പെരുമ ഫോക് മെഗാഷോയും അരങ്ങേറി.








0 comments