കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം: കേന്ദ്രത്തിന് നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗത്തിൽ കേന്ദ്രത്തിന് നിർദേശവുമായി സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന് കോടതി നിർദേശിച്ചു. ഇത് നടപ്പിലാക്കുന്നതിനായി ഐടി നിയമപ്രകാരം ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് 'ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്' എന്ന എൻജിഒ സമർപ്പിച്ച ഹർജി പരിഗണിച്ചത്. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് പോലും നിലവിൽ എളുപ്പത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലഭിക്കുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകൾ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.
18 വയസ്സിൽ താഴെയുള്ള കുട്ടികൾ അക്കൗണ്ട് തുടങ്ങുമ്പോൾ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ identity verification / e-KYC വഴി അനുമതി നിർബന്ധമാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസ് അടുത്ത മാസം 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
ഓൺലൈൻ ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിംഗ്, ഡാറ്റാ ദുരുപയോഗം, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ഗുരുതരമായ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നിലവിലെ വ്യവസ്ഥകൾ അപര്യാപ്തമാണെന്നും ഉചിതമായ നിയമപരമായ ഇടപെടൽ അത്യാവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.








0 comments