ഏഷ്യൻ ഗെയിംസില്‍ ഇരട്ട വെള്ളി; വിദർശയ്ക്ക് തിരുവനന്തപുരത്ത് ഊഷ്മള സ്വീകരണം

വിദർശയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ മുത്തം നൽകുന്ന അമ്മ അനിതാ വിനോദ്. അച്ഛൻ കെ ഡി വിനോദ്, സഹോദരൻ വിഷ്ണു കെ വിനോദ്, ഭർത്താവും ട്രെയിനറുമായ മനു എസ് രവി എന്നിവർ സമീപം
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് വേദിയിൽ രണ്ട് വെള്ളിയുമായി തിളങ്ങി, ഇന്ത്യയുടെ അഭിമാനമായി മാറിയ മലയാളിതാരം വിദർശ കെ വിനോദിന് തിരുവനന്തപുരത്ത് ഊഷ്മള സ്വീകരണം. വനിതകളുടെ 50 മീറ്റർ എയർ റൈഫിൾ 3 പൊസിഷിൻ ടീം ഇനത്തിലും 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലുമാണ് വിദർശ വെള്ളി നേടിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ മലയാളി താരവുമായി കോഴിക്കോട്ടുകാരി.
തിരുവമ്പാടി തമ്പലമണ്ണെയെന്ന മലയോര ഗ്രാമത്തിൽനിന്ന് ഏഷ്യൻ വേദിയിലേക്കുള്ള വിദർശയുടെ യാത്ര സംഭവബഹുലമായിരുന്നു. കഠിനാധ്വാനവും ശുഭാപ്‌തി വിശ്വാസവുമായിരുന്നു കൈമുതൽ. തിരിച്ചടികളിൽ തളരില്ല. മത്സരത്തിൽ പങ്കെടുക്കുന്ന അതേ വീര്യമായിരുന്നു പരിശീലനവേളയിലും പുറത്തെടുത്തത്. ആത്മാർപ്പണമാണ് വിജയത്തിന് ആധാരം. പരിശീലകനായ ഹരിയാനക്കാരൻ മനോജ് കുമാറും ജീവിത പങ്കാളി മനു എസ് രവിയും എല്ലാ പിന്തുണയും നൽകി. കുടുംബം ഒറ്റക്കെട്ടായി ഒപ്പംനിന്നു. സ്വന്തമായൊരു റൈഫിൾ പോലുമില്ലാത്ത ഒരു കാലം കടന്നായിരുന്നു ലക്ഷ്യത്തിലേക്ക് ഉന്നം പിടിച്ചത്. വ്യക്തിഗത വിഭാഗത്തിൽ അഞ്ചാം സ്ഥാനമായിരുന്നു വിദർശയ്‌ക്ക്.









0 comments