ആദിവാസി മേഖലകളിലുൾപ്പെടെ പ്രതിസന്ധി
ഡിജിറ്റൽ സാങ്കേതിക വിദ്യാഭ്യാസത്തിന് സർക്കാരിന്റെ പൂട്ട്

വേണു കെ ആലത്തൂർ
പാലക്കാട്
ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് ഇനിമുതൽ അതിവേഗ നെറ്റ് ഉപയോഗിക്കാൻ സ്‌കൂളുകൾ പണം നൽകണം. സംസ്ഥാനത്തെ 8064 സ്‌കൂളുകളിലാണ് എൽഡിഎഫ് സർക്കാർ കെ ഫോൺ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകിയത്. ഇതിനുള്ള മാസവാടക കിഫ്‌ബി വഴി അടയ്‌ക്കാൻ 60 കോടി രൂപ നീക്കിവച്ചു. അതോടെ കണക്‌ഷനുള്ള മുഴുവൻ സ്‌കൂളുകളിലും അതിവേഗ ഇന്റർനെറ്റ് സേവനം സൗജന്യമാക്കാനായി. അട്ടപ്പാടി ആദിവാസി മേഖലയിലുൾപ്പെടെ കെ ഫോൺ എത്തിയതോടെ ഡിജിറ്റൽ സാങ്കേതിക വിദ്യാഭ്യാസം ചെലവില്ലാതെ എല്ലാവർക്കും എത്തിക്കാനും എൽഡിഎഫ് സർക്കാരിനായി. സ്വകാര്യ കന്പനികൾ എത്താത്ത ഇടങ്ങളിലെല്ലാം കെ ഫോൺ എത്തിയെന്ന പ്രത്യേകതയുമായി. ബിഎസ്‌എൻഎൽ കണക്‌ഷനാണ് 2023 വരെ സർക്കാർ സ്‌കൂളുകളിൽ നൽകിയിരുന്നത്. എന്നാൽ കോർപറേറ്റുകൾക്കുവേണ്ടി ബിഎസ്‌എൻഎൽ വേഗം കുറച്ചതോടെ അതിവേഗ ഇന്റർനെറ്റ് കിട്ടാക്കനിയായി. തുടർന്നാണ് കെ ഫോൺ കണക്‌ഷൻ നൽകാൻ സർക്കാർ തീരുമാനിച്ചത്. യുഡിഎഫ് സർക്കാർ വന്നതോടെ സൗജന്യ ഇന്റർനെറ്റ് കണക്‌ഷനുള്ള വാടകത്തുക 10 കോടിയായി കുറച്ചു. കെ ഫോൺ വാടക സ്‌കൂൾ പിടിഎ കണ്ടെത്തണമെന്നും ഉത്തരവിറക്കി. ഇതോടെ ആദിവാസി മേഖലയിലെ സ്‌കൂളുകൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. അവർക്ക് പിടിഎ ഫണ്ട് സ്വീകരിക്കാനും പ്രയാസമാണ്. പണം നൽകി സ്വകാര്യ കന്പനികളുടെ കണക്‌ഷൻ എടുക്കൂ എന്ന നിലപാടാണ് സർക്കാരിന്റേത്. കെ ഫോൺ ഒഴിവാക്കാൻ കണക്‌ഷനിൽ പ്രശ്‌നങ്ങളുണ്ട്, സ്‌പീഡ് കുറവ്, സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നില്ല തുടങ്ങിയ പരാതികൾ യുഡിഎഫ് അനുകൂല സ്‌കൂൾ പിടിഎകളോട് എഴുതിവാങ്ങി കെ ഫോണിന്റെ വിശ്വാസ്യത ഇല്ലാതാക്കാൻ തുടങ്ങി. എൽഡിഎഫ് സർക്കാരിന്റെ "കണക്ടിങ് ദി അണ്‍ കണക്ടഡ്' ലക്ഷ്യത്തോടെയാണ് ആദിവാസി ഊരുകളിൽ കെ- ഫോണ്‍ ഇന്റര്‍നെറ്റ് കണക്‌ഷന്‍ ലഭ്യമാക്കിയത്. 2020ല്‍ നടത്തിയ സര്‍വേ പ്രകാരം അട്ടപ്പാടിയിലെ 19,671 വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷനോ ഇന്റര്‍നെറ്റോ ലഭ്യമല്ല. കെ -ഫോണ്‍ പദ്ധതിയിലൂടെ പ്രശ്‌നം പരിഹരിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ കെ ഫോണിനെ എതിർത്തവരാണ് കോൺഗ്രസ്. അവർ അധികാരത്തിലെത്തിയതോടെ പദ്ധതിതന്നെ ഇല്ലാതാക്കാനുള്ള നീക്കം തുടങ്ങുകയാണ്.










0 comments