കൊലപാതക കേസിലെ പ്രതി മുംബൈയിൽ പിടിയിലായി

കാഞ്ഞങ്ങാട്
കൊലപാതക കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അമ്പലത്തറ പൊലീസ് മുബൈയിൽനിന്ന് പിടികൂടി. തട്ടുമ്മൽ പെടവടുക്കത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല (57) യെ കൊലപ്പെടുത്തിയ പ്രതിയെയാണ് പിടികൂടിയത്. പശ്ചിമബംഗാൾ മുർഷിബാദ് സ്വദേശിയാണ് പ്രായപൂർത്തിയാകാത്ത പ്രതി. ഡിവൈഎസ്പി എം പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റുചെയ്‌തത്. 2017 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം. ലീലയുടെ വീട്ടിൽ തേപ്പ് ജോലിക്ക് എത്തിയ പ്രതി ലീലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം സ്വർണമാലയും കമ്മലും കൈക്കലാക്കി മുങ്ങുകയായിരുന്നു. പ്രതിയെ പിടികൂടി ജുവനൈയിൽ ഹോമിലാക്കിയിരുന്നു. അവിടുന്ന് ജാമ്യം കിട്ടി പ്രതി വിചാരണവേളയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് മേധാവിയായി നിതിൻരാജ് ചുമതല ഏറ്റെടുത്തതോടെയാണ് കേസിന് വീണ്ടും ജീവൻവച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയെ പിടികൂടാൻ അമ്പലത്തറ പൊലീസ് പ്രയാസപ്പെട്ടു. സുഹൃത്തുക്കളെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ സി ഷാജു, എഎസ്ഐ കെ ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു, ബിജു കീനേരി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.










0 comments