ഷിഗല്ല: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി


സ്വന്തം ലേഖകൻ
Published on Jul 24, 2026, 02:39 AM | 1 min read
നീലേശ്വരം
ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തമത്ത് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജനപ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരുംചേർന്ന് പത്ത് സ്ക്വാഡുകളായി തിരിഞ്ഞ് പ്രദേശത്തെ 130 കിണറുകളും സൂപ്പർ ക്ലോറിനേഷൻചെയ്തു. കൂടാതെ പ്രദേശത്തെ 241 വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ രണ്ട് കാച്ച്മെന്റ് ഏരിയകളും, വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയുടെ ക്യാച്ച്മെന്റ് ഏരിയയും സൂപ്പർ ക്ലോറിനേറ്റുചെയ്തു. പ്രദേശത്തെ മുഴുവൻ വീടുകളിലും ഒആർഎസ് പായ്ക്കറ്റുകൾ എത്തിച്ച് സർവൈലൻസ് പ്രവർത്തനങ്ങൾ നടത്തി. ചാത്തമത്ത് എയുപി സ്കൂളിൽ പ്രത്യേക ഷിഗെല്ല ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ടി രേഖ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബി സന്തോഷ്, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സോനു ബി നായർ എന്നിവർ ക്ലാസെടുത്തു. വൈകിട്ട് 5ന് ചാത്തമത്ത് വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമതി അധ്യക്ഷൻ എ വി സുരേന്ദ്രൻ, കൗൺസിലർമാരായ സി സുഭാഷ്, ഇ ചന്ദ്രമതി, ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് തേലപ്രത്ത്, എം വി ബാലകൃഷ്ണൻ, സന്നദ്ധപ്രവർത്തകൻ എം ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.










0 comments