ആവേശമായി ആയിരങ്ങളുടെ എസ്‌എഫ്‌ഐ മാർച്ച്

കൊല്ലം
പഠനവഴികളിൽ ഇരുൾ വീഴ്‌ത്തുന്ന ഭരണാധികാരികൾക്കെതിരെ വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കാൻ എസ്‌എഫ്‌ഐ തേരോട്ടം. അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി കൊല്ലം ചിന്നക്കടയിലെ ഹെഡ്‌പോസ്റ്റ്ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന് കൊല്ലം എസ്‌എൻ കോളേജിനു മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് രണ്ട് മണിക്കൂറോളം നഗരവീഥിയെ ത്രസിപ്പിച്ച് അവകാശ സംരക്ഷണങ്ങളുടെ മാറ്റൊലിതീർത്തു. ഹെഡ്‌പോസ്റ്റ്ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിനരികിലേക്ക് നീങ്ങിയ വിദ്യാർഥികൾക്കുനേരെ പൊലീസ് ലാത്തിവീശി. ബാരിക്കേഡിൽ കുരുങ്ങി എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിഅംഗവും കൊല്ലം എസ്‌എൻ കോളേജ് ബിരുദ വിദ്യാർഥിയുമായ പ്രിയദർശന്റെ ഇടതുകൈവിരൽ മുറിഞ്ഞു. നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്‌ക്കുക, കേരള ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുക, കേരളത്തിലെ എല്ലാ സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കുക, കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥി സംഘടനാസ്വാതന്ത്ര്യം ഉറപ്പ്‌വരുത്തുക, വിദ്യാർഥികൾക്ക് സൗജന്യബസ്‌യാത്ര നടപ്പാക്കുക തുടങ്ങി 102 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം എസ് കെ ആദർശ് മാർച്ച് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് അസ്ലം ഷാജഹാൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് വിഷ്‌ണു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ അജ്‌മൽ മൈനാഗപ്പള്ളി, ജ്യോതി മൈക്കിൾ എന്നിവർ സംസാരിച്ചു. ഇന്ന് പഠിപ്പുമുടക്ക് ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ ഭാഗമായി എസ്‌എഫ്‌ഐ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ജില്ലയിൽ പഠിപ്പുമുടക്കും.










0 comments