ട്രംപിന്റെ കമ്മ്യൂണിസ്റ്റ് പേടി


വി ബി പരമേശ്വരൻ
Published on Jul 13, 2026, 10:44 PM | 3 min read
നൂറ്റെഴുപത്തെട്ടുവർഷം മുമ്പ് കാൾ മാർക്സും എംഗൽസും ചേർന്ന് എഴുതി പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത് ഇങ്ങനെയാണ്. "യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു; കമ്യൂണിസമെന്ന ഭൂതം.’ ഇപ്പോൾ കമ്യൂണിസ്‌റ്റ് ഭയം പിടികൂടിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക–സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസത്തിന് ചരമക്കുറിപ്പെഴുതി ആഹ്ലാദിച്ചവർ ഇപ്പോൾ പറയുകയാണ്, കമ്യൂണിസം ഇപ്പോഴും "മാരകമായ ഭീഷണിയാണെ’ന്ന്.
അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250–-ാം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നിന് മൗണ്ട് റഷ്‌മോറിലും നാലിന് വാഷിങ്ടണിലെ നാഷണൽ മാളിലും നടത്തിയ പ്രസംഗങ്ങളിലാണ് ട്രംപ് കമ്യൂണിസത്തിൽനിന്ന് അമേരിക്കയെയും ലോകത്തെയും രക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തത്. മൗണ്ട് റഷ്‌മോറിലെ പ്രസംഗത്തിൽ 14 തവണയാണ് കമ്യൂണിസം എന്ന പദം ട്രംപ് ഉപയോഗിച്ചത്. റോയിട്ടർ റിപ്പോർട്ട് ചെയ്തത്, കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ 81 തവണ ട്രംപ് ഈ പദം ഉപയോഗിച്ചുവെന്നാണ്.
കമ്യൂണിസത്തെ അർബുദത്തോടും പ്ലേഗിനോടും ഉപമിച്ച ട്രംപ്, കാൾ മാർക്സിന്റെ ആശയങ്ങളും കമ്യൂണിസ്റ്റ് പാർടിയും (സിപിയുഎസ്എ) ഡെമോക്രാറ്റിക് പാർടിയിലെ പുരോഗമനപക്ഷമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളും അമേരിക്കൻ റിപ്പബ്ലിക്കിന് അസ്തിത്വഭീഷണി ഉയർത്തുകയാണെന്ന് ആരോപിച്ചു. യുഎസ് പൗരന്മാർക്ക് ഒരേസമയം മാർക്സിനോടും രാജ്യത്തോടും കൂറുള്ളവരായി ഇരിക്കാൻ കഴിയില്ലെന്നു പ്രഖ്യാപിച്ച ട്രംപ്, കമ്യൂണിസ്റ്റുകാർക്ക് രാജ്യസ്നേഹികളാകാൻ കഴിയില്ലെന്ന പതിവ് ഫാസിസ്റ്റ് പല്ലവിയും ആവർത്തിച്ചു.
അമേരിക്കയെ സംബന്ധിച്ച് ഒന്നും രണ്ടും ലോകയുദ്ധങ്ങളേക്കാളും പേൾ ഹാർബർ, 9/11 സംഭവങ്ങളേക്കാളും വലിയ ഭീഷണിയാണ് കമ്യൂണിസമെന്നും ട്രംപ് പറഞ്ഞു. കമ്യൂണിസമെന്ന ആശയത്തിന് ഇടംനൽകി അധികാരമേറാൻ സഹായിച്ചാൽ, ആദ്യം നശിപ്പിക്കുന്നത് ജനാധിപത്യത്തെയായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വോട്ടവകാശം നിഷേധിച്ച്, പ്രതിഷേധിക്കുന്നവരെ ജയിലിലടച്ച്, ഒന്നാം ഭരണഘടനാ ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യംപോലും ഹനിക്കുന്ന ട്രംപാണ് ജനാധിപത്യത്തിന് ഭീഷണി കമ്യൂണിസ്റ്റുകാരാണെന്നു പറയുന്നത്.
ട്രംപിനെ പിന്തുണയ്‌ക്കുന്ന ഫെയ്‌ത്ത് ആൻഡ് ഫ്രീഡം കൊയിലീഷ്യന്റെ ഒരു ചടങ്ങിലും കമ്യൂണിസത്തിനെതിരെ ട്രംപ് സംസാരിച്ചു. അമേരിക്കൻ ജീവിതരീതിയെ പൂർണമായും നശിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നായിരുന്നു അവിടെ ചൊരിഞ്ഞ ആക്ഷേപം. കമ്യൂണിസമെന്നു പറഞ്ഞാൽ വാടകയില്ലാതെ വീടുനൽകലും സൗജന്യമായി ഭക്ഷണം നൽകലുമാണെന്ന് ട്രംപ് പരിഹസിച്ചു.
കമ്യൂണിസത്തിനെതിരായ ട്രംപിന്റെ ജൽപ്പനങ്ങൾ ആദ്യമല്ല. പ്രസിഡന്റായി അധികാരമേറ്റശേഷം 2017ൽ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കവേ അദ്ദേഹം കമ്യൂണിസത്തെയും സോഷ്യലിസത്തെയും തള്ളിപ്പറഞ്ഞിരുന്നു. വെനസ്വേലയിലെ പ്രശ്നം സോഷ്യലിസം മോശമായി നടപ്പാക്കപ്പെട്ടു എന്നതല്ല, മറിച്ച് സോഷ്യലിസം വിശ്വസ്തതയോടെ നടപ്പാക്കപ്പെട്ടു എന്നതാണെന്ന് അദ്ദേഹം പറയുകയുണ്ടായി. 2023ൽ ട്രംപ് പറഞ്ഞത്, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ കമ്യൂണിസ്റ്റുകാരെ നാടുകടത്തുമെന്നാണ്.
ട്രംപിന്റെ ഈ കമ്യൂണിസ്റ്റ് വിരുദ്ധ ജൽപ്പനങ്ങൾക്ക് എന്താണ് കാരണം. കമ്യൂണിസ്റ്റ് പാർടി ഓഫ് യുഎസ്എ (സിപിയുഎസ്എ)യുടെ വളർച്ചയൊന്നുമല്ല കാരണമെന്ന് വ്യക്തം. 11,000 അംഗങ്ങൾമാത്രമുള്ള ചെറിയ പാർടിയാണിത്. സംഘടനാപരമായി ശേഷിയില്ലെങ്കിലും അക്കാദമിക് മേഖലകളിലും പ്രത്യയശാസ്ത്രമണ്ഡലത്തിലും കമ്യൂണിസ്റ്റ് പാർടിയുടെ സ്വാധീനം തള്ളിക്കളയാനാകില്ല. ഏതായാലും റിപ്പബ്ലിക്കിനുള്ള ഭീഷണിയായി കമ്യൂണിസ്റ്റ് പാർടിയെയും ട്രംപ് ഉൾപ്പെടുത്തിയത് ആ പാർടിക്കുള്ള പരിമിതമെങ്കിലും ശ്രദ്ധേയമായ സാന്നിധ്യമാണ് തെളിയിക്കുന്നത്. "അയ്യോ എന്തൊരത്ഭുതം; നമ്മൾ തിരിച്ചെത്തി’ എന്ന സിപിയുഎസ്എയുടെ ചെയർമാൻമാരിൽ ഒരാളായ ജോ സിംസിന്റെ പ്രതികരണത്തിൽനിന്ന് ഈ വസ്തുത വായിച്ചെടുക്കാം.
ട്രംപ് പ്രതിനിധാനം ചെയ്യുന്ന കോർപറേറ്റ് മുതലാളിത്തം കൊള്ളലാഭം ലക്ഷ്യമാക്കുമ്പോൾ, ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ പരിഹരിക്കാനാണ് കമ്യൂണിസ്റ്റ് പാർടി മുന്നിട്ടിറങ്ങുന്നത്. സമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തി കുറഞ്ഞ വാടകയ്‌ക്ക് വീടും ഭക്ഷ്യവസ്തുക്കളും നൽകണമെന്നും എല്ലാവർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും സൈനിക ബജറ്റും ഇസ്രയേലിനുള്ള ആയുധസഹായവും വെട്ടിക്കുറയ്‌ക്കണമെന്നുമാണ് കമ്യൂണിസ്റ്റ് പാർടി വാദിക്കുന്നത്. കോർപറേറ്റുകളുടെ കൊള്ളലാഭം കുറച്ച് ജനക്ഷേമത്തിൽ ഊന്നണമെന്ന ഈ ആശയമാണ്, അമേരിക്കൻ കോർപറേറ്റ് മുതലാളിത്തത്തിന്റെ പ്രതീകമായ ട്രംപിനെ പ്രകോപിപ്പിക്കുന്നത്.
ഇടതുപക്ഷ ആശയങ്ങൾക്ക് അമേരിക്കയിൽ സ്വീകാര്യത വർധിക്കുകയാണെന്നത് മുതലാളിത്തദാസന്മാരെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. ട്രംപിനെ പിന്തുണയ്‌ക്കുന്ന "ഫോക്സ് ന്യൂസ്’ പ്രസിദ്ധീകരിച്ച ഒരു സർവേ റിപ്പോർട്ടുപ്രകാരം സോഷ്യലിസ്റ്റ് ആശയങ്ങളെ യുഎസിലെ 38 ശതമാനംപേർ പിന്തുണയ്‌ക്കുന്നതായി കണ്ടെത്തി; "ഗാലപ്’ നടത്തിയ മറ്റൊരു സർവേയിൽ 39 ശതമാനംപേരും. ഇതേ സർവേയിൽ ഡെമോക്രാറ്റിക് പാർടിയിലെ 66 ശതമാനംപേരും മുതലാളിത്തത്തേക്കാൾ നല്ലത് സോഷ്യലിസമാണെന്ന് അഭിപ്രായപ്പെട്ടു.
സ്വതന്ത്രരായ 51 ശതമാനവും സോഷ്യലിസത്തെയാണ് പിന്തുണച്ചത്. കാറ്റോ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മറ്റൊരു പഠനത്തിൽ 30 വയസ്സിനുതാഴെയുള്ളവരിൽ 38 ശതമാനവും സോഷ്യലിസമാണ് മുതലാളിത്തത്തേക്കാൾ മെച്ചമെന്ന് അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം ഇപ്പോഴും മുതലാളിത്തം എന്ന ആശയപദ്ധതിക്കൊപ്പമാണെങ്കിലും സോഷ്യലിസത്തിന് ജനപ്രീതി കൂടുന്നുവെന്നത് ട്രംപിനെയും തീവ്രവലതുപക്ഷത്തെയും അലോസരപ്പെടുത്തുന്നുണ്ട്.
സിപിയുഎസ്എയുടെ മറ്റൊരു ചെയർമാനായ റോസ്സന കാബ്രോണിന്റെ അഭിപ്രായപ്രകാരം, നവംബറിൽ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ട്രംപിനെ കാത്തിരിക്കുന്നത്. ഇത് മറികടക്കാനുള്ള എളുപ്പവഴി എന്ന നിലയിലാണ് നിക്സണും റീഗനുമൊക്കെ സ്വീകരിച്ചപോലെ "ചുവപ്പുഭീഷണി’യെക്കുറിച്ച് ട്രംപും സംസാരിക്കുന്നത്. 2020ൽ ജോ ബൈഡനും കമല ഹാരിസും കമ്യൂണിസ്റ്റാണെന്നു പറഞ്ഞാണ് ട്രംപ് പ്രചാരണം നയിച്ചതെങ്കിലും വിജയിക്കാനായില്ല. അതുപോലെ ഈ തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം കടുപ്പിക്കാനാണ് സാധ്യത.
ഡെമോക്രാറ്റിക് പാർടിയിലെ പുരോഗമനപക്ഷമായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റിന് ലഭിക്കുന്ന വർധിച്ച അംഗീകാരവും ട്രംപിനെ ഭയപ്പെടുത്തുന്നുണ്ട്. സെനറ്ററായ ബേണി സാൻസേഴ്സും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുംമറ്റും പിന്തുണയ്‌ക്കുന്നവർ കോൺഗ്രസ് പ്രൈമറികളിൽ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥികളായത് പുരോഗമനപക്ഷത്തിന് വൻ അംഗീകാരം ലഭിക്കുന്നുവെന്നതിന്റെ സൂചനയാണ്. ന്യൂയോർക്കിൽ മംദാനി പിന്തുണച്ച മൂന്നുപേർ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥികളായി.
കൊളറാഡോ, കെന്റക്കി, ഒഹിയോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലും ഇതാവർത്തിച്ചു. ഇസ്രയേൽ ലോബി പിന്തുണച്ച സ്ഥാനാർഥികളാണ് ഡെമോക്രാറ്റിക് പ്രൈമറിയിൽ പരാജയപ്പെട്ടത്. ഇസ്രയേലിനെതിരെ, ഇറാൻ യുദ്ധത്തിനെതിരെ, ട്രംപിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയവർക്കാണ് ടിക്കറ്റ് ലഭിക്കുന്നത്. ഇതുകൊണ്ടാണ് ഡെമോക്രാറ്റിക് പാർടി കമ്യൂണിസ്റ്റ് പാർടിയായി മാറിയെന്ന് ട്രംപ് പറഞ്ഞത്.
ചരിത്രം മുതലാളിത്തത്തിൽ അവസാനിക്കുമെന്നും സോഷ്യലിസ്റ്റ് ഘട്ടത്തിലേക്കുള്ള പ്രയാണം ഇനിയില്ലെന്നും പറഞ്ഞ് ആഹ്ലാദിച്ചവരാണ് ഇപ്പോൾ അമേരിക്കയെപ്പോലും കമ്യൂണിസം കീഴ്പെടുത്തുകയാണെന്ന് വിലപിക്കുന്നത്. മുതലാളിത്തവ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റാനുള്ള ആശയമായി സോഷ്യലിസവും കമ്യൂണിസവും നിലനിൽക്കുമെന്ന പ്രഖ്യാപനമാണ് യഥാർഥത്തിൽ ട്രംപ് നടത്തുന്നത്. ഒരു പരാജയംകൊണ്ട് അസ്തമിക്കുന്നതല്ല കമ്യൂണിസം എന്ന ആശയം.















