പ്രാണവായു ഇല്ലാതെ പിടയുന്ന ഡൽഹി


എം അഖിൽ
Published on Dec 21, 2025, 10:38 PM | 2 min read
‘‘നാലഞ്ചു കൊല്ലങ്ങൾ മുന്പുവരെ നമുക്ക് ഇവിടെ തെളിഞ്ഞ നീലാകാശം കാണാമായിരുന്നു. എന്നാൽ, ഇപ്പോൾ നമുക്ക് ആകാശം കാണാൻ പറ്റാത്തത് എന്തുകൊണ്ടാണ്?’’– ഡിസംബറിൽ വായുമലിനീകരണം സംബന്ധിച്ച കേസ് പരിഗണിച്ച അവസരത്തിൽ സുപ്രീംകോടതി ഇങ്ങനെ ചോദിച്ചു. വായുമലിനീകരണം, ഡൽഹിക്കാർക്ക് നീലാകാശത്തിന്റെ കാഴ്‌ചമാത്രമല്ല ആരോഗ്യകരമായ പ്രാണവായുകൂടിയാണ് അപഹരിച്ചത്. അതിരൂക്ഷ വായുമലിനീകരണം ഡൽഹിയിലെ ജനങ്ങളുടെ പ്രതീക്ഷിത ആയുസ്സ് എട്ടുവർഷം വെട്ടിക്കുറയ്‌ക്കുമെന്ന ചിക്കാഗോ സർവകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് രാജ്യമുടനീളം വലിയ ചർച്ചയായിരുന്നു.
പിഞ്ചുകുഞ്ഞുങ്ങൾമുതൽ വയോധികർവരെ ദശലക്ഷക്കണക്കിന് പൗരരുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച്, അവരെ അകാലമൃത്യുവിലേക്ക് തള്ളിയിടുന്ന ഭരണസംവിധാനത്തിന്റെ സന്പൂർണ പരാജയത്തിലേക്ക് വെളിച്ചംവീശുന്നതാണ് ഇൗ റിപ്പോർട്ട്. രാജ്യതലസ്ഥാനത്തെ പ്രാണവായുവിലെ അത്യന്തം ഹാനികരമായ കണികാപദാർഥങ്ങൾ ശ്വാസകോശത്തിലും രക്തപ്രവാഹത്തിലും അടിഞ്ഞും അലിഞ്ഞും അതീവഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ശ്വാസംമുട്ടൽ, കിതപ്പ്, ചുമ തുടങ്ങിയ ലഘു ലക്ഷണങ്ങളിൽ തുടങ്ങി ആസ്‌ത്‌മ, ന്യുമോണിയ, ശ്വാസകോശ അർബുദം, ഹൃദ്‌രോഗങ്ങൾ, പക്ഷാഘാതം, ഡിമെൻഷ്യ, അൽഷിമേഴ്‌സ് പോലെയുള്ള ഗുരുതര സങ്കീർണതകളിലേക്ക് വളരുന്നതാണ് വായുമലിനീകരണത്തിന്റെ ഭവിഷ്യത്തുകൾ. ഗർഭിണികൾ, നവജാതശിശുക്കൾ, വയോജനങ്ങൾ തുടങ്ങി തലമുറകളെ ഡൽഹിയിലെ വിഷവായു വരിഞ്ഞുമുറുക്കുകയാണ്. ശ്വാസംകിട്ടാതെ ഉഴറുന്നവരെ വഹിച്ച് ആശുപത്രികളിലേക്ക് ഓടുന്ന ആംബുലൻസുകളുടെ സൈറൺ വിളികൾകൊണ്ട് മുഖരിതമാണ് ഡൽഹിയിലെ രാപകലുകൾ. ഗ്യാസ്‌ചേംബറെന്നും ഭൂമിയിലെ നരകമെന്നും മുഖ്യധാരാ മാധ്യമങ്ങൾ ഡൽഹിയെ വിശേഷിപ്പിക്കുന്നു. അതേസമയം, ആരോഗ്യ അടിയന്തരാവസ്ഥയുടെ ഉത്തരവാദി ആരാണെന്ന കാര്യത്തിൽ അവർ തന്ത്രപൂർവം മൗനം പുലർത്തുകയാണ്.
ഒന്നാംപ്രതി ബിജെപി
കേന്ദ്രസർക്കാരും ആ സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയുമാണ് ഇൗ വിഷയത്തിൽ ഒന്നാംപ്രതിയെന്ന കാര്യത്തിൽ സംശയമില്ല. 2014 മുതൽ കേന്ദ്രത്തിൽ അധികാരത്തിലുള്ള എൻഡിഎയും നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹിയും (എൻസിടിഡി) ഡൽഹി മുനിസിപ്പൽ കോർപറേഷനും (എംസിഡി) ഭരിക്കുന്ന ബിജെപിയും വായുമലിനീകരണം പരിഹരിക്കാൻ ഫലപ്രദമായ കർമപദ്ധതി ആവിഷ്‌കരിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. എഎപി ഡൽഹി ഭരിച്ചിരുന്ന സമയത്ത് വായുമലിനീകരണം ഉയർത്തിപ്പിടിച്ച് വലിയ കോലാഹലങ്ങളാണ് ബിജെപി ഉണ്ടാക്കിയത്. അധികാരത്തിലെത്തിയാൽ വായുമലിനീകരണം 50 ശതമാനം കുറയ്‌ക്കുമെന്ന് ബിജെപി ഡൽഹിയിലെ പ്രകടനപത്രികയിൽ വാഗ്‌ദാനവും ചെയ്‌തിരുന്നു. എന്നാൽ, അധികാരത്തിൽ എത്തിയതിനുശേഷം പ്രശ്‌നം പരിഹരിക്കാൻ ഒരു നീക്കവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ദീപാവലിക്ക് ഇഷ്ടാനുസരണം പടക്കം പൊട്ടിക്കാൻ സർക്കാരും അധികൃതരും നൽകിയ മൗനാനുവാദമാണ് ഡൽഹിയിലെ വായുമലിനീകരണം ഇത്രയും വഷളാക്കിയത്. ദീപാവലിക്കുശേഷം വായു ഗുണനിലവാരം കൂപ്പുകുത്തിയതോടെ വായുനിലവാര മേൽനോട്ടകേന്ദ്രങ്ങളിൽ വെള്ളംതളിച്ച് ഡൽഹി സർക്കാർ കണക്കുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയർന്നു. കുട്ടികളുടെ ശ്വാസകോശങ്ങൾപോലും മുരടിപ്പിക്കുന്ന വായുമലിനീകരണം എങ്ങനെ പരിഹരിക്കാമെന്ന ഗൗരവമായ കൂടിയാലോചനകൾക്കു പകരം ‘വന്ദേമാതര’ത്തിന്റെ അന്തസ്സ് വർധിപ്പിക്കാൻ പാർലമെന്റിൽ പ്രത്യേകചർച്ച സംഘടിപ്പിച്ച മോദിസർക്കാരിന് ‘ലോകകല്യാൺ’ (പൊതുജനക്ഷേമം) ആശയത്തിലുള്ള ആത്മാർഥതകൂടിയാണ് വെളിപ്പെട്ടത്. തിരുവനന്തപുരം കോർപറേഷനിൽ താമര വിടർന്നത് ‘ജനാധിപത്യത്തിന്റെ സൗന്ദര്യ’മാണെന്ന് വാഴ്‌ത്തിയ ശശി തരൂർമാർ വിലകൂടിയ എയർപ്യൂരിഫൈറുകളുടെ സഹായത്തോടെ ഡൽഹിജീവിതം സുഗമമാക്കുന്പോൾ, വിഷപ്പുക ശ്വസിക്കുന്ന സാധാരണക്കാരുടെയും അടിസ്ഥാനവിഭാഗക്കാരുടെയും ജീവിതം അക്ഷരാർഥത്തിൽ നരകതുല്യമാണ്. ബിജെപിയുടെ ‘ഡബിൾ എൻജിൻ’, ‘ട്രിപ്പിൾ എൻജിൻ’ ഭരണങ്ങൾ വികസനത്തിന്റെ പറുദീസ സൃഷ്ടിക്കുമെന്ന അവകാശങ്ങളുമായി വോട്ട് ചോദിക്കുന്നവരോട് ‘ഡൽഹിയിലെ പറുദീസ നരകമായത് എങ്ങനെ’– എന്ന ചോദ്യമാണ് ജനങ്ങൾ ഉന്നയിക്കേണ്ടത്.
സ്വീകരിക്കുമോ ബീജിങ് മാതൃക ?
വാഹനങ്ങളുടെ പുക, നിർമാണപ്രവർത്തനങ്ങളുടെ പൊടിപടലങ്ങൾ, വൈക്കോൽ കത്തിക്കൽ തുടങ്ങി വായുമലിനീകരണത്തിന് ആക്കംകൂട്ടുന്ന പല കാരണങ്ങളുണ്ട്. ഇൗ കാരണങ്ങൾക്കെല്ലാം അപ്പുറത്ത്, രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്ത ഭരണസംവിധാനമാണ് ആരോഗ്യകരമായ പ്രാണവായു എന്ന അവകാശം ഡൽഹിക്കാർക്ക് നിഷേധിക്കുന്നത്. വായുമലിനീകരണം നേരിടുന്നതിൽ ബീജിങ് കൈവരിച്ച മഹാവിജയം ഡൽഹി മാതൃകയാക്കണമെന്ന ആവശ്യമുയരുന്നത് ഇൗ സാഹചര്യത്തിലാണ്. കഴിഞ്ഞ 10 വർഷത്തിനിടെ വായുമലിനീകരണം പരിഹരിക്കുന്നതിൽ ബീജിങ് അവിശ്വസനീയമായ വിജയമാണ് കൈവരിച്ചത്. ഇതിലൂടെ ബീജിങ് നിവാസികളുടെ പ്രതീക്ഷിത ആയുസ്സ് നാലുവർഷം വർധിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
വായുമലിനീകരണം നേരിടാൻ ബീജിങ്ങിൽ നടപ്പാക്കിയ മാതൃക ഡൽഹിയിലും പരീക്ഷിക്കാൻ സഹായിക്കാമെന്ന് ചൈന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയമായ പിടിവാശി ഉപേക്ഷിച്ച് കേന്ദ്രസർക്കാർ ബീജിങ് മാതൃക പിന്തുടരുമോയെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.















