ഇൗ വേട്ടയും പ്രതിരോധിക്കും


എം വി ഗോവിന്ദന്‍
Published on May 27, 2026, 10:24 PM | 4 min read
കേരളത്തിൽ ഭരണമാറ്റം നടന്നിട്ട് രണ്ടാഴ്ചയോളമായി. പുതിയ സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്താൻ ഈ ചുരുങ്ങിയ ദിവസംകൊണ്ട് കഴിയില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, വടശേരി ദാമോദര മേനോൻ സതീശൻ സർക്കാരിന്റെ ഭാവിപ്രവർത്തനങ്ങളുടെ രീതി എന്തായിരിക്കുമെന്ന് വ്യക്തമായ സൂചനകൾ ഇപ്പോഴേ ലഭ്യമാണ്. അതിങ്ങനെ ക്രോഡീകരിക്കാം. ഒന്നാമതായി സംസ്ഥാനത്തെ പട്ടിണിപ്പാവങ്ങളെ സഹായിക്കുന്ന നയമല്ല സർക്കാരിനുള്ളത്. ഒപ്പം ബിജെപിയുമായി സിപിഐ എമ്മിന് ഡീൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പുകാലത്തുടനീളം ആരോപിച്ച കോൺഗ്രസ് നേതൃത്വമാണ് യഥാർഥത്തിൽ ബിജെപിയുമായി ധാരണയുണ്ടാക്കിയതെന്ന് വ്യക്തമാക്കുന്ന നീക്കങ്ങളും ഇതിനകം ലഭ്യമാണ്.
ഈ അവിശുദ്ധ സഖ്യത്തിന്റെ ഭാഗമായാണ് ബുധനാഴ്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തുള്ള വാടക വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡി നടത്തിയ റെയ്ഡ്. നേരത്തേ ആം ആദ്മി പാർടി നേതാക്കളായ അരവിന്ദ് കെജ്‌രിവാളിനും സിസോദിയക്കുമെതിരെയുള്ള ഇഡി റെയ്ഡിനെ അനുകൂലിച്ചവരാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യുന്നില്ലെന്നും കെജ്‌രിവാളിനെയും ഷിബു സൊരനെയുംപോലെ ജയിലിലിടുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രസംഗിക്കുകയും ചെയ്‌തിരുന്നു. പ്രതിപക്ഷമുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി പ്രതിപക്ഷനേതാക്കളെ കള്ളക്കേസിൽ കുടുക്കി, അവർ നയിക്കുന്ന പ്രസ്ഥാനത്തെ തകർക്കാൻ മോദി സർക്കാർ ഉപയോഗിക്കുന്ന ആയുധമായി ഇഡി മാറി. ഈ തെറ്റായ നടപടിയെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം മറ്റ് പ്രതിപക്ഷ പാർടികളോട് കോൺഗ്രസ് കാട്ടുന്ന ശത്രുതാമനോഭാവം പ്രതിപക്ഷ ഐക്യത്തിന് തടസ്സം സൃഷ്ടിക്കുന്നതായി വിലയിരുത്തിയത്. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിതന്നെ ബിജെപിയുടെ സ്വേച്ഛാധിപത്യ അജൻഡ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുമ്പോൾ അവർക്ക് എങ്ങനെ കോർപറേറ്റ് ഹിന്ദുത്വ സർക്കാരിനെതിരെ പ്രവർത്തിക്കാൻ കഴിയുമെന്ന ചോദ്യമാണ് സിപിഐ എം ഉന്നയിക്കുന്നത്.
പാരിയത്തുകാവിനെ കാക്കണം
സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ നയം തുറന്നുകാട്ടുന്നതാണ് എറണാകുളം പാരിയത്തുകാവ് ഉന്നതിയിലെ എട്ടോളം പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാൻ പൊലീസ് നടത്തിയ നരനായാട്ട്. സ്ഥലം സന്ദർശിച്ച എന്നോട് ആ പാവങ്ങൾ വിതുമ്പിക്കൊണ്ട് പറഞ്ഞത് കുട്ടികളെയും സ്ത്രീകളെയും രോഗികളെയും പ്രായമായവരെയുമെല്ലാം പൊലീസ് മർദിച്ചെന്നാണ്. എ കെ ആന്റണിയുടെ കാലത്ത് അഞ്ചുപേരേ വെടിവച്ചുകൊന്ന മുത്തങ്ങയിലെ നരനായാട്ടിനെ ഓർമിപ്പിക്കുന്ന സംഭവമാണ് പാരിയത്തുകാവിലേത്. ദശാബ്ദങ്ങളായി ഇവിടെ താമസിക്കുന്നവരുടെ പുനരധിവാസം ഉറപ്പിക്കാതെ, അവരെ അവിടെനിന്ന് ഒഴിപ്പിക്കാൻ പുതിയ സർക്കാർ നടത്തിയ നീക്കം കൂറ് ആരോടാണെന്നത് പകൽപോലെ വ്യക്തമാക്കുന്നു. അതിനാലാണ് ഇവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ സിപിഐ എമ്മും ബഹുജനങ്ങളും മുന്നോട്ടുവന്നത്. ഭൂമി അളന്ന് പുറമ്പോക്ക് നിശ്ചയിച്ച് ചട്ടപ്രകാരം ഇവർക്ക് പട്ടയം കൊടുക്കാനാവശ്യമായ സർവേ നടപടി ആരംഭിച്ച ഘട്ടത്തിലാണ് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായത്. അതോടെ ഈ പാവങ്ങളെ പുതിയ സർക്കാർ കൈവിട്ടെന്നുമാത്രമല്ല, അവരെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതൊരു വ്യക്തമായ സൂചനയാണ്. പാവങ്ങൾക്കും ഭൂരഹിതരായ മനുഷ്യർക്കുമൊപ്പമല്ല, മറിച്ച് ഭൂമാഫിയകളുടെയും സമ്പന്നരുടെയും കൂടെയാണ് യുഡിഎഫ് സർക്കാർ എന്ന സന്ദേശമാണ് ഇത് നൽകുന്നത്.
‘ലൈഫ്’ ഇല്ലാതാക്കും
ഈ നയത്തിന്റെ തുടർച്ചയെന്നോണമാണ് ലൈഫ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തെയും കാണേണ്ടത്. 2017ൽ പിണറായി സർക്കാർ ആരംഭിച്ച പദ്ധതിയുടെ കീഴിൽ ഇതിനകം അഞ്ചുലക്ഷം വീട് പൂർത്തിയാക്കി കഴിഞ്ഞു. ഒരു ലക്ഷത്തിലധികം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇൗ മനുഷ്യരോട് ചെയ്യുന്ന ക്രൂരതയാണ് പദ്ധതി ഉപേക്ഷിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീട് നിർമാണം സർക്കാരിന്റെ പ്രത്യേക ഉത്തരവാദിത്വമായി ഏറ്റെടുക്കാതെ തദ്ദേശസ്ഥാപനങ്ങളുടെ തലയിൽ കെട്ടിവച്ച് ക്രമേണ ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വകുപ്പ് മന്ത്രിയുടെയും മറ്റും പ്രസ്താവനകളിൽനിന്ന് മനസ്സിലാകുന്നത്. സ്വന്തമായി വീടില്ലാത്തവരുടെ ജീവിതരേഖയാണ് സർക്കാർ അറുത്തുമാറ്റുന്നത്. അതോടൊപ്പം 2023ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള നീക്കവും പാവങ്ങളെ സഹായിക്കാനല്ല, മറിച്ച് ഭൂമി കൈയേറ്റക്കാരെയും നിയമവിരുദ്ധമായി റിസോർട്ടും ഹോട്ടലും നിർമിച്ചവരെയും സംരക്ഷിക്കാനാണ്. ഇങ്ങനെ നോക്കിയാൽ യുഡിഎഫ് സർക്കാർ ഇതിനകം നൽകിയ സൂചനകൾ വ്യക്തമാക്കുന്നത് അവർ ദളിതർക്കും ഭൂരഹിതർക്കും ഭവനരഹിതർക്കും എതിരാണെന്നാണ്.
ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന യുഡിഎഫുകാർ അധികാരത്തിൽ എത്തിയതോടെ രാഷ്ട്രീയ പകപോക്കൽ നടപടികളും ആരംഭിച്ചു. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുംമുമ്പാണ് പകപോക്കൽ. വലതുപക്ഷ യൂണിയനുകളുടെ ലെറ്റർ പാഡിലെഴുതിയ നിർദേശത്തിൽ ജീവനക്കാരെ സ്ഥലംമാറ്റുകയെന്ന അപൂർവതയും അരങ്ങേറി. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ വിജയാഹ്ലാദ പ്രകടനത്തെ ആക്രമിച്ച കെഎസ്‌യുക്കാരെ തടയുന്നതിനുപകരം എസ്എഫ്ഐ പ്രവർത്തകരെ ഭീകരമായി മർദിക്കാനും അവർക്കെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുക്കാനുമാണ് പൊലീസ് തയ്യാറായത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ സഞ്ചരിച്ച വാഹനം ആക്രമിക്കാനുള്ള ശ്രമം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലിനുള്ള അവസാനത്തെ ഉദാഹരണമാണ്.
കേരളത്തിൽ ഇടതുപക്ഷത്തെ തകർത്താലേ വേരുറപ്പിക്കാനാകൂ എന്ന് ആർഎസ്എസിനും ബിജെപിക്കും വർഗീയശക്തികൾക്കും നന്നായറിയാം. മതനിരപേക്ഷതയുടെ തുരുത്തായി കേരളം നിലനിൽക്കുന്നത് ഇടതുപക്ഷം ഇവിടെ ശക്തമായി നിലകൊള്ളുന്നതിനാലാണ്. തനിച്ച് തോൽപ്പിക്കാൻ കഴിയാത്തതിനാൽ, സിപിഐ എമ്മിനെയും എൽഡിഎഫിനെയും തകർക്കാൻ മൃദുഹിന്ദുത്വ ശക്തികളുടെ കൂട്ടുപിടിച്ച് മുന്നേറുകയാണ് ഹിന്ദുത്വവർഗീയത. രാജ്യത്ത് മൃദുഹിന്ദുത്വം മുഖമുദ്രയാക്കിയ പാർടിയാണ് കോൺഗ്രസ്. തന്ത്രപരമായി അവരെ അധികാരത്തിലെത്താൻ സഹായിച്ച്, പുതിയ സർക്കാരിലൂടെ സ്വന്തം അജൻഡ നടപ്പാക്കുകയാണ് ഹിന്ദുത്വവർഗീയ ശക്തികളെന്ന് സംശയമുണർത്തുന്ന നീക്കങ്ങളാണ് ദൃശ്യമാകുന്നത്.
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾമുമ്പ് ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയ വി ഡി സതീശൻ, എൻഡിഎ നേതാക്കളെയും അദാനി ഗ്രൂപ്പ് ചെയർമാനെയും കണ്ടതും സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായും പാടാൻ അനുവദിച്ചതും മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നിയമോപദേശകനെത്തന്നെ അഡ്വക്കറ്റ് ജനറലാക്കിയതും ഈ സംശയത്തെ ബലപ്പെടുത്തുന്നു. ലക്ഷക്കണക്കിന് മലയാളികൾക്ക് വോട്ട് നിഷേധിച്ച, തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല.
നടപ്പാക്കുന്നത് രാഹുലിന്റെ ആവശ്യം
ഏതായാലും കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നതോടെ രാഹുലിന്റെ ആവശ്യം അക്ഷരംപ്രതി നടപ്പാക്കാൻ പ്രധാനമന്ത്രി തയ്യാറായിരിക്കുന്നു. മുഖ്യമന്ത്രി സതീശൻ മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി 24 മണിക്കൂറിനകമാണ് പിണറായിയുടെ വീട്ടിൽ റെയ്ഡ് നടന്നത്. പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തിന്റെ സേവനത്തിന് വേതനം നൽകിയ ഇതേ കമ്പനിയിൽനിന്ന് പണം പറ്റിയെന്ന് കമ്പനിതന്നെ സാക്ഷ്യപ്പെടുത്തിയ രണ്ടുപേർ വി ഡി സതീശൻ മന്ത്രിസഭയിലുണ്ട്. അവർക്കെതിരെ നടപടി സ്വീകരിക്കാതെ പിണറായിയെ ലക്ഷ്യംവയ്ക്കുന്നത് രാഷ്ട്രീയപ്രേരിതമല്ലാതെ മറ്റൊന്നുമല്ല. അതോടൊപ്പം കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തർധാരയും ഇതിൽ നിഴലിച്ചുകാണാം.
ഇഡിയെ ഭയന്ന് നിരവധി കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിലെത്തിയിട്ടുണ്ട്. അവരിൽ ചിലർ മന്ത്രിമാരും മുഖ്യമന്ത്രിമാർപോലും ആയിട്ടുമുണ്ട്. എന്നാൽ, സിപിഐ എമ്മിനെ ആ രീതിയിൽ പരുവപ്പെടുത്താൻ കഴിയുമെന്ന് കരുതിയവർക്ക് തെറ്റി. അടിയന്തരാവസ്ഥയെപ്പോലും നേരിട്ട് വളർന്നുവന്ന പ്രസ്ഥാനമാണിത്. ഞങ്ങൾക്കെതിരായ ഓരോ കടന്നാക്രമണവും കൂടുതൽ ശക്തി പകർന്നിട്ടേയുള്ളൂ. ആ കരുത്താണ് ബുധനാഴ്ച കേരളത്തിലെയും ഡൽഹിയിലെയും തെരുവുകളിൽ ദൃശ്യമായത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയടക്കം ഡൽഹിയിൽ അറസ്റ്റ് വരിച്ചു. ഈ കടന്നാക്രമണത്തെയും ജനങ്ങളെ അണിനിരത്തി സിപിഐ എമ്മും ഇടതുപക്ഷവും അതിജീവിക്കും.















