ad
Deshabhimani

വിസ്‌മയമല്ല ; സർവവും മായ

CONGRESS.
avatar
ഡോ. ജോൺ ബ്രിട്ടാസ് എംപി


Published on Jan 20, 2026, 11:06 PM | 5 min read

രാഷ്ട്രതന്ത്രത്തിന്റെ സൂത്രവാക്യങ്ങൾ നിരത്തിയ ചാണക്യനും നൂറ്റാണ്ടുകൾക്കുശേഷം അതേവീഥിയിൽ വിരാജിച്ച മാക്യവെല്ലിയും ഊന്നിയ ഒരു തലമുണ്ട്: യാഥാർഥ്യം എന്തുമാകട്ടെ, പ്രതീതിക്ക്‌ തീപിടിപ്പിച്ച് പ്രജകളെ വരുതിയിൽ നിർത്തുക. ഗാന്ധിസത്തിൽനിന്ന് കനുഗോലുവിസത്തിലേക്കുള്ള പ്രയാണത്തിൽ കോൺഗ്രസും പതാകാവാഹകരായ മാധ്യമങ്ങളും പ്രതീതിരാഷ്ട്രീയത്തിന്റെ ആകാശസീമകളിലേക്കാണ് പറക്കുന്നത്.


ന്യൂനപക്ഷത്തോട് എങ്ങനെയാണ് ഒരു രാജ്യം പ്രതിക്രിയ ചെയ്യുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ജനാധിപത്യത്തിന്റെ യഥാർഥ ഗുണമേന്മ നിശ്ചയിക്കപ്പെടുകയെന്ന് ഭരണഘടനാശിൽപ്പി ബി ആര്‍ അംബേദ്കർ അടിവരയിട്ട്‌ പറഞ്ഞിട്ടുണ്ട്. രാജ്യം ഭൂരിപക്ഷാധിപത്യത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ന്യൂനപക്ഷവേട്ടയുടെ കാര്യത്തിൽ ബിജെപിക്കൊപ്പം പ്രതിക്കൂട്ടിലേറാനുള്ള സർവ‘യോഗ്യത'യും കോൺഗ്രസിനുണ്ടെന്ന് ചരിത്രത്തിന്റെ ഏടുകൾ വാചാലമായി പറഞ്ഞുതരും. 3000 സിഖുകാരുടെ കൂട്ടക്കുരുതിക്ക്‌ വഴിവച്ച ഡൽഹി കലാപത്തിന്റെ കമ്പനങ്ങൾ നിലച്ചിട്ടില്ലാത്ത ഘട്ടത്തിലാണ് 1980-കളുടെ അന്ത്യത്തിൽ ഈ ലേഖകൻ തലസ്ഥാന നഗരിയിൽ കാലുകുത്തുന്നത്. മൃഗീയഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി ഭരിച്ചിരുന്ന വേളയായിരുന്നെങ്കിൽപ്പോലും സിഖ്‌വിരുദ്ധ കലാപത്തിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ ഇന്ദ്രപ്രസ്ഥത്തിൽ എഴുന്നുനിന്നിരുന്നു. കോൺഗ്രസ് പ്രവർത്തകരും ആർഎസ്എസും ഒരുപോലെ കൈകോർത്താണ് ആ കലാപത്തിൽ സിഖുകാരെ കൊന്നൊടുക്കിയത് എന്ന് കേവല പരിശോധനയിൽപ്പോലും ബോധ്യപ്പെടും.


സ്വന്തം പാർടി നേതാവായ മുൻ എംപി ഇഹ്സാൻ ജാഫ്രിയെ വെട്ടിനുറുക്കുന്നതിനുമുന്പ്‌ അദ്ദേഹം സഹായത്തിന്‌ വിളിച്ച പ്രമുഖ കോൺഗ്രസ് നേതാക്കൾ എങ്ങനെ പെരുമാറിയെന്ന്, നീതിക്കുവേണ്ടി പതിറ്റാണ്ടുകൾ അലഞ്ഞ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിതന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ നിയമയുദ്ധത്തിൽ ഒരിക്കൽപ്പോലും കോൺഗ്രസ് സഹായത്തിന്റെ ഹസ്തം നീട്ടിയിരുന്നില്ല


മുയലിനൊപ്പം ഓടുകയും നായ്ക്കൊപ്പം വേട്ടയ്ക്കിറങ്ങുകയും ചെയ്യുന്ന കോൺഗ്രസിനെ പിന്നീട് പല രൂപത്തിലും ഭാവത്തിലും ഈ ലേഖകൻ കണ്ടിട്ടുണ്ട്. 2000 മുസ്ലിങ്ങളെ കൊലചെയ്ത ഗുജറാത്ത് കലാപത്തിന്റെ വഴിത്താരകളിലൂടെ സഞ്ചരിക്കുമ്പോൾ, കോൺഗ്രസിന്റെ കുറ്റകരമായ നിസ്സംഗതയും നിഷ്‌ക്രിയതയും തെളിഞ്ഞുകാണുമെന്നു പറഞ്ഞത്, അക്കാലത്ത് ഗുജറാത്ത് പൊലീസിൽ ഉന്നതപദവി വഹിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറാണ്. ‘ഗുജറാത്ത് ബിഹൈൻഡ് ദ കർട്ടൻ’ എന്ന ഗ്രന്ഥത്തിൽ ഇതെല്ലാം അദ്ദേഹം സൂക്ഷ്‌മമായി കോറിയിട്ടിട്ടുണ്ട്. സ്വന്തം പാർടി നേതാവായ മുൻ എംപി ഇഹ്സാൻ ജാഫ്രിയെ വെട്ടിനുറുക്കുന്നതിനുമുന്പ്‌ അദ്ദേഹം സഹായത്തിന്‌ വിളിച്ച പ്രമുഖ കോൺഗ്രസ് നേതാക്കൾ എങ്ങനെ പെരുമാറിയെന്ന്, നീതിക്കുവേണ്ടി പതിറ്റാണ്ടുകൾ അലഞ്ഞ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിതന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ നിയമയുദ്ധത്തിൽ ഒരിക്കൽപ്പോലും കോൺഗ്രസ് സഹായത്തിന്റെ ഹസ്തം നീട്ടിയിരുന്നില്ല.


ഡൽഹിയിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ ഗൗരവമായി റിപ്പോർട്ട് ചെയ്ത ഒരു വിഷയം അയോധ്യ–-ബാബ്‌റി മസ്ജിദ് തർക്കമായിരുന്നു. വിശ്വഹിന്ദു പരിഷത്തുമായുള്ള ഒത്തുതീർപ്പിനെ തുടർന്ന് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ശിലാന്യാസം നടത്താനായി ‘തർക്ക'ഭൂമി ‘തർക്കരഹിത'മാക്കി മാറ്റി കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ. ആ നടപടിയിലൂടെതന്നെ വരാൻപോകുന്ന ദുർദിനങ്ങളുടെ സൂചന ലഭിച്ചിരുന്നു. മൂന്നുവർഷത്തിനുള്ളിൽ മതനിരപേക്ഷതയുടെ നിലാവെളിച്ചത്തിൽനിന്ന് മതാന്ധതയുടെ ഇരുണ്ട ഗുഹയിലേക്ക് ഇന്ത്യയെ പ്രവേശിപ്പിച്ചുകൊണ്ട് ബാബ്‌റി മസ്ജിദിനെ ആർഎസ്എസിന്റെ കർസേവകർ ധൂളികളാക്കിയപ്പോൾ അന്തരീക്ഷത്തിൽ തെളിഞ്ഞത് കോൺഗ്രസിന്റെ ക്രിമിനൽ പങ്കാളിത്തമായിരുന്നു.


ഭൂരിപക്ഷ സമുദായത്തിലെ ഒരാൾക്ക് ‘ഈദ് മുബാറക്ക്', ‘ക്രിസ്‌മസ് ആശംസകൾ' എന്നീ സന്ദേശങ്ങൾ അയച്ചാൽപ്പോലും പ്രീണനമായിക്കണ്ട് വേണമെങ്കിൽ ന്യൂനപക്ഷസമുദായാംഗത്തെ ഈ നിയമങ്ങളുടെ പിൻബലത്തിൽ അറസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതിയിൽത്തന്നെ ബോധിപ്പിക്കപ്പെട്ട കാര്യമാണ്


​ഗാന്ധിജിയും നെഹ്റുവും അംബേദ്കറുമൊക്കെ പലവുരു അടിവരയിട്ട ന്യൂനപക്ഷാവകാശങ്ങൾ ഒന്നൊന്നായി കാറ്റിൽപ്പറത്തുന്നതിലും ഈ ജനവിഭാഗങ്ങളുടെ ജീവിതംതന്നെ അസാധ്യമാകുന്ന വഴിത്താര സൃഷ്ടിക്കപ്പെടുന്നതിലും ബിജെപിക്കൊപ്പം കൈകോർക്കുന്ന കോൺഗ്രസിനെ ഒട്ടേറെ ദശാസന്ധികളിൽ കാണാനുള്ള കൊടിയ നിർഭാഗ്യം ഈ ലേഖകനുണ്ടായിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ ന്യൂനപക്ഷവേട്ടയ്ക്ക്‌ നിയമസാധുത നൽകുന്നത് മതപരിവർത്തന നിരോധന നിയമങ്ങളാണ്. ഈ നിയമങ്ങളുടെ യഥാർഥ ഉദ്ദേശ്യമെന്നു പറയുന്നത്, എന്തെങ്കിലും കാരണം കണ്ടെത്തി മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുക എന്നതാണ്. ബൈബിൾ വീട്ടിൽ വച്ചതിനാണ് ബറേലിയിൽ രണ്ടുപേരെ മാസങ്ങളോളം ജയിലിലടച്ചത്. ഇതേ ബറേലിയിലാണ് രണ്ടാഴ്ചമുമ്പ് ഒരു ഹിന്ദു നഴ്സിങ്‌ വിദ്യാർഥി ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളെ കഫേയിലേക്ക് ക്ഷണിച്ചപ്പോൾ അവരിൽ രണ്ടുപേർ മുസ്ലിങ്ങളായിരുന്നു എന്ന കാരണത്താൽ വർഗീയ കാപാലികർ കഫേ അടിച്ചുതകർക്കുകയും മർദനം അഴിച്ചുവിടുകയും ചെയ്തത്. മതപരിവർത്തന നിരോധന നിയമങ്ങൾ അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള നിരവധി മൗലികാവകാശങ്ങളെ നഗ്നമായി ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചുള്ള കേസ് സുപ്രീംകോടതിയിൽ ഇനിയും തീർപ്പാകാതെ കിടക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായത്തിലെ ഒരാൾക്ക് ‘ഈദ് മുബാറക്ക്', ‘ക്രിസ്‌മസ് ആശംസകൾ' എന്നീ സന്ദേശങ്ങൾ അയച്ചാൽപ്പോലും പ്രീണനമായിക്കണ്ട് വേണമെങ്കിൽ ന്യൂനപക്ഷസമുദായാംഗത്തെ ഈ നിയമങ്ങളുടെ പിൻബലത്തിൽ അറസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതിയിൽത്തന്നെ ബോധിപ്പിക്കപ്പെട്ട കാര്യമാണ്.


കോൺഗ്രസ് തുടങ്ങിവച്ചത് തങ്ങൾ പൂർത്തിയാക്കിയേ ഉള്ളൂ എന്നാണ് ഈ നിയമഭേദഗതികളെക്കുറിച്ചുള്ള ബിജെപിയുടെ ഭാഷ്യം. കർണാടകത്തിൽ 2022-ൽ കൊണ്ടുവന്ന കിരാത മതപരിവർത്തന നിരോധന നിയമപ്രകാരം ഒട്ടേറെപ്പേരെ ജയിലിലടച്ചിട്ടുണ്ട്. 2023-ൽ കർണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഈ നിയമം പിൻവലിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതാണ്. എന്നാൽ, ഇപ്പോഴും കോൺഗ്രസ് ആ വാഗ്ദാനത്തെക്കുറിച്ച് മറവിരോഗത്തിലാണ്. ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ ഉൾപ്പെടെ എത്രയോ ന്യൂനപക്ഷ ആത്മീയനേതാക്കളുടെ വിലാപങ്ങൾ ഇന്നും അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുമുന്പാണ് രാജസ്ഥാനിലെ ബിജെപി സർക്കാർ കർക്കശമായ മതപരിവർത്തന നിരോധന നിയമം പാസാക്കിയത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് കമ എന്നൊരക്ഷരം നിയമസഭാ തലത്തിൽപ്പോലും ഇതുവരെ പറഞ്ഞിട്ടില്ല.


Congress flag


ക്രിസ്‌മസ് ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളെ പശ്ചാത്തലമാക്കി ഉത്തരേന്ത്യയിലുടനീളം ക്രൈസ്തവവേട്ട അരങ്ങേറുന്നു. കോൺഗ്രസ് നേതാക്കൾ എന്തെങ്കിലും ഉരിയാടിയാൽ ഭാഗ്യം! ഒരു സംസ്ഥാനത്തും കോൺഗ്രസിന്റെ പ്രാദേശികഘടകങ്ങൾ ക്രൈസ്തവവേട്ടയെ പ്രതിരോധിക്കാൻ രംഗത്തുവരാറില്ല. ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത്‌ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചപ്പോൾ കേരള എംപിമാർ അവരെ സന്ദർശിച്ചിരുന്നു. അതിൽ കോൺഗ്രസ് എംപിമാരും ഉണ്ടായിരുന്നു. എന്നാൽ, ഛത്തീസ്ഗഡിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ഭഘേൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണം ലഭിക്കാൻ നമ്മുടെ മാധ്യമങ്ങൾ കിണഞ്ഞുശ്രമിച്ചിട്ടും അവർ കന്യാസ്ത്രീകൾക്ക് സാന്ത്വനമേകാനോ സംഭവത്തെ അപലപിക്കാനോ ഒരു വാക്കുപോലും മൊഴിഞ്ഞില്ല. സിപിഐ എം നേതാവ് ബൃന്ദ കാരാട്ടാണ് ആദ്യംതന്നെ ഇടതുപക്ഷ എംപിമാരെ ഛത്തീസ്ഗഡിലേക്ക് നയിച്ചത്. കോൺഗ്രസിന്റെ ഏതെങ്കിലും ദേശീയനേതാവ് ക്രൈസ്തവ ന്യൂനപക്ഷത്തിനുവേണ്ടി ഏതെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനം സന്ദർശിച്ചതായി കണ്ടെത്താൻ കഴിയില്ല.


കേരളത്തിലെ കത്തോലിക്കാ സഭ, പ്രത്യേകിച്ച് സിറോ മലബാർ സഭാ നേതൃത്വം, ഏറ്റവും കൂടുതൽ പ്രതിഷേധിച്ചിട്ടുള്ളത് റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകർച്ചയിലും വന്യമൃഗശല്യത്തിലുമാണ്. ഈ രണ്ട്‌ വിഷയങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് കോൺഗ്രസും ബിജെപിയുമാണ്. കൃഷി അസാധ്യമാക്കുന്ന രീതിയിൽ വന്യമൃഗ-പരിസ്ഥിതി നിയമം കൊണ്ടുവന്നത് കോൺഗ്രസാണ്. ഏഴുതവണ മൂലനിയമം ഭേദഗതി ചെയ്ത് കർക്കശമാക്കിയത് ഇരു പാർടികളും ചേർന്നാണ്. ഇതിനെ പ്രതിരോധിക്കാൻ കേരളം കൊണ്ടുവന്ന ബില്ലിന്മേൽ അടയിരിക്കുന്നത് ബിജെപി സർക്കാരും. ആസിയാൻ സ്വതന്ത്ര വ്യാപാര കരാറാണ് റബർ കർഷകരുടെ നടുവൊടിച്ചത്. കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴാണ് ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട് ഈ കരാറിൽ കേന്ദ്രം ഭാഗഭാക്കായത്. ആസിയാൻ കരാറിന്റെ കാലാവധി പൂർത്തിയായി പുനഃപരിശോധനാ ഘട്ടത്തിലേക്ക് പ്രവേശിക്കേണ്ട സമയമായിട്ടും ഒരു ചെറുവിരൽപോലും അനക്കാതെ ഇരിക്കുകയാണ് ഇപ്പോഴത്തെ ബിജെപി സർക്കാർ. വിഭവ ദൗർലഭ്യത്തിനിടയിലും 200 രൂപ താങ്ങുവില പ്രഖ്യാപിച്ചതാകട്ടെ ഇടതുപക്ഷ സർക്കാരും. ഇതൊക്കെയായിട്ടും സിറോ മലബാർ സുന്നഹദോസ്‌ നടക്കുമ്പോൾ ഒരു കുറ്റബോധവുമില്ലാതെ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സഭാ ആസ്ഥാനം സന്ദർശിക്കാൻ വി ഡി സതീശന് കഴിയുന്നുവെന്നത് ചരിത്രത്തിന്റെ വൈപരീത്യങ്ങളിൽ ഒന്ന്.


brinda


കോൺഗ്രസ് ദേശീയനേതൃത്വം തമ്പടിക്കുന്ന ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ദരിദ്രരായ മുസ്ലിങ്ങളുടെ ഭവനങ്ങളെ പൊടിപടലമാക്കാൻ നീങ്ങിയ ബുൾഡോസറിന്റെ മുന്നിൽ ധീരതയോടെ നിലകൊണ്ടതും ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കളാണ്. ഈ ഏടുകളിൽ എവിടെയെങ്കിലും മരുന്നിനെങ്കിലും ഒരു കോൺഗ്രസ് നേതാവിനെ കണ്ടെത്താൻ ആർക്കും കഴിയില്ല. ഡൽഹിയിലെ കലാപത്തിനായി പ്രകോപനം സൃഷ്ടിച്ച ബിജെപി നേതാക്കൾക്കുപകരം ജയിലിലടയ്ക്കപ്പെട്ടവരിൽ നല്ലൊരു പങ്കും നിരപരാധികളാണെന്ന് സാമൂഹികനിരീക്ഷകരും നിയമജ്ഞരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്ലിങ്ങൾക്കുമേൽ നിറയൊഴിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത അന്നത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെ ഒരൊറ്റ ബിജെപി നേതാവും പ്രതിക്കൂട്ടിൽ കയറിയില്ല. ഠാക്കൂറിനൊപ്പം പർവേഷ് വർമ, കപിൽ മിശ്ര തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾ കൊളുത്തിവിട്ടതാണ് ഡൽഹിയിലെ കലാപമെന്ന് തിരിച്ചറിഞ്ഞ ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കളാണ് നീതിക്കുവേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഡൽഹി ഹൈക്കോടതിയിലെ ജഡ്‌ജിയായിരുന്ന ജസ്റ്റിസ് എസ് മുരളീധർ വീഡിയോദൃശ്യങ്ങൾ പരിശോധിച്ച്, ഉത്തരവാദികൾക്കെതിരെ കേസെടുക്കാത്തതിന് ഡൽഹി പൊലീസിനെ പരസ്യമായി വിമർശിച്ചു. രായ്ക്കുരാമാനം ജസ്റ്റിസ് മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽനിന്ന്‌ സ്ഥലംമാറ്റി. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുൾപ്പെടെ 18 പേർ ചേർന്നാണ് കലാപം ഉണ്ടാക്കിയതെന്ന തിരക്കഥയാണ് പൊലീസ് മെനഞ്ഞത്.


യുഎപിഎ ചുമത്തിയ 18 പേരിൽ 16 പേരും മുസ്ലിങ്ങളാണ്. എന്നാൽ, ഔദ്യോഗിക രേഖകൾപ്രകാരം കലാപത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 41 പേരും മുസ്ലിങ്ങളും. കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ഇവരൊക്കെ അഞ്ചുവർഷത്തിലേറെ ജയിലിൽ കഴിഞ്ഞു. കഴിഞ്ഞദിവസം ഏതാനുംപേരെ സുപ്രീംകോടതി ജാമ്യത്തിൽ വിട്ടയച്ചു. ഡൽഹിയിൽപ്പോലും ഇല്ലാതിരുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നീ ജെഎൻയു വിദ്യാർഥികൾക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചപ്പോൾ പലരും അമ്പരന്നു. അനന്തമായി വിചാരണ നീണ്ടുപോകുമ്പോൾ ജാമ്യം അവകാശമാണെന്ന സുപ്രീംകോടതിയുടെ മുൻകാല വിധിയെത്തന്നെ റദ്ദുചെയ്താണ് ഇവർക്ക് ജാമ്യം നിഷേധിച്ചത്. അനീതിയുടെ കാലൊച്ചയായി ഈ വിധിന്യായത്തെ സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ വിശേഷിപ്പിച്ചപ്പോൾ, കോൺഗ്രസ് കമ എന്നൊരക്ഷരം ഉരുവിട്ടിട്ടില്ല.


dadri lynching case


വീട്ടിലെ ഫ്രിഡ്‌ജിൽ പശുമാംസമുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക്ക് എന്ന മനുഷ്യനെ ഉത്തർപ്രദേശിലെ ദാദ്രിയിൽ വീട്ടിൽനിന്ന് വലിച്ചിഴച്ച് കൊത്തിനുറുക്കിയത് ആഗോളവാർത്തയായിരുന്നു. അന്ന് അഖ്‌ലാക്കിന്റെ പക്കൽനിന്ന് ഭക്ഷണം വാങ്ങി കഴിച്ചവർപോലും ഈ അരുംകൊലയിൽ ഭാഗഭാക്കായെന്നു ചിന്തിക്കുമ്പോൾ നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിഷപ്രസരണത്തിന്റെ തോത് ബോധ്യമാകും. പശുമാംസമല്ല, മറിച്ച് ആട്ടിറച്ചിയായിരുന്നു എന്ന് പൊലീസ്‌തന്നെ പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ, ഈ കൊടുംപാതകം ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയിടെ ഉത്തർപ്രദേശ് സർക്കാർതന്നെ ഗൗതംബുദ്ധ നഗറിലെ സൂരജ്പുർ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. നീതിനിർവഹണത്തോടുള്ള കടുത്ത നിന്ദയും വെല്ലുവിളിയുമായിരുന്നു ഈ നടപടി. യുപി സർക്കാരിനെ പ്രതിരോധിക്കാൻ സൂരജ്പുർ കോടതിയിൽ അപേക്ഷ നൽകി ഇടുങ്ങിയ കോടതിമുറിയിൽ ദിവസങ്ങളോളം ചെലവിട്ടത് ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കളായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ കോടതിക്ക് ആദിത്യനാഥ് സർക്കാരിന്റെ അപേക്ഷ ചവറ്റുകുട്ടയിൽ വലിച്ചെറിയേണ്ടിവന്നു. ഒരു വേളയെങ്കിലും ആ വഴിക്ക് വന്ന് കോടതിയിലേക്ക് ഒന്നെത്തിനോക്കാൻപോലും ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ല.


മാധ്യമപ്രവർത്തകനും സാമൂഹികനിരീക്ഷകനും എന്ന നിലയിൽ നാലു പതിറ്റാണ്ടുകാലത്തേക്കുള്ള തിരിഞ്ഞുനോട്ടം നടത്തുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്ന ഏതാനും ഏടുകൾമാത്രമാണ് ഇവ. കേരളത്തിൽ പ്രതീതിരാഷ്ട്രീയത്തിന്റെ ആരവവുമായി ന്യൂനപക്ഷങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ കനുഗോലുവിസത്തിന്റെ വക്താക്കൾ തുനിഞ്ഞിറങ്ങുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് അരിച്ചിറങ്ങേണ്ട ചരിത്ര ഇതളുകളാണ് ഇവ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home