Articles

ചിലിയൻ കമ്യൂണിസ്റ്റ് പാർടി

ചിലിയുടെ ചരിത്രം തിരുത്താൻ

chile election

ജ്യാനെറ്റ് ഹാറ / കാരോൾ കരിയോള / ബർബാറ ഫിഗെറോവ

avatar
വി ബി പരമേശ്വരൻ

Published on Jul 14, 2025, 10:56 PM | 4 min read

തെക്കേ അമേരിക്കയിൽ ശാന്ത സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഇടുങ്ങിയതും നീണ്ടതുമായ ചിലി എന്ന രാജ്യത്തിൽ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യൂണിറ്റി ഫോർ ചിലി എന്ന ഇടതുപക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥിയായി ജ്യാനെറ്റ് ഹാറ തെരഞ്ഞെടുക്കപ്പെട്ടു. വലതുപക്ഷ സ്ഥാനാർഥികളായി മത്സരിക്കാൻ സാധ്യതയുള്ള റിപ്പബ്ലിക്കൻ പാർടിയുടെ ജോസ് അന്റൊണിയ കാസ്റ്റ്, ഡെമോക്രാറ്റിക് യൂണിയന്റെ ഏവ് ലിൻ മാത്തായി എന്നിവരോടായിരിക്കും ഹാറയുടെ മത്സരം. ഹാറ തെരഞ്ഞെടുക്കപ്പെട്ടാൽ അത് ചിലിയിൽ പുതുചരിത്രം കുറിക്കും. ആദ്യമായിട്ടായിരിക്കും ഒരു കമ്യൂണിസ്റ്റ് പാർടി അംഗം ചിലിയുടെ പ്രസിഡന്റാകുക.


എട്ട് രാഷ്ട്രീയ പാർടികളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും കൂട്ടുകെട്ടാണ് യൂണിറ്റി ഫോർ ചിലി . ഈ സഖ്യം ആഭ്യന്തരമായി നടത്തുന്ന തെരഞ്ഞെടുപ്പിൽ ഏത് പാർടിയുടെ നേതാവിനാണോ കൂടുതൽ വോട്ട് ലഭിക്കുന്നത് അവരാണ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുക. കഴിഞ്ഞ തവണ ഫ്രണ്ടെ ആംപ്ലിയോ അഥവാ വിശാല മുന്നണി സ്ഥാനാർഥിയായ ഗബ്രിയേൽ ബോറികിനാണ് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി ഡാനിയൽ ജാദുവിനേക്കാൾ വോട്ട് ലഭിച്ചത്. അതിനാൽ ബോറിക്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുകയും രണ്ടാം റൗണ്ടിൽ കാസ്റ്റിനെ ഒമ്പത് ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ച് അധികാരമേൽക്കുകയും ചെയ്തു. അതുപോലെ ഇക്കുറി ആഭ്യന്തരമായി ജൂൺ 29ന് നടന്ന തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ട് നേടിയാണ് കമ്യൂണിസ്റ്റ് പാർടിയിലെ ഹാറ മുന്നിലെത്തിയത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർടി സ്ഥാനാർഥി കരോലിന തോഹയ്‌ക്ക് 27.7 ശതമാനം വോട്ടും ഗബ്രിയേൽ ബോറിക്കിന്റെ വിശാല മുന്നണി സ്ഥാനാർഥി ഗോൺസാലോ വിൻഡർക്ക് 9 ശതമാനവും ഗ്രീൻപാർടിയും പ്രോഗ്രസീവ് കക്ഷികളും ചേർന്ന സഖ്യസ്ഥാനാർഥി ജെയ്മേ മുലേട്ടിന് രണ്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്. ആഭ്യന്തര പ്രൈമറിയിൽ വിജയിക്കുന്ന സ്ഥാനാർഥിയുടെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുക എന്നതാണ് യൂണിറ്റി ഫോർ ചിലിയുടെ അലിഖിത നിയമം. ഹാറയെ വിജയിപ്പിക്കാൻ സഖ്യത്തിലെ എട്ട് ഘടകകക്ഷികളും ഒത്തൊരുമിച്ച് പ്രവർത്തിക്കും.


ചിലിയൻ ഭരണഘടന അനുസരിച്ച് പ്രസിഡന്റിന് തുടർച്ചയായി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ല. അതിനാലാണ് ബോറിക്ക് മാറിനിന്നത്


സഖ്യത്തിന്റെ സ്ഥാനാർഥിയായി വിജയിച്ച ഹാറയെ ആദ്യം അഭിനന്ദിച്ചത് പ്രസിഡന്റ്‌ ഗബ്രിയേൽ ബോറിക് തന്നെയാണ്. പുരോഗമന പ്രസ്ഥാനങ്ങളെ ശോഭനമായ ഭാവിയിലേക്ക് നയിക്കാൻ കെൽപ്പുള്ളവളാണ് ഹാറയെന്ന് ബോറിക് പറഞ്ഞു. തുല്യതയും സന്തോഷവും സുരക്ഷയും ഉറപ്പുവരുത്താനായി കൈകോർത്ത് പ്രവർത്തിക്കാമെന്നും ബോറിക് അനുമോദന സന്ദേശത്തിൽ പറഞ്ഞു. ചിലിയൻ ഭരണഘടന അനുസരിച്ച് പ്രസിഡന്റിന് തുടർച്ചയായി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ല. അതിനാലാണ് ബോറിക്ക് മാറിനിന്നത്. തീവ്രവലതുപക്ഷ ഭീഷണിയെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഹാറയും പ്രതികരിച്ചു.


ഗബ്രിയേൽ ബോറിക് മന്ത്രിസഭയിൽ 24 പേരിൽ 14 പേരും വനിതകളായിരുന്നു. അതിൽ ഒരാളായിരുന്നു തൊഴിൽ സാമൂഹ്യ സുരക്ഷാ മന്ത്രിയായ 51 കാരി ഹാറ. തലസ്ഥാനമായ സാൻഡിയാഗോ നഗരത്തിന്റെ വടക്ക് കോൻചാലിയിൽ ഒരു മെക്കാനിക്കിന്റെയും വീട്ടമ്മയുടെയും അഞ്ചു മക്കളിൽ ഒരുവളായായിരുന്നു ഹാറയുടെ ജനനം. 19--ാം വയസ്സിൽ വിവാഹം, 21–-ാം വയസ്സിൽ വിധവയായി. ആ ദുഃഖം ഏറെക്കാലം വേട്ടയാടിയെങ്കിലും സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ അത് പ്രേരകമായി. സാൻഡിയാഗോ യൂണിവേഴ്സിറ്റി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ നേതാവും യൂത്ത് കമ്യൂണിസ്റ്റ് ലീഗ് നേതാവുമായി. 1999 ലാണ് കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. കമ്യൂണിസ്റ്റ് പാർടിക്കുകൂടി പങ്കാളിത്തമുണ്ടായിരുന്ന ഒന്നാം മിഷേൽ ബാഷ്‌ലെ ( 2006–-10) സർക്കാരിൽ സോഷ്യൽ സെക്യൂരിറ്റി വകുപ്പിൽ അണ്ടർ സെക്രട്ടറിയായും ഹാറ പ്രവർത്തിച്ചിരുന്നു.


ഒരു തൊഴിലാളിക്ക് ശരാശരി 500 ഡോളറെങ്കിലും കൂലിവർധന ലഭിക്കും. പെൻഷൻ പദ്ധതിയിലും ചില പരിഷ്കാരങ്ങൾക്ക് ഹാറ തുടക്കമിട്ടു. ഇത്തരം പരിഷ്കാരങ്ങളാണ് ഹാറയെ പൊതുസമൂഹത്തിൽ സ്വീകാര്യതയുള്ള നേതാവാക്കിയത്


യൂണിറ്റി ഫോർ ചിലിയുടെ പ്രൈമറിയിൽ ഹാറ വിജയിക്കാൻ പ്രധാന കാരണം ബോറിക് മന്ത്രിസഭയിലെ അംഗമെന്ന നിലയിൽ അവർ നടത്തിയ പ്രവർത്തനം തന്നെയാണ്. അതിൽ ഏറ്റവും പ്രധാനം തൊഴിലാളികളുടെ ആഴ്ചയിലെ തൊഴിൽ മണിക്കൂർ 45 ൽ നിന്നും 40 ആക്കി കുറച്ചുകൊണ്ടുള്ള നിയമനിർമാണമായിരുന്നു. ഈ നിയമമനുസരിച്ച് നിയമംപാസ്സായ 2023 ൽ തൊഴിൽ മണിക്കൂർ 45 ൽനിന്നും 44 മണിക്കൂറാക്കി. മൂന്ന് വർഷം കഴിഞ്ഞ് 2026 ൽ അത് 42 മണിക്കൂറാക്കും. അഞ്ചാം വർഷത്തിൽ 40 മണിക്കൂറുമാക്കും. അതോടൊപ്പം മിനിമം കൂലിയും വർധിപ്പിച്ചു. ഒരു തൊഴിലാളിക്ക് ശരാശരി 500 ഡോളറെങ്കിലും കൂലിവർധന ലഭിക്കും. പെൻഷൻ പദ്ധതിയിലും ചില പരിഷ്കാരങ്ങൾക്ക് ഹാറ തുടക്കമിട്ടു. ഇത്തരം പരിഷ്കാരങ്ങളാണ് ഹാറയെ പൊതുസമൂഹത്തിൽ സ്വീകാര്യതയുള്ള നേതാവാക്കിയത്.


ചിലിയൻ കമ്യൂണിസ്റ്റ് പാർടിയെ നയിക്കുന്നതിൽ പ്രധാന പങ്കാളിത്തം തന്നെ ഇന്ന് വനിതകൾക്കുണ്ട്. പാർടിയുടെ ജനറൽ സെക്രട്ടറി തന്നെ ഇപ്പോൾ വനിതയാണ്. 45 കാരി ബർബാറ ഫിഗെറോവ. ഗില്ലർമൊടെല്ലിയറിൽ നിന്നാണ് ഫിഗറോവ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്‌. സാൻഡിയാഗോയിൽ ജനിച്ച് എഡ്യൂക്കേഷൻ സയൻസിൽ ബിരുദമെടുത്ത് ടീച്ചറാകുകയും ടീച്ചേഴ്സ് യൂണിയന്റെ ദേശീയ നേതാവായി മാറുകയും ചെയ്ത ഫിഗെറോവ ചിലിയിലെ ഏറ്റവും ശക്തമായ ട്രേഡ് യൂണിയൻ സംഘടനയായ യൂണിറ്ററി കോൺഫെഡറേഷൻ ഓഫ് വർക്കേഴ്സ് (സിയുടി) പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ലാറ്റിനമേരിക്കയിൽ തന്നെ ആദ്യമായാണ് ഒരു വനിത ഒരു രാജ്യത്തെ ട്രേഡ് യൂണിയന്റെ അമരക്കാരിയാകുന്നത്. അർജന്റീനയിൽ അംബാസഡറായി പ്രവർത്തിക്കുമ്പോഴാണ്‌ ഫിഗെറോവ പാർടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അതുപോലെ ചിലി പാർലമെന്റിന്റെ അധോസഭയായ ചേംബർ ഓഫ് ഡെപ്യൂട്ടിസിന്റെ പ്രസിഡന്റ്‌ കമ്യൂണിസ്റ്റ് പാർടി നേതാവായ 37 കാരി കാരോൾ കരിയോളയാണ്. ഈ നേതാക്കളെല്ലാം തന്നെ പിനോഷെ കാലംമുതൽ സാമ്പത്തിക നയമായി അംഗീകരിക്കപ്പെട്ട നവഉദാരവാദത്തിനെതിരെ പൊരുതിയാണ് നേതൃത്വത്തിലേക്ക് ഉയർന്നത്.


1950 കളിലാണ് കാസ്റ്റിന്റെ കുടുംബം ചിലിയിലേക്ക് കുടിയേറിയത്. ഇപ്പോൾ തീവ്രവലതുപക്ഷ നയം സ്വീകരിച്ച് കുടിയേറ്റ വിരുദ്ധതയുടെ കൊടി ഉയർത്തുന്നതും കാസ്റ്റ് തന്നെ


ജ്യാനെറ്റ് ഹാറയ്‌ക്ക് വിജയം അത്ര എളുപ്പമല്ല. തീവ്രവലതുപക്ഷവാദിയും തീവ്രമുതലാളിത്ത പക്ഷപാതിയുമായ ജോസ് അന്റോണിയോ കാസ്റ്റാകും പ്രധാന എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നാം റൗണ്ടിൽ മുന്നിലെത്തിയ കാസ്റ്റ് രണ്ടാം റൗണ്ടിലാണ് ബോറിക്കിനോട് തോറ്റത്. തോറ്റെങ്കിലും 44 ശതമാനംവോട്ട് ലഭിച്ചിരുന്നു. ഹിറ്റ്‌ലറുടെ നാസി പാർടിയിൽ അംഗമായ മൈക്കിൾ കാസ്റ്റ് ഷിൻഡേലയുടെ മകനാണ് കാസ്‌റ്റ്‌. 1950 കളിലാണ് കാസ്റ്റിന്റെ കുടുംബം ചിലിയിലേക്ക് കുടിയേറിയത്. ഇപ്പോൾ തീവ്രവലതുപക്ഷ നയം സ്വീകരിച്ച് കുടിയേറ്റ വിരുദ്ധതയുടെ കൊടി ഉയർത്തുന്നതും കാസ്റ്റ് തന്നെ. 1970 ൽ അലൻഡെയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന പോപ്പുലർ യൂണിറ്റി സർക്കാരിനെ ചോരയിൽ മുക്കി കൊന്ന പിനോഷെ ഭരണത്തിന്റെ ആരാധകനാണ് കാസ്റ്റ്.


ഇൻഡിപെൻഡന്റ്‌ ഡെമോക്രാറ്റിക് യൂണിയൻ നേതാവ് ഏവ് ലിൻ മാത്തായിയാണ് മത്സരരംഗത്തുള്ള മറ്റൊരു സ്ഥാനാർഥി. വലതുപക്ഷക്കാരിയായ മാത്തായിയെ "ദ ഇക്കോണമിസ്റ്റ്" വിശേഷിപ്പിക്കുന്നത് "പ്രതിവിപ്ലവത്തിന്റെ നായികയായാണ് ". പിനോഷെ ഭരണത്തിന്റെ ആരാധികയായ മാത്തായിയും സമ്പന്നർക്ക് അനുകൂലമായ നിലപാട് തന്നെയാണ് മുന്നോട്ടു വയ്‌ക്കുന്നത്. ഡെമോക്രാറ്റിക് യൂണിയന്റെ വലതുപക്ഷ നയങ്ങൾക്ക് തീവ്രത പോരെന്ന് ആരോപിച്ചാണ് കാസ്റ്റ് റിപ്പബ്ലിക്കൻ പാർടിക്ക് രൂപം നൽകിയത്. കാസ്റ്റും മാത്തായിയും മത്സരരംഗത്ത് ഉറച്ചുനിന്നാൽ അതു വലതുപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനും ഹാറയെ വിജയത്തിലേക്ക് നയിക്കാനും സഹായിക്കും. എന്നാൽ വലതുപക്ഷത്തിന് ഒരു സ്ഥാനാർഥി മതിയെന്ന് അവർ നിശ്ചയിച്ചാൽ മത്സരം കടുക്കും. ഒരു കമ്യൂണിസ്റ്റുകാരി പ്രസിഡന്റാകാതിരിക്കാൻ വലതുപക്ഷ ശക്തികൾ എല്ലാ ശ്രമവും നടത്തുമെന്നുറപ്പാണ്. അലൻഡെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അന്നത്തെ അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആയിരുന്ന ഹെൻട്രി കിസിഞ്ചർ പറഞ്ഞത് "ചിലിയിലെ ജനങ്ങൾ മുൻകരുതലോ ദീർഘവീക്ഷണമോ കൂടാതെ കമ്യൂണിസ്റ്റുകാരെ തെരഞ്ഞെടുത്താൽ ഞങ്ങൾക്ക് അത് കൈയുംകെട്ടി നോക്കിയിരിക്കാൻ ആകില്ല " എന്നായിരുന്നു. പിന്നീട് നാം കണ്ടത് അലൻഡെയെയും കുടുബാംഗങ്ങളെയും വിശ്വ മഹാകവിയും കമ്യൂണിസ്റ്റ് പാർടി നേതാവുമായിരുന്ന പാബ്ലോ നെരൂദയെയും കൊന്നു തള്ളുന്നതാണ്. ചിലി വീണ്ടും ഒരു കമ്യൂണിസ്റ്റിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുമോ? അതോ അതിനെ വലതുപക്ഷവും അമേരിക്കയും സർവശക്തിക്കും ഉപയോഗിച്ച് തടയുമോ? നവംബർവരെ കാത്തിരിക്കാം.



deshabhimani section

Dont Miss it

Recommended for you

Home