കീഴടങ്ങാത്ത സർഗാത്മകത

ബാനു മുഷ്‌താഖ് - ഫോട്ടോ: സതി ആർ വി

പയ്യന്നൂർ കുഞ്ഞിരാമൻ
Published on May 27, 2025, 12:30 PM | 6 min read
സ്ത്രീകൾക്ക്- വേണ്ടിയാണ് താൻ എന്നും ശബ്ദിക്കുന്നതെന്ന് ബാനു മുഷ്‌താഖ് പറയുന്നു. സ്-ത്രീ ജീവിതത്തിന്റെ ദുരവസ്ഥ അവരെ അത്യധികം അലോസരപ്പെടുത്തുന്നു. ആ വിഹ്വലതയിൽ നിന്നാണ് അവരുടെ കഥകൾ പിറന്നത്-. അതിലൂടെ കർണാടകത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ പെൺകരുത്തായി അവർ വളർന്നു. സാമൂഹ്യവ്യവസ്ഥയെ കഥകൾകൊണ്ട്- അവർ നിശിതമായി വിമർശിക്കുന്നു.
അവകാശം നിഷേധിക്കപ്പെടുന്ന സ്ത്രീ ജന്മത്തെക്കുറിച്ചാണ് ബാനു മുഷ്‌താഖ് എഴുതുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബാനു പോരാടി. ജാതിമതങ്ങളുടെ അതിക്രൂരമായ സമ്പ്രദായത്തിൽ നീതിയും നിയമവും പുരുഷ കേന്ദ്രീകൃതമായിത്തീരുന്നു. മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങളാണ് അവർ അന്വേഷിച്ചത്.
കെട്ടുപാടുകൾക്കിടയിൽ കിടന്ന് സ്ത്രീജന്മം കീറിമുറിക്കപ്പെടുകയാണ്. നമ്മുടെ സമൂഹം നൈതികമായി അധഃപതിച്ചിരിക്കുന്നു. യുവാക്കൾ പെൺകുട്ടികളോട് കാട്ടുന്ന ക്രൂരതയ്‌ക്ക് അതിരില്ലാതാകുന്നു.
സ്ത്രീകൾക്ക് വേണ്ടിയാണ് താൻ എന്നും ശബ്ദിക്കുന്നതെന്ന് ബാനു മുഷ്‌താഖ് പറയുന്നു.
സ്ത്രീ ജീവിതത്തിന്റെ ദുരവസ്ഥ അവരെ അത്യധികം അലോസരപ്പെടുത്തുന്നു. ആ വിഹ്വലതയിൽ നിന്നാണ് അവരുടെ കഥകൾ പിറന്നത്. അതിലൂടെ കർണാടകത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ പെൺകരുത്തായി അവർ വളർന്നു. സാമൂഹ്യവ്യവസ്ഥയെ കഥകൾകൊണ്ട് അവർ നിശിതമായി വിമർശിക്കുന്നു.
ബാനു മുഷ്‌താഖ്
കർണാടകയിലെ ഹാസൻ നഗരത്തിലെ പടിഞ്ഞാറ് ഭാഗത്തായാണ് അവർ താമസിക്കുന്നത്. ജനനീതി വേദി പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് പോരാടുന്ന ബാനുവിന്റെ നിഗമനങ്ങൾ വിലപ്പെട്ടതാണ്. വർത്തമാന കാലത്തെക്കുറിച്ച് അവർക്ക് ഏറെ ഉത്കണ്ഠയുണ്ട്. വർഗീയതയുടെ വെല്ലുവിളികളെക്കുറിച്ച് അവർ ഓർമപ്പെടുത്തുന്നുണ്ട്. ഇതെല്ലാം കഥകളായിട്ടാണ് പിറവികൊള്ളുന്നത്.
അതുകൊണ്ടുതന്നെ കഥകളിലൂടെ അവർ വ്യക്തമാക്കുന്നത് വർത്തമാനകാലത്ത് മൗനം ഭജിക്കുന്നത് അപരാധമാണ് എന്നതാണ്. മൗനം ദീക്ഷിക്കുന്നത് കീഴടങ്ങലിന്റെ ലക്ഷണമാണ്. അത് സത്യത്തെ നിരാകരിക്കലാണ്. ആധുനിക കാലത്ത് സ്ത്രീകളുടെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും വിലമതിക്കപ്പെടണം. സ്‌ത്രീകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന ബോധം പുരുഷസമൂഹത്തിന് വേണം.
ആധിപത്യം എന്ന സ്വഭാവത്തിൽനിന്നും പുരുഷസമൂഹം സമത്വം എന്ന സ്നേഹത്തിന്റെ തലങ്ങളിലേക്ക് ഇറങ്ങിവരണം. സ്ത്രീകളുടെ അഭിപ്രായങ്ങൾ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുവാനുള്ളതല്ലെന്ന് ബാനു മുഷ്താഖിന്റെ കഥകൾ വ്യക്തമാക്കുന്നു. സ്ത്രീകളും ചടുലതയോടെ ഇടപെടുമ്പോഴാണ് സാമൂഹ്യമാറ്റം ഫലവത്തായി തീരുന്നത്. ജാതി, ലിംഗം, വർണം, വർഗം എന്നീ രീതിയിൽ സമൂഹത്തെ വിഭജിച്ചു നിർത്തുന്ന മാമൂൽ വാദം ഇപ്പോൾ ശക്തി പ്രാപിച്ചുവരികയാണ്.
പയ്യന്നൂർ കുഞ്ഞിരാമനും ബാനു മുഷ്‌താഖും
സ്ത്രീകളെ എന്നും ദുർബലയായി ചിത്രീകരിക്കാനാണ് പുരുഷൻമാർ ശ്രമിക്കുന്നത്. ജാതി‐മതാന്ധതയുടെ ക്രൂരതയ്ക്ക് ഇരയാകുന്നവരിൽ ഏറെയും സ്ത്രീകളാണ്. കുടുംബ വ്യവസ്ഥയിൽ സ്ത്രീയെ അടുക്കളയിൽ അടച്ചിടുന്ന സമീപനം ഉണ്ട്.
മുസ്ലിം സമുദായത്തിൽ ജനിച്ച തനിക്ക് കുട്ടിക്കാലം തൊട്ടേ സാമ്പ്രദായികതയോട് പൊരുതേണ്ടി വന്നിട്ടുണ്ടെന്ന് അവർ പറയുന്നു. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ നിയമ പോരാട്ടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭിഭാഷകവൃത്തി സ്വീകരിച്ചതെന്നും പറയുന്നു.
തന്നെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്ന് പിതാവ് ആഗ്രഹിച്ചതായി ബാനു മുഷ്താഖ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വക്കീൽ ജീവിതമാണ് അവർ തെരഞ്ഞെടുത്തത്. കോടതിയിൽ വാദിക്കുന്നതിനേക്കാൾ ശക്തമായി അവർ കഥകൾ എഴുതി. ജീവിതത്തിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾക്കെതിരെ അക്ഷരങ്ങൾ ആയുധമാക്കിയപ്പോൾ ബാനു മുഷ്താഖ് എന്ന എഴുത്തുകാരി ഇന്ത്യയിൽ തന്നെ വേറിട്ട അനുഭവമായി.
തന്നെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്ന് പിതാവ് ആഗ്രഹിച്ചതായി ബാനു മുഷ്താഖ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വക്കീൽ ജീവിതമാണ് അവർ തെരഞ്ഞെടുത്തത്. കോടതിയിൽ വാദിക്കുന്നതിനേക്കാൾ ശക്തമായി അവർ കഥകൾ എഴുതി. ജീവിതത്തിൽ നേരിടേണ്ടിവന്ന വെല്ലുവിളികൾക്കെതിരെ അക്ഷരങ്ങൾ ആയുധമാക്കിയപ്പോൾ ബാനു മുഷ്താഖ് എന്ന എഴുത്തുകാരി ഇന്ത്യയിൽ തന്നെ വേറിട്ട അനുഭവമായി.
‘ഹാർട്ട് ലാമ്പ്’ എന്ന കഥാസമാഹാരമാണ് ബുക്കർ സമ്മാനത്തിന് അർഹമായത്. 12 കഥകൾ ഇതിലുണ്ട്. ഓരോ കഥയും മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ഹൃദയത്തുടിപ്പുകളാണ് പങ്കുവയ്‌ക്കുന്നത്. 'എദെയ ഹണതെ' എന്നാൽ ഹൃദയത്തിലെ വിളക്കാണ്.

നൊമ്പരത്തിന്റെ ആവർത്തനങ്ങളാണ് ബാനുവിന്റെ കഥകൾ എന്ന് നിരൂപകയായ ഡോ. എം എസ് ആശാദേവി വിലയിരുത്തുന്നു. ബഹുസമുദായങ്ങൾ അധിവസിക്കുന്ന ഈ നാടിന്റെ ഉൾജീവിതങ്ങൾ പലപ്പോഴും സങ്കീർണമായിത്തീരുന്നു. എല്ലാ സൃഷ്ടികർത്താക്കളും ചില പ്രശ്നങ്ങൾക്കും ആശങ്കകൾക്കും ഉത്തരം കണ്ടെത്തേണ്ടി വരുന്നുണ്ട്.
പാരമ്പര്യവും പരിസരവും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തുന്നു. നാം ഒരു കൃതി വിലയിരുത്തുമ്പോൾ സമൂഹത്തെ ചേർത്തുവച്ചാണ് പരിശോധിക്കേണ്ടി വരിക. ആ നിലയിൽ ബാനു മുഷ്താഖ് കഥകൾ ശക്തവും തീക്ഷ്‌ണവുമായ ചിന്താശകലങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നു. പ്രമുഖ എഴുത്തുകാരിയുടെ ഒരു കൃതി ലോകത്തിന്റെ സമസ്ത വ്യവഹാരങ്ങളുടെയും ദർശനമായിത്തീരുന്നു.
ചുരുക്കത്തിൽ ജീവിതത്തിന്റെ ക്യാൻവാസ് പശ്ചാത്തലമാക്കിയാണ് അവർ ചിത്രം വരയ്‌ക്കുന്നത.്
ബാനുവിന്റെ കഥകളിൽ പ്രധാനമായി മൂന്ന് നിലകൾ ഉണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയാണ് പ്രധാനപ്പെട്ടത്.
ഡോ. എം എസ്- ആശാദേവി
ആ വ്യവസ്ഥയോട് ചേർന്ന് നിൽക്കാനാവാതെ സ്ത്രീജന്മങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാം. ബാനു വിദ്യാസമ്പന്നയാണ് വക്കീലാണ്. സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന അന്യായങ്ങളെ ചെറുക്കേണ്ടതാണെന്ന ചിന്താഗതിക്കാരിയുമാണ്.
പെണ്ണിന് അനുഭവിക്കേണ്ടി വരുന്ന യാതനകളും വേദനകളും അറിയാതെയാണ് ബാനു വളർന്നത്. എന്നാൽ സഹപാഠികളിൽ പലരുടെയും അവസ്ഥ ഇതായിരുന്നില്ല. ദൈവത്തോട് ‘ഒന്ന് പെണ്ണായി ജനിക്കുമോ’ എന്ന് ബാനു ചോദിക്കുന്നുണ്ട്.
'അങ്കണദല്ലി രക്ത' എന്നത് ബാനുവിന്റെ ശ്രദ്ധേയ കഥയാണ്. അങ്കണം മുറ്റമാണ്. വീട്ടുമുറ്റത്തും രക്തം വീഴുന്ന ഒരു സാഹചര്യം‐ കാലികപ്രസക്തിയുള്ള കഥയാണിത്. യുവാക്കൾ തീവ്രവാദ ചിന്തകളിലേക്ക് നീങ്ങുന്നതിലുള്ള ഉത്‌കണ്ഠ ഈ കഥ പങ്കുവയ്‌ക്കുന്നുണ്ട്. യുവാക്കളെ വഴിതെറ്റിക്കുന്നത് കംപ്യൂട്ടറും അതുപോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുമാണെന്ന് കഥയിലെ വീട്ടമ്മ റഹ്‌മത്ത് വിശ്വസിക്കുന്നു.
‘സ്വന്തം മകൾക്ക് വിവാഹാലോചനയുമായി വന്ന വരൻ തീവ്രവാദ പ്രവർത്തനത്തിൽ പിടിയിലായ വാർത്ത കൂടി വന്നതോടെ ആ അമ്മ പുകയാൻ തുടങ്ങി. ടിവിയിൽ സഹിക്കാൻ പറ്റാത്ത വാർത്തകൾ വന്നുകൊണ്ടിരുന്നു. അതെല്ലാം കേട്ടപ്പോൾ അമ്മ കൂടുതൽ സങ്കടപ്പെട്ടു. മകൻ ദിഗന്തങ്ങളിലേക്ക് പറക്കുവാൻ ചിറകടിച്ചു കൊണ്ടിരിക്കുന്നു. അവൻ വിദേശത്ത് പോയാൽ ടെററിസ്റ്റുകളുടെ വലയിൽ പെടും.’
ആ അമ്മയ്‌ക്ക് രാത്രി ഉറക്കം വന്നില്ല. പിന്നീടുള്ള ദിവസങ്ങൾ ആശങ്കാകുലമായിരുന്നു. ആരെയും വിശ്വസിക്കാനാവാത്ത കാലമാണിത്. പേടിച്ച് വിറച്ച് എത്രനാൾ അടങ്ങിക്കഴിയും? ഭയം കളഞ്ഞ് പുറത്തുകടക്കുവാൻ ആ അമ്മ തീരുമാനിച്ചു. അവർ മകൻ ഉപയോഗിക്കുന്ന കംപ്യൂട്ടർ എടുത്ത് പരിചയമുള്ള പീടികയിൽ കൊണ്ടുചെന്നു.
ഈ മോണിറ്ററിനുള്ളിൽ ടെററിസ്റ്റുകൾ കടന്നുകൂടിയിട്ടുണ്ട്. ആ ടെററിസ്റ്റുകളെ എനിക്ക് കാട്ടിത്തരണം. അവരെന്റെ മകനെ മാടിവിളിക്കുകയാണ്. അവരോട് എനിക്ക് ചിലത് ചോദിക്കാനുണ്ട്. നിരപരാധികളായ കുട്ടികളെ കൊന്നൊടുക്കുന്നതെന്തിനാണ്? എന്തിനാണ് പ്ലെയിൻ തട്ടിക്കൊണ്ടുപോകുന്നത്?
ആ അമ്മയുടെ വാക്കുകൾ ഷോപ്പിലുള്ളവരെ പരിഭ്രമിപ്പിച്ചു. ഷോപ്പുടമ അമ്മയെ സമാധാനിപ്പിക്കുന്നു. 'ഈ മോണിറ്ററിൽ ആരും ഒളിച്ചിരിപ്പില്ല. ഇതൊരു കറുത്ത പെട്ടി മാത്രമാണ്...’ ഇതിനിടയിൽ മകൻ ഷോപ്പിലേക്ക് തള്ളിക്കയറിവരുന്നു. അമ്മയെ രൂക്ഷമായി നോക്കുന്നു. ആ അമ്മയ്‌ക്ക് വിഷമമായി... ‘മോനേ ക്ഷമിക്ക്’ എന്ന് അവർ അപേക്ഷിക്കുകയാണ്.
എൻ എസ് മാധവനും ബാനു മുഷ്‌താഖും - ഫോട്ടോ: സതി ആർ വി
സമൂഹവും സമൂഹ സാഹചര്യങ്ങളും ജീവിതത്തെ പലതരത്തിലും സ്വാധീനിക്കുമെന്ന് ബാനു മുഷ്താഖ് വ്യക്തമാക്കുകയാണ്. ‘കരിനാഗരഗളൂ’ (കറുത്ത മൂർഖൻ പാമ്പുകൾ) എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ബാനു മുഷ്താഖിന്റെ മനസ്സ് പൊള്ളിച്ച സംഭവങ്ങളാണ് ഈ കഥയിൽ പ്രതിപാദിക്കുന്നത്. ഗിരീഷ് കാസറവള്ളി ഈ കഥയെ അടിസ്ഥാനമാക്കി ചലച്ചിത്രം നിർമിക്കുകയുണ്ടായി.
‘ഹസീന’ എന്നാണ് സിനിമയ്‌ക്ക് പേരിട്ടത്. ഭർത്താവിനാൽ നിഷ്കരുണം ഉപേക്ഷിക്കപ്പെട്ട ഒരു മുസ്ലിം യുവതിയുടെ ദുരന്തകഥയാണ് ബാനു പറയുന്നത്. സ്ത്രീകൾക്ക് മതം അനുശാസിക്കുന്ന സംരക്ഷണംപോലും നിഷേധിക്കപ്പെടുന്നതായി കഥാകൃത്ത് ചൂണ്ടിക്കാട്ടുന്നു.
‘യാക്കൂബ് എന്ന യുവാവാണ് ഹസീനയെ വിവാഹം ചെയ്യുന്നത്. ഹസീന ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. അതോടെ ഭർത്താവിന്റെ പ്രകൃതം മാറി. അയാൾ അവളെ ക്രൂരമായി പീഡിപ്പിക്കുന്നു. തനിക്കും കുഞ്ഞിനും നീതി കിട്ടണമെന്ന് അവൾ പള്ളിയിൽ ചെന്ന് മൗലവിയോട് ആവശ്യപ്പെടുന്നു.
ഇതിൽ രോഷം പൂണ്ട ഭർത്താവ് മൗലവിയുടെ മുന്നിലിട്ട് ഭാര്യയെ ആഞ്ഞു ചവിട്ടുന്നു. ആ ചവിട്ടേറ്റ് അവളുടെ കയ്യിലെ കുഞ്ഞ് തെറിച്ചുപോകുകയാണ്. എന്നിട്ടും ഭർത്താവിന് യാതൊരു സങ്കോചവും ഉണ്ടാകുന്നില്ല. സമുദായത്തിന്റെ ചട്ടങ്ങൾ എല്ലാത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് മൗനമായി നിലകൊള്ളുന്നു.’
ബാനു മുഷ്താഖിന്റെ ആഖ്യാനരീതിക്കും പുതുമയുണ്ട്. ഭാഷ ലളിതവും സരളവുമാണ്. സത്യസന്ധവും സൂക്ഷ്മവുമായി പ്രമേയം വിലയിരുത്തുന്നു. കന്നഡ സാഹിത്യം കണ്ടും കേട്ടും അറിയാത്ത കാര്യങ്ങളാണ് ബാനു ആവിഷ്കരിച്ചത്. അടക്കിപ്പിടിച്ച പെൺമനസ്സിലെ അമർഷം അണപൊട്ടിയൊഴുകുന്നത് കഥകളിൽ കാണാൻ കഴിയും.
ബാനു മുഷ്താഖിന്റെ കവിതകൾക്കും കാലത്തിന്റെ പ്രതിധ്വനികളുണ്ട്. 'ഒദ്ദ കണ്ണിന ബാഗിന' എന്ന സമാഹാരത്തിൽ നാൽപ്പത്തി മൂന്ന് കവിതകളുണ്ട്. കവിതകളും മനസ്സിന്റെ കതകിൽ വന്നു മുട്ടുന്നുണ്ടെന്ന് എഴുത്തുകാരി പറയുന്നു. കഥകളിൽ കണ്ടുവരുന്ന ഭാവതീവ്രത കവിതകളിലില്ലെങ്കിലും അർഥവ്യാപ്തിയും സാമൂഹ്യവിശകലനവും കവിതകളിൽ പ്രകടമാണ്.
ആദ്യമായെഴുതിയ കവിത ‘കിന്നരി’യാണ്.
കോടതിമുറിയിൽ വീർത്ത കണ്ണുകളോടെ വന്നുനിന്ന പെൺകുട്ടിയെ കണ്ടപ്പോൾ സ്വന്തം ബാല്യം ബാനു ഓർത്തുപോവുന്നു. അവൾ കോടതിയിലെത്തിയത് വിവാഹമോചനത്തിന്റെ ഭാഗമാകാം. ജീവനാംശം ആവശ്യപ്പെട്ടുകൊണ്ടുമാകാം. വക്കീലിന്റെ കറുത്ത കോട്ടിനു മുന്നിൽ ആ പെൺകുട്ടി പൊട്ടിക്കരയുകയാണ്. അവളുടെ ഓർമയിലാണ് ‘കിന്നരി’ എന്ന കവിത എഴുതിയത്.
‘ഗാന്ധി കോടതിയിൽ’ എന്ന കവിത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കോടതിയിൽ ജഡ്ജിയുടെ തലയ്‌ക്കു മീതെയായി ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞുനിൽക്കുന്നു. അർധനഗ്നനായ ഗാന്ധിജി. അദ്ദേഹത്തിന്റെ ചുണ്ടിൽ ചെറു ചിരി തങ്ങിനിൽക്കുന്നു. ആ സത്യാന്വേഷിയുടെ കൺമുന്നിൽ അസത്യം വിളയാടുന്നു. ദൈവനാമത്തിൽ സത്യം ചെയ്ത് കൂട്ടിൽ നിൽക്കുന്ന സാക്ഷികൾ.
പക്ഷേ അവരുടെ മൊഴികളിൽ അസത്യവും അധർമവും തുടിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട കവിതയാണ് 'പണയം വെച്ച പേന' എന്നത്. ഇന്ത്യൻ സാഹചര്യത്തിൽ വർഗീയത എത്രമാത്രം സമൂഹത്തിനുമീതെ സ്വാധീനം ചെലുത്തുന്നു എന്നത് ഈ കവിത ധ്വനിപ്പിക്കുന്നു. എഴുത്തുകാരിയുടെ പേന വർഗീയവാദികൾ കണ്ടുപിടിച്ച് കൺമുന്നിൽ വച്ചുതന്നെ പൊട്ടിച്ച് ചുട്ടുകരിക്കുകയാണ്.
ബാനു മുഷ്‌താഖ് - ഫോട്ടോ: സതി ആർ വി
ഞങ്ങൾ പറയുന്നത് പോലെ എഴുതണം എന്ന് ആജ്ഞാപിച്ചുകൊണ്ട് അവർ കൊടി വീശിക്കൊണ്ട് നടന്നുപോവുകയാണ്. തങ്ങൾക്കിഷ്ടപ്പെട്ടതുപോലെ എഴുതാൻ കഴിയില്ലെങ്കിൽ ഒന്നും എഴുതാതിരിക്കണം എന്ന കൽപ്പനയും പുറപ്പെടുവിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിൽ തന്റെ സ്വപ്നങ്ങൾ അടിച്ചടക്കാൻ ആരാണ് അവർക്ക് അനുവാദം നൽകിയത് എന്ന് കവയിത്രി ചോദിക്കുന്നു.
കോടതിഭാഷയിൽ പി പി എന്നാൽ പബ്ലിക് പ്രോസിക്യൂട്ടർ എന്നാണ് വിവക്ഷ. ഓഫീസിന്റെ മീതെയായി ആൽമരം പടർന്നു കിടന്നിരുന്നു. ആരാണ് ആ ആൽമരം നട്ടുപിടിപ്പിച്ചത്? ആരാണ് അതിന് വെള്ളമൊഴിച്ചത്? ആരാണ് അതിന്റെ വേരുകൾക്ക് ബലം പകർന്നത്? അതിന്റെ ഇലകളും പൂക്കളും എന്നെ അത്ഭുതപ്പെടുത്തുന്നു. വിശാലമായ ഒരു പറമ്പിൽ ഈ ആൽമരം നട്ടുപിടിപ്പിക്കാമായിരുന്നു.
വവ്വാലുകൾക്ക് ചില്ലകളിൽ ഊഞ്ഞാലാടാമായിരുന്നു. എന്നിട്ടും ഈ കോടതിമുറിയിൽ എത്തിനോക്കാൻ പാകത്തിൽ മരം കൈകൾ നീട്ടിപ്പിടിക്കുകയാണ്. സൃഷ്ടിയുടെ നിഗൂഢതയിലേക്ക് ഞാൻ ഒരു നിമിഷം കടന്നുപോയി. ജീവിതം എന്നത് എല്ലാവർക്കും അനിവാര്യമായ കാര്യമാണ്. ആനന്ദത്തോടെ ജീവിക്കാൻ കഴിയണം. സമാനതയോടെ കൈകൾ നീട്ടാൻ കഴിയണം.
വംശനാശ ഭീതി കൂടാതെ പെരുമാറാൻ സാധിക്കണം. ഈ ആൽമരം സ്വന്തം നേട്ടത്തിനല്ല പടർന്നു പന്തലിച്ചു കിടക്കുന്നത്. അഴുകിത്തീരുന്നതിനു മുമ്പ് അമരത്വം നേടണമെന്ന് ഒരുപക്ഷേ ഈ ആൽമരവും ആഗ്രഹിക്കുന്നുണ്ടാവാം. ബാനു മുഷ്താഖിന്റെ ഇത്തരം ചിന്തകളിൽ നിന്നാണ് ‘നിരപേക്ഷത’ എന്ന കവിത പിറന്നത്.
ഈ സമാഹാരത്തിലെ ഓരോ കവിതയ്‌ക്കും കാലത്തിന്റെ തുടിപ്പുകൾ ഉണ്ട്. നമ്മുടെ ആകാശം അപരിചിതമായിത്തീരുന്നതിന്റെ ഉത്കണ്ഠകൾ ഉണ്ട്. വസുന്ധരമാരുടെ കാലടികൾ കുഴഞ്ഞുവീഴുന്നതിൽ ആകാംക്ഷയുണ്ട്. അവസാനിക്കാത്ത രാത്രികളിൽ ജീവിക്കേണ്ടിവരുന്ന പെൺമനസ്സുകളുടെ നൊമ്പരങ്ങളാണ് ബാനു മുഷ്താഖിന്റെ കഥകളിലും കവിതകളിലും തുടിച്ചു നിൽക്കുന്നത്.
ബാനു മുഷ്താഖ് ജീവിതത്തിലുടനീളം പുരോഗമന ചിന്ത വച്ചുപുലർത്തുന്നു. തലമുറകളുടെ കൈമാറ്റം കാലത്തിനനുസരിച്ച് പരിഷ്കരിച്ചതാകണം എന്ന് പത്രപ്രവർത്തക കൂടിയായ അവർ പറയുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളും അവരെ വിസ്മയിപ്പിച്ചിട്ടുണ്ട്. വർഗീയതയോടും ഫാസിസത്തോടും സന്ധിയില്ലാതെ പൊരുതണമെന്ന് അവർ ആഗ്രഹിക്കുന്നു.
ബാനു മുഷ്താഖ് ജീവിതത്തിലുടനീളം പുരോഗമന ചിന്ത വച്ചുപുലർത്തുന്നു. തലമുറകളുടെ കൈമാറ്റം കാലത്തിനനുസരിച്ച് പരിഷ്കരിച്ചതാകണം എന്ന് പത്രപ്രവർത്തക കൂടിയായ അവർ പറയുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളും അവരെ വിസ്മയിപ്പിച്ചിട്ടുണ്ട്. വർഗീയതയോടും ഫാസിസത്തോടും സന്ധിയില്ലാതെ പൊരുതണമെന്ന് അവർ ആഗ്രഹിക്കുന്നു.
ജീവിതത്തിൽ തന്നെ വർഗീയവാദികളുടെ ആക്രമണത്തിനിരയാകേണ്ടി വന്ന ചില സന്ദർഭങ്ങൾ ഉണ്ടെന്ന് അവർ സൂചിപ്പിച്ചിട്ടുണ്ട്. ലങ്കേഷ് പത്രികയുടെ ലേഖികയായിട്ടാണ് അവർ കുറച്ചുകാലം പ്രവർത്തിച്ചത്. ലങ്കേഷ് കർണാടകത്തിൽ പല പുതുമകളുംകൊണ്ട് വേറിട്ടു നിൽക്കുന്ന പത്രപ്രവർത്തകനാണ്. ആദർശത്തിന്റെ ഒളിമങ്ങാത്ത തീപ്പൊരിയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം നടത്തിവന്നത്.
ബാനു മുഷ്‌താഖ് കോഴിക്കോട് കടപ്പുറത്ത്
ലങ്കേഷ് പത്രികയെ അലറുന്ന കടലെന്ന് വിശേഷിപ്പിച്ചിരുന്നു. അനീതിക്കും അക്രമത്തിനും എതിരെ വീരോചിതമായി ലങ്കേഷ് പൊരുതുകയുണ്ടായി. മൂർച്ചയേറിതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ബാനു മുഷ്താഖ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ദുരന്തങ്ങളെക്കുറിച്ചാണ് പത്രത്തിലെഴുതിയത്. ഒരിക്കൽ ഒരു മുസ്ലിം യുവതി സിനിമ കാണാൻ ടാക്കീസിൽ പോകുകയുണ്ടായി.
ഇത് സമുദായത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. അവൾക്കെതിരെ മാമൂൽ വാദികൾ സംഘടിച്ചു. വീട്ടിലേക്കുള്ള കുടിവെള്ളം മുട്ടിച്ചു. ഇതെല്ലാം മനസ്സിലാക്കിയിട്ടാണ് ബാനു മുഷ്താഖ് ലേഖനം എഴുതിയത്. ആ ലേഖനവും വലിയ കോലാഹലം തന്നെയുണ്ടാക്കി. അതിന്റെ പേരിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ബാനു മുഷ്‌താഖ് ഇതൊന്നും വകവച്ചില്ല. അനീതിക്കെതിരെ പോരാടേണ്ടത് എഴുത്തുകാരിയുടെ കടമയാണെന്ന് അവർ വിശ്വസിക്കുന്നു.
ദേശാഭിമാനി വാരികയിൽ നിന്ന്














