Articles

2025 ലെ ബുക്കർ പ്രൈസ് നേടിയ ബാനു മുഷ്താഖിനെ കുറിച്ച്

മുസ്ലിം പെണ്ണിന്റെ ഹൃദയദീപങ്ങൾ

banu cover

ബാനു മുഷ്‌താഖും പരിഭാഷക ദീപ ബസ്‌തിയും ലണ്ടനിലെ പുരസ്‌കാരച്ചടങ്ങിൽ

വി മുസഫർ അഹമ്മദ്

Published on May 28, 2025, 03:28 PM | 10 min read


ഈ വർഷത്തെ അന്താരാഷ്‌ട്ര ബുക്കർ സമ്മാനം നേടിയ ബാനു മുഷ്താഖ് എപ്പോഴും സ്ത്രീ ഹൃദയത്തിലേക്ക് നോക്കുന്ന എഴുത്തുകാരിയാണ്‌, കൃത്യമായി പറഞ്ഞാൽ തന്റെ ജീവിതപരിസരത്ത് കാണുന്ന മുസ്ലിം സ്ത്രീകളുടെ ഹൃദയത്തിലേക്കാണ് അവർ നോക്കുന്നത്. തെക്കു പടിഞ്ഞാറൻ കർണാടകയിലെ ഹാസനിൽ നിന്നാണ്‌ അവർ എഴുത്തിന്റെ ലോകത്തിലേക്ക്‌ വരുന്നത്‌....



‘‘നമ്മൾ മോൾക്ക് വേണ്ടി ഒരു വരനെ അന്വേഷിച്ചത് ഓർമയുണ്ടോ?’’


‘‘ഉണ്ട്.’’


‘‘സഗീർ അഹമ്മദിന്റെ മകൻ അനീസിനെ.’’


‘‘ഓർക്കുന്നുണ്ട്. അവന് എന്തു പറ്റി?


‘‘അവൻ ടെററിസ്റ്റാണത്രേ. ജർമൻ പോലീസ് അവനെ അറസ്റ്റ്‌ ചെയ്തിരിക്കുന്നു.’’


‘‘ഛെ... ഛെ അത് കളവാകും.’’


‘‘കളവോ. ഞാനും അങ്ങനെയാണ് കരുതിയത്. ടിവി കണ്ടപ്പോഴാണ് വിശ്വാസം വന്നത്’’


(ബാനു മുഷ്താഖിന്റെ 'വീട്ടുമുറ്റത്തും ചോരപ്പടർപ്പ്’ എന്ന കഥയിൽനിന്ന്. മലയാള പരിഭാഷ: പയ്യന്നൂർ കുഞ്ഞിരാമൻ/ ഗ്രന്ഥാലോകം മാസിക, 2025 മാർച്ച്).

ഈ കഥ സെപ്തംബർ 11 സംഭവങ്ങൾക്കുശേഷം മൊബൈൽ ഫോണും ഇന്റർനെറ്റും സജീവമായിക്കൊണ്ടിരുന്ന കാലത്തെഴുതിയതാണ്. ജർമൻ പൊലീസ് അറസ്റ്റ്‌ ചെയ്‌തതായി പറയുന്ന യുവാവുമായി കഥയിലെ നായിക റഹ്‌മത്തിന്റെ മകൾ അസ്രയ്‌ക്ക് വിവാഹം ആലോചിച്ചിരുന്നു. അതു നടന്നില്ല.


പിന്നീടാണ് ടെററിസ്റ്റ് സംഭവം ഉണ്ടാകുന്നത്. അസ്രയെ ഈ സംഭവം മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. തന്റെ മകൻ നയാസ് കംപ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്. അവന് ഇത്തരം ബന്ധങ്ങൾ വല്ലതും കാണുമോ? റഹ്മത് ഇവ്വിധത്തിലാണ് ആലോചിക്കുന്നത്.


കംപ്യൂട്ടർ എന്നാൽ ഭീകരവാദത്തിന്റെ വേര് എന്നവർക്ക് തോന്നുന്നു. അങ്ങനെയൊരു ഫോബിയക്ക് അവർ അടിപ്പെടുന്നു. സ്കൂളിൽ ഉറുദു ടീച്ചറായ റഹ്‌മത്തിന്‌ മൊബൈൽ ഫോൺ പോലും ശരിക്ക് ഉപയോഗിക്കാനറിയില്ല. മകന്റെ കംപ്യൂട്ടറിൽ ഭീകരവാദി സാന്നിധ്യമുണ്ടോ എന്നറിയാൻ അതുമായി കംപ്യൂട്ടർ കടയിൽ ഉന്മാദിനിയെപ്പോലെ പോകുന്ന റഹ്‌മത്തിലാണ് കഥ അവസാനിക്കുന്നത്.


കംപ്യൂട്ടർ കടയിലെ റഹ്‌മത്തിനെ പരിചയമുള്ള മുജീബ് എന്ന ചെറുപ്പക്കാരൻ പക്ഷെ ഒരമ്മയുടെ അവസ്ഥ കൃത്യമായി തിരിച്ചറിയുന്നു. അയാൾ ഇങ്ങനെ പ്രതികരിക്കുന്നു: മുജീബ് ദയനീയ ഭാവത്തിൽ റഹ്‌മത്തിനെ നോക്കി. സ്വന്തം അമ്മയുടെ മുഖം തെളിഞ്ഞുവന്നു.


ഈയിടെ ഭർത്താവിന്റെ കൂടെ വിദേശത്ത്പോയ സഹോദരിയുടെ മുഖവും തെളിഞ്ഞുവന്നു. ഈ അമ്മയെ സമാധാനിപ്പിക്കണം. അവരുടെ ആശങ്കകൾ അകറ്റണം. വളരെ ചിന്തിച്ചശേഷം മുജീബ് പറഞ്ഞു. ‘‘അമ്മേ ഈ മോണിറ്ററിൽ ആരും ഒളിഞ്ഞിരിക്കുന്നില്ല.


വാസ്തവത്തിൽ ഇതിനുള്ളിലുള്ളത്‌ ഒരു കറുത്ത പെട്ടി മാത്രമാണ്. ഞാൻ വേണമെങ്കിൽ വീട്ടിലേക്കു വരാം. ഈ മോണിറ്റർ തുറന്ന് കാട്ടിത്തരാം. അമ്മ വിശ്വസിക്കണം. ഇപ്പോൾ ഇത് വീട്ടിലേക്ക് കൊണ്ടുപോകൂ.’’


ഈ കഥയിൽ 'ഭീകരവാദ’ സ്ഫോടനങ്ങൾ നടക്കുന്നത് ഭാര്യയും മാതാവുമായ ഒരു മുസ്ലിം സ്ത്രീയുടെ ഉള്ളിലാണ്. അതവരെ സമനില തെറ്റിക്കുന്ന അവസ്ഥയിൽപോലും എത്തിക്കുന്നു. ബാനു മുഷ്താഖിന്റെ എല്ലാ കഥകളിലും ഇത്തരത്തിലുള്ള മുസ്ലിം സ്ത്രീകളെയാണ് കാണാനാവുക. അവരുടെ കഥകൾ മുസ്ലിം ദാമ്പത്യ‐ഗാർഹിക ജീവിതത്തിലാണ് എല്ലായ്പ്പോഴും ഊന്നുന്നത്.

വിഖ്യാത ഇസ്ലാമിക ഫെമിനിസ്റ്റ്‌ ഫാത്തിമ മെർനിസിയുടെ ഒരു ഉദ്ധരണിയുണ്ട്: ‘ഒരടി പോലും മുന്നോട്ടുവയ്‌ക്കാതെ നൂറുകണക്കിന് മൈലുകൾ സ്ത്രീകൾ നടക്കുന്നു.’ അങ്ങനെയുള്ള മുസ്ലിം സ്ത്രീകളുടെ സഹനങ്ങളും അവരുടെ വിമർശനങ്ങളും ബാനുവിന്റെ കഥാലോകത്ത് നിറഞ്ഞുനിൽക്കുന്നു.


fathima mernisi.ഫാത്തിമ മെർനിസി


ഈ ലോകത്ത്പ്രാക്ടീസ് ചെയ്യപ്പെടുന്ന ഇസ്ലാമിലെ സ്ത്രീയുടെ പ്രശ്നങ്ങളെയാണ് അവർ നോക്കിക്കാണുന്നത്. അവരുടെ വിമർശനം ഇസ്ലാമിനോടല്ല, മുസ്ലിം പുരുഷാധിപത്യ മത വ്യാഖ്യാനങ്ങളോടാണ്.

ഈ വർഷത്തെ അന്താരാഷ്‌ട്ര ബുക്കർ സമ്മാനം നേടിയ ബാനു മുഷ്താഖ് എപ്പോഴും സ്ത്രീ ഹൃദയത്തിലേക്ക് നോക്കുന്ന എഴുത്തുകാരിയാണ്‌, കൃത്യമായി പറഞ്ഞാൽ തന്റെ ജീവിതപരിസരത്ത് കാണുന്ന മുസ്ലിം സ്ത്രീകളുടെ ഹൃദയത്തിലേക്കാണ് അവർ നോക്കുന്നത്.


തെക്കു പടിഞ്ഞാറൻ കർണാടകയിലെ ഹാസനിൽ നിന്നാണ്‌ അവർ എഴുത്തിന്റെ ലോകത്തിലേക്ക്‌ വരുന്നത്‌. കുടക് സ്വദേശിനിയായ ദീപ ബസ്തി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത 12 നീണ്ടകഥകളടങ്ങിയ 'ഹാർട്ട് ലാമ്പ്’ എന്ന സമാഹാരമാണ് ബുക്കർ സമ്മാനത്തിനർഹമായത്.


HEART LAMP.


2022‐ൽ ഹിന്ദി നോവലിസ്റ്റ്‌ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി’യുടെ ഇംഗ്ലീഷ് പരിഭാഷ 'ടൂമ്പ് ഓഫ് സാൻഡ്’ അന്താരാഷ്‌ട്ര ബുക്കർ സമ്മാനം നേടിയിരുന്നു. ഡെയ്സി റോക്ക് വെല്ലിന്റേതായിരുന്നു പരിഭാഷ. അര ലക്ഷം പൗണ്ട്‌ ആണ്‌ ബുക്കർ പുരസ്‌കാരതുക. തുകയുടെ പകുതി വിവർത്തകക്ക്‌ അവകാശപ്പെട്ടതാണ്‌.


deepaദീപ ബസ്‌തി


മികച്ച പരിഭാഷകളിലൂടെ മാത്രമേ പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെടുന്ന സാഹിത്യത്തിന് അന്താരാഷ്‌ട്ര അരങ്ങുകളിൽ എത്താനാവൂ എന്ന് വീണ്ടും തെളിയിക്കുന്നതാണ് ബാനു മുഷ്താഖിന്റെ ബുക്കർ പുരസ്‌കാര ലബ്ധി. മെയ് 20‐നായിരുന്നു അന്താരാഷ്‌ട്ര ബുക്കർ സമ്മാനത്തിന്റെ പ്രഖ്യാപനം. ആറ് പുസ്തകങ്ങളാണ് അന്തിമ റൗണ്ടിൽ മത്സരിച്ചത്.


GEETHANJALIഗീതാഞ്ജലി ശ്രീ


ബാനു മുഷ്താഖിന്റെ രണ്ട് കഥാസമാഹാരങ്ങൾ പയ്യന്നൂർ കുഞ്ഞിരാമൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'പിറവി’ എന്ന ശീർഷകത്തിൽ നാല്‌ നോവലെറ്റുകളുടെ സമാഹാരം 2005‐ലും (ചിന്ത പബ്ലിഷേഴ്‌സ്) അഞ്ച് നോവലെറ്റുകളുടെ സമാഹാരമായ 'ആബിദ് വീണ്ടും വന്നപ്പോൾ’ 2022‐ലും (സമത ബുക്സ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഹാർട്ട് ലാമ്പി’ലെ ചില രചനകൾ, ഉദാഹരണത്തിന് 'തീമഴ’, ‘കരിനാഗങ്ങൾ’ എന്നിവ മലയാളം പരിഭാഷയിൽ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണ്.


abid


'ഹാർട്ട് ലാമ്പ്’ എന്ന കഥ എടുക്കാം. വിവാഹിതയും അഞ്ച് മക്കളുടെ അമ്മയുമായ മെഹ്റൂൻ ആണ് ആ കഥയിലെ നായിക. കോളേജിൽ പഠിക്കുമ്പോൾ വിവാഹത്തിന്റെ പേരിൽ പഠിപ്പ് നിർത്തി. വീട്ടിൽ കണിശമായ മതചിട്ടയിൽ വളർന്ന മെഹ്റൂൻ ബുർഖയാണ് ധരിക്കാറ്. ഭർത്താവിന് ഇതിഷ്ടമല്ല. പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവരെയാണ്, പ്രത്യേകിച്ചും സ്ത്രീകളെ, അയാൾ ഇഷ്ടപ്പെടുന്നത്.


piravi


തന്റെ ഭാര്യ പഴഞ്ചത്തിയാണെന്നാരോപിച്ച് അയാൾ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നു. ഇതിൽ പ്രതിഷേധിച്ച് മെഹ്റൂൻ ഏറ്റവും ഇളയ കുട്ടിയെ ഒക്കത്തെടുത്ത് തന്റെ കുടുംബവീട്ടിലേക്ക് പോരുന്നു. എന്നാൽ ആങ്ങളമാർ അവളെ മണിക്കൂറുകൾക്കകം മംഗലാപുരത്തെ ഭർതൃവീട്ടിൽ തിരിച്ചെത്തിക്കുന്നു.


എന്തു പ്രശ്നമുണ്ടായാലും ദാമ്പത്യം ഇല്ലാതാക്കരുതെന്നും അത് കുടുംബത്തിന്റെ മാനം കളയുമെന്നുമാണ് ആങ്ങളമാർ പറയുന്നത്. അങ്ങനെ ഗതികെട്ട നിലയിൽ മെഹ്റൂൻ ഭർതൃവീട്ടിൽ തിരിച്ചെത്തുന്നു.


ഏറ്റവും രസകരമായ കാര്യം, ഭാര്യ ചെറിയ കുഞ്ഞിനേയുമെടുത്ത് അവരുടെ വീട്ടിൽ പോയ കാര്യംപോലും മെഹ്റൂന്റെ ഭർത്താവ് അറിയുന്നില്ല എന്നതാണ്. അതാണ് അവർക്കിടയില ദാമ്പത്യ ബന്ധം. ആങ്ങളമാർ അവളെ തിരികെ കൊണ്ടാക്കുമ്പോൾ മാത്രമാണ് അങ്ങനെയൊരു സംഭവം നടന്നതുപോലും അയാൾ അറിയുന്നത്. ആ ദാമ്പത്യത്തിന്റെ പതിതമായ അവസ്ഥയെ ബാനു മുഷ്താഖ് ഭർത്താവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം തുറന്നുകാട്ടിയാണ് ചിത്രീകരിക്കുന്നത്.


താൻ ജോലി ചെയ്ത് മക്കളെ പോറ്റി എങ്ങനെയെങ്കിലും ജീവിച്ചുകൊള്ളാമെന്ന മെഹ്റൂന്റെ ദയനീയമായ അഭ്യർഥനയുടെ ആഴമൊന്നും ആങ്ങളമാർക്കോ മാതാപിതാക്കൾക്കോ ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയുന്നേയില്ല. അസഹനീയമായ വേദനയാൽ ഭർതൃവീട്ടിൽ വച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് എരിഞ്ഞടങ്ങാൻ മെഹ്റൂൻ തീരുമാനിക്കുന്നു.


വീടിന്റെ തളത്തിൽ ജീവാഹുതിക്കുള്ള ശ്രമങ്ങൾ നടക്കുമ്പോൾ 14‐കാരിയായ മൂത്തമകൾ സൽമ ഓടിവന്ന് ഉമ്മയെ തടയുന്നു. ഞങ്ങൾക്ക് ഉമ്മയല്ലാതെ മറ്റാരാണുള്ളതെന്ന് ചോദിച്ചാണ്‌ മെഹ്റൂനെ സൽമ തടയുന്നത്. ഒക്കത്തിരുന്ന് കരയുന്ന ഇളയ കുഞ്ഞിനെ ആശ്വസിപ്പിച്ച്, സൽമയെ കെട്ടിപ്പിടിച്ച്, എന്നോട് ക്ഷമിക്ക് എന്ന്‌ മകളോട് പറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മെഹ്റൂനെ കാണിച്ചാണ് കഥ അവസാനിക്കുന്നത്.


എന്നാൽ ആരുമില്ലാത്ത തനിക്ക് ഏറ്റവും അടുത്ത സുഹൃത്തായി മകൾ സൽമയുണ്ടെന്ന തിരിച്ചറിവ് ഹൃദയത്തിൽ പ്രഖ്യാപിച്ചാണ് മെഹ്റൂൻ ജീവനൊടുക്കാനുള്ള ശ്രമത്തിൽനിന്നും പിന്തിരിയുന്നത്. സൽമയുടേയും മെഹ്റൂന്റേയുമാണ് ഈ കഥ. ഉമ്മയും മകളും സ്ത്രീ ജീവിതത്തിന്റെ രണ്ടറ്റങ്ങളെ പ്രതിനിധീകരിക്കുന്നു. ഒപ്പം ഇരുവർക്കും പരസ്പരം എന്തും പങ്കുവയ്‌ക്കാവുന്ന സൗഹൃദത്തിലേക്ക് വളരുകയും ചെയ്യുന്നു.


കഥ വായിച്ചുകഴിയുമ്പോൾ ഒരു വിറയലും അതിജീവനത്തിന് ഒരു പിടിവള്ളി വേണമെന്ന നിശ്വാസവും വായനക്കാരെ ഒരേപോലെ പിന്തുടരുന്നു. ബാനു മുഷ്താഖിന്റെ ഏറ്റവും മികച്ച കഥകളിലൊന്നാണ് ‘ഹാർട്ട് ലാമ്പ്.’

ഈ കഥയിൽ താൻ തന്നെയാണ് ഉള്ളതെന്ന് ബാനു ഒരഭിമുഖത്തിൽ വ്യക്തമാക്കി (പോരാട്ടത്തിന്റെ ഹൃദയം/ ബാനു മുഷ്താഖ്/ആർ എസ് സന്തോഷ്‌കുമാർ‐ മലയാള മനോരമ ഞായറാഴ്ച‐ 2025 മെയ്4).


‘‘ഭർത്താവ് മുഷ്താഖിന്റെ വാച്ച് കടയിൽ ക്ലോക്കുകൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദമായ വെറ്റ് പെട്രോൾ അന്നൊക്കെ വീട്ടിൽ സൂക്ഷിച്ചിരുന്നു. അർധരാത്രി അതെടുത്ത് ദേഹത്തൊഴിച്ച് മുഷ്താഖിനുനേരെ ഇതേ ഭീഷണി ഞാനും മുഴക്കിയിട്ടുണ്ട്. മരിക്കാനുറച്ചുതന്നെ. എഴുതുക എന്ന ആഗ്രഹം മുന്നോട്ടു പോകുന്നില്ല. വെറുതെ പ്രസവിക്കൽ മാത്രമാണോ ജൻമം എന്നു ചിന്തിച്ചുതുടങ്ങിയതോടെ ഭ്രാന്തുകയറി.


മൂന്നാമത്തെ മകൾ ആയിഷ ജനിച്ച് മൂന്നു മാസത്തിനുശേഷം മുഷ്താഖുമായി വഴക്കിട്ടുതുടങ്ങി. ഗർഭാനന്തര ഡിപ്രഷനൊപ്പം നാല്‌ ചുവരിനുള്ളിൽ അടഞ്ഞെന്ന തോന്നൽ മരിക്കാൻ പ്രേരിപ്പിച്ചു. അന്ന് മുഷ്താഖ് കുഞ്ഞിനെയെടുത്ത് എന്റെ കാൽക്കൽ വച്ചു. ഉപേക്ഷിക്കരുതെന്ന് കരഞ്ഞപേക്ഷിച്ചതോടെ ശ്രമത്തിൽനിന്ന് പിൻവാങ്ങി.’’ തന്റെ ഏറ്റവും പ്രധാനപ്പെട്ട കഥകളിലൊന്ന് 'ഒരു ഫസ്റ്റ്‌ ഹാൻഡ് എക്സ്പീരിയൻസി’ൽ നിന്നുതന്നെ ഉണ്ടായതാണെന്നാണ് ഈ വാക്കുകളിലൂടെ എഴുത്തുകാരി പറയുന്നത്.


‘ഹാർട്ട്‌ ലാമ്പി’ലെ ‘ചുവന്ന ലുങ്കി’ (റെഡ് ലുങ്കി) എന്ന കഥയുടെ ആദ്യ പ്രതലം സുന്നത്ത് കല്യാണത്തിന്റേതാണ്. ധനികനായ ഒരാളുടെ വീട്ടിലെ കുട്ടികൾക്കൊപ്പം സമൂഹ സുന്നത്ത് കല്യാണത്തിന്റെ അനുഭവതലങ്ങളും ചേർത്തുകൊണ്ട് ഒരേ വിശ്വാസത്തിന്റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളിലെ സാമ്പത്തിക വർഗങ്ങളെക്കുറിച്ചുള്ള നിരവധി ഛായാചിത്രങ്ങൾ, അല്ലെങ്കിൽ കൊളാഷുകൾ അവതരിപ്പിക്കുകയാണ് കഥാകാരി.


അടിത്തട്ടിലുള്ള, ദരിദ്ര കുടുംബാംഗങ്ങളിലെ കുട്ടികൾ സുന്നത്ത് കല്യാണത്തിന് ശേഷം മുറിവുണങ്ങാൻ ചാരംകൊണ്ട് പൊതിയുന്നു. എന്നാൽ ധനികൻ തന്റെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി മുറിവ് ഏറ്റവും ശാസ്ത്രീയവും ആധുനികവുമായ രീതിയിൽ ഉണക്കിയെടുക്കുന്നു.


സമുദായത്തിനകത്തുള്ള ദരിദ്രരെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽപോലും സാമ്പത്തികമായി പിന്തുണയ്‌ക്കാത്ത സാമൂഹിക‐മത ഘടനയെ അതിരൂക്ഷമായി വിമർശിക്കുന്ന കഥയാണിത്.


‘റെഡ് ലുങ്കി’ നേരത്തെ പ്രശസ്തമായ പാരീസ് റിവ്യൂവിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ്. അന്ന് തന്നെ ലോക വായനാസമൂഹത്തിന്റെ ശ്രദ്ധയും പ്രശംസയും നേടുകയും ചെയ്തിരുന്നു ഈ കഥ. മറ്റെല്ലാ കഥകളിലുമെന്നപോലെ ‘റെഡ് ലുങ്കി’യും യാതൊരുവിധ സങ്കീർണതയുമില്ലാതെയാണ് ആഖ്യാന നിർവഹണം നടത്തിയിരിക്കുന്നത്. കഥ വായിക്കുന്നവർക്ക് മനസ്സിലാകാതെപോകുന്ന യാതൊന്നും ഈ രചനയിലില്ല. ലളിതവും നേരിട്ടുള്ള ആഖ്യാനവുമാണ് ഈ രചനയിലുള്ളത്.


സമാഹാരത്തിലെ മറ്റൊരു പ്രധാന കഥ 'തീമഴ’യാണ് (ഫയർ റെയിൻ എന്നാണ് ഇംഗ്ലീഷ് പരിഭാഷയുടെ ശീർഷകം). മുസ്ലിം സ്ത്രീയുടെ സ്വത്തവകാശം എന്ന പ്രശ്നമാണ് ഈ കഥയിൽ ഉയർത്തിക്കാണിക്കുന്നത്. സമൂഹത്തിൽ പൊതു അംഗീകാരമുള്ള മൗലവി ഉസ്മാൻ സാഹിബ് കുടുംബ സ്വത്ത് തന്റെ സഹോദരങ്ങൾക്ക് വീതിച്ചു നൽകാത്തതാണ് കഥയുടെ പ്രമേയം (കഥയിൽ ഒരു പുരുഷ കഥാപാത്രം പല്ലു ഞെരിച്ചു പറയുന്ന പേരുകളിലൊന്ന് ഷാബാനുവിന്റേതാണ്.


ഭർത്താവ് മൊഴി ചൊല്ലിയതിനെത്തുടർന്ന് ജീവനാംശം ആവശ്യപ്പെട്ട് അവർ നടത്തിയ നിയമപ്പോരാട്ടം അക്കാലത്ത് മാധ്യമങ്ങളിൽ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അത്തരത്തിലുള്ള മുസ്ലിം സ്ത്രീകളുടെയൊന്നും ശബ്ദം കേൾക്കാനാഗ്രഹിക്കാത്തവരാണ് ഈ കഥയിലെ മുസ്ലിം പുരുഷൻമാർ).


പള്ളിയുടെ ചുമതലയും പ്രദേശത്തെ മുസ്ലിം സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഉസ്മാൻ സാഹിബ് കച്ചവടക്കാരനും പണക്കാരനുമാണ്. വീട്ടിൽ എല്ലായ്പ്പോഴും തർക്കങ്ങൾ പരിഹരിക്കാൻ വരുന്നവരും സാമ്പത്തിക സഹായങ്ങൾ തേടി വരുന്നവരും വരിനിൽക്കുന്നു. എന്നാൽ തന്റെ സഹോദരങ്ങൾക്ക് ന്യായമായും നൽകേണ്ട കുടുംബസ്വത്ത് ഭാഗിക്കാതെ അത് സ്വന്തമാക്കി വച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്നു.


ഉസ്മാൻ സാഹിബിന്റെ സഹോദരി ജമീല തന്റെ ഭാഗം തരണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പറയുന്നതോടെ കഥ പിരിമുറുക്കത്തിലേക്ക് പ്രവേശിക്കുന്നു. പെങ്ങളെ വിവാഹം ചെയ്തയച്ചത് താനാണെന്ന ന്യായമാണ് ഉസ്മാൻ പറയുന്നത്.


ബാപ്പ മരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കുടുംബസ്വത്ത് ഭാഗം വയ്‌ക്കാത്തതിന് ഒരു ന്യായവുമില്ലെന്ന് ജമീല ശക്തമായി പറയുന്നു. പെങ്ങൾ ഇങ്ങനെ തന്നോട് സംസാരിക്കുമെന്ന് ഉസ്മാൻ സാഹിബ് ഒരിക്കലും കരുതിയിരുന്നില്ല. 'അവകാശികൾ അലമുറയിട്ടാൽ തീമഴ’ പെയ്യുമെന്ന വാക്യം കഥയിൽ ആവർത്തിക്കുന്നു.


ഇതിനിടെ അങ്ങാടിയിൽ വച്ച് ഒരു കാക്കക്കൂട്ടം ഉസ്മാൻ സാഹിബിനെ പിന്തുടരുന്നു. അയാൾ കൈകാര്യം ചെയ്യുന്ന നിരവധി പ്രശ്നങ്ങളുടെ ബഹളത്തിനിടയിൽ കാക്കക്കൂട്ടത്തിന്റെ നിരന്തരമായ ആക്രമണത്തിന് താൻ ഇരയാകുന്നതായും അയാൾക്ക് തോന്നുന്നു.


ഒരിക്കൽ അയാളെ ഒരു കാക്ക കൊത്തുന്നുമുണ്ട്. കാക്കക്കൂട്ടത്തെ രൂപകമായി ഉപയോഗിച്ച് ഉസ്മാൻ സാഹിബും സഹോദരി ജമീലയും തമ്മിലുള്ള പ്രശ്നത്തെ ബാനു മുഷ്താഖ് അതി ശക്തമായി അവതരിപ്പിക്കുന്നു. അയാളുടെ ഇളയ കുഞ്ഞിന് ദിവസങ്ങളായി കടുത്ത പനിയായിരുന്നു. ഭാര്യ ആരിഫയാണ് കുഞ്ഞുമായി ആശുപത്രിയിൽ പോയത്.


കുട്ടിക്ക് തലച്ചോറിന് പനി ബാധിച്ചിരുന്നു. പിതാവിന് ഇത്തരം കാര്യങ്ങളൊന്നും നോക്കാൻ സമയമില്ല.

ഇതിനിടെ ഒരു മുസ്ലിമിന്റെ മൃതദേഹം ഹിന്ദു ശ്മശാനത്തിൽ അടക്കി എന്നുള്ള പ്രശ്നവും ഇദ്ദേഹം ഉണ്ടാക്കുന്നുണ്ട്. പക്ഷെ മരിച്ചെന്ന് കരുതിയ അൻസാർ പിന്നീട് നേരിൽ പ്രത്യക്ഷപ്പെടുന്നതോടെ ഈ വിവാദവും കെട്ടടങ്ങുന്നു.


കഥയുടെ അവസാന ഭാഗത്ത് ഇങ്ങനെ വായിക്കാം: ‘അദ്ദേഹത്തെ പച്ചയോടെ കൊത്തിത്തിന്നുന്ന കാക്കകൾ മാത്രം പിന്നാലെ വന്നുകൊണ്ടിരുന്നു. വീട്ടിൽ വന്നിരുന്നിട്ടും തളർച്ച മാറിയില്ല.’ (ഈ വാചകങ്ങൾ പയ്യന്നൂർ കുഞ്ഞിരാമന്റെ മലയാള പരിഭാഷയിൽ നിന്ന്). സഹോദരി കുടുംബസ്വത്തിന്റെ ഭാഗം ചോദിക്കുന്നതോടെ കാക്കക്കൂട്ടം ഉസ്മാൻ സാഹിബിനെ പിന്തുടരാൻ തുടങ്ങിയതാണ്.


PAYYANNUR KUNIRAMAN&BANUപയ്യന്നൂർ കുഞ്ഞിരാമനും ബാനു മുഷ്താഖും


കഥ ഉയർത്തിയ സംവാദം തുടരുകയുമാണ്.


കഥയുടെ പ്രമേയം ആഖ്യാനത്തിന്റെ പരിണാമഗുപ്തി സ്വയം സ്വന്തമാക്കുന്ന വിധത്തിലാണ് ബാനുവിന്റെ എഴുത്തിന്റെ മുന്നോട്ടുള്ള പ്രയാണം. ക്രാഫ്റ്റിൽ വളരെക്കൂടുതൽ ശ്രദ്ധിച്ച്, അതിന്റെ പലവിധ വഴികൾ ആലോചിച്ചല്ല ഈ എഴുത്തുകാരിയുടെ കഥകളും നോവലെറ്റുകളും പിറവി കൊള്ളുന്നത്.


പ്രമേയം വളരെ നൈസർഗികവും ജൈവികവുമായി ക്രാഫ്റ്റ് സ്വയം കണ്ടെത്തുന്നു എന്നാണ് ഈ കഥകൾ വായിക്കുമ്പോൾ അനുഭവപ്പെടുക. ഈ നൈസർഗികതയും ജൈവികതയും തന്നെയായിരിക്കണം അന്താരാഷ്‌ട്ര ബുക്കർ സമ്മാന ജൂറിയെ ആകർഷിച്ചതും.


‘ബ്ലാക്ക് കോബ്രാസ്’ (കരിനാഗങ്ങൾ എന്ന പേരിൽ പയ്യന്നൂർ കുഞ്ഞിരാമൻ ഈ കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്) ഹസീന എന്ന ശീർഷകത്തിൽ ഗിരീഷ് കാസറവള്ളി കന്നഡയിൽ സിനിമയാക്കിയിട്ടുണ്ട്.


ഈ കഥയും ഈ സമാഹാരത്തിലുണ്ട്. ഈ കഥയെക്കുറിച്ച്, അതുണ്ടായ സന്ദർഭത്തെക്കുറിച്ച് കഥാകാരി മലയാള പരിഭാഷകനോട് ഇങ്ങനെ പറഞ്ഞു: ‘കരിനാഗങ്ങൾ എന്റെ മനസ്സിനെ പൊള്ളിച്ച രണ്ടു സംഭവങ്ങളുടെ ആവിഷ്കാരമാണ്.


gireesh kasaravallyഗിരീഷ് കാസറവള്ളി


പെൺകുഞ്ഞിന് ജൻമം നൽകിയതിന്റെ പേരിൽ ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുന്ന ഭർത്താവിന്റെ കഥയാണ് ഒന്ന്. വയറ്റിലുള്ളത് പെണ്ണാണോ എന്ന ആശങ്കയിൽ ഭാര്യയെ നിരന്തരം പീഡിപ്പിച്ച ഭർത്താവിന്റേതാണ് മറ്റൊരു കഥ. പുരുഷൻമാരെല്ലാം പൊതുവെ ഒരേ തരക്കാരാണ്. സുഖം കിട്ടാൻ വെണ്ണ പോലെ സംസാരിക്കും. എന്നാൽ അങ്ങനെയുള്ള പുരുഷനോട് പെണ്ണിന് ചെലവിന് കൊടുക്കേണ്ട കാര്യം പറഞ്ഞാൽ മുഖം കറുക്കും.


haseena‘ഹസീന’ എന്ന ചിത്രത്തിൽ നിന്ന്‌


വെണ്ണപോലുള്ള സംസാരം തീക്കനലാകും. മക്കൾക്ക് നീതി കിട്ടാൻ വേണ്ടി വാദിക്കുന്ന അശ്രഫയാണ് കഥയിലെ നായിക. സ്ത്രീയും അമ്മയുമായ തനിക്ക് ജീവിക്കാനുള്ള വക കിട്ടണമെന്ന് അവൾ വാദിച്ചു. പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്‌ക്ക് കഷ്ടകാലം തുടങ്ങി എന്ന പഴഞ്ചൊല്ല് തിരുത്തിയെഴുതണമെന്നാണ് അവൾ ആവശ്യപ്പെട്ടത്. പെണ്ണായാൽ വാശി പിടിച്ചു നടക്കണോ എന്നത് പുരുഷന്റെ എക്കാലത്തേയും ചോദ്യമാണ്.


ഇത് മാറണം. പെണ്ണ് യാചിച്ച് കഴിയേണ്ടവളല്ല. നീതിക്കുവേണ്ടി യാചിക്കുന്ന അശ്രഫയെ ഭർത്താവ് യാക്കൂബ്, മൗലവിയുടെ മുന്നിലിട്ട് ചവിട്ടുന്നു. ചവിട്ടേറ്റ് അവളുടെ മടിയിലെ കുഞ്ഞ് തെറിച്ചുവീണ്‌ മരിക്കുന്നു. സമുദായത്തിന്റെ ചട്ടക്കൂട് എല്ലാറ്റിനും സാക്ഷ്യം വഹിക്കുന്നു. ഈ കഥ ഹസീന എന്ന പേരിൽ ഗിരീഷ് കാസറവള്ളി സിനിമയാക്കി. മൂന്ന് ദേശീയ അവാർഡും ലഭിച്ചു.’

മറ്റൊരു കഥയിൽ ഭർത്താവിനെ എന്താണ് വിളിക്കേണ്ടതെന്ന് സംശയിക്കുന്ന സീനത്ത് എന്ന കഥാപാത്രത്തെ നാം കാണുന്നു. എന്റെ വീട്ടാള് എന്നു വിളിക്കാമോ, അതോ യജമാനൻ എന്നു വിളിക്കണോ എന്ന സംശയത്തോടെ ആരംഭിക്കുന്ന ഈ കഥ ദാമ്പത്യത്തിലെ അധികാര ശ്രേണികളെ സൂക്ഷ്മമായി വിലയിരുത്തുന്നു. എന്തു വിളിക്കും എന്നിടംമുതൽ സ്ത്രീ ചകിതയായി മാറുന്നു.


ഈ കഥയിലെ സീനത്തിനെ ഗ്രാമത്തിൽനിന്നും നഗരത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരികയാണ്. അവൾക്ക് അവിടെ കൂട്ടുകാരികളാരുമില്ല. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ബന്ധുക്കളോ മറ്റോ ഇല്ല. അത്തരമൊരു ഏകാന്തതയിൽ പെടുന്ന സ്ത്രീക്ക് ഭർത്താവിനെ എങ്ങനെ അഭിസംബോധന ചെയ്യുമെന്നുപോലും അറിയില്ല. ആ രാവണൻ കോട്ടയിൽ നിന്നാണ് അവളുടെ ദാമ്പത്യജീവിതം തുടങ്ങുന്നത്.


banu-bw.ബാനു മുഷ്‌താഖ്‌. പഴയകാല ചിത്രം


ബാനു മുഷ്താഖ് തനിക്ക് ചുറ്റുമുള്ള വിവിധ സാമ്പത്തിക വർഗങ്ങളിൽപെട്ട മുസ്ലിം സ്ത്രീകളെ കഥാപാത്രങ്ങളാക്കി, ഓരോ വിഭാഗവും സവിശേഷമായ നിലയിൽ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു. പല തരത്തിലുള്ള ഭയങ്ങളിൽ കഴിയുന്ന സ്ത്രീകളെ തന്റെ കഥാലോകത്തിലൂടെ വിമോചിപ്പിക്കുകയാണ് കഥാകാരി.


കഥയിലെങ്കിലും മനുഷ്യാന്തസ്സ് വീണ്ടെടുക്കാൻ അവരുടെ സ്ത്രീ കഥാപാത്രങ്ങൾക്ക് ആകുന്നുണ്ട്. ഇക്കാര്യത്തിലുള്ള തന്റെ നിലപാട് പയ്യന്നൂർ കുഞ്ഞിരാമന് നൽകിയ അഭിമുഖത്തിൽ എഴുത്തുകാരി ഇങ്ങനെ വ്യക്തമാക്കുന്നു: ‘ആരിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, എനിക്ക് ചില സത്യങ്ങൾ പറയാതിരിക്കാനാവില്ല. സ്ത്രീ പുരുഷന്റെ അസമത്വത്തിന്റെ തട്ടുകളിൽ താഴ്ന്നുകിടക്കുന്നവളാകരുത്. നാവടങ്ങി ഒതുങ്ങിക്കൂടുകയുമരുത്.


വിളക്കിന്റെ നാളത്തിൽ വെന്തുരുകേണ്ട ചിത്രശലഭമായി സ്ത്രീ മാറിത്തീരരുത്. അവളുടെ ജീവിതം അവളുടേതാണ്. അവളുടെ ആഗ്രഹങ്ങളും വിലമതിക്കപ്പെടണം. സ്ത്രീകൾക്ക് ധൈര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യമുണ്ടാകണം.’


ഈ കഥകളുടെ ഭാഷയും വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. പ്രാദേശിക സംസാരഭാഷയുപയോഗിച്ചാണ് ബാനു മുഷ്താഖ് എഴുതുന്നത്. പ്രാദേശികമായ വാക്കുകൾ അങ്ങനെത്തന്നെ നിലനിർത്തുകയായിരുന്നുവെന്ന് വിവർത്തക ദീപ ബസ്തി ഹാർട്ട്‌ ലാമ്പിന്റെ ഒടുവിൽ ചേർത്ത കുറിപ്പിൽ പറയുന്നു. ഉദാഹരണത്തിന് ലുങ്കി. ദോത്തി പോലുള്ള മാനക ഭാഷയിലെ വാക്ക് ഉപയോഗിച്ചില്ല.


BANU@LONDONബാനു മുഷ്‌താഖും ദീപ ബസ്‌തിയും ലണ്ടനിലെ ഒരു ചടങ്ങിൽ


അതോടൊപ്പം ഇത്തരം വാക്കുകൾക്ക് പരിഭാഷയിൽ അടിക്കുറിപ്പുകളും നൽകിയിട്ടില്ല. അതുപോലെ സാധാരണ നിലയിൽ പ്രാദേശിക ഭാഷാമൊഴികൾ ഉപയോഗിക്കുമ്പോൾ പരിഭാഷകർ ഇറ്റാലിക്സിൽ അത്തരം വാക്കുകൾ നൽകാറുണ്ട്. ഈ സമാഹാരത്തിൽ അതുമില്ല. പരിഭാഷയിൽ ഉപയോഗിച്ച പ്രാദേശിക വാക്കുകൾക്ക് അവയുടെ തനതും സ്വന്തവുമായ നിലനിൽപ്പുണ്ടാകണം എന്നതുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് ദീപ ബസ്തി പറയുന്നു.


വായനയ്‌ക്ക് ഇത് ഭംഗമുണ്ടാക്കില്ലെന്നാണ് വിശ്വാസമെന്നും അവർ കൂട്ടിച്ചേർക്കുന്നു. കന്നഡ, അറബിക്, ഉറുദു, ദഖിനി ഭാഷകൾ ചേർന്നതാണ് ബാനു മുഷ്താഖിന്റെ എഴുത്തു ഭാഷ. ഇതിൽ ദഖിനിയുടെ കാര്യമെടുക്കുക. സാധാരണ നിലയിൽ ഈ ഭാഷ ഉറുദുവിന്റെ ഒരു വകഭേദമാണ് എന്നാണ് പൊതുവിൽ കരുതിയിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല.


ദഖിനിയിൽ പേർഷ്യൻ, ദെഹൽവി, മറാത്തി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളുടെ കലർപ്പുണ്ടെന്ന് ദീപ ബസ്തി പറയുന്നു. ഈ ഭാഷാ വൈവിധ്യത്തെ നിലനിർത്തിക്കൊണ്ടുള്ള പരിഭാഷയ്‌ക്കാണ് ഹാർട്ട് ലാമ്പിൽ ശ്രമിച്ചതെന്നും ദീപ പുസ്തകത്തിലെ അനുബന്ധക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 220 പേജുള്ള പുസ്തകത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ഈ പറഞ്ഞ കാര്യവും വിവർത്തനത്തിലെ സൗന്ദര്യവും കൃത്യമായും ബോധ്യപ്പെടുക തന്നെ ചെയ്യും.


കന്നഡയിലെ ബന്ധായ എന്ന വിമത സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ബാനു മുഷ്താഖ്. കുട്ടിക്കാലത്ത് സൈക്കിൾ ഓടിച്ചതിന്റെ പേരിൽ താൻ പരിഹസിക്കപ്പെടുകയും സഹായിച്ച ബന്ധു മർദിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ നിന്നാണ് തന്റെ ജീവിതം മറ്റൊന്നായി മാറിയതെന്ന് ബാനു മുഷ്താഖ് ഓർക്കുന്നു.


p lankesh പി ലങ്കേഷ്


കന്നഡ എഴുത്തുകാരൻ പി ലങ്കേഷ് ഉടമയും പത്രാധിപരുമായിരുന്ന ലങ്കേഷ് പത്രികയുടെ ലേഖിക എന്ന നിലയിലാണ് ബാനു മുഷ്താഖിന്റെ എഴുത്ത് ജീവിതം തുടങ്ങുന്നത്. ആദ്യമായി ലങ്കേഷ് പത്രികയിൽ എഴുതിയത്, തനിച്ച് സിനിമ കാണാൻ പോയ ഒരു മുസ്ലിം യുവതിയെ ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുണ്ടായ നീക്കങ്ങളെക്കുറിച്ചാണ്. യുവതിയുടെ വീട്ടിലേക്കുള്ള വെള്ളപൈപ്പ് വരെ നാട്ടുകാർ വിഛേദിച്ചു,


കുടിവെള്ളംപോലും മുട്ടിച്ചു. അഭിഭാഷക‐ആക്ടിവിസ്റ്റ്‌ എന്ന നിലയ്‌ക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾക്കുവേണ്ടി അവർ പോരാടുന്നു. എഴുത്തിലും തനിക്ക് മറ്റൊരു നിലപാടില്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു.


കൊല്ലപ്പെട്ട മാധ്യമപ്രവർത്തകയും ലങ്കേഷിന്റെ മകളുമായ ഗൗരി ലങ്കേഷുമായി അടുത്ത സൗഹൃദവും ബന്ധവും ബാനു മുഷ്താഖിനുണ്ടായിരുന്നു.


കൊല്ലപ്പെട്ട മാധ്യമപ്രവർത്തകയും ലങ്കേഷിന്റെ മകളുമായ ഗൗരി ലങ്കേഷുമായി അടുത്ത സൗഹൃദവും ബന്ധവും ബാനു മുഷ്താഖിനുണ്ടായിരുന്നു.


gouri lankeshഗൗരി ലങ്കേഷ്.


അവരെക്കുറിച്ച് ബാനു പയ്യന്നൂർ കുഞ്ഞിരാമന് നൽകിയ ഒരഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: ‘അഗ്നിയിൽ കടഞ്ഞെടുത്ത തൂലികയുടെ ഉടമയായിരുന്നു ഗൗരി ലങ്കേഷ്. അവർ എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തെ എതിർക്കുന്നതിൽ മുന്നിൽ നിന്നു. ഒരിക്കലും മങ്ങാത്ത നക്ഷത്രമാണവർ. ഗൗരിയുടെ കൊലയിൽ നിന്നും എന്നെപ്പോലുള്ളവർ ഇനിയും മോചിതരായിട്ടില്ല.


ഞാനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ധീരയായിരുന്നു ആ പത്രപ്രവർത്തക (ഈ അഭിമുഖം ‘ആബിദ് വീണ്ടും വന്നപ്പോൾ’ എന്ന പയ്യന്നൂർ കുഞ്ഞിരാമൻ വിവർത്തനം ചെയ്ത് സമത പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ചേർത്തിട്ടുണ്ട്).


മൂന്ന്‌ തരത്തിലുള്ള ചോദ്യങ്ങളാണ് ഈ കഥകളിലൂടെ ഉയർത്തപ്പെടുന്നത്. സ്ത്രീക്ക് ആരാണ് അഭയം? ആശ്രയം? മൂന്നാമത്തെ ചോദ്യം അവൾക്ക് തന്റെ സ്വപ്നങ്ങളും അന്തസ്സും ഉയർത്തിപ്പിടിച്ച് തനിയെ അതിജീവിക്കാനാകുമോ? ഈ ചോദ്യങ്ങൾക്കൊപ്പം ഈ മൂന്ന്‌ വിഭാഗത്തിൽപ്പെട്ട സ്ത്രീ കഥാപാത്രങ്ങളേയും ബാനു മുഷ്താഖ് അവതരിപ്പിക്കുന്നു.


മൂന്ന്‌ തരത്തിലുള്ള ചോദ്യങ്ങളാണ് ഈ കഥകളിലൂടെ ഉയർത്തപ്പെടുന്നത്. സ്ത്രീക്ക് ആരാണ് അഭയം? ആശ്രയം? മൂന്നാമത്തെ ചോദ്യം അവൾക്ക് തന്റെ സ്വപ്നങ്ങളും അന്തസ്സും ഉയർത്തിപ്പിടിച്ച് തനിയെ അതിജീവിക്കാനാകുമോ? ഈ ചോദ്യങ്ങൾക്കൊപ്പം ഈ മൂന്ന്‌ വിഭാഗത്തിൽപ്പെട്ട സ്ത്രീ കഥാപാത്രങ്ങളേയും ബാനു മുഷ്താഖ് അവതരിപ്പിക്കുന്നു.


സ്ത്രീശബ്ദങ്ങൾ കേൾപ്പിക്കുന്ന എഴുത്തിന്റെ പാരമ്പര്യം മലയാളത്തിൽ ഉള്ളതാണ്. ലളിതാംബിക അന്തർജനത്തിലും മാധവിക്കുട്ടിയിലും സാറാ ജോസഫിലും ഈ പാരമ്പര്യം മലയാളി വായനക്കാർക്ക് പരിചിതവുമാണ്. എന്നാൽ ബാനു മുഷ്താഖിനെപ്പോലെ മുസ്ലിം സ്ത്രീ ജീവിതം എന്ന പ്രമേയം ഇത്തരത്തിൽ പിന്തുടരുന്ന രീതി മലയാളത്തിൽ കുറവാണ്.


ഇബ്സന്റെ വിഖ്യാത നാടകം 'പാവവീടി’ൽ നായിക ഡോറ ഭർത്താവിനെ ഉപേക്ഷിച്ച് വീടിന്റെ വാതിൽ കൊട്ടിയടച്ച് പോകുന്ന രംഗത്തിൽ യൂറോപ്പാകമാനം കിടുങ്ങി എന്ന് നിരൂപകർ പറയാറുണ്ട്. ഒരു സ്ത്രീക്ക് അങ്ങനെ ചെയ്യാൻ സാധിക്കുമോ എന്ന് സംശയിച്ച യൂറോപ്പിന്, തീർച്ചയായും സാധിക്കും എന്ന മറുപടിയാണ് നോറയിലൂടെ ഇബ്സൻ നൽകിയത്. യൂറോപ്പ് കണ്ട ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ സമത്വവാദത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും രൂപകമായി പിൽക്കാലത്ത് നോറ മാറി.


ഇത്തരത്തിൽ സ്ത്രീകൾ ഇങ്ങനെ ധൈര്യം കാണിക്കുമോ എന്ന ചോദ്യം ഉയർത്തുകയും അവരിങ്ങനെ കാണിക്കും, അതാണ് പുരുഷാധിപത്യത്തിനുള്ള മറുപടി എന്ന്‌ വിശദീകരിക്കുകയുമാണ് ബാനു മുഷ്താഖിന്റെ കഥാപാത്രങ്ങൾ.

‘ഹാർട്ട് ലാമ്പി’നെക്കുറിച്ച് ബുക്കർ ജൂറി ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘ദക്ഷിണേന്ത്യയിലെ നിത്യജീവിതത്തിൽ മുസ്ലിം സ്ത്രീകളുടേയും പെൺകുട്ടികളുടേയും ജീവിതം പകർത്തിയ 12 കഥകൾ.


banu-kanishkaലിറ്ററി ഏജന്റ്‌ കനിഷ്‌ക ഗുപ്‌തയ്‌ക്കൊപ്പം ഭാനു മുഷ്‌താഖ്‌


ഹാസ്യം കലർന്നതും തുറന്നതും പ്രാദേശികഭാഷയുടെ ശക്തിയിലുമുള്ള എഴുത്ത്. ഭയമില്ലാത്ത കുട്ടികൾ, സാഹസികകളായ മുത്തശ്ശിമാർ, മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത മൗലവിമാർ, അലസരും ഉത്തരവാദിത്വമില്ലാത്തവരുമായ ഭർത്താക്കൻമാർ, ഗുണ്ടകളെപ്പോലെ പെരുമാറുന്ന ആങ്ങളമാർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സ്ത്രീശബ്ദം പരമാവധി ഉറക്കെ കേൾപ്പിക്കാനുള്ള ശ്രമമാണ് ബാനു മുഷ്താഖ് തന്റെ സാഹിത്യത്തിൽ നടത്തുന്നത്’.


ദീപ ബസ്തിയുടെ വിവർത്തനത്തിലെ മികവിനെക്കുറിച്ച്‌ ബുക്കർ ജൂറി ഊന്നിപ്പറഞ്ഞു. അതുകൊണ്ടു തന്നെ വിവർത്തനം ഒരു മൈനർ ആർട്ട്‌ ആണെന്ന വാദത്തെ ജൂറി ഒരിക്കൽ കൂടി തള്ളിക്കളഞ്ഞിരിക്കുന്നു .


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Home