ad
Deshabhimani

Articles

കൊലമുറികളാകുന്ന ബാങ്കുകൾ, കൊലയാളികളാകുന്ന അധികാരികൾ

കൊലമുറികളാകുന്ന ബാങ്കുകൾ, കൊലയാളികളാകുന്ന അധികാരികൾ

BANK EMPLOYEE SUICIDE NOTE
എസ് എസ് അനിൽ

Published on Jun 04, 2026, 09:01 AM | 5 min read

വീണ്ടും മറ്റൊരു ആത്മഹത്യ. പൊതുമേഖഖലാ ബാങ്കിലാണ്, സ്ഥലം ഗുജറാത്തിൽ ഭാരുച്ച് (Bharuch) ജില്ലയിലെ അങ്കലേശ്വർ പ്രധാന ശാഖയിൽ. 2026 മാർച്ച് 9 ന് ഓഫീസർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ബിഷാൽ ബ്രതറോയ് എന്ന യുവാവാണ് ഇപ്പോഴത്തെ ഇര. തനിക്ക് ഉണ്ടായ തിക്താനുഭവം എഴുതി വച്ച് മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും സുഹൃത്തുക്കളോടും മാപ്പ് പറഞ്ഞ് ബിഷാൽ ജീവിതം അവസാനിപ്പിച്ചു.


അദ്ദേഹത്തിൻ്റെ ആത്മഹത്യാക്കുറിപ്പിൻ്റെ മലയാളം പരിഭാഷ ചുവടെ


'' ബാങ്ക് ഓഫ് .......ൽ പുതുതായി ജോലിയിൽ പ്രവേശിച്ച ഡി.ആർ.ഒ (DRO) ആയ ബിഷാൽ ബ്രത റോയ് ആയ ഞാൻ. [EC NO-205754] (മാർച്ച് 9-നായിരുന്നു ജോയിനിംഗ്). ബാങ്ക് ഓഫ് :....യുടെ റിക്രൂട്ട്‌മെന്റ് നയവുമായി ബന്ധപ്പെട്ട് എനിക്ക് ചില പ്രശ്നങ്ങളുണ്ട്. അതിൽ ഏറ്റവും ആദ്യത്തേത് 5 ലക്ഷം രൂപയുടെ ബോണ്ട് ആണ്, ഈ ജോലിയിൽ നിങ്ങൾ ഞങ്ങളെ കുടുക്കിയിടുകയാണ്, ഞങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ പോലും ഈ ജോലി ഉപേക്ഷിച്ചു പോകാൻ സാധിക്കില്ല. രണ്ടാമത്തേത്, ട്രെയിനിംഗിൽ നിങ്ങൾ ഞങ്ങളെ ഒന്നും പഠിപ്പിക്കുന്നില്ല, നേരിട്ട് ബ്രാഞ്ചിലേക്ക് വലിച്ചെറിയുകയാണ്, അവിടെച്ചെന്ന് ഞങ്ങൾ സ്വയം എല്ലാം പഠിച്ചു കൊള്ളണം എന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.


ഞാൻ ഇപ്പോൾ അങ്കലേശ്വർ (Ankleshwar) മെയിൻ ശാഖയിലാണ് ഉള്ളത്. ഇവിടെ ഉപഭോക്താക്കളുടെ തിരക്ക് വളരെ കൂടുതലാണ്, അതുകൊണ്ട് തന്നെ കാര്യങ്ങൾ പഠിച്ചെടുക്കാൻ ഞാൻ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഉപഭോക്താക്കൾ അത് മനസ്സിലാക്കില്ല, അവർ എന്നോട് അലറിവിളിക്കും. ഭാഗ്യവശാൽ സന്തോഷ് സർ, ഫൈസ് സർ, ആദിത്യ സർ, സന്ദീപ് സർ എന്നിങ്ങനെ വളരെ നല്ലവരായ ചില സഹപ്രവർത്തകരായ ഓഫീസർമാർ എനിക്കൊപ്പമുണ്ട്, അവർക്ക് സാധിക്കുന്നത്ര എന്നെ സഹായിക്കുന്നുണ്ട് ( ശാഖാ മാനേജർ ആയ ധീരജ് സാറും എന്നോട് വളരെ ദയയുള്ളവനാണ്). പക്ഷേ ഒടുവിൽ... അവരും മനുഷ്യരല്ലേ, അവർക്കും ജോലിയുണ്ട്, അവർക്കും ഉപഭോക്താക്കളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ബ്രാഞ്ചിന് ഞാനൊരു ഭാരമായി മാറുന്നത് പോലെ എനിക്ക് തോന്നുന്നു.


എനിക്ക് ജോലി ഉപേക്ഷിക്കണം എന്നുണ്ടായിരുന്നു, പക്ഷേ നിങ്ങൾ (ബാങ്ക് ഓഫ് ......) ബുദ്ധിപൂർവ്വം 5 ലക്ഷം രൂപയുടെ സർവീസ് ബോണ്ടും അതോടൊപ്പം മൂന്ന് മാസത്തെ നോട്ടീസ് പിരീഡും വെച്ചിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് വേണമെന്നുണ്ടെങ്കിൽ പോലും ജോലി ഉപേക്ഷിക്കാൻ കഴിയുന്നില്ല. എൻ്റെ ശമ്പളം എഴുപതിനായിരം രൂപയാണ് (70,000 രൂപ). ഞാൻ സാങ്കൽപ്പികമായി ചിന്തിക്കുകയാണെങ്കിൽ, ഒരു മാസം എഴുപതിനായിരം രൂപ മുഴുവനായി 8 മാസത്തേക്ക് സമ്പാദിച്ചു വെച്ചാൽ മാത്രമേ എനിക്ക് ബാങ്ക് വിട്ടു പോകാൻ സാധിക്കൂ. ഇത് ഭ്രാന്താണ്, അടിമത്തം പോലെയാണ്. ഞാൻ ജോലി ഉപേക്ഷിക്കാൻ ശ്രമിച്ചു, പക്ഷേ ഞാൻ ചിന്തിച്ചു...... ഞാൻ കടക്കാരനാകും, ഇത് എത്രത്തോളം പരിഹാസ്യമാണെന്ന് നിങ്ങൾക്കറിയാമോ.


എനിക്ക് ചില അഭ്യർത്ഥനകളുണ്ട്, സാധ്യമെങ്കിൽ ദയവായി ബാങ്ക് ഓഫ് ......യുടെ ഉയർന്ന മാനേജ്‌മെന്റ് അത് നടപ്പിലാക്കുക . കുടുംബത്തിൽ നിന്നും മാറി നിൽക്കുന്ന എല്ലാ സീനിയർ ഓഫീസർമാരുടെയും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി അവർക്ക് സ്വന്തം  നാട്ടിലേക്ക് മാറ്റം നൽകുക.


ദയവായി എന്റെ സഹപ്രവർത്തകരെ 5 ലക്ഷത്തിന്റെ ബോണ്ടിൽ പെടുത്തരുത്, ഈ ബോണ്ടിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാത്തതാണ്. ബാങ്കിലെ ഓരോ വ്യക്തിയുടെയും മേലുള്ള സമ്മർദ്ദം കുറയുന്നതിനും അവർക്ക് ജോലി ആസ്വദിച്ചു ചെയ്യുന്നതിനും വേണ്ടി ദയവായി കൂടുതൽ ജീവനക്കാരെ നിയമിക്കുക.


എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമായി ഒരു കുറിപ്പ്


ക്ഷമിക്കുക ബാബ, മാ, ബുനു, ദോന്ദു, സുഹൃത്തുക്കളെ (സോമ, കൗശിക്, അനിർബൻ, കൂടാതെ മറ്റു പലരും).

ഈ ലോകം എനിക്കുള്ളതല്ല.

ഞാൻ നിർത്തുന്നു (I Quit)....


30/05/2026


ബിഷാൽ ബ്രതറോയ്

EC NO- 205754 ''


ആട് ജീവിതം നയിക്കുന്ന ബാങ്ക് ഓഫീസർമാർ


ബിഷാൽ കേവലം 82 ദിവസം മാത്രമാണ് ബാങ്കിൽ പണിയെടുത്തത്. ജീവിതത്തിൽ ചെറിയ സമ്മർദ്ദങ്ങൾ പോലും നേരിടുന്നതിന് ത്രാണിയില്ലാത്ത ഒരു പാവം ചെറുപ്പക്കാരൻ്റെ പെട്ടെന്നുള്ള തീരുമാനമായി ഈ ആത്മഹത്യയെ ചിത്രീകരിക്കാവുന്നതാണ്. എന്നാൽ ബാങ്കിംഗ് മേഖലയിൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. 2024 ജൂൺ 21 ന് പുറത്തിറങ്ങിയ A14 (Article 14) എന്ന ഓൺലൈൻ മാധ്യമം ഗുജറാത്തിൽ തന്നെയുള്ള ഒരു യുവ ഓഫീസറുടെ ആത്മഹത്യാശ്രമത്തിൻ്റെ വാർത്ത റിപ്പോർട്ട് ചെയ്ത വേളയിൽ രാജ്യത്താകെ കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിൽ ജോലി സംബന്ധമായ സമ്മർദ്ദത്താൽ 500 ലേറെ ബാങ്ക് ജീവനക്കാർ ആത്മഹത്യ ചെയ്തതായി ചൂണ്ടിക്കാണിച്ചിരുന്നു. അത് കൊണ്ടാണ് ബിഷാൽ ബ്രതറോയ് ഉൾപ്പടെയുള്ളവരെ അധികാരിവർഗ്ഗത്തിൻ്റെ ഗർവ്വിൻ്റെ ഇരകളായും ഈ മരണങ്ങളെ കൊലപാതകങ്ങളായും ചിത്രീകരിക്കേണ്ടി വരുന്നത്. ആത്മഹത്യ ഒന്നിനും ഒരിക്കലും പരിഹാരവുമല്ല. എന്താണ് യഥാർത്ഥത്തിൽ ബാങ്കിംഗ് മേഖലയിൽ നടക്കുന്നത്?


ബിഷാൽ ബ്രതറോയ് തൻ്റെ കുറിപ്പിൽ ചൂണ്ടിക്കാണിച്ചത് പോലെ ജോലിയിൽ പ്രവേശിക്കുന്നത് മുതൽ ഒരിക്കലും രക്ഷപ്പെടാൻ സാധിക്കാത്ത ഒരു കെണിയിൽപെട്ടു പോവുകയാണ് യഥാർത്ഥത്തിൽ ബാങ്കുകളിലെ ഓഫീസർമാർ. ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ ലക്ഷങ്ങളുടെ ബോണ്ട് അംഗീകരിച്ച് സമ്മതപത്രം നൽകണം. പ്രൊബേഷൻ കഴിയുന്നതിന് മുൻപ് തന്നെ ജീവനക്കാർക്കും ഓഫീസർമാർക്കും ഭവന വായ്പയും വാഹനവായ്പയുമുൾപ്പടെയുള്ള സൗകര്യം സുലഭം. പല ബാങ്കുകൾക്കും പല തരത്തിലാണ് ജീവനക്കാർക്ക് വായ്പകൾ നൽകുന്നത്. ജീവനക്കാർക്ക് നൽകുന്ന വായ്പകൾ ശംബളത്തിൽ നിന്നും കൃത്യമായി പിടിച്ചെടുക്കാം എന്നതിനാൽ ബാങ്കുകളുടെ തിരിച്ചടവ് ഭദ്രം. സർവ്വീസിൽ കയറി അധികമാകുന്നതിന് മുൻപ് തന്നെ കോടികളുടെ ബാധ്യത കൂടി ഏറ്റെടുക്കുന്നതോടെ എന്ത് അടിമപ്പണിയെടുക്കാനും അവർ നിർബന്ധിതരാകും. ബാങ്കുകളിൽ ജോലിയിൽ പ്രവേശിക്കുന്നവരെ വേണ്ടത്ര പരിശീലനങ്ങൾ ഒന്നും തന്നെ നൽകാതെയായിരിക്കും തിരക്കുള്ള ശാഖകളിലേക്ക്, ഓഫീസർ തസ്തികയിലാണെങ്കിൽ പലപ്പോഴും അന്യസംസ്ഥാനത്ത്, നിയമനം നൽകുന്നത്. ശാഖകളോ, ആവശ്യത്തിന് ജീവനക്കാരില്ലാതെ വീർപ്പുമുട്ടുകയാണ്.  മിക്കവാറും ശാഖകളിൽ നേരിട്ട് ഇടപാടുകാരുമായി സംവദിക്കുന്ന ക്ലറിക്കൽ ജീവനക്കാരുടെ എണ്ണം 1 അല്ലെങ്കിൽ 2. ഇപ്പോഴാകട്ടെ പുതുതായി അപ്രൻ്റീസ് എന്ന ഓമനപ്പേരിലും ചിലർ. പ്യൂൺ സ്വീപ്പർ തസ്തികയിൽ കരാർ അസ്ഥിരം തൊഴിലാളികൾ. സ്വകാര്യ വിദേശ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, അടൽ പെൻഷൻ യോജന, പ്രധാനമന്ത്രിയുടെ ജീവൻ ജ്യോതി ബീമാ യോജന, സുരക്ഷാ ബീമാ യോജന, സ്വാനിധി, മുദ്രാ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ 'യോജനകൾ' അത് കൂടാതെ ദൈനംദിന ബാങ്ക് ഇടപാടുകളും. ഇപ്പണികൾ ഒന്നും തടസ്സപ്പെടാതെ സെൻസസ് ഡ്യൂട്ടിയും നിർവ്വഹിക്കണമെന്ന ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. ഇതിനെല്ലാം വിരലിലെണ്ണാവുന്ന ജീവനക്കാരും.


മേൽപ്പറഞ്ഞ യോജനക്കൾക്കും മറ്റ് ബാങ്കിംഗ് / ബാങ്കിംങ്ങ് ഇതരപ്പണികൾക്കുമെല്ലാം ടാർജറ്റുകളുണ്ട്. ആദ്യം മാസ ടാർജറ്റായിരുന്നു. പിന്നീട് രണ്ടാഴ്ചയും ഒരാഴ്ചയും കൂടുമ്പോഴായി ടാർജറ്റ്, ഇപ്പോൾ ദിവസ ടാർജറ്റാണ്. മണിക്കൂർ ഇടപെട്ട് മേലധികാരിയുടെ വീഡിയോ ഓഡിയോ വിളിയെത്തും. ടാർജറ്റ് തികക്കാത്തവരെ ഒറ്റക്കും കൂട്ടായിരുത്തിയുമുള്ള അപമാനിക്കൽ, ചീത്തവിളികൾ. ബന്യാമൻ്റെ ആടുജീവിതത്തിലെ നജീബിന്, അർബാബിൽ (കഫീൽ) നിന്നും ഏൽക്കേണ്ടി വന്ന മാനസിക പീഢനങ്ങളെക്കാളേറെ പീഢനങ്ങളാണ് ബാങ്ക് ഓഫീസർമാർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്നത്.


പെരുകുന്ന ബിസിനസ്, കുറയുന്ന ജീവനക്കാർ


2016ൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെയും ആകെ ബിസിനസ്സ് ഏകദേശം 105 ലക്ഷം കോടി രൂപയായിരുന്നു. 2026 മാർച്ച് 31ലെ കണക്കനുസരിച്ച് 283.3 ലക്ഷം കോടി രൂപയുടെ ബിസിനസാണ് പൊതുമേഖലാ ബാങ്കുകൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ  2016-ൽ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിലെ ആകെ സ്ഥിരം ജീവനക്കാരുടെ എണ്ണം ഏകദേശം 8,57,000 ആയിരുന്നു. ഇപ്പോൾ പൊതുമേഖലാ ബാങ്കുകളിലെ സ്ഥിരം ജീവനക്കാരുടെ എണ്ണം 7,57,641 ആയി ചുരുങ്ങിയിരിക്കുകയാണ്. ബിസിനസ് ആനുപാദികമായി കണക്കെടുത്താൽ ജീവനക്കാരുടെ എണ്ണം 15 ലക്ഷത്തിലേറെ ആകേണ്ട സ്ഥാനത്താണ് കേവലം 7,57,000 ആയി ചുരുങ്ങിയത്. ബാങ്കിംഗ് ബിസിനസിനേക്കാൾ ബാങ്കിംഗ് ഇതര ബിസിനസ് ഏറെ വർദ്ധിച്ചു എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം.


ഓഫീസർമാർ നേരിടുന്ന ചൂഷണങ്ങൾക്ക് കേരളത്തിലാണ് അൽപ്പമെങ്കിലും ചെറുത്ത് നിൽപ്പുണ്ടാകുന്നത്. അത് മറികടക്കാൻ ഇപ്പോൾ കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ അവരുടെ റീജണൽ/സോണൽ ഓഫീസുകളുടെ തലപ്പത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കുത്തിനിറക്കുകയാണ്. ചെറുതായെങ്കിലുമുള്ള ചെറുത്ത് നിൽപ്പ് തടയുന്നതിനാണോ ഇത് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഒരു പൊതുമേഖലാ ബാങ്കിലെ റീജണൽ ഓഫീസിൽ ഒരു ഓഫീസറെ അന്യസംസ്ഥാനക്കാരനായ റീജണൽ മാനേജർ ശാരീരികമായി പീഢിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത വാർത്ത പുറത്ത് വന്നത്. കുറ്റം ചെയ്ത റീജണൽ മാനേജറെ ശിക്ഷിക്കുന്നതിന് പകരം അദ്ദേഹത്തിന് ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ നൽകുകയും പരാതിക്കാരനായ ഓഫീസറെ ഗുജറാത്തിൽ ഗിർവനാന്തരങ്ങൾക്കടുത്ത ശാഖയിലേക്ക് സ്ഥലം മാറ്റുകയുമാണ് മാനേജ്മെൻറ് കൈക്കൊണ്ട നടപടി. മറ്റൊരു പൊതുമേഖലാ ബാങ്കിൻ്റെ തൊക്കിലങ്ങാടി ശാഖയിലെ ഒരു വനിതാ മാനേജർ തൂങ്ങി മരിച്ചതും ഓർക്കേണ്ടതുണ്ട്. സ്ഥലം മാറ്റ വേളയിൽപ്പോലും നിയമപരമായി അനുവദിക്കപ്പെട്ട ലീവുകൾ പോലും ലോസ് ഓഫ് പേയാക്കി ആർമാദിക്കുന്നവരാണ് ചില റീജണൽ മാനേജർമാർ. നിയമങ്ങൾ ഒന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലപാടിലാണ് ഇവർ. ഇതേ ശ്രേണിയിൽപെട്ട ഒരു റീജണൽ മാനേജർ ഓഫീസ് കാൻ്റീനിൽ ബീഫ് നിരോധിച്ചതും അതിനെതിരെ സംഘടന ബീഫ് കഴിച്ച് പ്രതിഷേധിച്ചതും ഓർക്കുമല്ലൊ? ഇത് പോലുള്ള പ്രതിഷേധങ്ങൾ ഉയർന്ന് വരേണ്ടിയിരിക്കുന്നു.


ബാങ്ക് ജീവനക്കാർ  നേരിടുന്ന ചൂഷണങ്ങൾക്കെതിരെ സംഘടനകൾ, വിശിഷ്യ ഓഫീസർ സംഘടനകൾ അടിയന്തിരമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. യോജിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഇനിയൊരു ബിഷാൽ ബ്രതറോയ് ഉണ്ടാകാൻ ഇടനൽകരുത്. അധികാരികൾക്ക് അനുകൂലമായ തൊഴിൽ കോഡുകൾ കൂടി വന്നിരിക്കുകയാണ്. പണിയെടുത്ത് ജീവിക്കുന്നവർക്ക് ആത്മവിശ്വാസം ഉയർത്തുന്ന രീതിയിൽ അവരെക്കൂടി അണിനിരത്തി വലിയ പ്രതിഷേധ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യകൾ ഒന്നിനും പരിഹാരമല്ല. ചൂഷണങ്ങൾക്ക് അടിമപ്പെടുകയല്ല, എല്ലാം ഉറക്കെ വിളിച്ച് പറഞ്ഞ്, പ്രതികരിച്ച്, പ്രതിഷേധിച്ച്, പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാവുകയുള്ളു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home