ad
Deshabhimani

Articles

അന്വേഷണത്തിന്‌ 
ആർഎസ്‌എസിന്റെ ലക്ഷ്‌മണരേഖ

അന്വേഷണത്തിന്‌ 
ആർഎസ്‌എസിന്റെ ലക്ഷ്‌മണരേഖ

Ayodhya
avatar
എം അഖിൽ

Published on Jul 18, 2026, 10:20 PM | 4 min read

രാമനെ അന്വേഷിച്ച് കാട്ടിലേക്ക്‌ പോകവേ സീതയെ സംരക്ഷിക്കാൻ ലക്ഷ്‌മണൻ വരച്ച അതിർവരമ്പാണ് ലക്ഷ്‌മണരേഖ. അയോധ്യയിലെ കോടികളുടെ കാണിക്കക്കൊള്ളയുടെ അന്വേഷണത്തിൽ ആർഎസ്‌എസും വിഎച്ച്‌പിയും ഒരു രേഖ വരച്ചിട്ടുണ്ട്‌. ബാബ്‌റി മസ്‌ജിദിന്റെ മിനാരങ്ങൾ തച്ചുതകർത്ത അതേ ആവേശത്തിൽ കൊള്ള നടത്തിയ നേതാക്കളെ സംരക്ഷിക്കാനാണ്‌ ആ രേഖ. അത്‌ മറികടന്ന്‌ ഒരു അന്വേഷണ ഏജൻസിയും നേതാക്കളെ പ്രതിചേർക്കില്ലെന്നാണ്‌ ആർഎസ്‌എസിന്റെയും ബിജെപിയുടെയും ഉറപ്പ്‌.


ക്ഷേത്രം ട്രസ്റ്റ്‌ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന ആർഎസ്‌എസ്‌ നേതാവുമായ ചന്പത്‌ റായിക്ക്‌ ‘ക്ലീൻ ചിറ്റ്‌’ നൽകാനാണ്‌ എസ്‌ഐടി ശ്രമം. ജൂൺ ഏഴിന്‌ കാണിക്കക്കൊള്ള സംബന്ധിച്ച ആദ്യവിവരം പുറത്തുവന്നപ്പോൾത്തന്നെ ചന്പത്‌ റായ്‌ അതെല്ലാം നിഷേധിച്ചു. എന്നാൽ, ഇതിനു മുമ്പുതന്നെ കാണിക്കക്കൊള്ളയെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നെന്ന്‌ പിന്നീട്‌ വ്യക്തമായി. ജ‍ൂൺ നാലിന്‌ കാണിക്കപ്പണം എണ്ണുന്ന മുറിയുടെ ശുചിമുറിയിൽനിന്ന്‌ ട്രസ്റ്റ്‌ അധികൃതർ നാലുലക്ഷം രൂപ കണ്ടെത്തി. ഇതിനുപിന്നാലെ ട്രസ്റ്റ്‌ അംഗങ്ങളും ക്ഷേത്ര സുരക്ഷാജീവനക്കാരുംകൂടി പണം എണ്ണിയിരുന്ന ജീവനക്കാരൻ അവിനാശ്‌ ശുക്ലയുടെ വീട്ടിലെത്തി. അവിടെനിന്ന്‌ കണ്ടെത്തിയ പണക്കെട്ട്‌ അടങ്ങിയ ബാഗുമായി ട്രസ്റ്റ്‌ അംഗങ്ങൾ കാറിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ കാണിക്കക്കൊള്ള നടന്നിട്ടില്ലെന്ന ജൂൺ ഏഴിലെ ചന്പത്‌ റായിയുടെ അവകാശവാദം നുണയാണെന്ന്‌ തെളിഞ്ഞു. തട്ടിപ്പുകേസിൽ അറസ്റ്റിലായ ടിന്നു യാദവ്‌ ചന്പത്‌ റായിയുടെ അനുയായിയും ഡ്രൈവറുമായിരുന്നെന്ന വസ്‌തുത ആരോപണങ്ങൾക്ക്‌ കൂടുതൽ ബലമേകുന്നു.


ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ


സഹസ്രകോടികളുടെ കാണിക്കകളും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ട്രസ്റ്റ്‌ സൂക്ഷ്‌മതയോ സുതാര്യതയോ ഉത്തരവാദിത്വമോ കാണിച്ചില്ല. 2021 മുതൽ കാണിക്കത്തട്ടിപ്പ്‌ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നാണ്‌ 2021 ജനുവരിമുതൽ 2022 മെയ്‌ വരെ ക്ഷേത്രം ട്രസ്റ്റിന്റെ അക്ക‍ൗണ്ട്‌സ്‌ ഇൻ ചാർജായിരുന്ന മഹിപാൽ സിങ്ങിന്റെ വെളിപ്പെടുത്തൽ. തട്ടിപ്പിന്റെ വിശദാംശങ്ങൾ ട്രസ്റ്റ്‌ ഭാരവാഹികളെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. അനിൽ മിശ്ര തന്നെ ഒഴിവാക്കി പകരം മറ്റൊരാളെ നിയമിച്ചതായും മഹിപാൽ സിങ് പറഞ്ഞു. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മഹിപാലിന്റെ കുടുംബത്തിന്‌ ആർഎസ്‌എസുമായി അടുത്ത ബന്ധമുണ്ട്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തെ രാമക്ഷേത്രത്തിലെ അക്ക‍ൗണ്ടന്റാക്കിയത്‌. ബാങ്കിലെ ജോലി രാജിവച്ചാണ്‌ ‘രാമന്റെ കണക്ക്‌’ നോക്കുന്ന ജോലി ഏറ്റെടുത്തത്‌. കണക്ക് നോക്കാൻ തുടങ്ങിയതോടെ വിശ്വാസത്തിന്റെ മറവിലെ ഞെട്ടിക്കുന്ന കൊള്ളകൾക്ക്‌ സാക്ഷിയായി. കാണിക്കയായി ലഭിച്ച സ്വർണത്തിനും വെള്ളിക്കും മറ്റ്‌ വിലപിടിപ്പുള്ള വസ്‌തുക്കൾക്കും കണക്കോ രേഖയോ ഉണ്ടായിരുന്നില്ല. അതെല്ലാം എവിടെയാണ്‌ സ‍ൂക്ഷിക്കുന്നതെന്നുപോലും ആർക്കുമറിയില്ല. ക്ഷേത്രസമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമായി ഡിലീറ്റ്‌ ചെയ്യുന്നു. കാണിക്കയെണ്ണുന്ന ക്ഷേത്രജീവനക്കാരും ബാങ്ക്‌ ഉദ്യോഗസ്ഥരും സംഘടിതമായി പണം മോഷ്ടിക്കുന്നു. ഒരുദിവസം തന്റെ കൺമുന്നിലാണ്‌ അഞ്ചുലക്ഷം രൂപയുടെ വെട്ടിപ്പ്‌ നടന്നത്‌– ‘ടോപ് സീക്രട്ട്‌’ യൂട്യൂബ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ മഹിപാൽ സിങ് വെളിപ്പെടുത്തി. കാണിക്കത്തട്ടിപ്പ്‌ വലിയ കോളിളക്കമായതോടെ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രതികരണം തേടി മഹിപാലിനെ ബന്ധപ്പെട്ടു. തനിക്ക്‌ പല കോണുകളിൽനിന്നും വധഭീഷണിയുണ്ടെന്നും വലിയ സമ്മർദത്തിലും മാനസികപിരിമുറുക്കത്തിലുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


ഗുരുതര വീഴ്‌ചകൾ ചൂണ്ടിക്കാണിച്ച്‌ 
എസ്‌ഐടിയും


കാണിക്കക്കൊള്ള അന്വേഷിക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ നിയോഗിച്ച എസ്‌ഐടി, കുറ്റം മുഴുവൻ ക്ഷേത്രജീവനക്കാരുടെ ചുമലിലിട്ട്‌ ട്രസ്റ്റ്‌ ഭാരവാഹികളെ സംരക്ഷിക്കുകയാണ്‌. ഏത്‌ സാഹചര്യത്തിലും ആർഎസ്‌എസ്‌, വിഎച്ച്‌പി നേതാക്കളെ സംരക്ഷിക്കണമെന്ന ‘മുകളിൽനിന്നുള്ള നിർദേശ’മാണ്‌ നടപ്പാക്കുന്നത്‌. എന്നാൽ, എസ്‌ഐടി സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ തീവെട്ടിക്കൊള്ളയിൽ ട്രസ്റ്റിന്റെ ഉത്തരവാദിത്വം വ്യക്തമാക്കുന്ന നിരവധി കണ്ടെത്തലുകളുണ്ട്‌. കാണിക്കവഞ്ചികളിൽനിന്ന്‌ ശേഖരിക്കുന്ന പണവും വിലപിടിപ്പുള്ള വസ്‌തുക്കളും പെട്ടികളിലാക്കി സീൽ ചെയ്‌ത്‌ തീർഥാടക സേവനകേന്ദ്രത്തിലെ (പിഎഫ്‌സി) മുറിയിലെത്തിച്ച്‌ എണ്ണുന്നത്‌ പതിവാണ്‌. എന്നാൽ, ഒരുദിവസം എത്ര പെട്ടികൾ പണവുമായി പിഎഫ്‌സിയിലേക്ക്‌ എത്തുന്നുവെന്നതിന്‌ കണക്കില്ല. പെട്ടികൾക്ക്‌ നന്പരിടുകയോ കാണാതെ പോയാൽ ട്രാക്ക്‌ ചെയ്യാനുള്ള സംവിധാനമോ ഇല്ല. എത്ര പെട്ടികൾ എണ്ണി, എത്ര എണ്ണാൻ ബാക്കിയുണ്ട്‌ തുടങ്ങിയ കാര്യങ്ങളൊന്നും രേഖപ്പെടുത്താറില്ല.

വിലപിടിപ്പുള്ള കാണിക്കകൾ രേഖപ്പെടുത്താൻ രജിസ്റ്ററുണ്ടെങ്കിലും തൂക്കിനോക്കാനോ മാറ്റുനോക്കാനോ ഫോട്ടോ എടുക്കാനോ സംവിധാനമില്ല. വിലപിടിപ്പുള്ള കാണിക്കകൾ സ്വീകരിക്കുന്നതിന്‌ ഒ‍ൗദ്യോഗികമായ നടപടിക്രമമുണ്ടാക്കിയിട്ടില്ല. കാണിക്കവഞ്ചികളുടെ താക്കോലുകൾ പലരും കൈവശം വയ്‌ക്കുന്നത്‌ ഗുരുതര ആശങ്കകൾക്ക്‌ ഇടയാക്കുന്നു. അറസ്റ്റിലായ ടിന്നു യാദവ്‌ അനധികൃതമായി കാണിക്കവഞ്ചികളുടെ താക്കോലുകൾ കൈവശം വച്ചിരുന്നു. കാണിക്കയെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട്‌ എസ്‌ബിഐയും ക്ഷേത്രം ട്രസ്റ്റുമായി ഉണ്ടായ ധാരണപ്രകാരം പണമെണ്ണുന്നതിന്റെ സുതാര്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ട്രസ്റ്റിനാണ്‌. പണമെണ്ണുന്ന മുറിയിൽ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പരിശോധിക്കേണ്ടതും ട്രസ്റ്റാണ്‌. ഇതുപ്രകാരമുള്ള മുൻകരുതലും സ്വീകരിച്ചിട്ടില്ല. സിസിടിവി പരിശോധിച്ചതിലും ഗുരുതരപിശകുണ്ട്‌. സിസിടിവിക്ക്‌ പരിമിതമായ സ്റ്റോറേജ്‌ സംവിധാനം മാത്രമാണുള്ളതെന്നും നിശ്ചിത ദിവസങ്ങൾ കഴിഞ്ഞാൽ പഴയ ദൃശ്യങ്ങൾ മുഴുവൻ ഓവർറൈറ്റാകുമെന്നുമാണ്‌ ട്രസ്റ്റ്‌ ഭാരവാഹികളുടെ വിശദീകരണം. 45 ദിവസം കൂടുന്പോൾ ദൃശ്യങ്ങൾ മായ്‌ച്ചുകളയുന്നു.


നിലവിൽ ഏപ്രിൽ 27 മുതൽ ജൂൺ അഞ്ചുവരെയുള്ള ദൃശ്യങ്ങളാണ്‌ ലഭ്യമായിട്ടുള്ളത്‌. ഇത്‌ പരിശോധിച്ചതിൽനിന്നാണ്‌ കാണിക്ക എണ്ണുന്ന ജീവനക്കാർ ഷർട്ടുകളിലും ഷൂസുകളിലുംമറ്റും ഒളിപ്പിച്ച്‌ പണം കടത്തുന്നതായി തെളിഞ്ഞത്‌. ലഭ്യമായ ദൃശ്യത്തിൽനിന്നുമാത്രം 70 തവണ പണം കടത്തിയെന്ന്‌ വ്യക്തമായി.


ഉള്ളിൽ പുകയുന്ന കനലുകൾ


രാമക്ഷേത്രത്തിന്റെ നിയന്ത്രണം മുഴുവൻ ആർഎസ്‌എസ്‌–വിഎച്ച്‌പി സഖ്യം പിടിച്ചടക്കിയതിലും അഴിമതി വ്യാപകമായതിലും ചില സംഘപരിവാർ, ബിജെപി നേതാക്കളും സന്യാസിമാരും രംഗത്തെത്തിയിരുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളും ബജ്‌റംഗ്‌ദൾ സ്ഥാപക പ്രസിഡന്റുമായ വിനയ്‌ കത്യാർ, ചന്പത്‌ റായിക്കും അനിൽ മിശ്രയ്‌ക്കും ഗോപാൽ റാവുവിനുമെതിരെ ര‍ൂക്ഷവിമർശം ഉന്നയിച്ചു. ‘വലിയ രീതിയിൽ തട്ടിപ്പുകൾ നടന്നുവെന്ന കാര്യം പകൽപോലെ വ്യക്തം. ഞാൻ മോദിജീയുമായി ഇ‍ൗ കാര്യങ്ങൾ മുഴുവൻ സംസാരിച്ചിട്ടുണ്ട്‌. ചന്പത്‌ റായിയും അനിൽ മിശ്രയും ഗോപാൽ റാവുവും ഉടൻ ജയിലിൽ പോകും’– അദ്ദേഹം പ്രതികരിച്ചു.


തട്ടിപ്പിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ രജനീഷ്‌ സിങ് പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. ദേശത്തിനകത്തുനിന്നും വിദേശത്തുനിന്നും ലഭിച്ച കോടികളാണ്‌ കാണാതായിരിക്കുന്നതെന്നും ഇത്‌ വിശ്വാസികളുടെ വികാരത്തെ മുറിവേൽപ്പിക്കുമെന്നും കത്തിൽ ച‍ൂണ്ടിക്കാട്ടി. ‘ഭഗവാന്റെ പണം മോഷ്ടിച്ചവരെ തൂക്കിക്കൊല്ലണം’ എന്ന്‌ ക്ഷേത്രം ട്രസ്റ്റിലെ നിർമോഹി അഖാഡയുടെ പ്രതിനിധി മഹന്ത്‌ ദിനേന്ദ്രദാസ്‌ മഹാരാജ്‌ ആവശ്യപ്പെട്ടു. ‘ഓരോ സാന്പത്തിക ഇടപാടിലും സുതാര്യത ഉറപ്പാക്കേണ്ടത്‌ അത്യാവശ്യമായിരുന്നു. അതാണ്‌ സമൂഹമര്യാദ. സമൂഹമര്യാദകൾ പാലിക്കണമെന്നാണ്‌ ഭഗവാൻ രാമൻ പഠിപ്പിച്ചിട്ടുള്ളത്‌. ഒരു ഇടപാടുപോലും രഹസ്യമായി ചെയ്യേണ്ട കാര്യമില്ല. കൊള്ള നടന്നെന്ന കാര്യം ഉറപ്പായതോടെ രാവണൻ ക്ഷേത്രത്തിൽ എത്തിയെന്ന കാര്യവും ഉറപ്പായി. കുറ്റവാളികളെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. രാമന്റെ മുതൽ അപഹരിച്ചവർക്ക്‌ വധശിക്ഷതന്നെ നൽകണം’– ദിനേന്ദ്ര ദാസ്‌ ആവശ്യപ്പെട്ടു.


രാമക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഹിന്ദുസമൂഹത്തിന്‌ മുഴുവൻ നാണക്കേടായെന്ന്‌ ഹനുമാൻഗഡി മഹന്ത്‌ ധരംദാസ്‌ പറഞ്ഞു. ‘ക്ഷേത്രങ്ങൾ എങ്ങനെയാണ്‌ പ്രവർത്തിക്കേണ്ടതെന്ന കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആരും പറഞ്ഞുമനസ്സിലാക്കേണ്ട കാര്യമില്ല. പണവും ആസ്‌തികളുമെല്ലാം രാമപ്രതിഷ്‌ഠയുടേതാണ്‌. എന്നാൽ, ട്രസ്റ്റ്‌ അത്‌ സ്വന്തം പേരിലാക്കി അനുഭവിക്കുന്നു. ട്രസ്റ്റ്‌ എത്രയുംവേഗം പിരിച്ചുവിടണം. എല്ലാ ആസ്‌തിയും പ്രതിഷ്‌ഠയുടെ പേരിലാക്കണം’– മഹന്ത്‌ ധരംദാസ്‌ ആവശ്യപ്പെട്ടു.


തയ്യാറാക്കിയത് ഡൽഹി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം അഖിൽ



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home