ad
Deshabhimani

Articles

ഡബിൾ എൻജിൻ കൊള്ള

ഡബിൾ എൻജിൻ കൊള്ള

Ayodhya Ram Temple Theft Article Cover
avatar
എം അഖിൽ

Published on Jul 17, 2026, 10:25 PM | 3 min read

യോധ്യ രാമക്ഷേത്രക്കൊള്ളയിൽ പുറത്തുവന്ന വെളിപ്പെടുത്തലുകൾ ‘മഞ്ഞുമലയുടെ അറ്റം’ മാത്രം. കാണിക്കയെണ്ണിയിരുന്ന ജീവനക്കാർ ആസൂത്രിതമായി കോടികൾ തട്ടിച്ചെന്നും ആഡംബര ജീവിതത്തിന്‌ ചെലവിട്ടെന്നുമുള്ള ലളിതമായ വിശദീകരണത്തിൽ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ്‌ ആദിത്യനാഥ്‌ സർക്കാർ നടത്തുന്നത്‌. എസ്‌ഐടി അന്വേഷണവും ഇതേ വഴിക്കാണ്‌. ആർഎസ്‌എസിന്റെയും വിഎച്ച്‌പിയുടെയും നിയന്ത്രണത്തിലുള്ള ക്ഷേത്ര ട്രസ്റ്റിന്റെ ഗുരുതരവീഴ്‌ചകളും ട്രസ്‌റ്റ്‌ ഭാരവാഹികളായിരുന്ന മുതിർന്ന ആർഎസ്‌എസ്‌ നേതാക്കളുടെ പങ്കും വ്യക്തമാക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ ഇതിനകം പുറത്തുവന്നു. മൂന്നുകോടിയുടെ തട്ടിപ്പാണെന്നാണ്‌ ട്രസ്റ്റ്‌ അവകാശപ്പെട്ടത്‌. 15 കോടിയാണ്‌ തട്ടിയതെന്ന്‌ മാധ്യമങ്ങളും റിപ്പോർട്ട്‌ചെയ്യുന്നു. ഇതിലൊന്നും അവസാനിക്കുന്നതല്ല തട്ടിപ്പിന്റെ ആഴം.


രാമക്ഷേത്രം പണിയാമെന്ന 2019ലെ സുപ്രീംകോടതിവിധിയുടെപിന്നാലെ കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്‌റ്റിന്റെ തുടക്കം മുതലുള്ള ഇടപാടുകളെല്ലാം ദുരൂഹം. സംഭാവന ശേഖരണം‍, ഭൂമി ഇടപാടുകൾ, ക്ഷേത്ര നിർമാണകരാറുകൾ തുടങ്ങി വിവിധ മേഖലകളിൽ അഴിമതിയും കുംഭകോണവുംനടന്നു. എല്ലാംകൂടി ചേർന്നാൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ സഹസ്രകോടികളിലേക്ക്‌ നീളും. എന്നാൽ തട്ടിപ്പിന്‌ ആസൂത്രണംചെയ്ത നേതാക്കളെ അറസ്റ്റ്‌ ചെയ്യാനോ കൂടുതൽ തെളിവെടുപ്പ്‌ നടത്താനോ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ മുതിർന്നിട്ടില്ല. അറസ്റ്റിലായ എട്ടുപേരിൽനിന്ന്‌ 80 ലക്ഷത്തോളം രൂപ മാത്രമാണ്‌ പിടിച്ചെടുത്തത്‌. ഇ‍ൗ ജീവനക്കാരെ ബലിയാടാക്കി ട്രസ്റ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്ന്‌ അകലംപുലർത്താനാണ്‌ ആർഎസ്‌എസും വിഎച്ച്‌പിയും ബിജെപിയും ശ്രമിക്കുന്നത്‌.


ട്രസ്‌റ്റ്‌ ആർഎസ്‌എസ്‌ 
നിയന്ത്രണത്തിൽ


2020 ഫെബ്രുവരി അഞ്ചിന്‌ രാമക്ഷേത്ര ട്രസ്റ്റ്‌ രൂപീകരിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ പാർലമെന്റിൽ പ്രഖ്യാപിച്ചത്‌. സുപ്രീംകോടതി നിർദേശപ്രകാരമാണ്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചതെങ്കിലും അതിന്റെ ഘടന തീരുമാനിച്ചതും ഭൂരിഭാഗം അംഗങ്ങളെ നിശ്ചയിച്ചതും കേന്ദ്രമായിരുന്നു. ട്രസ്‌റ്റിലെ 15 അംഗങ്ങളിൽ 12 പേരെ കേന്ദ്രം ശുപാർശചെയ്തു. മൂന്നുപേരെ ആദ്യ യോഗം തെരഞ്ഞെടുത്തു. ട്രസ്റ്റിലെ ഒമ്പതുപേർക്ക്‌ ആർഎസ്എസുമായും വിഎച്ച്പിയുമായും ബന്ധമുണ്ടായിരുന്നു. കാണിക്കക്കൊള്ളയുടെ പശ്ചാത്തലത്തിൽ ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചു. സ്ഥിരംക്ഷണിതാവ് ഗോപാൽ റാവുവിനെ ട്രസ്‌റ്റ്‌ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന്‌ വിലക്കി. ഇതോടെ ആകെ അംഗങ്ങൾ 12 ആയി.


ചന്പത്‌ റായ്‌ വിഎച്ച്‌പി അന്താരാഷ്ട്ര വൈസ്‌ പ്രസിഡന്റാണ്‌. അനിൽ മിശ്ര അവധ്‌ മേഖലയിലെ ആർഎസ്‌എസിന്റെ പ്രാന്ത്‌ കാര്യവാഹായിരുന്നു. ഗോപാൽ റാവു ആർഎസ്‌എസിന്റെ മുൻ പ്രാന്ത്‌ പ്രചാരക്. ട്രസ്റ്റ്‌ പ്രസിഡന്റായ മഹന്ത്‌ നൃത്യ ഗോപാൽ ദാസ്‌, താൽകാലിക ജനറൽ സെക്രട്ടറി കൃഷ്‌ണമോഹൻ, ട്രഷറർ സ്വാമി ഗോവിന്ദ്‌ ദേവ്‌ ഗിരി മഹാരാജ്‌, അംഗങ്ങളായ സ്വാമി വാസുദേവാനന്ദ സരസ്വതി, സ്വാമി വിശ്വ പ്രസന്ന തീർഥ, സ്വാമി പരമാനന്ദ ഗിരി മഹാരാജ്‌ എന്നിവർ പലതലങ്ങളിൽ ആർഎസ്‌എസും വിഎച്ച്‌പിയുമായും സഹകരിക്കുന്നുണ്ട്‌. ട്രസ്റ്റിലെ മറ്റൊരംഗം നൃപേന്ദ്ര മിശ്രയാകട്ടെ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്‌. പൂർണമായും ആർഎസ്‌എസ്‌, വിഎച്ച്‌പി നിയന്ത്രണത്തിലും പ്രധാനമന്ത്രി കാര്യാലയത്തിന്റെ മേൽനോട്ടത്തിലുമാണ്‌ ക്ഷേത്രം ട്രസ്റ്റ്‌ പ്രവർത്തിച്ചിരുന്നതെന്ന്‌ അർഥം.


‘ആരോടും കണക്ക്‌ പറയേണ്ട’


ക്ഷേത്രം ട്രസ്റ്റിനെ പൊതുപരിശോധനകളിൽനിന്ന്‌ ഒഴിവാക്കിയ കേന്ദ്രസർക്കാരിന്റെ വിചിത്രനടപടി കാണിക്കക്കൊള്ളയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി. ട്രസ്റ്റിന്‌ സ്വകാര്യവും സ്വയംഭരണവുമായ പദവികൾ നൽകിയതിൽ ഭാവിയിലുണ്ടാക്കാനിടയുള്ള നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അന്നുതന്നെ വിവാദങ്ങളുണ്ടായിരുന്നു. 2025 ജൂണിൽ കേന്ദ്ര വിവരാവകാശ കമീഷൻ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷ തള്ളി. ട്രസ്റ്റ്‌ ആർടിഎ നിയമപ്രകാരം ‘പൊതുഅധികാര സ്ഥാപനം’ അല്ലെന്നായിരുന്നു നിലപാട്‌. ട്രസ്‌റ്റ്‌ കേന്ദ്രസർക്കാരിന്റെയോ യുപി സർക്കാരിന്റെയോ ഫണ്ട്‌ കൈപ്പറ്റുന്നില്ലെന്നും അതിനാൽ അത്‌ പൊതുസ്ഥാപനത്തിന്റെ കീഴിൽ വരില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയവും വാദിച്ചു.


ഇ‍ൗ ആനുകൂല്യം പിൻവലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. സർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച, സർക്കാർ ഏറ്റെടുത്ത്‌ നൽകിയ ഭൂമി കൈകാര്യംചെയ്യുന്ന, കോടിക്കണക്കിന്‌ വിശ്വാസികളുടെ സംഭാവനകളും കാണിക്കകളും സ്വീകരിക്കുന്ന ട്രസ്റ്റിനെ പൊതുപരിശോധനയുടെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ കത്തും നൽകി.


കോടികളുടെ 
പ്രവാഹം


രാമക്ഷേത്രത്തിൽ സാധാരണദിവസങ്ങളിൽ ശരാശരി 50,000 മുതൽ 70,000 വിശ്വാസികളെത്താറുണ്ട്‌. ആഘോഷവേളകളിലും വാരാന്ത്യങ്ങളിലും ഒന്നരലക്ഷമാകും. സാധാരണ ദിവസങ്ങളിൽ എട്ട്‌ ലക്ഷം മുതൽ 13 ലക്ഷംവരെയും തിരക്കേറിയ ദിവസങ്ങളിൽ 75 ലക്ഷം മുതൽ ഒരു കോടിയിലേറെയും സംഭാവന ലഭിക്കാറുണ്ട്‌. പ്രധാനമായും നാല്‌ മാർഗങ്ങളിലൂടെയാണ്‌ വിശ്വാസികൾ കാണിക്കനൽകുന്നത്‌. ക്ഷേത്രസമുച്ചയത്തിൽ പ്രധാനദർശന പാതയിലും ശ്രീകോവിലിന്‌ സമീപവും വെച്ചിട്ടുള്ള 35 മുതൽ 40 കാണിക്കവഞ്ചികളിൽ വിശ്വാസികൾ പണവും മറ്റ്‌ വിലപിടിപ്പുള്ള വസ്‌തുക്കളും നിക്ഷേപിക്കും. പ്രത്യേക ക‍ൗണ്ടർ വഴിയും ഓഫീസിലെത്തി വിലപിടിപ്പുള്ള വസ്‌തുക്കൾ നേരിട്ട്‌ സമർപ്പിക്കുന്നവരുമുണ്ട്‌. ഓൺലൈൻ സ‍ൗകര്യം ഉപയോഗിക്കുന്നവരുമുണ്ട്‌. കാണിക്കക്കൊള്ള സംബന്ധിച്ച വിവാദങ്ങൾ ഉണ്ടാകുന്നതുവരെ എത്ര രൂ‍പ കാണിക്കയായും സംഭാവനയായും പിരിച്ചെന്ന്‌ ക്ഷേത്രം ട്രസ്‌റ്റോ ഭാരവാഹികളോ വെളിപ്പെടുത്തിയിട്ടില്ല. വിവാദങ്ങൾക്കുപിന്നാലെ, 2020 മുതൽ 2026 മാർച്ച്‌ 31 വരെ മൊത്തം 3264 കോടി ര‍ൂപയുടെ കാണിക്ക ലഭിച്ചതായി ക്ഷേത്രം ട്രസ്‌റ്റ്‌ കണക്ക്‌ പുറത്തുവിട്ടു. 582 കോടിയുടെ പണം, 32.259 കിലോ സ്വർണം, 1,518.925 കിലോ വെള്ളി തുടങ്ങിയവയാണ്‌ ഇതുവരെ ലഭിച്ചതെന്നാണ്‌ അവകാശവാദം. ഇതിൽ ക്ഷേത്രനിർമാണത്തിനും അനുബന്ധ അടിസ്ഥാന നിർമാണപ്രവർത്തനങ്ങൾക്കുമായി 2,370 കോടി ചെലവിട്ടതായും ട്രസ്‌റ്റ്‌ അറിയിച്ചു. സഹസ്രകോടികൾ സംഭാവനയായി വന്നിട്ടും ക്ഷേത്രത്തിന്റെ അനുബന്ധ നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. ഇതുസംബന്ധിച്ച്‌ വിശ്വാസികൾക്ക്‌ ഇടയിലും അതൃപ്‌തിയുണ്ട്‌.


കൊള്ളയടിച്ചതിൽ ചിലത്‌


•പ്രാണപ്രതിഷ്‌ഠാ ചടങ്ങിൽ വിശ്വാസികൾ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടകൾ. ഇന്ത്യൻ ബുള്ള്യൺ ആൻഡ്‌ ജ്വല്ലേഴ്‌സ്‌ അസോസിയേഷനാണ്‌ ഇത്‌ കൈമാറിയത്‌. രസീതുണ്ടെന്ന്‌ സംഘടനാഭാരവാഹികൾ പറയുന്നു

• 200 കിലോയുടെ വെള്ളിക്കട്ടകൾ കാണാതായി പരാതിയുണ്ട്‌. ഇതെല്ലാം ഉരുക്കാൻ കൊണ്ടുപോയെന്നാണ്‌ ട്രസ്‌റ്റിന്റെ വിശദീകരണം

• ക്ഷേത്രത്തിൽ സമർപ്പിച്ച 151 കിലോയുള്ള 24 കാരറ്റ്‌ സ്വർണം പൂശിയ ‘രാംചരിത്‌ മാനസ്‌’ (തുളസീദാസ രാമായണം) കാണാതായെന്ന്‌ മുൻ ആഭ്യന്തരസെക്രട്ടറി എസ്‌ ലക്ഷ്‌മീനാരായണൻ പരാതി നൽകി. 10,902 ശ്ലോകങ്ങൾ ചെന്പ്‌ താളുകളിൽ ആലേഖനം ചെയ്‌ത്‌ വിലപിടിപ്പുള്ള രത്നങ്ങളാൽ അലങ്കരിച്ച്‌ സ്വർണം പൂശിയ ‘രാംചരിത്‌ മാനസ’ത്തിന്‌ അഞ്ചുകോടി വിലമതിക്കും. പരാതി നൽകിയശേഷം അത് ക്ഷേത്രത്തിൽ പുനഃസ്ഥാപിച്ചുവെന്ന്‌ പിന്നീട്‌ റിപ്പോർട്ടുകൾ വന്നു.

• രാം ലല്ലയുടെ വജ്രകല്ലുകൾ പതിപ്പിച്ച ഹാരം, സ്വർണവും വെള്ളിയുംകൊണ്ട്‌ നിർമിച്ച പാദുകങ്ങൾ തുടങ്ങിയവയും കാണാതായി

• ആർഎസ്‌എസുകാരനായ വ്യാപാരി രാകേഷ്‌കുമാർ ഗുപ്‌ത വിഗ്രഹങ്ങളുടെ വസ്‌ത്രങ്ങളും മറ്റും അലക്കാനായി നൽകിയ എൽജി വാഷിങ്ങ്‌ മെഷീൻ. കേസിൽ അറസ്‌റ്റിലായ ടിന്നു യാദവിന്റെ നിർദേശ പ്രകാരം ട്രസ്‌റ്റ്‌ അംഗമായിരുന്ന അനിൽ മിശ്രയ്‌ക്കാണ്‌ വാഷിങ്ങ്‌ മെഷിൻ കൈമാറിയത്‌. നാളിതുവരെ രസീത്‌ നൽകിയിട്ടില്ല



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home