യുഎസിന്റെ ‘സമാധാന’ബോംബുകൾ


വി ബി പരമേശ്വരൻ
Published on Jun 22, 2025, 10:32 PM | 4 min read
പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ഇറാനെതിരെ അമേരിക്ക പരസ്യമായ ആക്രമണം തുടങ്ങി. ജൂൺ 13ന് ആരംഭിച്ച ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിന്റെ തുടർച്ചയെന്നോണമാണ് അമേരിക്കയും ഇറാനെതിരെ പരസ്യമായ ആക്രമണം ആരംഭിച്ചത്. തെമ്മാടി രാഷ്ട്രങ്ങളായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത പദ്ധതിയാണ് ഇറാൻ ആക്രമണം എന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വില കൽപ്പിക്കാതെ, ഏത് രാജ്യവും എപ്പോഴും ആക്രമിക്കപ്പെടുമെന്ന സ്ഥിതി ലോകസമാധാനത്തിന് ഭീഷണിയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളായ ഫോർദോ, നഥാൻസ്, എസ്‌ഫാൻ എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിവുള്ള ബി - 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. മിസൗറിയിലെ വൈറ്റ്മെൻ എയർഫോഴ്സ് കേന്ദ്രത്തിൽനിന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ ദി ഗോ ഗാർഷ്യയിൽനിന്നുമുള്ള വിമാനങ്ങൾ ആണ് ആക്രമണം നടത്തിയത്. ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചത് നഥാൻസ് ആണവകേന്ദ്രത്തിലായിരുന്നു.
ഭൂമിക്കടിയിലുള്ള ആണവ കേന്ദ്രം തകർക്കാൻ ഇസ്രയേലിനു കഴിയില്ല. അതിന് അമേരിക്കയുടെ സ്റ്റെൽത്ത് ബോംബർ വിമാനങ്ങളുടെയും, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ബോംബുകളുടെയും സഹായം വേണമായിരുന്നു. അതാണ് അമേരിക്ക നൽകിയത്. എന്നിട്ടും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം പൂർണമായും തകർക്കാനായിട്ടില്ലെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം രഹസ്യകേന്ദ്രങ്ങളിലേക്ക് നേരത്തേ മാറ്റിയതായും വാർത്തയുണ്ട്. ആണവ വികിരണത്തിന്റെ തോത് വർധിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ഏതായാലും, അമേരിക്കയും ഇസ്രയേലും ആണവകേന്ദ്രങ്ങൾ ആക്രമിക്കുക വഴി നൽകുന്ന സന്ദേശം ഇതാണ്. ഇറാൻ ആണവായുധങ്ങൾ നിർമിക്കുകയാണ്. അത് ലോകസമാധാനത്തിന് ഭീഷണിയാണ്. അത് ഒഴിവാക്കാനാണ് ഞങ്ങൾ ആക്രമിച്ചത് എന്നാണ്. അങ്ങനെയെങ്കിൽ ആദ്യം ആക്രമിക്കപ്പെടേണ്ടതും ആണവശേഷിക്ക് ക്ഷതമേൽപ്പിക്കേണ്ടതും അമേരിക്കയുടെയും ഇസ്രയേലിന്റേതുമല്ലേ ? റഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആണവബോംബുകൾ സംയോജിപ്പിച്ച മിസൈലുകൾ ഉള്ള രാജ്യം അമേരിക്കയാണ് (5277 ). ഇസ്രയേലിനാകട്ടെ 90 ആണവായുധങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയും ഇസ്രയേലും ആണവായുധം കൈവശം വയ്‌ക്കുന്നത് സമാധാനത്തിന് ഭീഷണിയല്ലേ? ഇറാൻ കൈവശം വയ്‌ക്കുമ്പോൾ മാത്രമാണോ ഭീഷണിയാകുന്നത്? ലോകത്തിൽ ഈ നിമിഷംവരെ ഒരു രാജ്യം മാത്രമാണ് ആണവായുധം ഉപയോഗിച്ചിട്ടുള്ളത്; അത് അമേരിക്കയാണ്. രണ്ടാം ലോകയുദ്ധം അവസാനിച്ചിരിക്കേ 1945 ആഗസ്ത് 6ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലും അണുബോംബിട്ട് രണ്ട് ലക്ഷത്തിലധികം പേരെ വധിച്ചവരാണ് ഇപ്പോൾ ഇറാനിൽ നടത്തിയ ആക്രമണം സമാധാനത്തിന് വേണ്ടിയാണെന്ന് വാദിക്കുന്നത്. അമേരിക്കയുടെ ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് മേധാവി ടുൾസി ഗബ്ബാർഡ് മാർച്ചിൽ സെനറ്റ് സമിതിയിൽ പറഞ്ഞത് ഇറാൻ ആണവായുധം വികസിപ്പിച്ചിട്ടില്ലെന്നാണ്. എന്നിട്ടും ഇറാനെ ആക്രമിക്കാൻ ട്രംപ് തയ്യാറായതിന് എന്ത് ന്യായീകരണമാണുള്ളത്.
ആണവായുധങ്ങളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 1968 ൽ നിലവിൽ വന്ന ആണവ നിർവ്യാപന കരാറിൽ(എൻപിടി) ഒപ്പിട്ട രാജ്യമാണ് ഇറാൻ. ഇന്ത്യയും പാകിസ്ഥാനുംപോലും ഇതിൽ അംഗമായിട്ടില്ല. ഇറാനിലെ ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവോർജഏജൻസിയുടെ(ഐഎഇഎ ) കർശന പരിശോധനയ്‌ക്ക് വിധേയമാകാറുമുണ്ട്. എന്നിട്ടും ഇറാൻ ആക്രമിക്കപ്പെട്ടു എന്നത് എൻപിടിയുടെയും ഐഎഇഎയുടെയും വിശ്വാസ്യതയും നിലനിൽപ്പുംതന്നെ ചോദ്യം ചെയ്യുന്നു. ആണവവ്യാപനം വർധിക്കാൻ മാത്രമേ അമേരിക്കയുടെ ഇറാൻ ആക്രമണം വഴിവയ്‌ക്കൂ. സമാധാനമായിരുന്നു അമേരിക്കയുടെ ലക്ഷ്യമെങ്കിൽ ഇറാനുമായുള്ള ആണവചർച്ച മുന്നോട്ടു കൊണ്ടുപോയി ഇരുവർക്കും അംഗീകരിക്കാവുന്ന കരാറിൽ എത്തുകയായിരുന്നില്ലേ അഭികാമ്യം. ആണവായുധം നിർമിക്കുകയാണ് ഇറാന്റെ ലക്ഷ്യമെങ്കിൽ 2015 ൽ അമേരിക്ക ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളുമായി ആണവക്കരാറിലെത്താൻ ഇറാൻ തയ്യാറാകുമായിരുന്നോ? അതിൽനിന്നും ഏകപക്ഷീയമായി പിൻമാറിയതും ട്രംപായിരുന്നു. വീണ്ടും അധികാരത്തിൽ വന്നപ്പോഴും ചർച്ചയ്‌ക്ക് തയ്യാറായ ഇറാൻ ആറാം വട്ട ചർച്ചയ്‌ക്ക് കഴിഞ്ഞ 15 ന് മസ്കത്തിലേക്ക് പ്രതീക്ഷയോടെ പോകാൻ തുനിഞ്ഞപ്പോഴാണ് 13ന് ഇസ്രയേൽ ഇറാനെ ആക്രമിക്കുന്നത്. ചർച്ചയിലൂടെ, നയതന്ത്രത്തിലൂടെ സമാധാനം സ്ഥാപിക്കാനുള്ള വഴി തടഞ്ഞത് അമേരിക്കയും ഇസ്രയേലും തന്നെ. എന്നിട്ട് ഇപ്പോൾ ട്രംപ് പറയുന്നത് നയതന്ത്ര പരിഹാരത്തിന് ഇറാൻ തയ്യാറാകണമെന്നാണ്. അപ്പോൾ ലക്ഷ്യം മറ്റു ചിലതാണ് എന്ന് വ്യക്തം. ലോക പ്രശസ്ത അന്വേഷണാത്മക പത്ര പ്രവർത്തകൻ സെയ്മുർ ഹർഷ് ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രണ്ട് ദിവസം മുമ്പ് പറഞ്ഞത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം ഇറാനിൽ ഭരണമാറ്റം എന്നാണ്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി എവിടെയാണ് ഉള്ളതെന്ന് തങ്ങൾക്കറിയാമെന്നും ഇപ്പോൾ വധിക്കുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. നേർവിപരീതം പ്രവർത്തിച്ചാലും അത്ഭുതപ്പെടാനില്ല. ഭരണമാറ്റത്തിനുള്ള വഴി അതിലൂടെ തുറക്കുകയുമാകാം. നജീബുള്ളയെയും സദ്ദാം ഹുസൈനെയും കേണൽ ഗദ്ദാഫിയെയും എങ്ങനെയാണ് ഇവർ വേട്ടയാടിയതെന്ന് നമുക്കറിയാവുന്നതാണ്. ആ രാജ്യങ്ങളിൽ സമാധാനം ഇന്നും മരീചികയാണെന്ന് മാത്രം. ട്രംപിന്റെ വാക്കുകൾ വിശ്വസിക്കാനാവില്ല തന്നെ. ഇറാനിൽ ഇടപെടുന്നകാര്യം രണ്ടാഴ്ച കഴിഞ്ഞ് തീരുമാനിക്കാമെന്ന് പറഞ്ഞ ട്രംപാണ് പൊടുന്നനേ ശനിയാഴ്ച രാത്രി ഇറാനെ ആക്രമിച്ചത്. വാരാന്ത്യ ആക്രമണം നടത്താൻ കാരണം ഓഹരി വിപണി ഉലയാതിരിക്കാനാണ് എന്നും സെയ്മൂർ ഹർഷ് പറയുകയുണ്ടായി. അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ 19 സൈനിക താവളങ്ങൾ അമേരിക്കയ്‌ക്ക് ഉണ്ട്. ഖത്തറിലാണ് ഇതിന്റെ സെൻട്രൽ കമാൻഡ്. ബഹ്‌റൈനിലാണ് അഞ്ചാം കപ്പൽപ്പടയും നാവികകേന്ദ്രവും ഉള്ളത്. ഈ താവളങ്ങളിലായി 40000ൽ അധികം അമേരിക്കൻ സൈനികരും ഉണ്ട്. ഈ താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയ്യാറാകുമോ? അങ്ങനെ സംഭവിച്ചാൽ ഇറാനെതിരെ അമേരിക്ക ആക്രമണം കടുപ്പിക്കില്ലേ? അതോ ഇസ്രയേലിനെതിരെയുള്ള ആക്രമണം കടുപ്പിക്കുന്നതിലായിരിക്കുമോ ഇറാൻ ഊന്നുക. ചരക്ക് നീക്കത്തിന്റെ 20 ശതമാനം നടക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചിട്ടുണ്ട്. എന്തായാലും സംഘർഷഭരിതമായ ദിനങ്ങളാണ് വരാനിരിക്കുന്നത്.
ഗാസയിലും ലബനനിലും യമനിലും ആക്രമണം നടത്തി വിജയം ആഘോഷിച്ച ഇസ്രയേലിന് ഏറെ കാലങ്ങൾക്കുശേഷമാണ് കടുത്ത ആക്രമണത്തിന്റെ മുറിവുണ്ടായത്. അയൺ ഡോം, ആറോ - 2, ആറോ - 3, താഡ്, ഡേവിഡ് സ്ലിങ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെ നിഷ്‌പ്രഭമാക്കി, മണിക്കൂറിൽ 2000 കിലോമീറ്റർ വരെ സഞ്ചാരശേഷിയുള്ള ഇറാന്റെ ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലുകൾ (ഫത്താ) ഇസ്രയേലിൽ ലക്ഷ്യം കാണാൻ തുടങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. മൊസാദിന്റെ ആസ്ഥാനവും പ്രതിരോധമന്ത്രാലയവും ഓഹരിവിപണിയും മൈക്രോസോഫ്റ്റ് ഓഫീസും ലക്ഷ്യമാക്കിയ ഇറാൻ ഹൈഫ എണ്ണ ശുദ്ധീകരണശാലയും തുറമുഖവും ഭാഗികമായി തകർത്തു. രാജ്യത്തെ ഏക വിമാനത്താവളമായ ബെൻ ഗൂറിയൻ അടച്ചിടേണ്ടിയും വന്നു. ജനങ്ങൾക്ക് ബങ്കറുകളിലേക്ക് മാറേണ്ടി വന്നു. അവസാനം ഇസ്രയേലിന്റെ ആണവകേന്ദ്രമായ ഡിമോണയുടെ 20 കിലോമീറ്റർ ദൂരംവരെ മിസൈൽ പതിച്ചു. അവരുടെ ആണവ കേന്ദ്രവും ലക്ഷ്യമാക്കാൻ കഴിയുമെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് അമേരിക്ക രംഗത്തിറങ്ങിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുഎസിനുള്ള മറുപടിയായി ശക്തമായ തിരിച്ചടിയാണ് ഞായറാഴ്ചത്തെ ഇസ്രയേൽ ആക്രമണത്തിലൂടെ ഇറാൻ നൽകിയത്. അമേരിക്കയ്‌ക്ക് പശ്ചാത്തപിക്കേണ്ടി വരുംവിധമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ റവലൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശമന്ത്രി അരാഗ്ചിയും അനന്തമായ പ്രത്യാഘാതങ്ങളക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഇതു സൂചിപ്പിക്കുന്നത് ഇറാൻ പിറകോട്ട് പോകില്ലെന്നാണ്. അമേരിക്കൻ പിന്തുണയുള്ള ഇറാഖുമായി എട്ട് വർഷം യുദ്ധം ചെയ്ത ചരിത്രം ഇറാനുണ്ട്. അതുകൊണ്ട് നീണ്ട ഒരു യുദ്ധത്തിലേക്ക് ഇറാൻ നീങ്ങിയേങ്ങാം. റഷ്യ അമേരിക്കൻ നടപടിയെ രൂക്ഷമായാണ് വിമർശിച്ചത്. ഇറാൻ വിദേശമന്ത്രി റഷ്യയിലേക്ക് പോകുമെന്നറിയിച്ചിട്ടുണ്ട്. ചൈനയും അമേരിക്കൻ ആക്രമണത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെന്ന പോലെ ഇറാനിലും ഇടപെട്ട് അമേരിക്കയുടെ തകർച്ചയ്‌ക്ക് ആക്കം കൂട്ടുകയാണ് ട്രംപ്. അമേരിക്കയെ മഹത്തരമാക്കാൻ യുദ്ധങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന തീവ്രവലതുപക്ഷത്തിന്റെ ആവശ്യത്തിന് കടകവിരുദ്ധമായാണ് ട്രംപിന്റെ നീക്കം. ഇത് അമേരിക്കയിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്യും.














