കേരളരാമായണത്തിന്റെ സാംസ്കാരികമാനങ്ങൾ


ഡോ. കെ എസ് രവികുമാർ
Published on Jul 17, 2025, 12:00 AM | 3 min read
എഴുത്തച്ഛന്റെ രാമായണം ഉണ്ടാകുന്നതിനു മുമ്പുതന്നെ മലയാളത്തിൽ രാമകഥ ആഖ്യാനം ചെയ്യുന്ന വലിയ കാവ്യങ്ങൾ ഉണ്ടായിട്ടുണ്ട്. രാമചരിതവും കണ്ണശ്ശരാമായണവും അതിൽപ്പെടുന്നു. എഴുത്തച്ഛനുശേഷവും പരിഭാഷകളും പുനരാഖ്യാനങ്ങളുമായി രാമായണങ്ങൾ പലതുണ്ടായി. എങ്കിലും; മലയാളികളുടെ രാമായണം തുഞ്ചത്തെഴുച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. അത് മലയാളികൾക്കിടയിൽ അത്രയേറെ പ്രചാരം നേടി. ആധുനിക മലയാളത്തിന്റെ ഭാഷാക്രമത്തിന്റെയും കാവ്യാഭിരുചിയുടെയും അടിക്കല്ലായി അതു മാറി. കേരളരാമായണമെന്ന് എഴുത്തച്ഛന്റെ രാമായണത്തെ സംശയംകൂടാതെ വിളിക്കാം.
പൊതുവർഷം പതിനാലാം നൂറ്റാണ്ടിനടുപ്പിച്ചുണ്ടായ ഒരു സംസ്കൃതകൃതിയാണ് അദ്ധ്യാത്മരാമായണം. ഭക്തിപ്രസ്ഥാനത്തിന്റെ പ്രഭാവമുൾക്കൊണ്ട് രചിച്ച കാവ്യമാണത്. സംസ്കൃതത്തിലെ ആദികാവ്യമായി കരുതപ്പെടുന്ന വാല്മീകി രാമായണത്തിൽ രാമനെ മിക്കവാറും മനുഷ്യനെന്ന നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ, അദ്ധ്യാത്മരാമായണം രാമനെ വിഷ്ണുവിന്റെ അവതാരമായിക്കാണുന്ന ഭക്തികാവ്യമാണ്.
ഇന്ത്യയൊട്ടാകെ ഭക്തിപ്രസ്ഥാനത്തിന്റെ ശക്തമായ കാറ്റടിച്ച കാലത്താണ് മിക്കവാറും ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ രാമായണകാവ്യങ്ങൾ ഉണ്ടായത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ സാഹിത്യമുന്നേറ്റം വരേണ്യഭാഷയായ സംസ്കൃതത്തിലൂടെയായിരുന്നില്ല. ഇന്ത്യൻ പ്രാദേശിക ഭാഷകളിലാണ് ആ വികാസമുണ്ടായത്.
മാത്രമല്ല ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി ഉയർന്നുവന്ന കവികളിൽ പലരും അവർണരായിരുന്നു. കേരളത്തിൽത്തന്നെ കണ്ണശ്ശകവികളും എഴുത്തച്ഛനും ആ ഗണത്തിൽപ്പെട്ടവരായിരുന്നു. എഴുത്തച്ഛൻ ഉൾപ്പെടെയുള്ള ഭക്തിപ്രസ്ഥാനകവികൾ ചിലയിടങ്ങളിൽ ബ്രാഹ്മണസ്തുതി നടത്തുന്നുണ്ടെങ്കിലും അവരുടെ രചനകൾ ചാതുർവർണ്യത്തെ ആദർശമാക്കുന്നവയായിരുന്നില്ല. എഴുത്തച്ഛന്റെ വിശിഷ്ടകൃതിയായി കരുതപ്പെടുന്ന ഹരിനാമകീർത്തനത്തിൽ ജാതിഭേദത്തിനും ലിംഗഭേദത്തിനും തൊഴിൽഭേദത്തിനുമപ്പുറം എല്ലാ മനുഷ്യർക്കും ഈശ്വരസാക്ഷാൽക്കാരം ലഭിക്കാനുള്ള വഴികളെപ്പറ്റിയാണ് പറയുന്നത്. അത് ഭക്തിമാർഗത്തിലൂടെ, വിശേഷിച്ചും നാമകീർത്തനത്തിലൂടെ സാധ്യമാകുമെന്ന നിലപാടായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റേത്.
പ്രാദേശികഭാഷകൾ വ്യക്തിത്വം നേടി വളർന്നുതുടങ്ങിയ കാലത്തുണ്ടായ സാഹിത്യകൃതികളിൽ ശ്രദ്ധേയമായിത്തീർന്നവ പ്രാദേശികഭാഷകളിലെ രാമായണങ്ങളാണ്. തമിഴിൽ കമ്പർ രചിച്ച രാമായണവും കന്നടയിൽ പമ്പൻ എഴുതിയ രാമായണവും മലയാളത്തിൽ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടുമൊക്കെ ആ നിലയിൽ ചരിത്രപ്രാധാന്യമുള്ളതാണ്. അതോടൊപ്പം അതത് ജനസമൂഹത്തിന്റെ സാമൂഹ്യബോധത്തിലും സാഹിത്യാവബോധത്തിലും ആ കൃതികൾ നിർണായകമായ മുദ്ര പതിപ്പിച്ചു.
പതിനാലാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയിലാണ് ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം വലിയ ഒരു സാമൂഹ്യ– -സാംസ്കാരിക മുന്നേറ്റമായി ഉയർന്നുവന്നത്. വിഷ്ണുവിന്റെ അവതാരങ്ങളായി കരുതപ്പെട്ട ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നിവരോടുള്ള ഭക്തിയാണ് ഈ പ്രസ്ഥാനത്തിന്റെ ആധാരശില. ഭക്തിപ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹ്യ അടിസ്ഥാനത്തെക്കുറിച്ച് കെ ദാമോദരൻ എഴുതി: “അത് വെറുമൊരു മതപ്രസ്ഥാനമായിരുന്നില്ല.
വൈഷ്ണവസിദ്ധാന്തങ്ങൾ ആത്യന്തിക വിശകലനത്തിൽ ആ കാലഘട്ടത്തിന്റെ സാമൂഹ്യ–-സാമ്പത്തിക യാഥാർഥ്യങ്ങളുടെ ആത്മീയ പ്രകടനങ്ങളായിരുന്നു. എന്നാൽ, സാംസ്കാരികരംഗത്ത് അതൊരു ദേശീയ നവോത്ഥാനത്തെയാണ് പ്രതിഫലിപ്പിച്ചത്. സാമൂഹ്യമായ ഉള്ളടക്കമാകട്ടെ, ജാതിമേധാവിത്വത്തിനും ജാതിവ്യവസ്ഥയുടെ അനീതികൾക്കും എതിരായ കലാപത്തെയാണ് പ്രതിനിധാനം ചെയ്തത്. ഇത് ഇന്ത്യയിൽ വിവിധ ദേശീയ ജനവിഭാഗങ്ങളുടെ വളർച്ചയ്ക്കും ദേശീയ ഭാഷകളുടെയും ദേശീയസാഹിത്യങ്ങളുടെയും വികാസത്തിനും ഒരു പുതിയ ഉത്തേജനം നൽകി.” ഉയർന്ന ജാതിയിൽ ജനിച്ചവരായാലും താണജാതിയിൽ ജനിച്ചവരായാലും ശരി, ദൈവത്തിന്റെ മുന്നിൽ എല്ലാ മനുഷ്യരും സമന്മാരാണെന്ന സമീപനമായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ കാതൽ. ഭക്തജനങ്ങളുടെ ഒത്തുചേരലും നാമസങ്കീർത്തനവും പുരാണപാരായണവും ഒക്കെ ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോഗരീതികളായിരുന്നു. സമൂഹത്തിന്റെ വരേണ്യതയിലായിരുന്നില്ല ജനകീയതയിലായിരുന്നു അത് കേന്ദ്രീകരിച്ചിരുന്നത്.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് അതിവേഗംതന്നെ കേരളത്തിലെ സാക്ഷരസമൂഹത്തിൽ പ്രചരിച്ചു. ഭക്തരുടെ ഒത്തുകൂടലുകളിൽ അനുഷ്ഠാനപരമായ പാരായണത്തിലൂടെ നിരക്ഷരരിലേക്കും അത് സംക്രമിച്ചെത്തി. ചില ഭാഗങ്ങളിൽ സംസ്കൃതത്തിന്റെ അതിപ്രസരമുണ്ടെങ്കിലും കൃതിയുടെ കാവ്യാത്മകതയും പാരായണക്ഷമതയും എടുത്തുപറയേണ്ടതാണ്. കഠിനമായ ജീവിതസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ വികാരഭേദങ്ങൾ അതിൽ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. ഉന്നതമായ മാനുഷികമൂല്യങ്ങൾ പ്രകടമാകുന്ന ജീവിതമുഹൂർത്തങ്ങളും ദാർശനികചിന്തകളും അതിലുണ്ട്. എല്ലാത്തിനുമുപരി ഭക്തിനിർഭരമായ ഈശ്വരസ്തുതികളും വർണനകളും ലോകോക്തികളും വായനക്കാരെയും കേൾവിക്കാരെയും ആകർഷിച്ചു. ക്രമേണ അവർണവിഭാഗങ്ങളുൾപ്പെടെയുള്ള ഹൈന്ദവരിലെ സാക്ഷരരായ സാമാന്യജനങ്ങളുടെ ജീവിതസന്ദർഭങ്ങളിലേക്ക് രാമായണം കിളിപ്പാട്ട് ഇറങ്ങിച്ചെന്നു. അവരുടെ അടിച്ചമർത്തപ്പെട്ട ജീവിതത്തിൽ വലിയൊരളവോളം അതൊരു മോചനമാർഗമായിരുന്നു.
അദ്ധ്യാത്മരാമായണത്തിന്റെ പ്രചാരം കൂടുതൽ വിപുലമായിത്തീർന്നത് അച്ചടിവിദ്യയും പുസ്തകനിർമാണവും വ്യാപകമായതോടെയാണ്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെയും എഴുത്തോലയിലുള്ള പകർപ്പുകളാണ് ആദ്യകാലത്തുണ്ടായിരുന്നത്. പനയോലയിൽ പകർത്തിയെടുത്ത ഗ്രന്ഥങ്ങളിലൂടെയാണ് അവ പ്രചാരമാർജിച്ചത്. താളിയോലഗ്രന്ഥങ്ങൾ പകർത്തിയെഴുതിക്കാൻ സാമ്പത്തികശേഷിയുള്ളവർക്കേ കഴിയുമായിരുന്നുള്ളൂ. എങ്കിലും പാരായണസന്ദർഭങ്ങളിൽ കേട്ടുപഠിച്ചും മറ്റും അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സാമാന്യജനങ്ങൾക്കിടയിൽ പ്രചാരമാർജിച്ചു. അത് മനുഷ്യരുടെ ജീവിതസന്ദർഭങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനപരമായ മൂല്യം കൈവരിച്ചു.
സന്ധ്യാവേളയിലെ നാമകീർത്തനം കഴിഞ്ഞാൽ രാത്രിയിൽ രാമായണവായന ബ്രാഹ്മണരല്ലാത്ത സാക്ഷരവിഭാഗങ്ങൾക്കിടയിൽ അനുഷ്ഠാനംപോലെയായിത്തീർന്നു. ബ്രാഹ്മണഗൃഹങ്ങളിൽ സ്ത്രീകൾക്ക് വായിക്കാനുള്ള കൃതികളുടെ കൂട്ടത്തിലായിരുന്നു എഴുത്തച്ഛന്റെ കിളിപ്പാട്ടുകളെ പരിഗണിച്ചിരുന്നത്. സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ നോവലിൽ (1891) നായികയായ പാറുക്കുട്ടി എന്നും രാത്രിയിൽ രാമായണം വായിക്കുന്നതിനെപ്പറ്റി പരാമർശമുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മലയാളത്തിലും കടലാസിൽ അച്ചടിച്ച പുസ്തകങ്ങൾ പ്രചരിച്ചു തുടങ്ങി. വാണിജ്യലക്ഷ്യത്തോടെ മലയാളപുസ്തകങ്ങൾ അച്ചടിച്ചു തുടങ്ങിയപ്പോൾ അതിന്റെ ആദ്യഘട്ടത്തിൽത്തന്നെ പ്രസാധകർ എഴുത്തച്ഛന്റെ കൃതികളും ഉൾപ്പെടുത്തിയിരുന്നു. 1869ൽ കോഴിക്കോട്ടും 1878ൽ കൊച്ചിയിലും അച്ചടിച്ച തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണങ്ങൾ ലണ്ടനിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയിൽ ഉള്ളതായി മലയാളഗ്രന്ഥസൂചിയിൽ പറയുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എസ് ടി റെഢ്യാർ, മനോമോഹനം, ശ്രീരാമവിലാസം തുടങ്ങിയ പ്രസാധകർ പ്രസിദ്ധീകരിച്ച പതിപ്പുകളിലൂടെയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കുറഞ്ഞ വിലയ്ക്ക് സാമാന്യജനങ്ങൾക്ക് ലഭിച്ചുതുടങ്ങിയത്. ഉത്സവപ്പറമ്പുകളിലും ചന്തസ്ഥലങ്ങളിലുമൊക്കെ പുസ്തകങ്ങൾ വാണിജ്യവസ്തുവായി എത്തിയപ്പോൾ അക്കൂട്ടത്തിൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് പ്രമുഖസ്ഥാനം ലഭിച്ചു. ഇന്നും ആ രീതിയിലുള്ള വിപണനസാധ്യത രാമായണത്തിന്റെ പ്രചാരത്തെ ഉത്തേജിപ്പിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെയെല്ലാം സ്ഥിരമായി നല്ല വിൽപ്പനയുള്ള കൃതികളിൽ ഒന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ടാണ്. ഉത്തരേന്ത്യയിൽ ഗീതാ പ്രസ് എപ്രകാരം തുളസീദാസ രാമായണത്തിന്റെ പ്രചാരത്തിന് വഴിയൊരുക്കി എന്നതിനെക്കുറിച്ച് പഠനങ്ങൾ വന്നിട്ടുണ്ട്.
ആധുനികതയുടെ ഘട്ടത്തിൽ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് നേടിയ പ്രചാരം ഭക്തികൊണ്ടുമാത്രം സംഭവിച്ചതല്ല. അതിന്റെ സാഹിത്യപരവും ആദ്ധ്യാത്മികവുമായ മാനങ്ങളെ വ്യാപകമാക്കിയതിൽ സാംസ്കാരിക രാഷ്ട്രീയത്തിന്റെയും സംസ്കാരവ്യവസായത്തിന്റെയും ശക്തികളും സഹായിച്ചുകൊണ്ടിരിക്കുന്നു.














