Deshabhimani

ദക്ഷിണ റെയില്‍വേയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസ് തുടങ്ങി; യാത്രാസമയം 16 മണിക്കൂര്‍

vande bharat
വെബ് ഡെസ്ക്

Published on Nov 01, 2026, 05:51 PM | 1 min read

ന്യൂഡൽഹി : ദക്ഷിണ റെയില്‍വേയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു. ബംഗളൂരു-മുംബൈ റൂട്ടിലോടുന്ന ട്രെയിൻ ഞായറാഴ്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബം​ഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തു.


നവംബർ രണ്ടിന് മുംബൈയിൽ നിന്നും മൂന്നിന് ബംഗളൂരുവിൽ നിന്നും പ്രതിദിന സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് ഉണ്ടാവുക. ബം​ഗളൂരുവിൽ നിന്ന് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുക. മടക്കയാത്രയിൽ മുംബൈയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലാണ് സർവീസ്.


ബെംഗളൂരുവിലെ എസ്എംവിടി സ്റ്റേഷനിൽ നിന്ന് രാത്രി 7.45 ന് പുറപ്പെടുന്ന വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് അടുത്ത ദിവസം രാവിലെ 11. 55 ന് മുംബൈ സിഎസ്എംടിയിൽ എത്തിച്ചേരും. മുംബൈ സിഎസ്എംടി–ബെംഗളൂരു എസ്എംവിടി വന്ദേഭാരത് രാത്രി 8.10നു മുംബൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് ബംഗളൂരുവിലെത്തും. ഉദ്ഘാടന ദിവസമായ ഇന്ന് സർവീസ് നടത്തുന്ന സ്ലീപ്പർ ട്രെയിൻ തിങ്കളാഴ്ച രാവിലെ 6.15 ന് മുംബൈയിലെത്തും.


അനന്ത്പുർ, ഗുണ്ടക്കൽ, റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നീ എട്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കും. വന്ദേഭാരതിന്റെ താൽക്കാലിക സമയപ്പട്ടികയും ടിക്കറ്റ് നിരക്കും പുറത്തുവന്നിട്ടുണ്ട്. 1118 കിലോമീറ്റർ ദൂരം 16 മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് പിന്നിടുന്നത്. 27651 / 27652 എന്നീ ട്രെയിൻ നമ്പറുകളിലാണ് സർവീസ് നടത്തുക.


തേർഡ് എസിക്ക് 2,810 രൂപ, സെക്കൻഡ് എസിക്ക് 3,630 രൂപ, ഫസ്റ്റ് എസിക്ക് 4,450 എന്നിങ്ങനെയാണ് ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ. 16 കോച്ചുകളുള്ള ട്രെയിനിൽ 11 തേഡ് എസി, 2 സെക്കൻഡ് എസി, 1 ഫസ്റ്റ് എസി എന്നിവയിലായി 823 ബെർത്തുകളുണ്ട്. ബം​ഗളൂരുവിനും മുംബൈക്കുമിടയിൽ രാത്രി യാത്ര ചെയ്യുന്നവർക്ക് പുതിയ സർവീസ് കൂടുതൽ ​ഗുണപ്രദമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home