വോട്ട് മോഷണം രാജ്യദ്രോഹം; ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട് ജയിലില്‍ പോകുമെന്നും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യ മുന്നണിയുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മധ്യപ്രദേശ്, ഹരിയാണ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഇവിഎമ്മുകൾ വഴിയും വോട്ടർ പട്ടികയിൽ തിരിമറി നടത്തിയും വോട്ടുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ട് മോഷണം രാജ്യദ്രോഹമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇത് സാധാരണ വോട്ട് മോഷണമല്ല, ഇന്ത്യയുടെ ഓരോ ശബ്ദത്തിന്റെയും മോഷണമാണ്. രാജ്യദ്രോഹമാണിത്. ഗ്യാനേഷ് കുമാര്‍ ഇല്ലായിരുന്നെങ്കില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തര മന്ത്രിയോ ആകില്ലായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ വഴിയും വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയും വോട്ടുകള്‍ കവര്‍ന്നു. തെരഞ്ഞെടുപ്പിന് ശേഷം 15 ശതമാനം വോട്ടര്‍മാരെ ഒഴിവാക്കി. ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ 3 ശതമാനത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ആർഎസ്എസ് കൈയടക്കിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.









0 comments