വിപണിയിൽ കുതിപ്പുമായി മാരുതി സുസുക്കി; ഒക്ടോബർ വിൽപ്പനയിൽ 25 ശതമാനം വളർച്ച

Photo: Unplash
ന്യൂഡൽഹി : ഒക്ടോബറിലെ വിൽപ്പനയിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആകെ 2.76 ലക്ഷം വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കയറ്റുമതിയിലുണ്ടായ വൻ വർധനയും ആഭ്യന്തര വിപണിയിലെ മികച്ച ഡിമാൻഡുമാണ് വളർച്ചയ്ക്ക് കരുത്തായത്.
കയറ്റുമതി 59 ശതമാനം വർധിച്ച് 49,872 യൂണിറ്റായി. ആഭ്യന്തര വിൽപ്പന 19.3 ശതമാനം ഉയർന്ന് 2.26 ലക്ഷം യൂണിറ്റിലെത്തി. പാസഞ്ചർ വാഹന വിൽപ്പനയിൽ 18 ശതമാനം വളർച്ചയോടെ 1.01 ലക്ഷം യൂണിറ്റുകളാണ് വിറ്റത്.
യൂട്ടിലിറ്റി വാഹന വിഭാഗത്തിലാണ് ശ്രദ്ധേയമായ വളർച്ച. ഈ വിഭാഗത്തിലെ വിൽപ്പന 26 ശതമാനം ഉയർന്ന് 97,787 യൂണിറ്റിലെത്തി. എസ്‌യുവികളോടും മറ്റ് യൂട്ടിലിറ്റി വാഹനങ്ങളോടുമുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിക്കുന്നതിന്റെ സൂചനയായാണ് ഈ വളർച്ച വിലയിരുത്തപ്പെടുന്നത്.
ലൈറ്റ് കൊമേഴ്സ്യൽ വാഹന വിൽപ്പന ഒരു ശതമാനം വർധിച്ച് 4,405 യൂണിറ്റായി. പ്രധാന വാഹന വിഭാഗങ്ങളിലെല്ലാം വളർച്ച രേഖപ്പെടുത്തിയെങ്കിലും കയറ്റുമതിയിലാണ് ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്. ഇന്ത്യൻ വിപണിയിൽ എസ്‌യുവി വിഭാഗത്തിൽ മത്സരം ശക്തമാകുന്നതിനിടെ യൂട്ടിലിറ്റി വാഹന വിൽപ്പനയും വിദേശ വിപണികളിലെ സാന്നിധ്യവും കൂടുതൽ ശക്തിപ്പെടുത്താനാണ് മാരുതി സുസുക്കിയുടെ നീക്കം.









0 comments