ചോദ്യം നിരുപദ്രവകരമാണെങ്കിലും ചില വിവരങ്ങൾ നൽകില്ല; കൗമാരക്കാർക്ക് ചാറ്റ്ജിപിടിയിൽ നിയന്ത്രണം

ന്യൂഡൽഹി: ചോദ്യം ചോദിക്കുന്നതിൽ തെറ്റായ ഉദ്ദേശ്യമില്ലെങ്കിലും ചില വിവരങ്ങൾക്ക് ഇനി ചാറ്റ്ജിപിടിയിൽനിന്ന് മറുപടി ലഭിക്കില്ല. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ആയുധങ്ങളെയും സുരക്ഷാസംവിധാനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിലാണ് ഓപ്പൺഎഐ നിയന്ത്രണം കടുപ്പിക്കുന്നത്. ചോദ്യത്തിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന സൂചനകളൊന്നുമില്ലെങ്കിലും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള പ്രായോഗിക വിവരങ്ങൾ നൽകില്ല. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാനും നിർമിതബുദ്ധിയുടെ സഹായത്തോടെ അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നത് തടയാനുമാണ് പുതിയ നടപടി.
ഒക്ടോബർ 30ന് പുറത്തിറക്കിയ സുരക്ഷാ റിപ്പോർട്ടിലാണ് ഓപ്പൺഎഐ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ആയുധങ്ങൾ കണ്ടെത്തുന്നതിനും സ്വന്തമാക്കുന്നതിനും അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നതിന് നേരത്തേ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ വ്യക്തമായ അക്രമോദ്ദേശ്യമില്ലാത്ത ചോദ്യങ്ങൾക്കും നിയന്ത്രണം ബാധകമാക്കുന്നതാണ് പുതിയ മാറ്റം. ആയുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രായോഗിക വിവരങ്ങളും സുരക്ഷാസംവിധാനങ്ങളെ മറികടക്കാൻ ദുരുപയോഗം ചെയ്യാവുന്ന വിശദാംശങ്ങളും ഇതിൽ ഉൾപ്പെടും.
കൗമാരക്കാർക്കു മാത്രമല്ല, എല്ലാ ഉപയോക്താക്കൾക്കും ബാധകമായ ചില മാറ്റങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടക്കൊലകൾ ഉൾപ്പെടെയുള്ള മുൻകാല അക്രമസംഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ, അവ ലഭ്യമാക്കിയ രീതികൾ, ആക്രമണം നടത്തിയതിന്റെ വിശദമായ പുനരാവിഷ്കരണം തുടങ്ങിയ വിവരങ്ങൾ നിയന്ത്രിക്കും. ചരിത്രസംഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിനോ ഇരകളുടെയും സമൂഹത്തിന്റെയും അനുഭവങ്ങൾ മനസ്സിലാക്കുന്നതിനോ തടസ്സമുണ്ടാകില്ല. എന്നാൽ മുൻകാല ആക്രമണങ്ങളുടെ വിശദാംശങ്ങൾ മറ്റൊരു അക്രമത്തിന് സഹായകമാകുന്ന വിധത്തിൽ ലഭ്യമാക്കില്ല.
അക്രമത്തെക്കുറിച്ച് ഒരാൾ ആവർത്തിച്ച് സംസാരിക്കുകയും മറ്റുള്ളവരെ ഗുരുതരമായി ഉപദ്രവിക്കുന്നതിൽ അസാധാരണമായ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്താൽ സംഭാഷണം സ്വമേധയാ അവസാനിപ്പിക്കാനുള്ള സംവിധാനവും നടപ്പാക്കും. ഇത്തരത്തിൽ ഒന്നിലധികം സംഭാഷണങ്ങൾ അവസാനിപ്പിക്കേണ്ടിവന്നാൽ ഉപയോക്താവിന്റെ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാനും കമ്പനിക്ക് കഴിയും. ഒരു ചോദ്യം മാത്രം പരിശോധിക്കുന്നതിനുപകരം മുൻ സംഭാഷണങ്ങളിലെ അപകടസൂചനകളും പരിഗണിച്ചായിരിക്കും പ്രതികരണം.
പ്രായം തിരിച്ചറിയാനുള്ള സംവിധാനവും ഓപ്പൺഎഐ ശക്തിപ്പെടുത്തുകയാണ്. ഉപയോക്താവിന്റെ പ്രവർത്തനരീതിയും മറ്റ് സൂചനകളും പരിശോധിച്ച് 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണ്ടെത്തിയാൽ കൗമാരക്കാർക്കായുള്ള സുരക്ഷാക്രമീകരണങ്ങളിലേക്ക് മാറ്റും. പ്രായപൂർത്തിയായ ഒരാളെ തെറ്റായി കൗമാരക്കാരനായി തിരിച്ചറിഞ്ഞാൽ തിരിച്ചറിയൽ പരിശോധനയിലൂടെ നിയന്ത്രണങ്ങൾ നീക്കാനുള്ള സൗകര്യവുമുണ്ടാകും.
കുട്ടികളുടെ അക്കൗണ്ടുകളുമായി രക്ഷിതാക്കളുടെ അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്ന സംവിധാനത്തിലും മാറ്റം വരും. അക്രമവുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് കൗമാരക്കാരന്റെ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചാൽ രക്ഷിതാക്കളെ അറിയിക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. ഗുരുതരമായ സ്വയം ഉപദ്രവ സാധ്യതകളുമായി ബന്ധപ്പെട്ട സുരക്ഷാ അറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനം നേരത്തേ തന്നെ നിലവിലുണ്ട്. എന്നാൽ രക്ഷിതാക്കൾക്ക് കുട്ടികളുടെ മുഴുവൻ സംഭാഷണങ്ങളും വായിക്കാനുള്ള അനുമതി ഇതിലൂടെ ലഭിക്കില്ല.
ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള നിർമിതബുദ്ധി സംവിധാനങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും എങ്ങനെ ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് നടപടി. കൗമാരക്കാർക്കായി ഓപ്പൺഎഐ ഏർപ്പെടുത്തിയ സുരക്ഷാസംവിധാനങ്ങൾ പല സാഹചര്യങ്ങളിലും പര്യാപ്തമല്ലെന്ന് കോമൺ സെൻസ് മീഡിയയുടെ ഒക്ടോബറിലെ പഠനം കണ്ടെത്തിയിരുന്നു. ആത്മഹത്യ, സ്വയം ഉപദ്രവം, ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ രക്ഷിതാക്കൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നതായിരുന്നു പ്രധാന കണ്ടെത്തൽ.
പുതിയ നിയന്ത്രണങ്ങൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നാണ് ഓപ്പൺഎഐ അറിയിച്ചത്. പഠനം, വിവരശേഖരണം, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കൗമാരക്കാർക്ക് ചാറ്റ്ജിപിടി തുടർന്നും ഉപയോഗിക്കാം. എന്നാൽ അക്രമത്തിന് സഹായകമാകാവുന്ന വിവരങ്ങൾക്ക് നിയന്ത്രണം കൂടുതൽ കർശനമാകും.









0 comments