Deshabhimani

മഞ്ഞുവീഴ്ച; നേപ്പാളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ കുടുങ്ങി

nepal snowfall ai image

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 01, 2026, 06:04 PM | 1 min read

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഞ്ഞുവീഴ്ചയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ കുടുങ്ങി. ഷേ-ഫോക്സുണ്ടോ ദേശീയോദ്യാന മേഖലയിലാണ് രണ്ട് സ്ത്രീകളടക്കം ആറ് ഇന്ത്യൻ വിനോദസഞ്ചാരികൾ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചമുതൽ ഇവർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


കാഠ്മണ്ഡുവിൽനിന്ന് ഏകദേശം 300 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഷേ-ഫോക്സുണ്ടോയിലെ ധോ മേഖലയിലാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. സമുദ്രനിരപ്പിൽനിന്ന് 3,600 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഫോക്സുണ്ടോ തടാകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.


കനത്ത മഞ്ഞുവീഴ്ചയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന നേപ്പാളി ഗൈഡും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വിനോദസഞ്ചാരികൾ യാത്ര തുടരുകയായിരുന്നുവെന്ന് ഡോൾപ ജില്ലാ ചീഫ് ഓഫീസർ ജുനു ധക്കൽ പറഞ്ഞു. ഗൈഡിനെ ഒഴിവാക്കി തടാകത്തിലേക്ക് പോയ ഇവരുമായുള്ള ആശയവിനിമയം ശനിയാഴ്ച രാത്രിയോടെ തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെയോടെ ബന്ധം പൂർണമായും നഷ്ടമായി.


വിനോദസഞ്ചാരികൾ കുടുങ്ങിയ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്റർ എത്തിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെത്തുടർന്ന് ദൗത്യം വൈകി. പകരം ഹെലികോപ്റ്റർ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദൗത്യത്തിന് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡോൾപ ജില്ലാ ഭരണകൂടം അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home