ജെൻസി മുന്നേറ്റങ്ങൾക്ക് പിന്നാലെ എൻ-20 വരുന്നു; നവംബര്‍ 20 ന് അന്താരാഷ്ട്ര യുവജന പണിമുടക്ക്

പാരീസ്: യുദ്ധങ്ങൾക്കും സൈനികവൽക്കരണത്തിനും മുതലാളിത്ത ചൂഷണങ്ങൾക്കും എതിരെ ലോക വ്യാപകമായി യുവജനത ഉണരുന്നു. ഫ്രാൻസിൽ നടക്കുന്ന യുവജന പ്രക്ഷോഭങ്ങൾ പിന്നാലെ 11 രാജ്യങ്ങളിൽ നിന്നുള്ള 27 യുവജന സംഘടനകൾ ഒന്നു ചേര്‍ന്നു. നവംബര്‍ 20 ന് നടക്കുന്ന അന്താരാഷ്ട്ര യുവജന പണിമുടക്ക് -(International Youth Strike - N20- വിജയിപ്പിക്കാൻ തീരുമാനിച്ചു. ഫ്രാൻസിലെ സോഷ്യലിസ്റ്റ് സ്റ്റുഡൻസ് പ്രതിനിധി സംഘം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ആഗോളതലത്തിൽ പണിമുടക്ക് വൻ വിജയമാക്കുവാൻ തീരുമാനിച്ചു.
ജൂൺ 14 ന് ജര്‍മനിയിലെ കോളോണിൽ ചേര്‍ന്ന യോഗത്തിലാണ് നവംബറിൽ അന്താരാഷ്ട്ര യുവജന പണിമുടക്ക് എന്ന ആശയത്തിന് രൂപം നൽകിയത്. "ഞങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് പോരാട്ടം, അവരുടെ യുദ്ധങ്ങൾക്കായല്ല" ('Fight for our future, not their wars') എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. യുദ്ധത്തിനും സൈനികവൽക്കരണത്തിനും എതിരെ അന്താരാഷ്ട്ര തലത്തിൽ യോജിച്ച പോരാട്ടം ലക്ഷമാക്കി. യൂറോപ്യൻ വ്യാപ്തിയുള്ള യുവജന വിദ്യാര്‍ഥി യുദ്ധവിരുദ്ധ സംഘടനകളുടെ ശൃംഖലവഴിയാണ് തുടക്കം. ഇതിന്റെ രണ്ടാമത്തെ യോഗമാണ് പാരീസിൽ വൻ പങ്കാളിത്തത്തോടെ സമര വിജയത്തിനായി ഐക്യപ്പെട്ടത്.
യുദ്ധങ്ങൾ സൃഷ്ടിച്ചും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടിയും വിദ്യാഭ്യാസത്തെയും ജീവിതനിലവാരത്തെയും തകർക്കുന്നതിന് എതിരായ അമര്‍ഷം പ്രകടമാക്കി. യുവാക്കളുടെ ഭാവി ഇല്ലാതാക്കുന്ന മുതലാളിത്ത വ്യവസ്ഥിതിക്ക് എതിരായ പോരാട്ടവുമായി യുദ്ധവിരുദ്ധ പ്രക്ഷോഭത്തെ ബന്ധിപ്പിക്കണമെന്ന ആശയം മുന്നോട്ട് വെച്ചു. ഇതിന്റെ ഭാഗമായാണ് "ഞങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് പോരാട്ടം, അവരുടെ യുദ്ധങ്ങൾക്കായല്ല" എന്ന മുദ്രാവാക്യം രൂപപ്പെടുത്തുന്നത്.
പങ്കാളിത്തം കൂടുന്നു
ആഗോള സഹകരണം വർധിക്കുന്നു
കോളോൺ യോഗത്തെ അപേക്ഷിച്ച് പാരീസ് യോഗത്തിൽ പങ്കെടുത്ത സംഘടനകളുടെ എണ്ണം ഇരട്ടിയിലധികമായി. പതിനായിരക്കണക്കിന് യുവജനങ്ങൾ ഐക്യപ്പെടുമെന്ന പ്രഖ്യാപനത്തിൽ നിന്നും ലക്ഷങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭം എന്ന നിലയിലേക്ക് നേതൃത്വം ആത്മവിശ്വാസത്തിലാണ്. N20 പണിമുടക്ക് ഇതോടെ ആഗോള തലത്തിൽ സ്വീകാര്യത നേടി വളരുകയാണ്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് ജർമ്മനിയിൽ നിർബന്ധിത സൈനിക സേവന ഭീഷണിക്കെതിരെ തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭം ഇന്ന് ഫ്രാൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ചിട്ടുണ്ട്.യൂറോപ്പിന് പുറമെ അൽബേനിയ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ യുവജന സംഘടനകളും നവംബർ 20-ലെ പണിമുടക്കിന് പിന്തുണയറിയിച്ച് ശൃംഖലയുമായി ബന്ധപ്പെട്ടിട്ടുണ്ട്.ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാരീസിൽ നടന്ന കൂറ്റൻ പ്രകടനത്തിൽ അസാധാരണമായ പങ്കാളിത്തം പ്രകടമായി.
"ഞങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് പോരാട്ടം, അവരുടെ യുദ്ധങ്ങൾക്കായല്ല" എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രക്ഷോഭം.
മുദ്രാവാക്യവും ആശയങ്ങളും
വിവിധ രാജ്യങ്ങളിൽ ഉയർന്നുവരുന്ന പ്രാദേശിക വിഷയങ്ങളിലെ വ്യത്യാസങ്ങൾ കണക്കിലെടുത്ത്, പണിമുടക്കിന്റെ പ്രധാന ലക്ഷ്യം യുദ്ധവിരുദ്ധ പ്രക്ഷോഭമായി മാത്രം നിലനിർത്തണോ എന്നതിൽ പാരീസ് യോഗത്തിൽ സംവാദങ്ങൾ ഉയര്‍ന്നു. ഒടുവിൽ, യൂറോപ്പിലുടനീളം 'Fight for our future, not their wars' എന്നത് തന്നെ പ്രധാന മുദ്രാവാക്യമായി തുടരുമെന്ന് തീരുമാനിച്ചു. എന്നാൽ ഓരോ രാജ്യത്തെയും സംഘടനകൾക്ക് അവിടുത്തെ യുവാക്കളെ കൂടുതൽ അണിനിരത്താൻ പാകത്തിൽ ഈ മുദ്രാവാക്യം പ്രാദേശിക വിഷയങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാമെന്നും സമവായത്തിലെത്തി. 'ഭാവിക്ക് വേണ്ടിയുള്ള പോരാട്ടം' എന്നതിനാണ് ഊന്നൽ നൽകുന്നത്. സ്വന്തം രാജ്യങ്ങളിലെ മുതലാളിത്ത സര്‍ക്കാരുകൾക്കെതിരെ സമരം നയിക്കാൻ യുവാക്കളെ പ്രാപ്തരാക്കുവാൻ തീരുമാനിച്ചു.
2027 ഫെബ്രുവരി കോൺഫറൻസും
ജി20 പ്രതിഷേധവും
N20 പണിമുടക്കിന്റെ അനുഭവങ്ങൾ വിലയിരുത്തുന്നതിനും മുതലാളിത്തത്തിനെതിരായ അന്താരാഷ്ട്ര യുവജന പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടം ആസൂത്രണം ചെയ്യുന്നതിനുമായി അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ഇറ്റലിയിൽ വിപുലമായ ആഗോള കോൺഫറൻസ് തീരുമാനിച്ചിട്ടുണ്ട്. പങ്കാളിത്ത സംഘടനകളിലെ സാധാരണ പ്രവര്‍ത്തകർക്കും ഒത്തു ചേരാവുന്ന വിധമാണ് ഇതിന്റെ ഘടന ചര്‍ച്ച ചെയ്തിരിക്കുന്നത്.
അടുത്തവര്‍ഷം നവംബർ 27-28 തീയതികളിൽ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ യുവജനങ്ങളെ അണിനിരത്തി മഹാ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നിർദ്ദേശവും ഉണ്ട്. ലാഭാധിഷ്ഠിതമായ സമൂഹ ക്രമത്തിന് പകരം ആവശ്യങ്ങളിൽ അധിഷ്ഠിതമായ പുതിയ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനായി 'അന്താരാഷ്ട്ര സോഷ്യലിസ്റ്റ് യുവജന ശൃംഖല' എന്ന ആശയമാണ് സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് മുന്നോട്ടു വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശയ പദ്ധതികളും പ്രക്ഷോഭ തുടര്‍ച്ചയും പ്രഖ്യാപിച്ചത്.









0 comments