ജനാധിപത്യം പഠിപ്പിക്കാൻ ഇറങ്ങുന്നവർ കരി ഓയിൽ ചരിത്രം മറക്കുന്നു; കെഎസ്‌യുവിന്റെ പഴയ സമരരീതികൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന എസ്എഫ്ഐക്കെതിരെ നുണപ്രചാരണങ്ങളും ആക്ഷേപങ്ങളും ഉയർത്തുന്നവര്‍ക്ക് മറുപടിയായി കെഎസ്‌യുവിന്റെ പഴയ കരി ഓയിൽ പ്രതിഷേധം ഓർമിപ്പിച്ച് സോഷ്യല്‍ മീഡിയ. എസ്‌എഫ്‌ഐ സമരങ്ങളെ 'അപരിഷ്കൃതം' എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിക്കുന്നവർ, ഉദ്യോഗസ്ഥരെ മർദിച്ചും മുഖ്യമന്ത്രിയെ ആക്രമിക്കാൻ തുനിഞ്ഞും മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ചും, കോൺഗ്രസ് പ്രവർത്തകർ തീർത്ത അക്രമ പരമ്പര ബോധപൂർവം മറച്ചുപിടിക്കുകയാണെന്നാണ് വിമർശനം.
ഹയർ സെക്കൻഡറി ഫീസ് വർധനയ്ക്കെതിരെ 2013 ഫെബ്രുവരി 5-ന് നടന്ന സമരത്തിനിടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ഓഫീസിലെത്തി കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമമാണ് പശ്ചാത്തലം. ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥന്റെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സംഭവത്തിൽ എട്ട് പ്രവർത്തകർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
കേശവേന്ദ്രകുമാറിന്റെ ദേഹത്തും മുഖത്തും കരിഓയിൽ പുരണ്ടുനിൽക്കുന്ന പഴയ ചിത്രത്തിനൊപ്പം 'ജനാധിപത്യപരമായ പ്രതിഷേധം' എന്ന പരിഹാസക്കുറിപ്പ് ചേർത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എസ്‌എഫ്‌ഐയുടെ പ്രതിഷേധങ്ങളെ അക്രമമായി ചിത്രീകരിക്കുന്നവർ കെഎസ്‌യുവിന്റെ ഇത്തരം കരി ഓയിൽ സമരങ്ങളെ ഏത് മാനദണ്ഡം വെച്ചാണ് വിലയിരുത്തുന്നത് എന്ന ചോദ്യവും അവർ ചോദിക്കുന്നു.
ഇത്തരത്തില്‍ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസിന്‍റെ പല സമരങ്ങളും കുത്തിപ്പൊക്കുന്നുണ്ട്. 2022ൽ വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെന്ന് പോലും നോക്കാതെ, പിണറായി വിജയനെ തടഞ്ഞ് പ്രതിഷേധിക്കുകയും അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്ത സംഭവം പോലും ജനാധിപത്യപരമായ പ്രതിഷേധമായാണ് കോൺഗ്രസ് നേതൃത്വം അവതരിപ്പിച്ചത്.
മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറി റീത്ത് വെച്ച് ശവസംസ്കാരത്തിന് സമാനമായ പ്രതിഷേധം നടത്തിയതും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. പിന്നാലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്തു.
കെഎസ്‌യു പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളും ഈ ചർച്ചയ്ക്ക് പശ്ചാത്തലമാകുന്നുണ്ട്. 2026 ഫെബ്രുവരിയിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രിൻസിപ്പലിന് നേരെ കെഎസ്‌യു പ്രവർത്തകർ കരിഓയിൽ ഒഴിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നിരുന്നു. അധ്യാപകരും വനിതാ പൊലീസുകാരും ഇടപെട്ടതിനിടെ അവരുടെ വസ്ത്രങ്ങളിലും ഓയിൽ വീണു. വിദ്യാർഥികൾക്കെതിരായ അച്ചടക്കനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
2026 ജൂലൈയിൽ വയനാട്ടിലെ കൽപ്പറ്റയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്ന പരാതിയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.









0 comments