കേന്ദ്രത്തിന്റെ ലക്ഷ്യം വ്യക്തം


പി ഡി ടി ആചാരി
Published on Aug 21, 2025, 10:45 PM | 3 min read
130–ാമത്തെ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ആഗസ്ത് 20ന് ലോക്‌സഭയിൽ അവതരിപ്പിക്കുകയുണ്ടായി. പ്രതിപക്ഷ കക്ഷികൾ എല്ലാംതന്നെ ഈ ബില്ലിന്റെ അവതരണത്തെ ശക്തിയായി എതിർത്തു. ബിൽ അവതരിപ്പിച്ചതിനുശേഷം ഇരുസഭകളുടെയും സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
ഈ ബിൽ അവിചാരിതവും അപ്രതീക്ഷിതവുമായിട്ടാണ് സഭയിൽ വരുന്നത്. സഭയിൽ ബില്ലുകൾ അവതരിപ്പിക്കുന്നതിന് ഒരു നടപടിക്രമമുണ്ട്. ചട്ടങ്ങളനുസരിച്ച് ബിൽ അവതരിപ്പിക്കുന്ന മന്ത്രി ഏഴു ദിവസംമുമ്പ് സ്പീക്കറെ രേഖാമൂലം അറിയിച്ചിരിക്കണം. അതുപോലെതന്നെ അംഗങ്ങൾക്ക് രണ്ടു ദിവസംമുമ്പ് ബില്ലിന്റെ കോപ്പികൾ നൽകേണ്ടതുമാണ്. എന്നാൽ, മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് ബിൽ അവതരിപ്പിക്കാനുള്ള അനുവാദം കൊടുക്കാൻ സ്പീക്കർക്ക് അധികാരവുമുണ്ട്. പക്ഷേ, പലപ്പോഴും കണ്ടുവരുന്നത് അപ്രധാനങ്ങളായ പല ബില്ലുകളും പെട്ടെന്ന് അവതരിപ്പിക്കുന്നതായിട്ടാണ്. ഈ ചട്ടങ്ങളൊക്കെ ഉണ്ടാക്കിയിരിക്കുന്നത് അംഗങ്ങൾക്ക് ബില്ലുകൾ വായിച്ചു പഠിക്കാനുള്ള സമയം നൽകേണ്ടതാവശ്യമാണ് എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ സ്പീക്കർ ഇളവ് നൽകാവൂ എന്നുള്ളതാണ് കീഴ്വഴക്കം. എന്നാൽ, ആ കീഴ്‌വഴക്കങ്ങൾക്ക് പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.
ഒരു മന്ത്രിക്ക് എതിരായി അല്ലെങ്കിൽ ഒരു മുഖ്യമന്ത്രിക്കെതിരായി അഞ്ചു വർഷമോ അതിലധികമോ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യം ആരോപിക്കുകയും, പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും അദ്ദേഹം 30 ദിവസം തുടർച്ചയായി ജയിലിൽ കിടക്കുകയും ചെയ്താൽ അത് മന്ത്രിയാണെങ്കിൽ 31–ാം ദിവസം മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടണമെന്നും മുഖ്യമന്ത്രിയാണെങ്കിൽ സ്വയം രാജിവച്ച് പോകണമെന്നുമാണ് വ്യവസ്ഥ
ഇനി ഈ ബില്ലിന്റെ ഉള്ളടക്കത്തിലേക്ക് നോക്കിയാൽ കുറ്റാരോപിതരായി ജയിലിലടയ്‌ക്കപ്പെട്ട മന്ത്രിമാർ തൽസ്ഥാനത്ത് എന്തിന് തുടരണമെന്ന് ഒരു സാധാരണ പൗരന്റെ മനസ്സിൽ തോന്നാം. അത് സ്വാഭാവികമാണ്. എന്നാൽ, കാര്യങ്ങൾ ആ തോന്നൽപോലെ സരളമല്ല. ഈ ബില്ലിലെ വ്യവസ്ഥകളനുസരിച്ച് ഒരു മന്ത്രിക്ക് എതിരായി അല്ലെങ്കിൽ ഒരു മുഖ്യമന്ത്രിക്കെതിരായി അഞ്ചു വർഷമോ അതിലധികമോ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യം ആരോപിക്കുകയും, പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും അദ്ദേഹം 30 ദിവസം തുടർച്ചയായി ജയിലിൽ കിടക്കുകയും ചെയ്താൽ അത് മന്ത്രിയാണെങ്കിൽ 31–ാം ദിവസം മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടണമെന്നും മുഖ്യമന്ത്രിയാണെങ്കിൽ സ്വയം രാജിവച്ച് പോകണമെന്നുമാണ് വ്യവസ്ഥ. പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും ഈ വ്യവസ്ഥ ബാധകമാണ്. 30 ദിവസം തുടർച്ചയായി ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ ജയിലിൽ കിടക്കേണ്ടി വരുന്നത് ഗൗരവതരമായ കുറ്റകൃത്യം ആരോപിക്കപ്പെടുന്നതുകൊണ്ടാണ്. അഴിമതി നിരോധന നിയമത്തിൽ കുറഞ്ഞ ശിക്ഷ മൂന്നുവർഷമാണെങ്കിലും ഏഴുവർഷംവരെ തടവ് ആകാമെന്നു പറയുന്നുണ്ട്. അതുപോലെതന്നെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) നിയമത്തിൽ ശിക്ഷ മൂന്നു വർഷം എന്നുള്ളത് ഏഴുവർഷംവരെ നീട്ടാമെന്നും പറയുന്നുണ്ട്. യുഎപിഎ (ഭീകരനിർമാർജന നിയമം) എന്ന നിയമത്തിലും ശിക്ഷ ഏറ്റവും കുറഞ്ഞത് അഞ്ചു വർഷവും ഏറ്റവും കൂടിയത് ജീവപര്യന്തവുമാണ്. അപ്പോൾ ഇവയിൽ ഏതെങ്കിലും ഒരു കുറ്റമാരോപിച്ച് കഴിഞ്ഞാൽ മന്ത്രിയായാലും മുഖ്യമന്ത്രിയായാലും ദീർഘകാലം ജയിലിൽ കഴിയേണ്ടിവരും. 30 ദിവസം കഴിഞ്ഞാൽ മന്ത്രിസ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെടുകയും ചെയ്യും.

നമ്മുടെ രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു മുഖ്യമന്ത്രിക്കെതിരായോ മന്ത്രിക്കെതിരായോ മേൽപ്പറഞ്ഞ ഗൗരവമേറിയ നിയമങ്ങളനുസരിച്ച് ആരോപണം ഉന്നയിക്കുകയും കേസ് കൊടുക്കുകയും ചെയ്താൽ അവർക്ക് ജയിലിൽ പോകേണ്ടി വരുമെന്നുള്ള കാര്യത്തിൽ സംശയമില്ല. അപ്പോൾ ഈ ഭരണഘടനാ ഭേദഗതിയുടെ ഇരകൾ തങ്ങൾ ആകുമെന്ന് പ്രതിപക്ഷകക്ഷികൾ ചിന്തിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഈ ഭേദഗതി തങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള ശക്തമായ ഒരു ആയുധമാകും എന്നുതന്നെ അവർ വിശ്വസിക്കുന്നു. മറിച്ച് ചിന്തിക്കാൻ തക്ക കാരണങ്ങൾ ഇല്ല.
ഇനി മറ്റൊരു കാര്യം. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ ആരോപണവിധേയരാകുകയും അവർക്കെതിരായി നിയമനടപടി ആരംഭിക്കുകയും ചെയ്താൽ അവരാരും രാജിവയ്‌ക്കേണ്ട കാര്യമില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷിക്കുമ്പോഴാണ് അവർ അയോഗ്യരാകുന്നതും സ്ഥാനം നഷ്ടപ്പെടുന്നതും. നിലവിലെ നിയമങ്ങൾ അവർക്ക് അങ്ങനെ ഒരു സൗജന്യം നൽകുന്നുണ്ട്. അതിന് കാരണമുണ്ട്. പൊതുപ്രവർത്തകർ പലവിധ ആരോപണങ്ങൾക്ക് സ്വാഭാവികമായി വിധേയരാകുന്ന ഒരു സ്ഥിതിവിശേഷം ലോകത്തിൽ എല്ലായിടത്തുമുണ്ട്. ഇവിടെ ഒരു പാർലമെന്റ് അംഗമോ നിയമസഭാംഗമോ കേസിൽ പ്രതിയായാൽ കോടതി ശിക്ഷിക്കുന്നതുവരെ തൽസ്ഥാനത്ത് തുടരാവുന്നതാണ്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് (1951 ) രണ്ടു വർഷമോ അതിലധികമോ ഉള്ള ശിക്ഷ ലഭിച്ചെങ്കിൽ മാത്രമേ അവർ അയോഗ്യരാകൂ. കാരണം, ആരോപണവിധേയനായതുകൊണ്ടുമാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ല. കോടതി ശിക്ഷിച്ചാൽ മാത്രമേ അതുണ്ടാകൂ. അതുപോലെ ഒരു മുഖ്യമന്ത്രി ആരോപണവിധേയനായതുകൊണ്ടുമാത്രം കുറ്റവാളിയാകുന്നില്ല. കോടതി ശിക്ഷിച്ചാൽമാത്രം എംപിമാരും എംഎൽഎമാരും സ്ഥാനം ഒഴിഞ്ഞാൽ മതി എന്നുള്ളതാണ് നിയമനിർമാതാക്കളുടെ സമീപനം. പൊതുപ്രവർത്തകരിൽ യഥാർഥ കുറ്റക്കാരുമുണ്ടാകും. പക്ഷേ, കേവലം ഒരു ആരോപണംകൊണ്ട് ഒരു വ്യവസ്ഥിതിയെ തകിടം മറിക്കാൻ പാടില്ല എന്നുള്ളതാണ് നിയമനിർമാതാക്കളുടെ സമീപനം. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭരണാധികാരികൾ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നാൽ അവർക്കെതിരെ ഉപയോഗിക്കാനും അവരുടെ സർക്കാരുകളെ തകിടം മറിക്കാനും ഒരു കേന്ദ്ര ഭരണകൂടത്തിന് സാധിക്കും എന്നുള്ളതാണ് ഭരണഘടനാഭേദഗതി ബില്ലിന്റെ അപകടം. ഈ അപകടങ്ങൾ ജനങ്ങൾക്ക് പകൽപോലെ വ്യക്തവുമാണ്.
(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)














