ad
Deshabhimani

Articles

പ്രതിരോധവും
അപരാധമോ

പ്രതിരോധവും
അപരാധമോ

Cuban flag and a photograph of former Cuban president Raul Castro afp photo.jpg

Photo by ADALBERTO ROQUE/ AFP

avatar
വി ബി പരമേശ്വരൻ

Published on May 24, 2026, 09:42 PM | 3 min read

"അടുത്തത് ക്യൂബയാ’ണെന്ന് മുന്നറിയിപ്പ് നൽകിയത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ്. അമേരിക്കയെ സംബന്ധിച്ച് എല്ലാ വഴികളും ഇപ്പോൾ ക്യൂബയിലേക്കാണ്. ഇറാനിൽ ഏറ്റുവാങ്ങേണ്ടി വന്ന പരാജയം ക്യൂബയെ തകർത്ത് പരിഹരിക്കാനാണ് ട്രംപിന്റെ ശ്രമം. 67 വർഷമായി തുടരുന്ന വിപ്ലവ ക്യൂബയെ അട്ടിമറിച്ച് ലോക കമ്യൂണിസ്റ്റ് ഇടതുപക്ഷ ശക്തികളെ കൂടുതൽ ക്ഷയിപ്പിക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീക്കം. 1962 മുതൽ തുടരുന്ന ഉപരോധം ശക്തമാക്കി. എണ്ണ ഉപരോധം കടുപ്പിച്ചതോടെ 20 മണിക്കൂറോളം വൈദ്യുതി മുടങ്ങി. സ്കൂളുകളും സർവകലാശാലകളും അടച്ചിട്ടു. ആശുപത്രികളുടെ പ്രവർത്തനം താറുമാറായി. നാലുമാസത്തിനകം ഒരു എണ്ണക്കപ്പൽ മാത്രമാണ് ക്യൂബൻ തീരത്തടുത്തത്. മാസത്തിൽ എട്ട്‌ കപ്പൽ എണ്ണയെങ്കിലും വന്നാലേ ക്യൂബൻ ആവശ്യത്തിന് തികയൂ. ചൈന 60,000 ടൺ അരി നൽകി, 800 ലക്ഷം ഡോളർ സഹായവും. സോളാർ പാനലുകളും നൽകുന്നുണ്ട്. പല രാജ്യങ്ങളും സോളാർ വിളക്കുകളും നൽകുന്നു.


​അമേരിക്കൻ പടക്കപ്പലായ യുഎസ്എസ് നിമിറ്റ്സ് കരീബിയൻ കടലിൽ എത്തിക്കഴിഞ്ഞു. ഒരുകോടി ജനസംഖ്യ മാത്രമുള്ള, സൈനികശേഷിയിൽ 90–ാം സ്ഥാനത്തിനടുത്ത്‌ നിൽക്കുന്ന, യുദ്ധക്കപ്പലോ മുങ്ങിക്കപ്പലോ ഇല്ലാത്ത ക്യൂബ, ലോകത്തിലെ ഏറ്റവും വലിയ സൈനിക-, സാമ്പത്തിക ശക്തിയായ അമേരിക്കയ്ക്ക് സുരക്ഷാഭീഷണി ഉയർത്തുന്നെന്ന് പറഞ്ഞാണ് ആക്രമണ നീക്കം. അമേരിക്കയിലെ ആക്സിയോസ് ന്യൂസ് വെബ്സൈറ്റ്, ആക്രമണത്തിന് ന്യായീകരണമായി പറയുന്നത് ക്യൂബ അടുത്തിടെ 300 സൈനിക ഡ്രോൺ കരസ്ഥമാക്കിയിട്ടുണ്ടെന്നും അത് അമേരിക്കയുടെ ഗ്വാണ്ടനാമ നാവികതാവളത്തിനുനേരെ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നുമാണ്. അമേരിക്കൻ കപ്പലുകളും ഫ്ളോറിഡയും ആക്രമിക്കപ്പെട്ടേക്കാമെന്നും ആക്സിയോസ്‌ അവകാശപ്പെടുന്നു. റഷ്യയിൽനിന്നും ചൈനയിൽനിന്നും ആയുധങ്ങൾ നേടിയെന്ന് മാത്രമല്ല, ക്യൂബയിൽ റഷ്യയുടെയും ചൈനയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ ക്യൂബ അമേരിക്കയ്ക്ക് സുരക്ഷാഭീഷണിയാണെന്നുമാണ് അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോയുടെ ഭാഷ്യം. ഇ‍ൗ ആഖ്യാനം ആരും വിശ്വസിക്കാൻ സാധ്യതയില്ല. അതിനാൽ ക്യൂബയെ ആക്രമിക്കാൻ 30 വർഷംമുമ്പുള്ള സംഭവം എടുത്തിട്ടിരിക്കുകയാണ് അമേരിക്ക.


​ക്യൂബയുടെ വ്യോമാതിർത്തി ലംഘിച്ച് പറന്ന മൂന്ന് സെസ്സാന 337 വിമാനങ്ങളിൽ രണ്ടെണ്ണം ക്യൂബൻ യുദ്ധവിമാനങ്ങൾ 1996 ഫെബ്രുവരി 24ന് തകർത്തു. ക്യൂബയിൽനിന്ന്‌ അമേരിക്കയിലേക്കെത്തുന്ന അഭയാർഥികളെ രക്ഷിക്കാനെന്ന പേരിൽ സിഐഎ പരിശീലനം ലഭിച്ച ഭീകരവാദി ജോസ് ബസാൾട്ടോ സ്ഥാപിച്ച "ബ്രദേഴ്സ് ടു ദ റസ്‌ക്യൂ’ എന്ന സംഘടനയുടെ വിമാനമാണ് തകർക്കപ്പെട്ടത്. അന്ന് സൈന്യത്തിന്റെ ചുമതലയുള്ള പ്രതിരോധമന്ത്രി റൗൾ കാസ്ട്രോ ആയതിനാലാണ് അദ്ദേഹത്തിന്റെ പേരിൽ ഗൂഢാലോചന, കൊലപാതക കുറ്റങ്ങൾ യുഎസ് പ്രോസിക്യൂട്ടർ ടോസ് ബ്ലാൻഷെ ചുമത്തിയത്‌.


​ക്യൂബൻ വിപ്ലവത്തിൽ ഫിദൽ കാസ്‌ട്രോയ്ക്കും ചെ ഗുവേരയ്‌ക്കുമൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചയാളാണ്‌ ഫിദലിന്റെ ഇളയ സഹോദരൻകൂടിയായ റൗൾ. മൊൺകാഡോ ആക്രമണത്തിലും ഗ്രാന്മ മുന്നേറ്റത്തിലും ഫുൾജെൻസിയോ ബാറ്റിസ്റ്റയെ പുറത്താക്കിയ വിപ്ലവത്തിലും നേതൃപരമായ പങ്കുവഹിച്ച റൗൾ പിന്നീട് വിപ്ലവസേന രൂപപ്പെടുത്തുന്നതിലാണ് ശ്രദ്ധിച്ചത്. അംഗോളയുടെ വിമോചനത്തിനായി പൊരുതിയ ക്യൂബൻ സേനയുടെ നേതൃത്വവും റൗളിനായിരുന്നു. 2008ൽ ഫിദൽ കാസ്ട്രോ അന്തരിച്ചപ്പോൾ പ്രസിഡന്റായി, 2018 വരെ തുടർന്നു. 2011 മുതൽ 2021 വരെ കമ്യൂണിസ്റ്റ് പാർടി സെക്രട്ടറിയായി. 94 വയസ്സായ ഘട്ടത്തിലാണ് കരുണയേതുമില്ലാതെ റൗളിനെ ഇരുമ്പഴിക്കുള്ളിലാക്കാനും അതുവഴി ക്യൂബയെ ആക്രമിച്ച് കീഴ്പ്പെടുത്താനും അമേരിക്ക വെമ്പുന്നത്.


​റൗളിനെതിരെ അമേരിക്ക കെട്ടിപ്പൊക്കിക്കൊണ്ടുവരുന്ന കേസ് അമേരിക്കൻ വിദേശനയത്തിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണ്. സിഐഎയുടെ നേതൃത്വത്തിൽ 1961 ഏപ്രിലിൽ ക്യൂബയ്‌ക്കെതിരെ നടന്ന ‘ബേ ഓഫ് പിഗ്സ്’ ആക്രമണത്തിലും ജോസ് ബസാൾട്ടോ പങ്കെടുത്തിരുന്നു. 1962ൽ ഫിദലിനെ വധിക്കുകയെന്ന ലക്ഷ്യത്തോടെ ഹവാനയിലെ ഹോർണാഡോ ഡി റോസിറ്റ ഹോട്ടലിനുനേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയതും ഇതേ വ്യക്തിയാണ്‌ (634 തവണയാണ് കാസ്ട്രോയെ വധിക്കാൻ ശ്രമമുണ്ടായത്). 1991ൽ ആണ് ക്യൂബയിൽനിന്നുള്ള അഭയാർഥികളെ രക്ഷിക്കാനെന്ന വ്യാജേന "ബ്രദേഴ്‌സ് ടു ദ റസ്‌ക്യൂ’വിന് രൂപം നൽകിയത്. 1994ൽ ക്യൂബയും അമേരിക്കയും ഒപ്പിട്ട കുടിയേറ്റ കരാറിലൂടെ ക്യൂബൻ കുടിയേറ്റം കുറഞ്ഞതോടെ ഈ സംഘടന ക്യൂബയ്‌ക്കെതിരായ ആക്രമണനീക്കത്തിന്റെ കുന്തമുനയായി. ക്യൂബയുടെ വ്യോമാതിർത്തി ലംഘിച്ച് വിമാനം പറത്തുകയും മതചിഹ്‌നങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധ ലഘുലേഖകളും വിതരണം ചെയ്യുന്നതും പതിവായി. 25 തവണയെങ്കിലും ഇവർ വ്യോമാതിർത്തി ലംഘിച്ചു. നയതന്ത്ര ചാനലിലൂടെ ക്യൂബ പ്രതിഷേധം അറിയിച്ചു. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന് രേഖാമൂലം പരാതി നൽകി. വ്യോമാതിർത്തി ഇനിയും ലംഘിച്ചാൽ വിമാനം തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതെല്ലാം അവഗണിക്കപ്പെട്ടപ്പോഴാണ് അതിർത്തി ലംഘിച്ച രണ്ട് വിമാനം ക്യൂബ തകർത്തത്. നാലുപേർ മരിച്ചു, ജോസ് ബസാൾട്ടോ സഞ്ചരിച്ച മൂന്നാമത്തെ വിമാനം രക്ഷപ്പെട്ടു. അമേരിക്കയ്ക്ക് മുൻകൂട്ടി വിവരമുണ്ടായിട്ടും അതിർത്തി ലംഘനം തടയാൻ നടപടി സ്വീകരിക്കാൻ വിസമ്മതിച്ചതാണ് വിമാനങ്ങൾ തകരാൻ കാരണമായത്.


​അമേരിക്കൻ വിമാനം വെടിവച്ചിട്ടത് ഒരു രാജ്യത്തിന്റെ ഭരണം അട്ടിമറിക്കാൻ ഉപയോഗിക്കുന്നവർ സൗകര്യപൂർവം മറയ്ക്കുന്ന സമാനമായ മറ്റൊരു സംഭവമുണ്ട്. 1976 ഒക്‌ടോബർ ആറിന് ക്യൂബൻ യാത്രാവിമാനം ബോംബുവച്ച്‌ തകർത്തു. അതിലെ 73 പേരും കൊല്ലപ്പെട്ടു. ബാർബഡോസിൽനിന്ന്‌ ജമൈക്കയിലേക്ക് പോയ വിമാനമാണ് ക്യൂബാവിരുദ്ധർ തകർത്തത്. സിഐഎ ഏജന്റായ ലുയിസ് പൊസാഡ കാറിലെസ്, ഓർലാന്റോ ബോഷ്‌ക്‌ എന്നിവരാണ് ക്രൂരകൃത്യം ചെയ്തത്. കാസ്ട്രോവിരുദ്ധ കോ– -ഓർഡിനേഷൻ ഓഫ് യുണൈറ്റഡ് റവല്യൂഷണറി ഓർഗനൈസേഷൻ (സിഡിആർയു) ആണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന് എഫ്ബിഐതന്നെ സമ്മതിച്ചു. 1997ൽ ഒരു ഇറ്റാലിയൻ ടൂറിസ്റ്റ് വധിക്കപ്പെട്ട ഹവാന ഹോട്ടൽ ബോംബിങ്ങിനുപിന്നിൽ പ്രവർത്തിച്ചതും പൊസാഡ കാറിലെസ് ആയിരുന്നു. ഇരുവരെയും നീതിക്കുമുമ്പിൽ ഹാജരാക്കുന്നതിനുപകരം പൂർണ സംരക്ഷണം നൽകി അമേരിക്കയിൽ പാർപ്പിച്ചത് ബുഷ് ഉൾപ്പെടെയുള്ള പ്രസിഡന്റുമാരായിരുന്നു. എതിരാളികൾ സ്വയം പ്രതിരോധത്തിന് ചെയ്യുന്ന സൈനിക നടപടികൾപോലും ഭീകരാക്രമണവും അമേരിക്കൻ സുരക്ഷയ്‌ക്കെതിരായ ഭീഷണിയുമാണ്. ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home