അന്താരാഷ്ട്ര നാടകമേള സമാപിച്ചു
പ്രതിരോധത്തിന്റെ സാംസ്കാരിക സമന്വയവേദിയായി ഇറ്റ്‌ഫോക് 2025


സ്വന്തം ലേഖകൻ
Published on Mar 03, 2025, 04:12 PM | 3 min read
തൃശൂർ: ഇറ്റ്ഫോക് പതിനഞ്ചാമത് എഡിഷന് ആരവങ്ങളോടെ തിരശീല വീണു. ലോകത്തിലെ പ്രശസ്ത രംഗവേദികളിലെല്ലാം അറിയപ്പെടുന്ന നിലയിലേക്ക് വളർന്ന കേരളത്തിന്റെ അന്താരാഷട്ര നാടകോത്സവം. കേരള സംഗീത നാടക അക്കാദമിയിലെ മൂന്നു വേദികളിലായാണ് അരങ്ങേറിയത്. എട്ടു ദിവസം പതിനഞ്ച് നാടകങ്ങൾ.
പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ എന്നതാണ് ഈ വർഷത്തെ പ്രമേയം. അഞ്ച് വിദേശനാടകങ്ങളും മണിപ്പൂരിൽനിന്നുൾപ്പെടെ പത്ത് ഇന്ത്യൻ നാടകങ്ങളുമാണ് അരങ്ങേറിയത്. മേളയ്ക്ക് എത്തിയ നാടകങ്ങളിൽ എട്ട് എണ്ണം സംവിധാനം ചെയ്തത് സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.

ചലച്ചിത്രമേളയിൽ എന്നപോലെ വിദ്യാർഥികളുടെയും യുവാക്കളുടെയും പങ്കാളിത്തവും ശ്രദ്ധേയമായി.
നീലം മാൻസിങ് സംവിധാനം ചെയ്ത ഗിരീഷ് കർണാഡിന്റെ ഹയവദനയായിരുന്നു പ്രാരംഭനാടകം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പെർഫോമിങ് ആർട്സ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നിർവ്വഹിക്കപ്പെട്ടു എന്നതും നേട്ടമായി.
മേളയുടെ പ്രമേയം എന്നതുപോലെ തന്നെ വിമോചന മൂല്യമുള്ള കലാരൂപം എന്ന നിലയ്ക്ക് നാടകത്തെ സമീപിക്കുന്ന പ്രേക്ഷക സദസും വ്യത്യസ്തമായി. ഗൌരവതരമായ ഇടപടലുകളിലൂടെയും പൊതു ചർച്ചകളിലൂടെയും രംഗവേദിക്ക് പുറത്തും ഈ സജീവത നിലനിന്നു. നാടക, സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വ്യത്യസ്തമായ പാഠാവസരമായും ഇറ്റ്ഫോക് മാറി.
ഇറ്റ്ഫോക് ഇന്ത്യയിലെ ഏറ്റവും മികച്ച നാടകോത്സവമാണെന്നാണ് മറാത്തി ഇംഗ്ലീഷ് ഭാഷകളിൽ രചന നിർവ്വഹിക്കുന്ന അശുതോഷ് പൊട്ദർ വിശേഷിപ്പിച്ചത്. എഴുത്തുകാരനും അധ്യാപകനുമായ കുനാൽ റേയ്ക്ക് ഒപ്പം ഈ വർഷം വീണ്ടും എത്തിയതാണ് എഫ്1/105 നാടക രചയിതാവായ അശുതോഷ്.
1922 മുതൽ പ്രവർത്തിക്കുന്ന ബ്രയൻത് സേവ് എന്ന തിയറ്റർ ഗ്രൂപ്പാണ് പുവർ ലിസ എന്ന റഷ്യൻ നാടകം അവതരിപ്പിച്ചത്. ഇറ്റാലിയൻ ഒപറേയുടെയും റഷ്യൻ നാടോടി ഗാനങ്ങളുടെയും രംഗാവിഷ്കാര സമീപനങ്ങൾ സമന്വയിച്ചതായിരുന്നു അവതരണം. റഷ്യയിൽ നടക്കുന്ന റെയിൻബോ എന്ന നാടകോത്സവത്തിലേക്ക് തീർച്ചയായും ഇന്ത്യൻ നാടങ്ങൾ വരണം എന്ന അഭ്യർഥനയാണ് സംവിധായക സ്വേത് ലാന ലാറെത്സോവ മുന്നോട്ട് വെച്ചത്. വ്യത്യസ്തമായ നാടകങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ആവിഷ്കാര സാധ്യതകളുടെ പഠനവും കൈമാറ്റവും കൂടി ഇറ്റ്ഫോക് മുന്നോട്ട് വെച്ചു.
ചലച്ചിത്രമേളകളിൽ നിന്നും വ്യത്യസ്തമായി രംഗവേദിയും സംവിധാനങ്ങളും നടീനടൻമാരും എല്ലാം ഒരേയിടത്ത് എത്തുക എന്ന വെല്ലുവിളിയുമുണ്ട്. ഇറ്റ്ഫോകിൽ രംഗസജീകരണങ്ങളുടെ നിർമ്മാണം ഇവിടെ തന്നെ നടത്തുയായിരുന്നു. നാടക സംഘം അയച്ചു നൽകുന്ന റഫ് സ്കെച്ചിൽ നിന്നാണ് നിർമ്മാണം. ആറുപേരടങ്ങുന്ന സംഘമാണ് ഇത് നിർവ്വഹിച്ചത്. രംഗാവിഷ്കാരത്തിനുള്ള കൂറ്റൻ വസ്തുക്കൾ വഹിച്ചു കൊണ്ട് വരിക എന്ന വെല്ലുവിളി ഇങ്ങനെ മറികടക്കുന്നു.
മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ്ഷാജഹാൻ ഒറ്റത്തയ്യിൽ സംവിധാനം ചെയ്ത ഭൂതങ്ങൾ എന്ന നാടകം അവതരിപ്പിക്കപ്പെട്ടത്. ഡ്രമാനൻ ബെംഗളൂരു അവതരിപ്പിച്ച പ്രോജക്ട് ഡാർലിങ് മൂന്നു പ്രദർശം ഒരുക്കി. വീണ്ടും പ്രദർശന ആവശ്യം ഉയർന്നു എങ്കിലും സംഘത്തിന്റെ മടക്കയാത്ര ഷെഡ്യൂൾ ചെയ്തതിനാൽ സാധ്യമായില്ല.

അബോർജിനൽ ക്രൈ എന്ന മണിപ്പൂരി നടകം നോൺ വെർബൽ ശൈലിയിലാണ് അവതരിപ്പിച്ചത്. “ഈ നടകത്തിന് എനിക്ക് വാക്കുകൾ കണ്ടെത്താൻ കഴിയുന്നില്ല” എന്നായിരുന്ന ഇതുസംബന്ധിച്ച് ചോദ്യത്തിന് സംവിധായകൻ തൌതം വിക്ടറിന്റെ പ്രതികരണം. കുടി ഒഴിപ്പിക്കപ്പെടുന്ന തദ്ദേശവാസികളുടെ ജീവിതമാണ് നാടകത്തിൽ. ജലം, പുഴ, മഴ, കിളികൾ, അണക്കെട്ട് നിർമ്മാണത്തിന്റെ ശബ്ദങ്ങൾ എന്നിങ്ങനെ കേൾവിയിലൂടെയാണ് അരങ്ങ് മുന്നേറുന്നത്.
ഹങ്കറിയിലെ ലിവിങ് പിക്ച്വർ തിയറ്റർ സർക്കിൾ റിലേഷൻ പൂർണ്ണമായും സ്ത്രീകൾ അരങ്ങിലെത്തിച്ച നാടകമാണ്. സൌരയൂഥ ഗ്രഹങ്ങളുടെ സമാന ബന്ധത്തിൽ മനുഷ്യരുടെ അന്യതാത്വത്തെയും വൈകാരിക ഭാവങ്ങളെയും വിവരിക്കുന്ന പരീക്ഷണാത്മക നാടകമാണ്. സോഫിയ ബെർസി ഒരുക്കിയ ഈ നാടകത്തിൽ ഇന്ത്യൻ മ്യൂസിക് ആണ് പ്രയോജനപ്പെടുത്തുന്നത്.
ബോഡി ടീത്ത് ആൻ്റ് വിഗ് എന്ന ഈജിപ്ഷൻ നാടകവും ശ്രദ്ധനേടി. മാസൻ എൽ ഗബാവി എഴുതി സംവിധാനം ചെയ്ത നാടകത്തിൽ ഒരു പുരുഷനും നാല് സ്ത്രീകളുമാണ് രംഗത്ത് വരുന്നത്. തോന്നലുകൾ, വ്യക്തിത്വം, ജീവിതം, ശ്രമങ്ങൾ, സ്വപ്നങ്ങൾ, ബിംബങ്ങൾ എന്നിങ്ങനെയാണ് ദൃശ്യ സന്നിവേശം. പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങളും അരക്ഷിതത്വവും ഈ നാടകം പ്രശ്നവൽക്കരിക്കുന്നു.
ഡോ. അജു കെ നാരായണൻ സംവിധാനം ചെയ്ത ആറാം വിരൽ ജാതിരാഷ്ട്രീയത്തിന്റെ വർഗ്ഗഘടന നിർധാരണം ചെയ്യുന്നു. സ്കൂൾ ഓഫ് ലെറ്റേഴ്സ് വിദ്യാർഥികളാണ് രംഗത്ത് എത്തിയത്. വ്യപാര പ്രമുഖൻ പിള്ളേച്ചനും ആറു വിരലുകളുള്ള കുഞ്ഞാപ്പിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സമൂഹത്തിലെ വിടവുകൾ നാടകത്തിന്റെ കേന്ദ്രത്തിലേക്ക് വരുന്നു.
അസമിലെ ഓർക്കിഡ് തയറ്റർ അവതരിപ്പിച്ച ചായിഗരം ഇപ്പോഴും ചൂഷണങ്ങൾക്ക് വിധേയമാവുന്ന ട്രീ ട്രൈബ്സിന്റെ ജീവിതത്തെ അവതരിപ്പിക്കുന്നതായി.









0 comments