ഇറ്റ്‌ഫോക്കിൽ മനം നിറച്ച്‌ ലിസ

lisa
avatar
കെ എ നിധിൻ നാഥ്‌

Published on Feb 27, 2025, 03:26 AM | 1 min read

തൃശൂർ: സംഗീതം നിറഞ്ഞ അന്തരീക്ഷത്തിൽ പെയ്‌തിറങ്ങിയ ലിസയുടെയും എറാസ്റ്റിന്റെയും പ്രണയക്കാഴ്‌ചയിൽ മനസ്സ്‌ നിറഞ്ഞ്‌ പ്രേക്ഷകർ. റഷ്യൻ നാടകം ‘പുവർ ലിസ’യുടെ രണ്ട്‌ അവതരണത്തിലും വലിയ തിരക്കായിരുന്നു. ബുധൻ രാവിലെ 11ന്‌ നടന്ന അവതരണത്തിൽ ലഭിച്ച മികച്ച പ്രതികരണം, പുനരവതരണത്തിൽ തിരക്ക്‌ വർധിപ്പിച്ചു. ടിക്കറ്റ്‌ കിട്ടാതെ മടങ്ങിയവരും നിരവധി. നാല്‌ ദിവസം പിന്നിട്ട ഇറ്റ്‌ഫോക്കിൽ ജനപ്രിയ നാടകമായി പുവർ ലിസ മാറി. സംഗീതത്തിന്‌ പ്രാധാന്യം നൽകുന്ന നാടകം സമ്പന്നമായ റഷ്യൻ സംസ്‌കാരത്തിന്റെ കൂടി സാക്ഷ്യമാണ്‌.


103 വർഷം മുമ്പ്‌ സ്ഥാപിച്ച തിയറ്റർ ഫോർ യങ്‌ സ്‌പെക്ടറ്റേഴ്‌സാണ്‌ നാടകം ഒരുക്കിയത്‌. സോവിയറ്റ്‌ യൂണിയന്റെ കാലത്ത്‌ നടന്ന സാംസ്‌കാരിക ഇടപെടലുകൾ രാജ്യത്തിന്റെ നാടക വേദിക്ക്‌ സമാനിച്ച വളർച്ചയുടെ അടയാളപ്പെടുത്തൽ കൂടിയാണ്‌ നാടകത്തട്ടിൽ കണ്ടത്‌.സാമൂഹിക അതിർവരമ്പുകളെ വെല്ലുവിളിച്ചുകൊണ്ട് സ്നേഹത്തിന് സ്ഥാനം ഉറപ്പിക്കാൻ കഴിയുമോ എന്ന ചോദ്യവുമായാണ് മാർക്ക്‌ റോസോവ്സ്കിയുടെ ‘പുവർ ലിസ’ അരങ്ങിലെത്തിയത്‌.


നിക്കോളായ് കരംസിന്റെ കഥയുടെ പുനരാവിഷ്‌കാരമായ നാടകം പ്രശസ്ത റഷ്യൻ സംവിധായകൻ ജി എ ടോവ്സ്റ്റോനോഗോയുടെ ഓർമയ്‌ക്കായുള്ള സമർപ്പണമാണ്‌. റഷ്യൻ സാഹിത്യത്തിൽ നിലനിന്നിരുന്ന സെന്റിമെന്റലിസത്തിന്റെ ചില ശകലങ്ങളും നാടകത്തിൽ കാണാം. ചൊവ്വാഴ്‌ച നടന്ന ആദ്യാവതരണത്തിൽ പ്രേക്ഷക സ്വീകാര്യത നേടിയ പ്രേജക്ട്‌ ഡാർലിങിന്റെ പുനരവതരണത്തിനും കാണികളുടെ നല്ല പിന്തുണ ലഭിച്ചു. ആറാമത്തെ വിരലിന്റെ രണ്ടാമത്തെ അവതരണവും നടന്നു. നാടക ആസ്വാദകരെ ഗസൽ സൂഫി ഖ്വവാലി സംഗീതങ്ങളുടെ ലോകത്തിലേക്കെത്തിച്ച് ഷിഹാബുദ്ദീൻ പാലപ്പെട്ടിയും സംഘത്തിന്റെയും സംഗീതനിശയും നടന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home