കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ കലാ പ്രതിഷ്ഠാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 27, 2021, 05:07 PM | 0 min read

പുഴയ്ക്കല്‍> ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി അടാട്ടെ കോള്‍ കര്‍ഷകരുടെ പിന്തുണയോടെ തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കോള്‍ പാടത്തിന്റെ നടുവില്‍ കലാ പ്രതിഷ്ഠാപനം നടത്തി. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥികള്‍, അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമാ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ്  തികച്ചും വ്യത്യസ്തവും മൗലികവുമായ ഈ പ്രവര്‍ത്തനത്തിന് പുറകില്‍.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കോള്‍ പാടം തന്നെ അവതരണത്തിനായി തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭ്യമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ നിലനിര്‍ത്തുന്നതായ  കലാസൃഷ്ടികളാണ് ഇതിന്റെ ഭാഗമായി  ഒരുക്കിയത്. റിപ്പബ്ലിക് ദിനത്തില്‍ കാലത്ത് 9 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വൈകീട്ട് ആറു മണിയോടെ പൂര്‍ണമാക്കുകയും തുടര്‍ന്ന് വ്യത്യസ്തമായ  കലാവതരണങ്ങള്‍ സംഘടിപ്പിക്കുകയുമുണ്ടായി.

 നാടകം , നാടന്‍പാട്ടുകള്‍, കുമ്മാട്ടി, പോസ്റ്ററുകള്‍, ചിത്രങ്ങള്‍, പ്രതിഷേധ ജാഥകള്‍,പഴയ കാലത്തെ ജലസേചനരീതിയായിരുന്ന ചക്രം ചവിട്ടല്‍   എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു. കലാകാരന്മാരുടെ പിന്തുണ സമരം ചെയ്യുന്ന കര്‍ഷകരെ   അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്‍വര്‍ അലി , പി പി രാമചന്ദ്രന്‍ , കവിത ബാലകൃഷ്ണന്‍ , ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ മനോജ് , പ്രൊഫ.എം വി നാരായണന്‍, മുസ്തഫ ദേശമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.




 



deshabhimani section

Related News

View More
0 comments
Sort by

Home