തുടികൊട്ടി പാടുന്നു ഗോത്ര ജനത

നാടുനീക്കൽ
സയൻസൺ
Published on May 04, 2025, 12:01 AM | 6 min read
സങ്കടത്തിലും സന്തോഷത്തിലും ഭൂമി കനിയാനും മഴപെയ്യാനും രോഗമകലാനും ഗോത്രജനത പാടുകയാണ്. നൃത്തം ചെയ്തും വേഷമാടിയും അവർ ദുഃഖദുരിതങ്ങളെ നാടുകടത്തുന്നു. സമ്പന്നമായ അനുഷ്ഠാനകലയുടെ കരുത്തിൽ ജീവിതത്തിന് ഊന്നുവടികളായിരുന്ന ഗോത്രകലകളിലൂടെ, കൊയ്‌ത്തുകഴിഞ്ഞ് നനവുവറ്റിത്തുടങ്ങുന്ന വയൽക്കാലത്ത് തുടിയുടെയും ചീനിയുടെയും താളം മുറുകുകയാണ്. ഗോത്രകലകൾ നാടിറങ്ങുകയാണ്. തനിക്കു മാത്രമല്ല നാടിനൊന്നാകെ സൗഖ്യമാശംസിച്ചുകൊണ്ട്.
ഗ്രാമവിശുദ്ധി
പൈതൃകത്തിന്റെ ഈടുറപ്പിൽ ജീവിതം പൊലിപ്പിക്കുന്ന ഗോത്രജനത ആധുനികതയുടെ കുത്തൊഴുക്കിലും പാരമ്പര്യത്തനിമ മുറുകെപ്പിടിച്ച് വേഷമണിഞ്ഞ് ആടുകയാണ്. അടിയരുടെ ഗദ്ദിക, പണിയരുടെ കൂളികെട്ട്, കുറിച്യരുടെ ഉച്ചാൽ, കാട്ടുനായ്ക്കരുടെ ഗുഡ എന്നിവയെല്ലാം വയനാടിന്റെ സവിശേഷ അനുഷ്‌ഠാനങ്ങളാണ്. ആചാരങ്ങളുടെ നിധി സൂക്ഷിപ്പുകാരാണ് വയനാട്ടിലെ അടിയ സമുദായം. രോഗങ്ങളെയും രോഗപീഡകളെയും ദേശം കടത്തിവിടാനിവർ കലാരൂപങ്ങളുടെ കൈപിടിക്കുന്നു. മാരിപെയ്യുന്ന നാട്ടുകാരുടെ മൊത്തം കഷ്ടപ്പാടുകളെ നാടുകടത്താനുള്ള അനുഷ്ഠാന നിർവൃതിയിലാണ് ഗ്രാമങ്ങൾ. മാരിയമ്മയെ തലയിലേന്തി വീടുവീടാന്തരം കയറിയിറങ്ങുന്ന ഗദ്ദികയുടെ ഭാഗമായ നാടുനീക്കൽ ചടങ്ങുകൾ ശ്രേഷ്ഠമാണ്. നാടുനീക്കലുമായി അടിയാൻമാർ വീട്ടുമുറ്റത്ത് എത്തുമ്പോൾ നിലവിളക്കും നിറപറയുമായി ഗ്രാമങ്ങൾ വരവേൽക്കും. കാടിന്റെ ഉള്ളറകളിൽനിന്ന് മുളപൊട്ടി വേദികളിലേക്കുപോലും വളരുകയാണ് ഇപ്പോൾ ഗോത്രകലാരൂപങ്ങൾ.
48 ആദിവാസി സമുദായങ്ങളാണ് കേരളത്തിലുള്ളത്. ഇവരെല്ലാംതന്നെ അനുപമമായ സാംസ്കാരിക പൈതൃകത്തിന്റെ ഉടമകളാണ്. ആദിവാസി കലാരൂപങ്ങളുടെ നീണ്ട പട്ടികതന്നെ ഉണ്ട്. അവയിൽ പലതും അനുഷ്ഠാന കലാരൂപങ്ങൾകൂടിയാണ്. നൃത്തവും സംഗീതവുമാണ് ഇവയിൽ പലതിന്റെയും പ്രധാന ഘടകം. അകമ്പടി വാദ്യങ്ങളും തികച്ചും പ്രത്യേകത ഉള്ളവയാണ്. ഗദ്ദിക, കമ്പറ നൃത്തം, കാടർ നൃത്തം, ചാറ്റുപാട്ട്, മുടിയാട്ടം ഇവയൊക്കെ ആദിവാസി കലാരൂപങ്ങളാണ്.
നാടുഗദ്ദിക
മാരിയമ്മയെ പ്രീതിപ്പെടുത്തിയാൽ അല്ലലില്ലാതെ ജീവിക്കാമെന്നാണ് അടിയരുടെ വിശ്വാസം. തിന്മകളെയും മഹാമാരികളെയും അകറ്റാൻ മാരിയമ്മയെ പ്രീതിപ്പെടുത്തുന്ന അനുഷ്ഠാനമാണ് നാടുഗദ്ദിക. സമൂഹനന്മയുടെ സന്ദേശമാണ് ആദിവാസികൾ ഈ അനുഷ്ഠാനത്തിലൂടെ ഉയർത്തുന്നത്.
രോഗങ്ങളെ നാടുനീക്കിയ നാടുഗദ്ദികയെന്ന ആചാരത്തനിമയുടെ നിധി സൂക്ഷിപ്പുകാരാണ് അടിയസമൂഹം. മൂപ്പൻ പാട്ടുപാടി അനുഷ്ഠാനത്തെ ഉണർത്തുമ്പോൾ സ്ത്രീവേഷം കെട്ടിയ പുരുഷന്മാർ കുടിലിനകത്തുനിന്ന് ഇറങ്ങുകയായി. ഒറ്റച്ചെണ്ടയിൽ മേളം കനക്കുന്നതിനനുസരിച്ച് ചുവടുകൾക്ക് ചടുലതയും താളവും കൈവരും. ജാതിമതഭേദമന്യേ വീടുവിടാന്തരം നാടുഗദ്ദിക കയറിയിറങ്ങും. വർഷംതോറും നാടിന്റെ നന്മയ്ക്കായി അവതരിപ്പിക്കുന്ന ഗദ്ദിക ഏഴു ദിവസം നീണ്ടുനിൽക്കുന്നതാണ്. അരിയും തേങ്ങയും മുത്താറിയുമാണ് ഗദ്ദികയ്ക്കു വേണ്ടത്. മുറം ചാരി ചൂരൽവടിവച്ച് കാണിക്കയർപ്പിച്ചാണ് ചടങ്ങുകൾ തുടങ്ങിയിരുന്നത്. ഗദ്ദിക നടത്താൻ സംഹാരമൂർത്തിയായ ശിവനോട് അനുവാദം ചോദിക്കുന്നതും അനുഷ്ഠാനമാണ്. കർണാടകത്തിൽനിന്നാണ് അടിയരുടെ വയനാട്ടിലേക്കുള്ള കുടിയേറ്റം. കന്നട കലർന്ന ഭാഷയും ജീവിതരീതിയുമാണ് ഇവരിൽ ശേഷിക്കുന്നത്. ഏറെക്കാലം ഇവരുടെ കുടിലുകളിൽ ഒതുങ്ങിനിന്ന ഗദ്ദിക പി കെ കാളനാണ് പുറംലോകത്തിനായി പരിചയപ്പെടുത്തിയത്. സ്വന്തം സമുദായത്തിൽ വിയോജിച്ചുനിന്നവരോടെല്ലാം കലഹിച്ച് നിർബന്ധബുദ്ധിയോടെ ഗദ്ദികയുടെ പ്രധാന അനുഷ്‌ഠാനമായ നാടുണർത്തലിനെയും നാടുനീക്കലിനെയും ചേർത്ത് പി കെ കാളൻ പൊതുവേദിയിൽ എത്തിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മരുമകനായ പി കെ കരിയനും കലാരൂപത്തെ സംരക്ഷിക്കാൻ പരിശ്രമിച്ചു.
വില്ലുകാണൽ
എല്ലാവർഷവും മഴക്കാലത്തിന്റെ തുടർച്ചയിൽ വയനാട്ടിലെ തിരുനെല്ലിയും പരിസരവും നാടുനീക്കലിന്റെ താളത്തിലാകും. നാടിന്റെ ജീവതാളംകൂടിയാണ് കുടിലുകളിൽനിന്ന് രൗദ്രതാള അകമ്പടിയോടെ നാടുമുഴുവൻ പുറപ്പെട്ടിരുന്നത്.
ബ്രഹ്‌മഗിരി മലനിരകളിലാണ് അടിയരുടെ കുടിലുകളേറെയും. കൂട്ടമായി താമസിച്ചിരുന്നവരിൽ പലരും ഇപ്പോൾ വേറിട്ട് ജീവിതം തുടങ്ങിയിരിക്കുന്നു. ഇതിനിടയിലും പാരമ്പര്യത്തനിമ സൂക്ഷിക്കുന്ന ചെറിയ ചെറിയ സാംസ്കാരിക കൂട്ടങ്ങൾ സജീവമാണ്. മൂന്ന് തരത്തിലാണ് ഗദ്ദിക അവതരിപ്പിക്കുന്നത്. രോഗം വന്നാൽ അനുഷ്ഠിക്കുന്ന ഗദ്ദികയാണ് ഇതിൽ പ്രധാനപ്പെട്ടത്. പൂജാഗദ്ദിക നാടുഗദ്ദികയ്ക്കുശേഷം കെട്ടിയാടുന്നു.
കൊട്ടിയൂർ വൈശാഖ മഹോത്സവം കഴിഞ്ഞ് വയനാട്ടിലെ മുതിരേരി അമ്പലത്തിലേക്ക് വാൾ മടങ്ങുന്നതോടെയാണ് നാടുഗദ്ദികയും തുടങ്ങുക. മാരിയമ്മയുടെ അനുഗ്രഹത്തിനായി ശരീരത്തിനെയും മനസ്സിനെയും പാകപ്പെടുത്തുകയെന്നതാണ് പ്രധാനം. ഇതിനായി വ്രതമെടുത്ത് ഏഴുനാൾക്കു മുന്നേ നാടുനീക്കലിന് അടിയർ തയ്യാറെടുക്കുകയാണ്. രണ്ട് മൂന്ന് ദിവസംകൊണ്ട് പ്രദേശത്തെ മുഴുവൻ വീടുകളും കയറിയിറങ്ങാൻ ഒരു നാടുനീക്കൽ സംഘത്തിന് കഴിയില്ല. ഇപ്പോൾ രണ്ട് സംഘമായി പിരിഞ്ഞാണ് വീടുകൾ കയറുന്നത്.
ചെമ്മമൂപ്പൻ, കുന്നുമൂപ്പൻ, നാട്ടുമൂപ്പൻ എന്നിങ്ങനെയുള്ള പദവികളുള്ളവരാണ് സംഘത്തിന് നേതൃത്വം നൽകുക. വർഷത്തിലൊരിക്കൽ പുല ചടങ്ങുകൾ നടത്തുകയെന്നതും അടിയ സമുദായത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ്. ഈ ചടങ്ങിൽ ബന്ധുക്കളും കുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം നാട്ടുമൂപ്പൻ ഒത്തുതീർക്കുന്നു. നാട്ടുമൂപ്പൻ അധികാരബിന്ദുവാണ്. റാവുള സമുദായത്തിന്റെ എണ്ണമറ്റ ചടങ്ങുകൾക്കെല്ലാം നാട്ടുമൂപ്പന്റെ സാന്നിധ്യവും നേതൃത്വവും അനിവാര്യമാണ്. സമുദായത്തെ നയിക്കാനുള്ള അറിവും കാര്യശേഷിയും പക്വതയുമെല്ലാമാണ് നാട്ടുമൂപ്പന് വേണ്ടത്. ലിപിയില്ലാത്ത ഭാഷയിൽ തലമുറകൾ പാടി കൈമാറിവന്ന പാട്ടുകളിലൂടെയാണ് നാട്ടുമൂപ്പൻ കാര്യങ്ങൾ കൽപ്പിച്ച് പറയുക. മരിച്ചുപോയവർക്കു വേണ്ടിയുള്ള പുല ചടങ്ങുകൾക്കായി രണ്ട് മൂന്ന് ദിവസം നീളുന്ന കർമങ്ങളുണ്ട്. ഇതിൽ അത്രയും നീളുന്ന പാട്ടുകളുമുണ്ട്.
കൂളികെട്ട്
നാടുനീക്കൽ ചടങ്ങിൽ കുടുംബങ്ങളെല്ലാം ഒന്നിക്കും. ആഭരണങ്ങളും ചേലയുമെല്ലാം അണിഞ്ഞ ഏഴ് പുരുഷൻമാരാണ് സംഘത്തിലുണ്ടാവുക. ഗദ്ദികയ്ക്ക് ഉപയോഗിക്കുന്ന ‘ബത്തബടി’യെന്ന ചൂരൽ മൂപ്പൻ കൈയിൽ കരുതിയിട്ടുണ്ടായിരിക്കും. വാഴപ്പോളയും മുളയുംകൊണ്ട് നിർമിച്ച ഗുഡിയെന്ന ചെറിയ അമ്പലവും തലയിലേന്തിയാണ് ഗദ്ദിക സംഘം വീടുവീടാന്തരം കയറുക. സൂര്യചന്ദ്രൻമാരുടെ മുദ്ര കുത്തിയാണ് ഗുഡി അലങ്കരിക്കുക. വീട്ടുമുറ്റത്ത് നിലവിളക്കും അരിയും തിരിയും തേങ്ങയുമെല്ലാം ഒരുക്കിവച്ച് നാടുനീക്കൽ സംഘത്തെ വീട്ടുകാർ സ്വീകരിക്കും. ഇവിടെനിന്ന് ചീനിവാദ്യത്തിന്റെയും തുടിതാളത്തിന്റെയും അകമ്പടിയോടെ നാടുനീക്കൽ ചടങ്ങുകൾ തുടങ്ങുകയായി. ഗുഡിക്ക് ചുറ്റിലും പാട്ടുപാടി ബത്തബടി കുത്തി വലംവയ്ക്കുന്ന സംഘം അരി നുള്ളി വീടിനുള്ളിലേക്കും ചുറ്റുപാടും എറിയും. തുകൽവാദ്യത്തിൽ താളം കനക്കുമ്പോൾ മൂപ്പൻ കൽപ്പിക്കും. രോഗപീഡകളെയെല്ലാം ഏറ്റുവാങ്ങി മാരിയമ്മയിലർപ്പിക്കുന്നതാണ് അടുത്ത ചടങ്ങ്. ഇതിനു മുമ്പായി തേങ്ങയുടച്ച് കാലത്തിന്റെ ദൈന്യതകളെയെല്ലാം മൂപ്പൻ ഗണിച്ചുപറയും. നാടുനീക്കലിന്റെ ഭാഗമായി ഇവർക്കുള്ള ദക്ഷിണ പണമായും നെല്ലായും അരിയായും നൽകുന്നതാണ് ശീലം.
കാട്ടുനായ്‌ക്കരുടെ ഗുഡ
ഗോത്രവിഭാഗക്കാർക്കിടയിൽ വംശനാശം നേരിടുന്ന പ്രാക്തന ഗോത്രവിഭാഗമാണ് കാട്ടുനായ്‌ക്കർ. എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയാത്തവിധം കാടിന്റെ അകത്തളങ്ങളിലാണ് ഇവർ. കാട്ടുകിഴങ്ങുകളും വനവിഭവങ്ങളും ശേഖരിച്ചാണ് ഉപജീവനം. വാമൊഴിയായി കൈമാറി വന്നവയാണ് ഇവരുടെ ആചാരങ്ങൾ. ഗുഡമന എന്നാൽ കാട്ടുപന്തൽ എന്നാണർഥം. ഋതുമതിയാകുന്ന പെൺകുട്ടിയെ കുടിലിനുമുന്നിൽ പച്ചിലച്ചാർത്തുകൾകൊണ്ട് നിർമിക്കുന്ന പന്തലിലാണ് ഇവർ താമസിപ്പിക്കുക. മഞ്ഞൾകൊണ്ട് പൊതിഞ്ഞ് കുടുംബക്കാർ ഒത്തുചേർന്നാണ് പെൺകുട്ടിയെ കന്യകയായി സ്വീകരിക്കുക. ഗുഡ മെനയൽ പ്രധാന ആചാരമാണ്. ലിപിയില്ലാത്ത തെലുങ്ക് കലർന്ന ഭാഷയിൽ ഗുഡയുടെ മുന്നിൽ ഇവർ ഉയർത്തുന്ന പാട്ടുകളും ഇവരുടെ മേളങ്ങളും സവിശേഷതയുള്ളതാണ്. വയനാട്ടിലും കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും നിലമ്പൂർ ഭാഗത്തും താമസിക്കുന്ന ആദിവാസി വിഭാഗമാണ് നായ്ക്കർ. നായ്ക്കരുടെ ഇടയിൽ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് നായ്ക്കർകളി. കുലദൈവങ്ങളുടെ ആരാധനയോടനുബന്ധിച്ചാണ് നായ്ക്കർകളി നടത്താറുള്ളത്. ഇതിനു പുറമെ കല്യാണമടക്കമുള്ള സാമൂഹ്യാഘോഷങ്ങൾക്കും നായ്ക്കർകളി അവതരിപ്പിക്കാറുണ്ട്.
പതിനഞ്ചിലധികം പേർ കളിയിൽ പങ്കെടുക്കും. തപ്പുകൊട്ടി കുഴൽവിളിച്ചാണ് കളി ആരംഭിക്കുന്നത്. കാലിൽ ചിലങ്ക അണിയും. തപ്പിന്റെ താളത്തിനൊത്ത് ചുറ്റിത്തിരിഞ്ഞ് ചുവടുവച്ചാണ് കളിക്കുന്നത്. കളിക്കാർ ഇടയ്‌ക്കിടെ ‘ഹോയ് ഹോയ്' വിളിച്ചുകൊണ്ടിരിക്കും. രാത്രിയിൽ ആരംഭിക്കുന്ന കളി പുലരുന്നതുവരെ നീണ്ടുനിൽക്കും. വലിയ കരയുള്ള മുണ്ടും തലയിൽ കെട്ടുമാണ് തനതുവേഷം. നിറപ്പകിട്ടാർന്ന കുപ്പായവും ധരിക്കാറുണ്ട്.
ഗദ്ദിക
കുറിച്യരുടെ കുംഭപ്പാട്ട്
തിരണ്ടുകല്യാണത്തിനും താലികെട്ട് കല്യാണത്തിനും കുറിച്യർക്ക് പ്രത്യേക ചടങ്ങുകളുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പുലകുളിയും നട്ടം കുഴിച്ചെടുക്കൽ കർമങ്ങളും നടത്തും. മരിച്ചുകിടന്ന സ്ഥലത്തുനിന്ന് അൽപ്പം മണ്ണെടുത്ത് നടത്തുന്ന ചടങ്ങാണിത്. മകരസംക്രമത്തിന് നടത്തുന്ന ഉച്ചാല്, കൃഷി ചെയ്തുണ്ടാക്കിയ പുതിയ നെല്ലരി ആദ്യമായി പാകംചെയ്തു കഴിക്കുന്ന പുത്തരി, തിരുവോണം എന്നിവയാണ് കുറിച്യരുടെ മറ്റു പ്രധാന ആഘോഷങ്ങൾ. മലക്കാരിയാണ് പ്രധാന ആരാധനാ മൂർത്തി. അമ്പും വില്ലുമാണ് ഈ ദൈവത്തിന്റെ ആയുധം. ദുഷ്ടജീവികളിൽനിന്നും ദുർദേവതകളിൽനിന്നും കുറിച്യരെ രക്ഷിക്കുന്നത് മലക്കാരിയാണെന്നാണ് വിശ്വാസം. മലക്കാരിയുടെ തിറ കെട്ടിയാടിക്കാറുണ്ട്. മലക്കാരി തിറയ്‌ക്കുള്ള പ്രധാന ചടങ്ങാണ് കുംഭപ്പാട്ട്. കാട്ടിൽനിന്ന് ഏഴ് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതിൽ ദ്വാരമുണ്ടാക്കി കള്ള് നിറയ്‌ക്കും. കള്ളുനിറച്ചതിനുശേഷം ചൂരൽകൊണ്ട് കെട്ടിവയ്‌ക്കും. മലക്കാരിക്കുള്ള നിവേദ്യമാണിത്. നിവേദ്യം തിറ സ്വീകരിക്കുന്നതോടെ പാട്ട് ആരംഭിക്കും.
നാലുകെട്ടിന് സമാനമായ വീടുകളും വലിയ മുറ്റങ്ങളും വിശാലമായ കളങ്ങളും ഇവരുടെ തറവാടിന് പ്രൗഢി നൽകി. നായാട്ട് നടത്തുന്ന ഏക ഗോത്രവിഭാഗമെന്ന നിലയിൽ കുറിച്യരുടെ പൂർവകാലം വീരകഥകളുടേതുകൂടിയാണ്. നായാടി വർഷത്തിലൊരിക്കൽ തുലാം പത്തിന് ഇവർ വേട്ടക്കാലത്തിന്റെ ഓർമ പുതുക്കിയിരുന്നു. എന്നാൽ, വനനിയമങ്ങൾ കർക്കശമായതോടെ നായാട്ട് ഇവരിൽനിന്ന് അന്യംനിന്നു. പ്രകൃതിയോട് ഏറ്റവും അടുത്ത ഈ ഗോത്രസമൂഹം കൂട്ടുകുടുംബ വ്യവസ്ഥയെ ഗൗരവമായി കണ്ടിരുന്നു.
പണിയനൃത്തം
ദൈവത്തെ പെട്ടിയിലടയ്ക്കുന്ന ഉരിഡവർ കർണാടകത്തിൽനിന്ന് വയനാട്ടിലേക്ക് പലായനം ചെയ്തുവന്നവരാണ്. സ്വയം പര്യാപ്തമായ കാർഷിക ജീവിതവും അടിമത്തത്തിന്റെ അടിപ്പാടുകളില്ലാത്ത ഭൂതകാലവുമാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ബൈരക്കുപ്പയിലെ ക്ഷേത്രത്തിനുമുന്നിൽ വർഷംതോറും ഇവർ മൂരിയോട്ടം (ഓരി അബ്ബ) നടത്താറുണ്ട്.
തുലാമാസത്തിലാണ് ദീപാവലി നാളിൽ ഈ ഉത്സവം നടക്കുക. ദൈവകൽപ്പിതമായ ചടങ്ങിലേക്ക് കുളിച്ച് കുറി തൊടുവിച്ച് ആടയാഭരണങ്ങളോടെയാണ് കാളകളെ എത്തിക്കുക. ബൈരേശ്വരയിൽനിന്ന് ബസവേശ്വരയിലേക്കാണ് ഇവരുടെ പിന്നീടുള്ള പലായനം. ചെണ്ടക്കാരുടെയും കുഴലൂത്തുകാരുടെയും അകമ്പടിയാണ് ഇതിനുണ്ടാവുക. പ്രധാന ആരാധ്യദേവതയായ കരുങ്കാളി അമ്മയെ ഇവർ പെട്ടിയിലാണ് അടച്ചുസൂക്ഷിക്കുക. മുളകൊണ്ട് ഉണ്ടാക്കിയ പെട്ടിയിൽനിന്ന് വിശേഷ അവസരങ്ങളിൽമാത്രം ഇവർ ദൈവത്തെ പുറത്തെടുക്കുന്നു. മറ്റു വിഭാഗങ്ങളൊന്നും തങ്ങളുടെ ദൈവത്തെ തട്ടിക്കൊണ്ടുപോകാതിരിക്കാനാണ് ഇവർ ദൈവത്തെയും പെട്ടിയിൽ സൂക്ഷിക്കുന്നത്.
ചിലങ്ക, കമ്മൽ, മാല, മുക്കുത്തി, താലി, വെള്ളിമണി തുടങ്ങിയ ആഭരണങ്ങളും വാൾ തുടങ്ങിയ ആയുധങ്ങളും ഇവർ ദൈവത്തിനൊപ്പം പെട്ടിയിൽത്തന്നെ സൂക്ഷിക്കും.
കൂളിയെ കാണുന്ന പണിയർ
തുടിതാളവും ചീനിക്കുഴൽ വിളിയും താളത്തിനൊത്ത് ചിലങ്കയും. പുല്ലുമേഞ്ഞ പണിയ കുടിലുകൾ നിരന്നുനിൽക്കുന്ന പണിയ കോളനിയിൽ കൂളികെട്ട് നടക്കുകയാണ്. കല്യാണം, രോഗമകറ്റൽ, വയസ്സറിയിക്കൽ എന്നിവയിലെല്ലാം കൂളികൽപ്പിച്ചു നൽകുന്നതാണ് ഇവരുടെ ശാസ്ത്രം. പത്തിൽ താഴെ പണിയർ വലയം ചെയ്തുകൊണ്ട് തുടിതാളം മുഴക്കും. മൃഗത്തോലുകൊണ്ടുണ്ടാക്കിയ ഇടയ്ക്കയ്‌ക്ക് സമാനമായ തുടിയിലാണ് ആദിഗോത്രത്തിന്റെ താളം ഒഴുകിവരുന്നത്. പൂർണമായും ഇവരുടെ അലിഖിത താളബോധത്തിൽനിന്നാണ് ഈ തുടിച്ചെത്തങ്ങൽ ഉയർന്നുവരുന്നത്. മുളങ്കുഴലും ചിരട്ടയും ഉപയോഗിച്ചാണ് സുഷിരവാദ്യമായ ചീനി ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ശ്വാസനിശ്വാസങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ ഒന്നും പകരമില്ലാത്ത ഒരു സുഷിരവാദ്യത്തെയാണ് പണിയർ പരിചയപ്പെടുത്തുന്നത്.
വട്ടക്കളി
തുടിയും ചീനിവാദ്യവും ഇടകലരുമ്പോൾ പണിയ സ്ത്രീകൾ വട്ടക്കളിയുമായി ഇറങ്ങുകയായി. ഒരറ്റം ഒരുതോളിലേക്ക് ചെരിച്ചുകെട്ടി മുട്ടോളമെത്തുന്ന വെളുത്ത മുണ്ടുടുത്ത് അരയിലൊരു ചുവപ്പ് കച്ചയുമായി ഇവർ നൃത്തമാടുന്നു. കൈകൾ പൊക്കി ആകാശത്തെ വലയംചെയ്ത് താഴെ ഭൂമിയെ വലയംചെയ്ത് വട്ടത്തിൽ ആടുന്നതാണ് വട്ടക്കളി. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയ. ദൈവമായ കൂളിയെ സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് ഉറഞ്ഞുതുള്ളുന്ന ഗോത്ര കോമരങ്ങളെയാണ് ഇവർക്കിടയിൽ കാണാനാവുക. കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ഏഴുദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് ഇവർക്കിടയിൽ നടന്നിരുന്നത്. രാത്രിയും പകലുമായി കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്ന് നടത്തിയിരുന്ന ഈ അനുഷ്ഠാനത്തിന്റെ രീതികളെല്ലാം മാറിയിരിക്കുന്നു. സ്ഥലപരിമിതിയുള്ള കോളനിയുടെ മുറ്റത്ത് ഇവർക്ക് ഇന്ന് ഇതിനൊന്നും സ്ഥാനമില്ല. അടിമക്കച്ചവടത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ വള്ളിയൂർക്കാവ് ഉത്സവത്തിനുപോലും ഒരുകാലത്ത് ഉത്സവനടത്തിപ്പിനായി ഇവരുടെ വട്ടക്കളിയും ചീനിവാദ്യവും സഹകരണവും നിർബന്ധമായി വേണമായിരുന്നു.
കുംഭപ്പാട്ട്
കുറുമരുടെ പിതൃപൂജ
കുറുമരുടെ വിശ്വാസമനുസരിച്ച് അവർ രാവണന്റെ പിൻമുറക്കാരാണ്. അതുകൊണ്ടുതന്നെ രാമ–-രാവണ യുദ്ധത്തിൽ രാവണൻ മരിച്ചുവീണതെന്ന് വിശ്വസിക്കുന്ന കർക്കടകം 14ന് ഇവർ കുറുമകുടി ആചരിക്കുന്നു.
രാമ– -രാവണ യുദ്ധത്തോടെ ലങ്കാപുരിയിൽനിന്ന് തമിഴകത്തെ മധുരയിലേക്ക് പലായനം ചെയ്തുവെന്നും അവിടന്ന് വയനാട്ടിലെത്തിയവരുടെ പിന്മുറക്കാരാണ് തങ്ങളെന്നുമാണ് കുറുമരുടെ വിശ്വാസം. സംസാരഭാഷയിലെ തമിഴ് സ്വാധീനമാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
മധുരയിൽനിന്ന് നീലഗിരി നിരകൾ താണ്ടിയാണ് വയനാട്ടിലെത്തിയതെന്നും ഇവർ വിശ്വസിക്കുന്നു. കൂട്ടംചേർന്ന് താമസിക്കുന്ന കുറുമർ നടത്തുന്ന പിതൃപൂജയെയാണ് കുറുമകുടി എന്ന് അറിയപ്പെടുന്നത്. കുറുമകുടിയിൽ ബലിതർപ്പണത്തിനുള്ള അവകാശം വീടുകളിലെ പ്രായമായ സ്ത്രീകൾക്കാണ്. കർക്കടകം 14ന് വൈകിട്ട് പുഴയിൽനിന്നോ തോട്ടിൽനിന്നോ ചടങ്ങിനാവശ്യമായ മീനും ഞണ്ടും പിടിക്കുന്നതും സ്ത്രീകളാണ്. മുളകൊണ്ട് ഉണ്ടാക്കിയ കൂടയാണ് മീൻ പിടിക്കാൻ ഉപയോഗിക്കുക. വന്യമൃഗങ്ങളെ വേട്ടയാടി കാട്ടിറച്ചി എത്തിക്കേണ്ടത് ഗോത്രത്തിലെ പുരുഷൻമാരാണ്. വേട്ട അനുവദിക്കാത്തതിനാൽ ഇറച്ചി കടയിൽനിന്ന് വാങ്ങാറാണ് ഇപ്പോൾ. തകര, ചേമ്പിൻതാൾ എന്നിവ അടങ്ങിയ സദ്യയും കുറുമകുടിയിൽ ഒഴിവാക്കാനാകാത്തതാണ്. രാത്രിയിലാണ് ഈ ആചാരം നടക്കുക. സാധാരണ പിതൃപൂജ നടത്തുന്ന കർക്കടകവാവ് ദിവസം ഇവർക്ക് ചടങ്ങുകളൊന്നുമില്ല.
മുള്ളൂർ കുറുമൻ, മുല്ല കുറുമൻ, മല കുറുമൻ എന്നിവയെല്ലാം കുറുമൻ എന്ന നരവംശ സമുദായത്തെ സൂചിപ്പിക്കുന്നു. പ്രധാനമായും വയനാട് ജില്ലയിലും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ സമീപ പ്രദേശങ്ങളിലുമായാണ് ഇവർ വിന്യസിച്ചിരിക്കുന്നത്. വയനാട്ടിലെ തദ്ദേശവാസികളും ആദ്യം ഭരിച്ചിരുന്ന വേദരാജാക്കന്മാരുടെ പിൻഗാമികളുമാണ് ഇവരെന്ന് വിശ്വസിക്കപ്പെടുന്നു.









0 comments