മല്ലൻകാണി; പോയ് മറഞ്ഞത് കാടറിവുകളുടെ ജീവനി


എൻ എ ബക്കർ
Published on Jul 14, 2025, 04:56 PM | 2 min read
മല്ലൻ കാണി ഒരു ഊരുമൂപ്പന്റെ പേര് മാത്രമായിരുന്നില്ല. ആദിവാസി ജീവിതം അടയാളപ്പെടുത്തി വെച്ച അറിവുകളുടെ ആദരവായിരുന്നു. അഗസ്ത്യവനത്തിലെ പാരമ്പര്യ അറിവുകളുടെയും, കാടിന്റെ തന്നെയും കാവലാൾ. കാണിക്കാർ ഗോത്രത്തിലെ മുതിർന്ന അംഗം കെ മല്ലൻ കാണി വനത്തിൽ ലയിച്ചു. നൂറ്റി ആറാമത്തെ വയസിൽ ജൂലൈ 14ന് ഞായറാഴ്ച ആയിരുന്നു അന്ത്യം. നാട്ടുകാരുടെ കണക്കിൽ അദ്ദേഹം 115 വയസ് പിന്നിട്ടിരുന്നു.
മലകയറ്റക്കാർ ഊർജ്ജസ്വലതയ്ക്ക് ഉപയോഗിച്ചിരുന്ന ആരോഗ്യപ്പച്ച (Trichopus zeylanicus) എന്ന ഔഷധസസ്യത്തെ പുറം ലോകത്തിനും ശാസ്ത്രലോകത്തിനും മുന്നിൽ പരിചയപ്പെടുത്തിയതിൽ മല്ലൻകാണിയുണ്ട്.
തന്റെ ഊരു നിവാസികളുടെയും കാടിന്റെയും ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു ഗോത്രവർഗ്ഗ നേതാവ് കൂടിയായിരുന്നു മല്ലൻ കാണി. ആദിവാസി സമൂഹങ്ങൾ അറിവിന്റെ വലിയ കലവറകളാണെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. പ്രകൃതിയോട് അടുത്ത് നിന്ന് അത് നൽകുന്ന തിരിച്ചറിവുകളെ ജീവിതത്തിലേക്ക് ആവാഹിച്ചു. തലമുറകൾക്ക് കൈമാറി.
കാറ്റും മഴയും പ്രവചിച്ച കണ്ണുകൾ
മേഘങ്ങളുടെ ചലനം നോക്കി മഴ എവിടെ എപ്പോൾ എന്ന് ഊരിന് വിവരം നൽകും. കാറ്റിന്റെ വേഗവും ഗതിയും നോക്കി ഗണിച്ചെടുക്കും. കാട്ടുപച്ചകളിലെ ഔഷധ വീര്യം പകർന്ന് ഊര് നിവാസികൾക്ക് ആരോഗ്യ പരിരക്ഷണം നൽകും. ഓരോ കായ്കനികളുടെയും ചെടികളുടെയും പേരും അടയാളങ്ങളും പറഞ്ഞ് പഠിപ്പിച്ച് വിശപ്പിന് പരിഹാരം ചൊല്ലും.
പ്രാചീന കാലത്ത് ആദിമനിവാസികൾ ദൂരെ ദേശങ്ങളില്‍ സന്ദേശമെത്തിച്ചിരുന്ന അഞ്ചുമനക്കെട്ട് എന്ന സമ്പ്രദായം അറിയുന്ന അപൂര്‍വം പേരില്‍ ഒരാളായിരുന്നു. വള്ളികളിൽ പ്രത്യേക കുരുക്കും വളയങ്ങളും ഇട്ട് ആശയവിനിമയം നടത്തുന്ന ഭാഷാ തന്ത്രമാണ് അഞ്ചുമനക്കെട്ട്. മലമ്പാട്ടും ചാറ്റുപാട്ടും തലമുറകളുടെ ഓർമ്മകളിലേക്ക് പകർന്നു.
ഒരിക്കല്‍ പോലും ആശുപത്രിയില്‍ പോയിട്ടില്ല. എറുമ്പിയാട് ഉള്‍വനത്തില്‍ ഈറത്തണ്ടും ഈറ്റയിലയും കൊണ്ടുണ്ടാക്കിയ കുടിലിലായിരുന്നു താമസം. പുറം ലോകം മല്ലൻ കാണിയുടെ അറിവിനെ വണങ്ങാനും വാങ്ങാനും എത്തിയിരുന്നു. എങ്കിലും അദ്ദേഹം വനത്തിൽ തന്നെ തുടർന്നു. വനത്തിൽ തുടമ്പോഴും പുറം ലോകത്തിന്റെ വാർത്തകളും വിശേഷങ്ങളും അറിഞ്ഞെടുത്തു.
റേഡിയോ മല്ലനായ കഥ
അതിന് ഒരു നിമിത്തം ഉണ്ടായത് സ്വാതന്ത്ര്യത്തിനും മുൻപാണ്. വനത്തിൽ എത്തിയ ബ്രിട്ടീഷ് സംഘത്തിന് അന്ന് യുവാവായിരുന്ന മല്ലൻ വഴികാട്ടി. അവരുടെ യാത്രകൾക്ക് കൂട്ടായി. അവരിൽ നിന്നും അമേരിക്കൻ കമ്പനിയായ മർഫിയുടെ റേഡിയോ സമ്മാനമായി കിട്ടി. അന്ന് മുതൽ കാട്ടിൽ പാട്ടായി. മറ്റു കുടിക്കാരും കൂട്ട് കൂടി.
സിലോണിൽനിന്നുള്ള സംപ്രേഷണമാണ് റേഡിയോയിൽ കൂടുതലും അന്ന് ലഭിച്ചിരുന്നത്. പാട്ടും വർത്തമാനവും ലോക വിശേഷങ്ങളും മല്ലന്റ കുടിയുടെ മുറ്റത്ത് ലോകത്തെ എത്തിച്ചു. റേഡിയോ കേൾക്കാൻ ആളായി. വിവരം അപ്പുറത്ത് ഇപ്പുറത്തെ ഊരുകളിലും പാട്ടായി. കേട്ടറിഞ്ഞ ഊരുകാരെല്ലാം കാടും നദിയും കടന്ന് മല്ലന്റെ കുടിയിലെത്തി. വാർത്ത പുറത്തെത്തിയപ്പോൾ പരിഷ്കൃത ലോകം അദ്ദേഹത്തിന് റേഡിയോ മല്ലൻ കാണി എന്ന വിളിപ്പേര് നൽകി.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതും ഗാന്ധിജി വെടിയേറ്റ് മരിച്ചതും ജവഹർലാൽനെഹ്‌റു പ്രധാനമന്ത്രിയായതും എല്ലാം ഊരുകാരറിഞ്ഞത് മല്ലൻ കാണിയുടെ റേഡിയോ പറഞ്ഞാണ്. 2019-ൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടിക്കാറാം മീണ കോട്ടൂരിലെത്തി. മല്ലൻ കാണിയെ ആദരിച്ചിരുന്നു.

ചെമ്മങ്കാല ഊരിലായിരുന്നു അന്ന് താമസിച്ചിരുന്നത്. കാടും മലയും ചവിട്ടി മറിഞ്ഞാണ് ആദരിക്കൽ ചടങ്ങിന് കോട്ടൂരിൽ വന്നത്. മുഖ്യതെരഞ്ഞെടപ്പ് കമ്മീഷണറുടെ മുന്നിലും പാരമ്പര്യം വിട്ടില്ല. അമ്പും വില്ലും അണിഞ്ഞാണ് വേദിയിലും കയറിയത്. കാട്ടുതേൻ ഉൾപ്പെടെയുള്ള വനവിഭവങ്ങളും കരുതിയിരുന്നു.
ഭാര്യ നീലമ്മയുടെ മരണത്തിന് ശേഷം രണ്ട് മക്കളായിരുന്നു മല്ലനെ നോക്കിയിരുന്നത്. നീലമ്മ മരിച്ചതും നൂറ് വയസ് പൂർത്തിയാക്കിയാണ്. മല്ലൻ കാണിയുടെ വയസ് 105 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് റേഷൻ കാർഡ് വെച്ചാണ് .









0 comments