രുചിയേറും നാടൻ മാവിനങ്ങൾ

രവീന്ദ്രൻ തൊടീക്കളം
Published on Sep 26, 2025, 11:17 AM | 2 min read
നാടൻ മാവിനങ്ങൾ പലതും കാണാക്കാഴ്ചയായി മാറുകയാണ്. അരനൂറ്റാണ്ടുമുമ്പുവരെ മിക്ക പുരയിടങ്ങളിലും ഒന്നിലേറെ നാടൻമാവുകൾ കാണുമായിരുന്നു. നൂറിലേറെയിനങ്ങൾ കേരളത്തിലുണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ട ഏതാനും ഇനങ്ങളെപ്പറ്റി.
മൂവാണ്ടൻമാവ്
വെള്ള മൂവാണ്ടൻ, കറുത്ത മൂവാണ്ടൻ, നീല മൂവാണ്ടൻ എന്നിങ്ങനെ മൂന്നുതരമുണ്ട്. വിത്തുതൈകൾ നട്ടാൽപ്പോലും മൂന്നാംവർഷം കായ്ക്കുമെന്നതിനാലാണത്രേ ഇങ്ങനെ പേര് വന്നത്. താരതമ്യേന വലിപ്പമുള്ള മാങ്ങകൾക്ക് മിതമായ പുളി, മധുരം, നാര് എന്നിവയുണ്ട്.
കിളിച്ചുണ്ടൻ
നല്ല മധുരവും നാരുമുള്ള മാങ്ങകൾ ഉദരരോഗങ്ങൾക്കെതിരെ ഗുണകരം. വലിയ കിളിച്ചുണ്ടൻ മാമ്പഴത്തിന് 250 ഗ്രാം തൂക്കം കാണും. പഴത്തിനും അച്ചാറിനും യോജിച്ച ഇനമാണിത്.
കുറ്റ്യാട്ടൂർ മാവ്
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിലാണ് കൂടുതലായി കണ്ടുവരുന്നത്. കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കാണാം. രുചികരമായ ഇടത്തരം വലിപ്പമുള്ള മാമ്പഴത്തിന് വിപണനസാധ്യത ഏറെയാണ്. ഭൗമസൂചികാപദവി ലഭിച്ച ഇനമാണിത്.
ഓളോർ മാവ്
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ കൃഷി ചെയ്യുന്നത്. ഇടത്തരം മാങ്ങകൾക്ക് മുട്ടയുടെ ആകൃതിയാണ്. ചെറിയതോതിൽ നാരും നല്ല മണവുമുള്ള മാങ്ങകൾ രുചികരവും വിപണനസാധ്യത ഉള്ളവയുംതന്നെ.

കോട്ടുക്കോണം
കേരളത്തിലെ തെക്കൻ ജില്ലകളിൽ കൂടുതലായി കണ്ടുവരുന്നു. ചെങ്കൽ വരിക്കയെന്നപേരിലും അറിയപ്പെടുന്നു. മാമ്പഴത്തിന്റെ തൊലിക്ക് കട്ടി കൂടുതലാണ്. പുളി കുറവായതിനാൽ പച്ചയ്‌ക്കും ഉപയോഗിക്കാം.
കാലപ്പാടി
കേരളത്തിൽ നല്ല പ്രചാരം. കുല കുലയായി നല്ല വിളവ് തരുന്നു. ഇടത്തരം മാമ്പഴം. മധുരവും ഉറപ്പുള്ളതുമായ കാമ്പ്, തൊലിക്ക് കട്ടി കുറവ്, നാരില്ല, കൂടുതൽ ചാറ്. നല്ല ഗന്ധം.
വെള്ളരിമാവ്
മാങ്ങയ്‌ക്ക് വെള്ളരിയോട് സാദൃശ്യമുണ്ട്. പച്ചയിൽ പുളി കുറവാണ്. കണ്ണിമാങ്ങ ഉപ്പിലിടാൻ നല്ലതാണ്.

കർപ്പൂരമാങ്ങ
കർപ്പൂരത്തിന്റെ ഗന്ധവും രുചിയുമുള്ള മാങ്ങകൾ. വലിപ്പം കൂടിയവയാണ്.
താളിമാവ്
വർഷത്തിൽ മൂന്നുതവണ കായ്ക്കുന്നു. ചെറിയ ഉരുണ്ട മാങ്ങകൾ മൃദുലവും കടും ഓറഞ്ച് നിറവുമുള്ളതാണ്.

കപ്പമാവ്
മാങ്ങയുടെ തൂക്കം 500 മുതൽ 750 ഗ്രാംവരെ. നാര് താരതമ്യേന കുറഞ്ഞയിനത്തിന് നല്ല ഗന്ധമുണ്ട്.
നാട്ടുമാവ്
നല്ല ഉയരമുണ്ടായിരിക്കും. വിവിധ ആകൃതിയിലും രുചിയിലും മണത്തിലുമുള്ള ചെറിയ മാങ്ങകൾ. അച്ചാറിനും കറികൾക്കും പറ്റിയതാണ്.
പുളിച്ചിമാവ്
കുലകളായി കാണുന്ന ചെറിയ മാങ്ങകൾ മുതൽ വലിയ മാങ്ങകൾവരെ കാണാം. പച്ചയ്‌ക്കും പഴുത്താലും പുളിയുണ്ടാകും. നാരിന്റെ അളവ് കൂടുതലാണ്. ആകർഷകമായ സുഗന്ധമുള്ള മാങ്ങകളിൽ ജീവകം സി സമൃദ്ധമാണ്.
കോലിമാവ്
നല്ല മണവും മധുരവുമുള്ള മാങ്ങകൾ പഴുക്കുമ്പോൾ കോലുപോലെ നീണ്ടിരിക്കും.
കൊളാമ്പിമാവ്
തൊലിക്ക് കട്ടി കുറഞ്ഞ നല്ല നീളമുള്ള മാമ്പഴം സ്വാദേറിയതാണ്.
വാഴപ്പഴത്തി
ഇടത്തരം വലിപ്പമുള്ള മാങ്ങകൾ. പഴങ്ങൾക്ക് സ്വാദ് കുറവ്. ഉയർന്ന രോഗപ്രതിരോധ ശക്തിയുണ്ട്.

മുതലമൂക്കൻമാവ്
നല്ല വലിപ്പമുള്ള ശരാശരി 900 ഗ്രാം തൂക്കമുള്ള മാങ്ങകൾ നാരും പുളിയും കുറവാണ്. നല്ല സ്വാദുണ്ട്. പരുപരുത്ത തൊലിപ്പുറത്തിന് ചാരനിറമുള്ള ആവരണമുണ്ട്.
പഞ്ചസാര വരിക്കമാവ്
പച്ചമാങ്ങയടക്കം നല്ല മധുരമാണ്. 325 ഗ്രാംവരെ തൂക്കം കാണും.
ചെമ്പഴം മാവ്
പുറംതൊലിക്ക് ചുവപ്പ് നിറമാണ്. ചെറിയ പഴമാണ്. കുരു വലുതും നല്ല മധുരവും ഗന്ധവുമുണ്ട്.
മുട്ടമാവ്
മുട്ടയുടെ ആകൃതിയിലുള്ള മാങ്ങകൾക്ക് നല്ല മധുരവും ഗന്ധവുമുണ്ട്.
പ്രിയോർമാവ്
തൃശൂർ ജില്ലയിൽ വ്യാപകമായി കാണാം. പേരയ്‌ക്കമാവെന്നും പേരുണ്ട്. 250 ഗ്രാംവരെ തൂക്കം കാണും. സ്വാദേറിയ മാങ്ങയ്‌ക്ക് നല്ല വലിപ്പവും മധുരവുമുണ്ട്.
പ്രാദേശികമായ വിളിപ്പേരിൽ കേരളത്തിലുള്ള മറ്റിനങ്ങൾ: ബപ്പായിമാവ്, നാടൻ മൂക്കുറ്റിമാവ്, കോട്ടപ്പുറംമാവ്, മുക്കുറ്റിമാവ്, കോട്ടപ്പുറം കിളി, മാവ്വണ്ടാഴിമാവ്, കൊറ്റക്കൽമാവ്, ചെറുകുരുവിളമാവ്, ചെമ്പിച്ചമാവ്, പൂക്കോണംമാവ്, കോട്ടപ്പുറം കാതിമാവ്, ചക്കാലത്തിമാവ്, അട്ടപ്പാടിമാവ്, പരിപ്പൻമാവ്, പുലിയൂർമാവ്.










0 comments