കുരുമുളക്‌ കൃഷിയുടെ സംരക്ഷണം

pepper
avatar
വീണാറാണി ആർ

Published on May 04, 2025, 12:00 AM | 1 min read

കുരുമുളക് കൃഷിയുടെ പ്രധാന വില്ലൻ ഫൈറ്റോഫോത്താറ എന്ന കുമിളാണ്‌. കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മാത്രമല്ല തെങ്ങിന്റെ കൂമ്പു ചീയലിനും കമുകിന്റെ മഹാളിക്കും എന്തിന് റബറിന്റെ പിങ്ക് രോഗത്തിനുംവരെ കാരണക്കാർ ഫൈറ്റോഫോത്താറ കുടുംബക്കാർതന്നെ. പുളിരസംകൂടിയ മണ്ണിൽ ഫൈറ്റോഫോത്താറ സസുഖം വാഴും. ചുവടിളക്കുമ്പോൾ വേരിലുണ്ടാകുന്ന മുറിവിലൂടെയാണ് ഫൈറ്റോഫോത്താറ പലപ്പോഴും കുരുമുളക് വള്ളികളെ കീഴടക്കുന്നത്.

ദ്രുതവാട്ടത്തെ തുരത്തുന്നതിലെ ആദ്യപടിയായി തോട്ടത്തിലെ രോഗബാധിതമായ എല്ലാ കുരുമുളക്‌ ചെടികളും വേരോടെ പിഴുത് കത്തിച്ചുകളയണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നീർവാർച്ച ഉറപ്പാക്കണം. കുരുമുളക്‌ ചെടിക്ക്‌ പുതയിടുന്നതും ആവരണവിള പടർത്തുന്നതും മണ്ണ് ഇലകളിൽ തെറിച്ച് രോഗം പടരാതിരിക്കാൻ സഹായിക്കും. താങ്ങുമരങ്ങളുടെ കൊമ്പ് കോതികൊടുത്ത് വള്ളിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം.

മണ്ണിലെ പുളിരസം കുറയ്‌ക്കുന്നതിനായി ഏപ്രിൽ–മെയ് മാസത്തിൽ ചെടിയൊന്നിന് ഒരു കിലോഗ്രാം കുമ്മായം ചേർത്ത് കൊടുക്കണം. കാലവർഷത്തിനുമുമ്പായി സ്യൂഡോമോണസ് ഫ്ലൂറസൻസ് ഉപയോഗിച്ച് തടം കുതിർക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. കുമ്മായം ചേർത്ത് നാലാഴ്ചയ്‌ക്കുശേഷം ട്രൈക്കോഡർമ വളർത്തിയ ജൈവവളം ചേർത്തുകൊടുക്കുന്നത് ഫൈറ്റോഫോത്താറയെ തുരത്തും.


ഇതിനായി 90 കിലോഗ്രാം ചാണകപ്പൊടിയിൽ 10 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ചേർത്ത മിശ്രിതത്തിൽ ഒന്നുമുതൽ രണ്ടു കിലോഗ്രാംവരെ ട്രൈക്കോഡർമ വിതറിയശേഷം ആവശ്യത്തിന് വെള്ളം തളിച്ച് നല്ലതുപോലെ ഇളക്കിച്ചേർക്കണം. ഇങ്ങനെ തയ്യാറാക്കിയ മിശ്രിതം തണലത്ത് ഒരടി ഉയരത്തിൽ കൂനകൂട്ടി ഈർപ്പമുള്ള ചാക്കുപയോഗിച്ച് മുടിവയ്‌ക്കാം. ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈർപ്പം നൽകി വീണ്ടും കൂനകൂട്ടി മൂടിയിടുക. അഞ്ചു ദിവസം കഴിഞ്ഞാൽ തടമൊന്നിന് മൂന്നു കിലോഗ്രാം എന്നതോതിൽ ചേർത്ത് കൊടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home