കാപ്പിയുടെ വയനാടൻ രുചി

luwak coffee wayanad
avatar
സയൻസൺ

Published on Feb 15, 2025, 10:48 PM | 2 min read


ചുരം കയറി വയനാട്ടിലേക്കെത്തുമ്പോൾ തന്നെ കാപ്പിയുടെ സുഗന്ധവും അരികിലെത്തിയിട്ടുണ്ടാകും. കാപ്പിവില അനുകൂലമായതിന്റെ ഉണർവ് എല്ലാ കാപ്പികർഷകരുടെ ജീവിതത്തിലുമുണ്ട്‌. നൂറ്റാണ്ടുകളുടെ പാരമ്പര്യമാണ്‌ വയനാടിന്റെ കാപ്പികൃഷിക്കുള്ളത്‌. റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളാണ്‌ വയനാട്ടിൽ കൃഷിചെയ്യുന്ന പ്രധാന ഇനങ്ങൾ. റുബിയേസീ കുടുംബത്തിലെ അംഗമാണ്‌ കാപ്പി.


കുറ്റിച്ചെടിയായും ചെറുമരമായും വളരുന്ന ഇവയുടെ ജന്മദേശം കിഴക്കേ ആഫ്രിക്കയിലെ എത്യോപ്യയിലെ കാഫ്ഫായാണ്‌. യമൻ വഴിയാണ്‌ ഇന്ത്യയിൽ കാപ്പിയെത്തുന്നത്‌. ഭൗമ സൂചികാ പദവി ലഭിച്ച കാപ്പിയാണ് വയനാടൻ റോബസ്റ്റ. സിക്കോറിയം ഇന്റിബസ് എന്ന ശാസ്ത്രനാമമുള്ള കമ്പോസിറ്റെ സസ്യവംശത്തിലെ ചിക്കറിയുടെ കിഴങ്ങ് പൊടിച്ചതാണ്‌ കാപ്പിയിലെ ചേരുവ. ഇന്ത്യയിൽ കർണാടകത്തിലാണ് കൂടുതൽ കാപ്പികൃഷി. രണ്ടാം സ്ഥാനം കേരളത്തിനാണ്. കേരളത്തിൽ വയനാടാണ് കാപ്പികൃഷിയിൽ മുന്നിൽ.


വയനാടൻ റോബസ്റ്റ


അറബിക്ക എന്ന ഇനം വയനാട്ടിൽ കൃഷിചെയ്യുന്നുണ്ടെങ്കിലും കീടനിയന്ത്രണത്തിലും വിളവിന്റെ കാര്യത്തിലും റോബസ്റ്റയാണ്‌ മുന്നിൽ. സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2100 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് വയനാട് റോബസ്റ്റ കാപ്പി കൃഷിചെയ്യുന്നത്. ഇളം പച്ചനിറമുള്ള വിശാലമായ ഇലകളാണിതിന്‌. മുകുളങ്ങളിൽ ധാരാളം പൂക്കളുണ്ടാവുമെന്നതാണ്‌ പ്രത്യേകത.


ദക്ഷിണേന്ത്യയിൽ 1869 ആയപ്പോഴേക്കും ഏകദേശം 1. 20 ലക്ഷം ഏക്കറിലേക്ക്‌ കാപ്പികൃഷി വികസിച്ചു. 60,000 ഏക്കർ വയനാട്ടിൽ മാത്രമുണ്ടായിരുന്നു. മാനന്തവാടി, പനമരം, തിരുനെല്ലി, തരിയോട്, വൈത്തിരി, ബത്തേരി, കൊളഗപ്പാറ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ശ്രദ്ധേയമായ കാപ്പിത്തോട്ടങ്ങളുണ്ട്‌.


ലോക കാപ്പി സമ്മേളനം


കോപ്പൻഹേഗനിൽ നടന്ന ലോക കാപ്പി സമ്മേളനത്തിൽ അവതരിപ്പിച്ചതോടെ വയനാടൻ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകാര്യത ലഭിച്ചു. കഴിഞ്ഞവർഷം ജൂൺ 27 മുതൽ 29 വരെയായിരുന്നു സമ്മേളനം. ആദ്യമായാണ് രാജ്യാന്തര വേദിയിൽ വയനാടൻ റോബസ്റ്റ തനത്‌ രീതിയിൽ കോഫി അവതരിപ്പിക്കപ്പെടുന്നത്. ഇതിനുമുമ്പ്‌ അറബിക്കയുടെ ചേരുവ എന്ന നിലയിലാണ്‌ ഈ രുചി പരീക്ഷിച്ചിരുന്നത്‌. ബംഗളൂരുവിൽ നടന്ന വേൾഡ് കോഫി കോൺഫറൻസിലും സംസ്ഥാന പ്ലാന്റേഷൻവകുപ്പ് വയനാടൻ കാപ്പിയുടെ പ്രത്യേക സ്റ്റാൾ സജ്ജമാക്കിയിരുന്നു. അവിടെനിന്ന്‌ ലഭിച്ച പ്രതികരണമാണ് വയനാടൻ കാപ്പിയുടെ വിപുലമായ അന്താരാഷ്ട്ര സാധ്യതകളെപ്പറ്റി ചിന്തിക്കാൻ സംസ്ഥാന സർക്കാരിന് പ്രചോദനമായത്.


റോബസ്റ്റ ഇനത്തിൽപ്പെട്ട കാപ്പിക്ക് ആഗോളതലത്തിൽ ഉയർന്ന ആവശ്യവും കൂടിയ വിലയുമാണുള്ളത്. വലിയതോതിലുള്ള കയറ്റുമതി സാധ്യതകൾക്കാണ് കോൺഫറൻസിലെ പങ്കാളിത്തം അവസരമൊരുക്കിയത്‌. ഇതോടെ 10,000 കോടിയുടെ കയറ്റുമതിയുടെ വർധനയാണ്‌ കാപ്പിയിൽ ഇന്ത്യക്ക്‌ നേടാനായത്‌.


മണമൂറും


കേരളത്തിലെ 85,501 ഹെക്ടർ കാപ്പിയിൽ 67,436 സ്ഥലത്തും വയനാട്ടിൽ റോബസ്റ്റ കാപ്പി കൃഷിചെയ്യുന്നു. അതായത് 80 ശതമാനത്തോളം. പശ്ചിമഘട്ട മലനിരകളും ഇടതൂർന്ന വനപ്രദേശങ്ങളും കാലാവസ്ഥയുമാണ് കാപ്പികൃഷിക്ക് അനുഗുണമായത്‌. വയനാട്ടിലെ കാലാവസ്ഥയ്ക്ക് യോജ്യമായ റോബസ്റ്റ കാപ്പി ആദ്യമായി എത്തിയത് 1825ലാണ്. മാനന്തവാ‌‌ടിയിലെ അഞ്ചരക്കണ്ടിയിലാണ് ആദ്യത്തെ കാപ്പിത്തോട്ടം ബ്രൗൺ എന്ന ബ്രിട്ടീഷുകാരൻ ആരംഭിച്ചത്. ഒറ്റവിളയായും കുരുമുളകിനൊപ്പം ചേർന്നും കാപ്പി കൃഷിചെയ്യുന്നത്‌ സവിശേഷതയാണ്. ജില്ലയുടെ ഏകദേശം 54 ശതമാനം കാപ്പി കൃഷിയാണ്‌. റോബസ്റ്റ കാപ്പിയുടെ വിളവ് ഹെക്ടറിന് 1400 മുതൽ 2500 കിലോഗ്രാംവരെയാണ്‌. തീവ്രമായ സുഗന്ധവും ചോക്ലേറ്റിന്റെ രുചിയുമാണ്‌.

മരപ്പട്ടിയെക്കാത്ത്‌


പഴുത്തുചുവന്ന്‌ തുടുത്ത്‌ കാപ്പി ആരും പറിക്കാതെ കിടക്കുമ്പോൾ പലർക്കും തോന്നും ഇത്രയും വിലയുണ്ടായിട്ടും കാപ്പിയെന്താ പറിക്കാത്തതെന്ന്‌. സിവെറ്റ് കോഫിയുണ്ടാക്കാനാണിത്‌. സിവെറ്റ് ഒരുതരം മരപ്പട്ടിയാണ്. ഇവ പഴുത്ത കാപ്പിക്കുരു ഭക്ഷിക്കും. അതിന്റെ വിസർജ്യത്തിൽ ദഹിക്കാതെ വരുന്ന കാപ്പിക്കുരു സംസ്കരിച്ചെടുത്ത്‌ ഉണ്ടാക്കുന്നതാണ് സിവെറ്റ് കോഫി. കാപ്പിക്കുരു ഇവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവരുമ്പോൾ സവിശേഷ വാസന കാപ്പിക്കുരുവിന് ഉണ്ടാകുമെന്നതാണ്‌ പ്രത്യേകത. കർണാടകത്തിലെ കൂർഗള ആയിരുന്നു ഇത്തരം കാപ്പിയുടെ പ്രധാന കേന്ദ്രം. എന്നാൽ വയനാട്ടിലും ഇപ്പോഴിത്‌ ഉണ്ടാക്കുന്നുണ്ട്‌. ലുവാക് കോഫി എന്നാണ് ഇതിന്റെ പേര്. ഒരു കിലോഗ്രാമിന് 25,000 രൂപ വരെയാണ് സിവെറ്റ് കോഫിയുടെ വില.



deshabhimani section

Related News

View More
0 comments
Sort by

Home