കാച്ചിലും ചെറുകിഴങ്ങും കൃഷിചെയ്യാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 24, 2020, 10:18 PM | 0 min read


ഭക്ഷ്യസുരക്ഷയെപ്പറ്റി കൂടുതൽ ചർച്ചകളും തുടർ പ്രവർത്തനങ്ങളും മാതൃകാപരമായി സംസ്ഥാനത്ത്‌ മുന്നേറുകയാണ്‌. കാർഷിക സമൃദ്ധിക്കായി സമൂഹം ഒറ്റക്കെട്ടായി രംഗത്തുണ്ട്‌. കിഴങ്ങു വർഗത്തിൽപ്പെടുന്ന കാച്ചിൽ, ചെറുകിഴങ്ങും കുറഞ്ഞ ചെലവിൽ ഇപ്പോൾ  കൃഷി ചെയ്യാം

ഉഷ്ണമേഖലാ കാലാവസ്ഥയ്‌ക്ക് യോജിച്ചയിനം വിളയാണിവ.  ജന്മദേശം ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളാണെന്ന് അനുമാനിക്കുന്നു. നമ്മുടെ കാലാവസ്ഥയിൽ മികച്ച വിളവ്‌ ലഭിക്കും. ലോകത്തിൽ കാച്ചിൽ ഉൽപ്പാദനത്തിന്റെ 95 ശതമാനവും ആഫ്രിക്കയിലാണ്. ഇത് വെള്ളക്കാച്ചിൽ അഥവാ ആഫ്രിക്കൻ കാച്ചിൽ (ഡയസ് കോറിയ റോട്ടൺ ഡേറ്റ) എന്നറിയപ്പെടുന്നു.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിലും വടക്ക് കിഴക്കൻ മേഖലകളിലും ഈ വിള കൃഷിചെയ്യുന്നു. തെക്കൻ കേരളത്തിൽ കാച്ചിൽ എന്നും വടക്കൻ കേരളത്തിൽ കാവത്ത് എന്നും അറിയപ്പെടുന്ന വിളയുടെ ശാസ്ത്രനാമം ഡയസ് കോറിയ അലാറ്റയെന്നാണ്.
ചെറുകിഴങ്ങിനെ നനകിഴങ്ങെന്നും ചെറുവള്ളിക്കിഴങ്ങെന്നും മുക്കിട കിഴങ്ങെന്നും (ഡയസ്‌കോറിയ എസ്‌കുലന്റ) അറിയപ്പെടുന്നു.




വിത്തും നടീലും
നല്ല നീർവാർച്ചയുള്ളതും ഫലപുഷ്ടിയുള്ളതും രണ്ടടിവരെയെങ്കിലും ഇളക്കമുള്ളതുമായ മണ്ണാണ് ഈ വിളകൾക്ക് അനുയോജ്യം. ശ്രീ കീർത്തി, ശ്രീ രൂപ എന്നിവയും വെള്ളക്കാച്ചിൽ ഇനങ്ങളായ ശ്രീശുഭ, ശ്രീധന്യ എന്നിവയും അത്യുൽപ്പാദനശേഷിയുള്ളതുമായ കാച്ചിൽ ഇനങ്ങളാണ്. എട്ടു മാസമാണ് വിളവെടുപ്പുകാലം. ചെറുകിഴങ്ങിന്റെ അത്യുൽപ്പാദനശേഷിയുള്ള ഒരിനമാണ് ശ്രീലത.

വിളവെടുപ്പുകാലം ഏഴരമാസമാണ്.  കൃഷിസ്ഥലം നന്നായി കിളച്ചൊരുക്കി 1 x1  മീറ്റർ അകലത്തിൽ 45 സെന്റീമീറ്റർ അളവിൽ കുഴികളെടുത്ത് കുഴിയൊന്നിന് ഒന്നര കിലോഗ്രാം കാലിവളമോ, കമ്പോസ്റ്റോ മേൽമണ്ണുമായി കൂട്ടിച്ചേർത്ത് കുഴിമൂടുക. ചെറുകിഴങ്ങിന് 75 x 75 സെ.മീ അകലത്തിലാണ് കുഴികൾ തയ്യാറാക്കേണ്ടത്.
കാച്ചിൽവിത്ത് 250-–-300 ഗ്രാം തൂക്കം വരുന്ന വിധത്തിൽ മുറിച്ച് ചാണകക്കുഴമ്പിൽ മൂക്കി തണലത്തുണക്കണം. പത്ത് സെന്റ് സ്ഥലത്തേക്ക് 120 കിലോഗ്രാം വിത്ത് ആവശ്യമായി വരും.

ചെറുകിഴങ്ങ്
വിത്ത് 100-–-150 ഗ്രാം തൂക്കം വേണം. പത്ത് സെന്റ് സ്ഥലത്ത് 100 കിലോഗ്രാംവരെ വിത്ത് ആവശ്യമായി വരും. തയ്യാറാക്കിവച്ച കുഴികളിൽ  വിത്തുകൾ നടാം. മുളച്ച് മൂന്നാഴ്ച കഴിഞ്ഞ് യൂറിയ 3.6 കിലോഗ്രാം, രാജ് ഫോസ് 13.2 കിലോഗ്രാം, എംഒപി 2.8 കിലോഗ്രാം എന്ന  ക്രമത്തിലും ഒരു മാസം കഴിഞ്ഞ് 3.6 കിലോഗ്രാം യൂറിയ, എംഒപി 2.8 കിലോഗ്രാം ക്രമത്തിലും മേൽവളമായി ചേർത്ത് കൊടുക്കണം.

വള്ളി പടരാൻ  സമീപത്തുളള മരങ്ങളുടെ മുകളിലേക്ക് കയർ കെട്ടി കയറ്റി കൊടുക്കുകയോ, പന്തൽ തയ്യാറാക്കി കൊടുക്കുകയോ വേണം. കളയെടുപ്പുപോലുള്ള പരിചരണ പ്രവർത്തനങ്ങൾ ചെയ്യണം. കാച്ചിലിന് ശരാശരി 120 കിലോഗ്രാമും ചെറുകിഴങ്ങിന് 80 കിലോഗ്രാമും വിളവ് പത്ത് സെന്റിൽനിന്ന്‌ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home