പ്രളയശേഷമുള്ള റബർത്തോട്ടസംരക്ഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2018, 10:04 AM | 0 min read

പ്രളയകാലത്തുണ്ടായ തുടർച്ചയായ മഴ മൂലം കേരളത്തിലെ റബർതോട്ടങ്ങളിൽ ഇലകൾക്ക് രോഗംവന്നത് രൂക്ഷമായ അകാലിക ഇലകൊഴിച്ചിലിനിടയാക്കി. ഇത് റബറുത്പാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാൽ പുതിയ ഇലകൾ ഉണ്ടായിവരുന്നത് വേഗത്തിലാക്കേണ്ടതുണ്ട്. ഇതിന് ഹെക്ടർ ഒന്നിന് 20 കി. ഗ്രാം എന്ന കണക്കിൽ യൂറിയ ചേർത്തുകൊടുക്കുന്നത് പ്രയോജനം ചെയ്യുമെന്ന് ഇന്ത്യൻ റബർഗവേഷണകേന്ദ്രം അറിയിക്കുന്നു. മണ്ണിൽ ഈർപ്പമുള്ളപ്പോൾ വേണം ഇതു ചേർക്കാൻ.  യൂറിയ, രണ്ടുനിര മരങ്ങളുടെ ഇടയിൽ മണ്ണിൽച്ചേർത്തു കൊടുത്താൽ മതി. സാധാരണമായി ഈ സീസണിൽ നടത്താറുള്ള വളപ്രയോഗത്തിനു (രണ്ടാം ഗഡു) പുറമേയാണിത്. 

യൂറിയ ചേർത്ത് രണ്ടാഴ്ച കഴിയുമ്പോൾ, സാധാരണ വളപ്രയോഗത്തിന്റെ രണ്ടാമത്തെ ഗഡുവും ചേർത്തുകൊടുക്കാം. ടാപ്പു ചെയ്യുന്ന തോട്ടങ്ങളിൽ ഹെക്ടറൊന്നിന് 30 കി. ഗ്രാം യൂറിയ, 50 കി. ഗ്രാം രാജ്ഫോസ്, 25 കി. ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ  ചേർത്താണ് രണ്ടാമത്തെ ഗഡു വളം ചെയ്യേണ്ടത്.

നീണ്ടുനിന്ന മഴമൂലം ചെറുതൈകളെ കൂമ്പുചീയൽരോഗം വ്യാപകമായി ബാധിച്ചിട്ടുണ്ട്. രോഗംവന്ന് അഗ്രമുകുളം നശിച്ചുപോയ ഇത്തരം തൈകളിൽ, മഴമാറിയപ്പോൾ ധാരാളമായി ശിഖരങ്ങൾ കിളിർക്കാനിടയുണ്ട്. രണ്ടര മീറ്റർ ( ഏകദേശം 8 അടി) ഉയരം വരെ ഉണ്ടാകുന്ന ശിഖരങ്ങളിൽ ആരോഗ്യമുള്ള ഒരെണ്ണംമാത്രം നിർത്തി ബാക്കിയുള്ളവ എത്രയുംനേരത്തെ, മൂർച്ചയുള്ള ഒരു കത്തിയുപയോഗിച്ച് മുറിച്ചുമാറ്റണം. എട്ടടിക്കു മുകളിൽ ഉണ്ടാകുന്ന ശിഖരങ്ങളിൽ മൂന്നോ നാലോ എണ്ണം ചുറ്റിലും വരത്തക്കവിധം നിർത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റുക. ചെറുതൈകളിൽ പുതുതായി വരുന്ന തളിരിലകളിൽ ബോർഡോമിശ്രം (ഒരു ശതമാനം വീര്യമുള്ളത്) തളിച്ചുകൊടുക്കുന്നത് രോഗങ്ങളിൽ നിന്നും സംരക്ഷണംകിട്ടി തൈകൾ ആരോഗ്യത്തോടെ വളരാൻ ഉപകരിക്കും.

(കൂടുതൽ വിവരങ്ങൾക്ക് റബർബോർഡ് കോൾസെന്ററിൽ വിളിക്കാം)



deshabhimani section

Related News

View More
0 comments
Sort by

Home