'കോറിനിസ്പോറ' റബറിന്റെ പ്രധാന ഉണക്കുരോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 11, 2018, 03:55 PM | 0 min read


ഫെബ്രുവരിമുതൽ ഏപ്രിൽവരെ വേനലിൽ റബർകൃഷിയെ ബാധിക്കുന്ന ഒരു പ്രധാന കുമിൾരോഗമാണ് 'കോറിനിസ്പോറ'. ആദ്യകാലത്തൊക്കെ അപ്രധാനമായി കരുതപ്പെട്ട ഈ കുമിൾരോഗം ഇന്ന് റബറിൽ വ്യാപകമാകുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ആർ ആർ 11‐105   ഇനത്തിനാണ് കൂടുതൽ കണ്ടുവരുന്നത്. എന്നാൽ എല്ലാ ഇനങ്ങളെയും ഇത് ബാധിക്കുന്നതായും കാണുന്നുണ്ട്. രോഗകാരി 'കോറിനിസ്പോറ കാസിക്കോള' എന്ന കുമിളാണ്.

രോഗലക്ഷണങ്ങൾ
സ്വാഭാവിക ഇലകൊഴിച്ചൽ കഴിഞ്ഞശേഷം ഇലകൾ തളിർക്കുന്ന സമയത്ത് കൂടുതൽ വ്യാപകമാകും. പച്ചനിറമുള്ള തളിരിലയാണ് കൂടുതൽ വിധേയമാകുന്നത്. ക്രമേണ ഇത്എല്ലാ ഇലകളെയും ബാധിക്കും. വ്യത്യസ്ത വലുപ്പത്തിൽ വൃത്താകൃതിയിൽ കടലാസുപോലുള്ള മധ്യഭാഗത്തോടുകൂടിയ തവിട്ടുനിറത്തിലുള്ള അരികുകളുള്ള പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടും. തവിട്ടുപാടുകൾക്ക് ചുറ്റും മഞ്ഞനിറം വ്യാപിക്കുന്നതായും കാണാം. മധ്യഭാഗം ക്രമേണ കരിഞ്ഞ് ദ്വാരമാകുന്നു. ഇവ ഇല മുഴുവൻ വ്യാപിക്കുന്നു. രോഗം ഇലഞരമ്പുകളെ ബാധിക്കുമ്പോൾ റെയിൽ ലൈനകുൾ വരച്ചപോലെ ഇലയിൽ അടയാളമുണ്ടാകുന്നതും മറ്റൊരു ലക്ഷണമാണ്. ക്രമേണ ഇല പൊളിഞ്ഞ്കമ്പുകൾ ഉണങ്ങിനശിക്കും. പുതുതായി വരുന്ന തളിരിലകളെയും ഇത് ബാധിക്കും. പൊടിക്കുമിൾരോഗവും ഇതും വ്യത്യസ്തമാണ്. പൊടിക്കുമിൾ രോഗത്തിന് ഇലയുടെ അരികുകൾ മടങ്ങി തണ്ടുകൾ അവശേഷിച്ച്ഇല പൊഴിയുമ്പോൾ കോറിനിസ്പോറയിൽ ഇല മുഴുവൻ പൊഴിയുന്നതായി കാണാം.

നിയന്ത്രണം
മൂന്നുവർഷംവരെ പ്രായമായവയ്ക്ക് ഒരുശതമാനം വീര്യമുള്ള ബോഡോ മിശ്രിതമോ, ഡൈതേൻ എം  45 (ഇൻന്റേഫിൽ) രണ്ടരഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലർത്തിയോ, ബാവസ്റ്റിൻ ഒരുഗ്രാം ഒരു ലിറ്ററിൽ കലർത്തിയോ തളിക്കുക.

മൂന്നുവർഷത്തിലേറെ പ്രായമായ മരങ്ങളിൽ കോപ്പർ ഓക്സിക്ലോറൈഡ് (56%) സ്പ്രേ ഓയിലുമായി 1:5 എന്ന അനുപാതത്തിൽ (കി.ഗ്രാം അഞ്ചുലിറ്റർ ഓയിൽ) കലർത്തി മൈക്രോൺ സ്പേയർ ഉപയോഗിച്ച് തളിക്കാം. തളിരിലകൾ വിടർന്ന് ഇളംപച്ചനിറമാകുമ്പോൾ തളിക്കുന്നതാണ് അഭികാമ്യം. റബറിന് വലിയ നാശംവരുത്തുന്ന ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home