കരനെല്‍കൃഷി സാധ്യതകള്‍; അനുയോജ്യമായ വിത്തിനങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2016, 09:11 AM | 0 min read

മീനം 27നും പത്താം ഉദയത്തിനും ഇടയ്ക്ക് നുകംവച്ച് ചാലുകീറി നുരിവച്ച് നെല്‍വിത്തിടുകയും, കര്‍ക്കടകത്തിനൊടുവില്‍ ചിങ്ങം ആദ്യം കൊയ്തുമെതിച്ച് ആ നെല്ല് പുഴുങ്ങിയുണക്കി ഉരലില്‍ കുത്തി അരിയാക്കി പുന്നെല്ലരികൊണ്ട് ഓണമുണ്ടിരുന്ന ഒരു ഭൂതകാലം മലയാളിക്കുണ്ടായിരുന്നു.

ഈ നെല്‍കൃഷിക്കു വേണ്ട കൃഷിസ്ഥലം പുരയിടമായിരുന്നു. തെങ്ങിന്‍തടത്തിലും, തെങ്ങിനിടയിലും, വെറുംപറമ്പിലും ചെയ്തിരുന്ന നെല്‍കൃഷിയെയാണ് കരനെല്‍കൃഷി എന്നു പറഞ്ഞിരുന്നത്. മിക്കവാറും കേരളത്തില്‍ എല്ലായിടത്തും വ്യാപകമായിത്തന്നെ കരനെല്‍കൃഷി ചെയ്തിരുന്നു. എങ്കിലും സ്ഥിരമായി മീനം 27നും 10–ാം ഉദയത്തിനുമിടയ്ക്കുള്ള കരനെല്‍കൃഷി തുടര്‍ച്ചയായി ചെയ്തുപോരുന്ന ഒരു ഭൂവിഭാഗമുണ്ട് കേരളത്തില്‍. ഓണമൂട്ടുംകര എന്നറിയപ്പെടുന്ന ഓണാട്ടുകരയില്‍ ഇപ്പോഴും കരനെല്‍കൃഷി സജീവമാണ്. 

ഓരോ കുടുംബത്തിനും വേണ്ട ഭക്ഷണവസ്തുക്കളൊക്കെ ചുറ്റുവട്ടത്തില്‍ ഉണ്ടാക്കിയിരുന്ന നല്ലകാലം നമുക്കുണ്ടായിരുന്നു. വയലിലും, പറമ്പിലും നെല്‍കൃഷിചെയ്തും, പറമ്പില്‍ ഇടവിളയും, ഫലവൃക്ഷങ്ങളും, വാഴയും, പച്ചക്കറികളും കൃഷിചെയ്ത് അതൊക്കെ ആഹാരമാക്കിയിരുന്ന ഭൂതകാലം അത്ര പഴയതൊന്നുമല്ല. അതു നമുക്കു തിരിച്ചുപിടിക്കാം

ഒന്നുകില്‍ തരിശ്ശുകിടക്കുന്ന വയലുകള്‍ കൃഷിയോഗ്യമാക്കി കൃഷിചെയ്ത നെല്ലുതന്നെ അരിയാക്കി ഉപയോഗിക്കണം. അല്ലെങ്കില്‍ പച്ചക്കറിക്കൃഷി ചെയ്യുംപോലെ ഗ്രോബാഗില്‍ നെല്ലും കൃഷിചെയ്യാം. ടെറസിലും പ്രത്യേക ശ്രദ്ധനല്‍കി നെല്‍കൃഷി ചെയ്യാം; പറമ്പിലും ചെയ്തുനോക്കാം.

ഇവിടെയാണ് പഴയകാല കൃഷിയായ കരനെല്‍കൃഷിയുടെ വര്‍ത്തമാനകാല സാധ്യത പരീക്ഷിക്കപ്പെടേണ്ടത്. അതിനു പറ്റിയ ഒരുപാടു മേല്‍ത്തരം വിത്തിനങ്ങള്‍ നമുക്കു ലഭ്യമാണ്.
ഉമ, ജ്യോതി, ജയ തുടങ്ങിയ അത്യുല്‍പ്പാദനശേഷിയുള്ള നെല്ലിനങ്ങള്‍ വയല്‍കൃഷിക്ക് നല്ലതെങ്കിലും കരകൃഷിക്ക് പലതുകൊണ്ടും യോജ്യമല്ല.

'സ്വര്‍ണപ്രഭ' ഏറ്റവും നല്ല കരനെല്ലിനമാണ്. കൂടാതെ പട്ടാമ്പി'നെല്ലുഗവേഷണകേന്ദ്രത്തില്‍നിന്നുമുള്ള പിടിബി 23, പിടി ബി 10 എന്നിവയും നല്ലതാണ്.
ഗ്രോബാഗ് നെല്‍കൃഷിക്ക് അത്യുത്തമമായ ഒരു സങ്കരനെല്ലിനം കര്‍ണാടകത്തിലെ നെല്ലുഗവേഷണ കേന്ദ്രമായ മാണ്ഡ്യ എആര്‍എസിനിന്നു പുറത്തിറക്കിയിട്ടുണ്ട്. കെആര്‍എച്ച് കര്‍ണാടക എന്നാണ് പേര്.

ഒരു ഗ്രോബാഗില്‍നിന്നും ശരാശരി വിളവ് 250 ഗ്രാം പ്രതീക്ഷിക്കാം. 400 ഗ്രോബാഗ് ഒരുക്കിയാല്‍ 100 കി.ഗ്രാം നെല്ല് വിളയിക്കാം. 60–70 കിലോ അരി അതില്‍നിന്നു കിട്ടും.
നാലുപേരുള്ള ഒരു കുടുംബത്തിന് ശരാശരി ഒരുദിവസം അരക്കിലോമുതല്‍ ഒരുകിലോ അരി മതിയാകും. 400 ഗ്രോബാഗ് ഉണ്ടെങ്കില്‍ രണ്ട്–രണ്ടര മാസത്തെ ഭക്ഷണം തീര്‍ച്ചയാക്കാം. രണ്ടു സീസണിലായി 1000 ഗ്രോബാഗ് ഉണ്ടെങ്കില്‍ ഒരുവര്‍ഷം ഉണ്ണാനുള്ള ശുദ്ധ അരി വീട്ടില്‍തന്നെ ഉണ്ടാക്കാം.

പറമ്പിലാണെങ്കില്‍ 25 സെന്റിലെ കൃഷികൊണ്ട് ഒരുവര്‍ഷത്തെ അരി ഉല്‍പ്പാദിപ്പിക്കാം. നെല്ല് ഉല്‍പ്പാദിപ്പിച്ചാല്‍ അരിയാക്കാനുള്ള സംവിധാനംകൂടി നാട്ടിലുണ്ടാവണം. നെല്ലു പുഴുങ്ങി ഉണക്കി അരിയാക്കുന്ന മോഡേണ്‍ റൈസ് മില്ലുകളുടെ ചെറുയൂണിറ്റുകള്‍ കുടുംബശ്രീകള്‍ക്ക് തുടങ്ങാം. നമ്മുടെ പുഞ്ചകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധനെല്ല് വിറ്റ് വിഷ അരി വാങ്ങുന്ന സ്ഥിതി നിലനില്‍ക്കുന്നതിനു പ്രധാന കാരണം അരിയാക്കുന്നവിഷമംതന്നെ. അതുകൂടി പരിഹരിക്കണം.

കരനെല്‍കൃഷി വ്യാപകമാക്കാന്‍ പ്രത്യേകപദ്ധതി
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി കരനെല്‍കൃഷി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പിന്റെ പദ്ധതി. 2560 ഹെക്ടറിലാണ് കരനെല്‍കൃഷി വ്യാപനത്തിന് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കും. വൈശാഖ്, അന്നപൂര്‍ണ, രോഹിണി, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, ചുവന്നത്രിവേണി, ജ്യോതി, ഹര്‍ഷ, ഐശ്വര്യ,  വര്‍ഷ, കാര്‍ത്തിക, അരുണ്‍, മകം, രേവതി, പ്രത്യാശ, ശാരദ തുടങ്ങിയ വിത്തിനങ്ങളും പ്രാദേശിക ഇനങ്ങളും കരനെല്‍കൃഷിക്ക് അനുയോജ്യമാണ്.

കരനെല്‍കൃഷി 2.5 ഏക്കറില്‍ കൃഷി ചെയ്യാന്‍ 10,000 രൂപ സഹായം നല്‍കും. വിത്ത്, നിലമൊരുക്കല്‍, മറ്റ് ഉല്‍പ്പാദന ഉപാധികള്‍ എന്നിവയ്ക്കാണ് സഹായം. കൃഷിഭവനുകള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവും പദ്ധതിക്ക് ഉപയുക്തമാക്കാം. സാധ്യമായ പ്രദേശങ്ങളില്‍ തൊഴിലുറപ്പുപദ്ധതിയുമായി സംയോജിപ്പിക്കും.  വിദ്യാര്‍ഥികളുടെ സജീവപങ്കാളിത്തത്തോടെ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും. കൃഷിയിടങ്ങള്‍ക്കുപുറമെ സര്‍ക്കാര്‍, സന്നദ്ധസംഘടനാ സ്ഥാപനങ്ങളില്‍ കൃഷിഭവന്റെ സാങ്കേതികസഹായത്തോടെ കരനെല്‍കൃഷി സാധ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കൃഷിഭവനില്‍നിന്നറിയാം.

സി എസ് അനിത, എഫ്ഐബി
(പാലക്കാട് വടകരപ്പതി കൃഷി ഓഫീസറാണ് ലേഖകന്‍)



deshabhimani section

Related News

View More
0 comments
Sort by

Home