ഗാസ വെടിനിര്‍ത്തല്‍; 25 നാവികരെ ഹൂതികള്‍ മോചിപ്പിച്ചു

galaxi leader ship

അനസ് യാസിന്‍
Published on Jan 22, 2025, 08:45 PM | 2 min read
സന : ഗാസക്ക് നേരെയുളള ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെങ്കടലില്‍ നിന്നും പിടിച്ചെടുത്ത ഗാലക്‌സി ലീഡര്‍ എന്ന ചരക്ക് കപ്പലിലെ 25 നാവികരെ ഒരു വര്‍ഷത്തിനുശേഷം യെമനിലെ ഹൂതികള്‍ വിട്ടയച്ചു. ഒമാന്‍ മധ്യസ്ഥതയെ തുടര്‍ന്നാണ് മോചനം. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണച്ചാണ് നടപടിയെന്ന് ഹൂതി നിയന്ത്രണത്തിലുള്ള സബാ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഫിലിപ്പൈന്‍സ്, ബള്‍ഗേറിയ, റൊമാനിയ, ഉക്രെയ്ന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് 14 മാസത്തുശേഷം മോചിതരായത്. മോചനക്കാര്യം ഒമാന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒമാന്‍ വ്യോമസേനാ വിമാനം സനായില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഹൂതി നേതാവ് അബ്ദുല്‍മാലിക് അല്‍ഹൂതിയുടെ നിര്‍ദ്ദേശപ്രകാരം, ഹമാസുമായി ഏകോപിപ്പിച്ചും ഒമാന്‍ മധ്യസ്ഥതയിലുമാണ് കപ്പലിലെ ജീവനക്കാടെ ബുധനാഴ്ച വിട്ടയച്ചതെന്ന് അല്‍ മാസിറ ടിവി അറിയിച്ചു. ഇവരെ മോചിപ്പിക്കാൻ ഹമാസ് അഭ്യര്‍ഥിച്ചിരുന്നതായി അല്‍ മാസിറ റിപ്പോർട്ട് ചെയ്തു.
2023 നവംബര്‍ 18നാണ് വാഹന കാരിയറായ ഗാലിക്‌സി ലീഡര്‍ ഹൂതികള്‍ പിടികൂടിയത്. തുര്‍ക്കിയിലെ കോര്‍ഫുസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ പിപാവാവ് തുറമുഖത്തേക്ക് വാഹനങ്ങളുമായി പോവുകയായിരുന്നു കപ്പല്‍. ചെങ്കടല്‍ തുറമുഖമായ ഹൊദെയ്ദക്ക് സമീപം കപ്പല്‍ ആക്രമിച്ച ശേഷം ആയുധധാരികളായ പത്ത് ഹൂതികള്‍ സൈനിക ഹെലികോപ്റ്റര്‍ ഉപയോഗിച്ചു കപ്പലില്‍ കയറുകയും തുറമുഖത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹൂതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇസ്രായേലുമായുള്ള ബന്ധത്തിന്റെ പേരിലാണ് കപ്പല്‍ തട്ടിയെടുത്തതെന്ന് ഹൂതി വിമതര്‍ വ്യക്തമാക്കി. ഹാമാസ് പതാകയുള്ള കപ്പലിന്റെ ഉടമകളില്‍ ഒരാള്‍ ഇസ്രായേല്‍ ശതകോടീശ്വരന്‍ എബ്രഹാം റാമി ഉങ്കറായിരുന്നു.
2023 ഒക്‌ടോബറില്‍ ആരംഭിച്ച ഇസ്രയേല്‍ അധിനിവേശ യുദ്ധത്തില്‍ പ്രതിഷേധിച്ച് അതേവര്‍ഷം നവംബറിലാണ് ചെങ്കടല്‍, ബാബല്‍ മന്ദബ് കടലിടുക്ക്, അറബിക്കടല്‍ എന്നിവങ്ങളില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയത്. ഇസ്രയേല്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെയും ഇസ്രയേല്‍ ഉടമസ്ഥതയിലുള്ളതും അവരെ പിന്‍തുണക്കുന്നതുമായ കപ്പലുകളെയും ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചു. കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നൂറിലധികം ആക്രമണങ്ങള്‍ നടത്തി. രണ്ട് കപ്പലുകള്‍ മുക്കി. ഗാലക്‌സി ലീഡര്‍ പിടിച്ചെടുക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ നാല് നാവികര്‍ കൊല്ലപ്പെട്ടു. വിമാന വാഹിനി ഐസനോവര്‍ ഉള്‍പ്പെടെ അമേരിക്കന്‍ യുദ്ധ കപ്പലുകളും മിസൈലുകളും ഡ്രോണുകളുമായി ഹൂതികള്‍ ആക്രമിച്ചു.
ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളില്‍ പലതും ചെങ്കടല്‍ വഴി യാത്ര താല്‍ക്കാലികമായി നിര്‍ത്തി പകരം ചെലവേറിയ ദക്ഷിണാഫ്രിക്കയെ ചുറ്റുന്ന റൂട്ടിലേക്ക് മാറി. ഞായറാഴ്ചയാണ് ഗാസ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഗാസ മുനമ്പിലെ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ചെങ്കടലിലെ തങ്ങളുടെ ആക്രമണങ്ങള്‍ ഇസ്രായേല്‍ അനുബന്ധ കപ്പലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഹൂതികള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തലിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ണ്ണമായി നടപ്പക്കിയാല്‍ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണവും അവസാനിപ്പിക്കുമെന്നും പ്രസ്താവിച്ചു. ഇതിന്റെ പിന്നാലെയാണ് കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചത്.
0 comments